23 December 2024, Monday
KSFE Galaxy Chits Banner 2

ടൂറിസ്റ്റ് വിസയിലുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കരുതെന്ന് സൗദി

Janayugom Webdesk
July 6, 2022 8:34 am

സൗദി ടൂറിസം മന്ത്രാലയം ടൂറിസ്റ്റ് വിസയിലുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കരുതെന്ന് നിര്‍ദേശിച്ചു. അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഒരു ലക്ഷത്തോളം വിദേശികളെ പ്രവേശന കവാടങ്ങളില്‍ വെച്ച് തിരിച്ചയച്ചു. അനധികൃത തീര്‍ഥാടകര്‍ക്ക് യാത്രാ സഹായം ചെയ്താല്‍ അറുപതിനായിരം റിയാല്‍ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ടൂറിസ്റ്റ് വിസയില്‍ സൗദിയില്‍ എത്തിയവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനുള്ള പെര്‍മിറ്റ് നല്‍കില്ലെന്നു സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. വിസിറ്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ ഉള്ളവര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കരുത്. ഹജ്ജ് സീസണില്‍ ഉംറ നിര്‍വഹിക്കുന്നതിനും ഇവര്‍ക്ക് അനുമതി നല്‍കില്ല. ടൂറിസ്റ്റ് വിസയിലും വിസിറ്റ് വിസയിലും സൗദിയിലേക്ക് വരുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പഠിക്കുകയും പാലിക്കുകയും വേണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

അനധികൃത തീര്‍ഥാടകരെ തടയുന്നതിന് മക്കയിലേക്കുള്ള വഴികളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ഹജ്ജ് സുരക്ഷാ വിഭാഗം അറിയിച്ചു. അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ചാല്‍ 10,000 റിയാല്‍ പിഴ ചുമത്തും. അനധികൃത തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കിയാല്‍ 60,000 റിയാല്‍ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷ ലഭിക്കും. പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുകയും ചെയ്യും. 63 വ്യാജ ഹജ്ജ് സര്‍വീസ് ഏജന്‍സികളെ പൊലീസ് പിടികൂടിയതായും സുരക്ഷാ വിഭാഗം മേധാവി മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 288 പേര്‍ ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അനധികൃതമായി ഹജ്ജിന് ശ്രമിച്ച താമസ നിയമലംഘകരായ 2,062 പേരെ പൊലീസ് കണ്ടെത്തി. മതിയായ രേഖകള്‍ ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 99,800 വിദേശികളെ പ്രവേശന കവാടങ്ങളില്‍ വെച്ചു തിരിച്ചയച്ചു. രേഖകള്‍ ഇല്ലാത്തവര്‍ക്ക് യാത്രാ സഹായം ചെയ്ത 69,700 വാഹനങ്ങള്‍ തിരിച്ചയച്ചു.

അതേസമയം, ഹജ്ജ് കര്‍മങ്ങള്‍ മറ്റന്നാള്‍ ആരംഭിക്കും. തീര്‍ഥാടകര്‍ നാളെ രാത്രി മുതല്‍ മിനായിലേക്ക് തിരിക്കും. ഇന്ത്യയില്‍ നിന്നുള്ള എല്ലാ തീര്‍ഥാടകരും സൗദിയിലെത്തി. 79,000ത്തിലേറെ തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയത്. 10 ലക്ഷത്തോളം വരുന്ന തീര്‍ഥാടകര്‍ നാളെ മുതല്‍ മിനായിലേക്ക് നീങ്ങും. തീര്‍ഥാടകരെല്ലാം ഹജ്ജിനുള്ള ഒരുക്കങ്ങളുമായി ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. ഇന്ത്യയില്‍ നിന്നുള്ള എല്ലാ തീര്‍ഥാടകരും ഇതിനകം സൗദിയിലെത്തി. ജൂണ്‍ 4 മുതല്‍ ജൂലൈ 4 വരെയായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള അവസാന സംഘം ഇന്നലെ മുംബെയില്‍ നിന്നും ജിദ്ദയിലെത്തി. 377ഓളം തീര്‍ഥാടകര്‍ അവസാന സംഘത്തില്‍ ഉണ്ടായിരുന്നു. കൊച്ചി ഉള്‍പ്പെടെ 10 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി സൗദി എയര്‍ലൈന്‍സ്, ഫ്ലൈ നാസ്, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായി ഹജ്ജ് സര്‍വീസ് നടത്തിയത്.

ആദ്യഘട്ടത്തില്‍ മദീനയിലേക്കും പിന്നീട് ജിദ്ദയിലെക്കുമായിരുന്നു സര്‍വീസുകള്‍. മദീനയില്‍ ഇറങ്ങിയ തീര്‍ഥാടകര്‍ 8 ദിവസത്തെ മദീന സന്ദര്‍ശനം കഴിഞ്ഞു മക്കയിലെത്തി. ഇവര്‍ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്നായിരിക്കും നാട്ടിലേക്കു മടങ്ങുക. ജിദ്ദയില്‍ ഇറങ്ങിയ തീര്‍ഥാടകര്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച ശേഷം മദീനയിലേക്ക് പോകും. 8 ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മദീനയില്‍ നിന്നായിരിക്കും ഇവരുടെ മടക്കയാത്ര. 79,000ത്തിലേറെ തീര്‍ഥാടകര്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയിട്ടുണ്ട്. ഇതില്‍ 56,600ഓളം തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും 22,600ഓളം തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഹജ്ജിനെത്തിയത്. കേരളത്തില്‍ നിന്നും ഹജ്ജ് കമ്മിറ്റി വഴി 5,700ലേറെ തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്.

Eng­lish sum­ma­ry; Those on tourist visas should not per­form Hajj

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.