23 December 2024, Monday
KSFE Galaxy Chits Banner 2

രാജ്യം ഭരിക്കുന്നത് ഭരണഘടനയെപ്പോലും ലംഘിക്കുന്നവര്‍: കാനം

Janayugom Webdesk
തൃശൂര്‍
November 26, 2021 6:18 pm

ഭരണഘടനയെയും ജനാധിത്യത്തെയും ലംഘിക്കുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യം ഇന്ന് ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ നിന്ന് മതരാഷ്ട്ര സങ്കല്പ്പത്തിലേക്ക് സഞ്ചരിക്കുന്നുണ്ടോ എന്ന് സംശയിക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാറിൽ നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെആര്‍ഡിഎസ്എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ഭരണഘടന നിരന്തരം ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത് വിഭാവനം ചെയ്യുന്ന താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ശക്തമായ പോരാട്ടം ഉണ്ടാകണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ജനാധിപത്യം രക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്. കർഷക സമരം അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 

കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഭരണഘടന അംഗീകരിച്ചതിന്റെ വാര്‍ഷികത്തോടൊപ്പം ഭരണഘടന ലംഘിച്ചതിനെതിരെ നടത്തിയ സമര വിജയത്തിന്റെ ഒന്നാം വാര്‍ഷികവും ആഘോഷിക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് ആവേശം പകരുന്നതാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ റവന്യു വകുപ്പില്‍ ഡിജിറ്റലൈസേഷന്‍ ഉള്‍പ്പെടെ നിരവധി പരിഷ്ക്കരങ്ങള്‍ നടപ്പിലാക്കി. ജനങ്ങളുമായി ഏറ്റവുമധികം ബന്ധമുള്ള വകുപ്പ് എന്ന നിലയില്‍ റവന്യു വകുപ്പിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ ജനസൗഹൃദമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ് ഷാജി അധ്യക്ഷനായി. 

സ്വാഗതസംഘം ചെയര്‍മാനും സിപിഐ ജില്ലാസെക്രട്ടറിയുമായ കെ കെ വത്സരാജ് സ്വാഗതം പറഞ്ഞു. മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ് ഖാന്‍, ആര്‍ ഉഷ, കെ എ ശിവന്‍, എം യു കബീര്‍ എന്നിവര്‍ സംസാരിച്ചു. ബിന്ദു രാജന്‍ നന്ദി പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളവും ഭാവി കേരളത്തിന്റെ വികസനവും എന്ന വിഷയത്തില്‍ മന്ത്രി കെ രാജന്‍ പ്രഭാഷണം നടത്തി. എസ് പി സുമോദ് അധ്യക്ഷനായി. സമ്മേളന സമാപന ദിനമായ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സിപിഐ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. എച്ച് വിന്‍സെന്റ് അധ്യക്ഷത വഹിക്കും. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ കെ പി ഗോപകുമാര്‍ ഉപഹാരസമര്‍പ്പണം നടത്തും. പി ശ്രീകുമാര്‍ സ്വാഗതവും നൗഷാദ് എ എം നന്ദിയും പറയും. ജോയിന്റ് കൗണ്‍സിലിന്റെയും കെആര്‍ഡിഎസ്എയുടെയും സംസ്ഥാനനേതാക്കള്‍ മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

ENGLISH SUMMARY:Those who rule the coun­try vio­late even the Con­sti­tu­tion: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.