1 May 2024, Wednesday

Related news

April 28, 2024
March 9, 2024
February 22, 2024
February 20, 2024
February 17, 2024
January 8, 2024
December 28, 2023
December 15, 2023
December 11, 2023
November 21, 2023

പ്രഭാസിന് ഇന്ന് പിറന്നാൾ; എക്‌സില്‍ ട്രെന്‍ഡിന്‍ങ്ങായി സലാര്‍

Janayugom Webdesk
October 23, 2023 1:01 pm

ഇന്ത്യന്‍ സിനിമയിലെ റിബല്‍ സ്റ്റാര്‍ പ്രഭാസിന് ഇന്ന് 44-ാം ജന്മദിനം. ‘ബാഹുബലി’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ തന്നെ വിസ്മയമായി തീർന്ന പ്രഭാസിന്റെ ആരാധകവൃന്ദവും ഇന്ന് ലോകം മുഴുവന്‍ ആഘോഷത്തിലാണ്. 2021 ല്‍ യുകെ ആസ്ഥാനമായുള്ള ‘ഈസ്റ്റേൺ ഐ’ എന്ന പ്രതിവാര പത്രം ലോകത്തിലെ ഒന്നാം നമ്പർ സൗത്ത് ഏഷ്യൻ സെലിബ്രിറ്റിയായി പ്രഭാസിനെ തിരഞ്ഞെടുത്തിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നതിന്‍റെ തെളിവുകൂടിയാണത്. 

സര്‍വേ ഫലം പ്രകാരം സിനിമ, ടെലിവിഷൻ, സാഹിത്യം, സംഗീതം, സോഷ്യൽ മീഡിയ എന്നീ മേഖലകളില്‍ നിന്നുള്ള നിരവധി ആഗോള താരങ്ങളെക്കാൾ മുന്നിലാണ് പ്രഭാസ് എന്നതും ശ്രദ്ധേയം. 1979 ഒക്ടോബർ 23ന് മദ്രാസ്സിൽ ജനിച്ച പ്രഭാസിന് സിനിമാപാരമ്പര്യവുമുണ്ട്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിന്റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി എന്ന പ്രഭാസ്. ഭീമവരത്തെ ഡി.എൻ.ആർ വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്നാണ് ബി.ടെക് ബിരുദം നേടിയത്. ആറടി രണ്ടര ഇഞ്ച് പൊക്കക്കാരൻ വൈകാതെ സിനിമയിലെത്താൻ ഉള്ള മാർഗങ്ങളും തേടി തുടങ്ങി. 2002 ലാണ് പ്രഭാസിന്‍റെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ജയന്ത് സി. പരന്‍ഞെ സംവിധാനം ചെയ്ത ‘ഈശ്വർ’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രഭാസ് തന്‍റെ ആദ്യ ചുവടു വയ്ക്കുന്നത്. ശ്രീദേവി വിജയകുമാര്‍ ആയിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. അവിടന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് വിസ്മയചിത്രം ബാഹുബലിയിലൂടെയാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോർഡുമായി എത്തിയ ബഹുഭാഷ ചിത്രമായിരുന്നു ബാഹുബലി.എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ നായകവേഷം പ്രഭാസിനെ ലോക സിനിമയിലെ തന്നെ ശ്രദ്ധേയതാരമാക്കി. ഛത്രപതി, ചക്രം, ബില്ല, മിസ്റ്റർ പെർഫെക്‌റ്റ് തുടങ്ങിയ ചിത്രങ്ങളും ഏറെ തരംഗമായി മാറിയവ ആയിരുന്നു. ‘മിർച്ചി’ എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്കാരമായ നന്ദി അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ 2014 ൽ ഇറങ്ങിയ ‘ആക്ഷൻ ജാക്സൺ’ എന്ന ബോളിവുഡ് സിനിമയിൽ അതിഥി വേഷത്തിലും താരം എത്തി. തെലുങ്ക് നടനായ കൃഷ്ണം രാജുവിന്‍റെ അനന്തിരവന്‍ കൂടിയാണ് പ്രഭാസ്. 

19 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ 25 ലധികം സിനിമകളുടെ ഭാഗമാകാനെ പ്രഭാസിന് കഴിഞ്ഞുള്ളു.എന്നാൽ അവയിൽ പലതും തീയേറ്ററുകളില്‍ കൈയ്യടി നേടിയവയാണ്. ഈ വര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ ‘ആദിപുരുഷ്’ എന്ന സിനിമയാണ് പ്രഭാസിന്റെതായി ഒടുവില്‍ തിയറ്ററുകളിലെത്തിയത്. വരുമാനത്തിന്റെ കാര്യത്തിൽ ഫോബ്‍സ് ഇന്ത്യയുടെ 100 സെലിബ്രിറ്റികളുടെ പട്ടികയിൽ നിരവധി തവണ ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ് പ്രഭാസ്. 2002 ലായിരുന്നു കരിയറിന്‍റെ തുടക്കമെങ്കിലും പ്രഭാസ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് ഒന്നര പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ്. കരിയർ മാറ്റി മറിച്ച ബാഹുബലിയ്ക്ക് ശേഷം പ്രഭാസിനെ തേടിയെത്തുന്നത് എല്ലാം തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളാണ്.

കെജിഎഫ് സീരീസിന്‍റെ സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സലാര്‍ ആണ് ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം. ഡിസംബര്‍ 22 ന് റിലീസ് ചെയ്യുന്ന ‘സലാര്‍ പാര്‍ട്ട് ‑1 സീസ്ഫയര്‍’ പ്രഭാസിന്‍റെ ആരാധകര്‍ക്കുള്ള കൃസ്സ്മസ്സ് സമ്മാനമായിരിക്കും.സലാറില്‍ പ്രതിനായക വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഹോംബാലെ ഫിലിംസ് ആണ് സലാറിന്‍റെ നിര്‍മ്മാതാക്കള്‍.ശ്രുതി ഹാസൻ, ജഗപതി ബാബു,ടിനു ആനന്ദ്‌,ഈശ്വരി റാവു എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയും സലാറില്‍ അണിനിരക്കുന്നുണ്ട്. സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റ്, നാഗ് അശ്വിന്റെ കല്‍കി 2898 AD എന്നീ ബിഗ്‌ ബാഡ്ജറ്റ് ചിത്രങ്ങളാണ് പ്രഭാസിന്റെതായി വരാനിരിക്കുന്നത്.

Eng­lish Summary:Today is Prab­has’ birth­day; Salar is trend­ing in X
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.