29 February 2024, Thursday

Related news

January 1, 2024
July 16, 2023
January 8, 2023
January 6, 2023
March 17, 2022
January 16, 2022
December 30, 2021
December 26, 2021
December 14, 2021

കടൽത്തീരം വിഴുങ്ങിയ സുനാമി ദുരന്തത്തിന് ഇന്ന് പതിനേഴ് വയസ്

Janayugom Webdesk
തിരുവനന്തപുരം
December 26, 2021 11:38 am

2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല അടുത്ത പകല്‍ അവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമായിരിക്കുമെന്ന്. കലിതുള്ളിയ കടല്‍ നിമിഷ നേരം കൊണ്ടാണ് കണ്ണില്‍ കണ്ട സര്‍വതിനെയും നശിപ്പിച്ചത്.

ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത്.2004 ഡിസംബര്‍ 26ന് ഓര്‍ക്കാപ്പുറത്താണ് കടല്‍ കമിഴ്ത്തിയൊഴിച്ചപോലെ തിര തീരം വിഴുങ്ങിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.29ന് ഇന്‍ഡൊനീഷ്യയിലെ സുമാത്ര ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രതയില്‍ ഭൂമി കുലുങ്ങി.

അടിച്ചുയര്‍ന്ന തിരമാലകള്‍ കൊണ്ടുപോയത് രണ്ടേമുക്കാല്‍ ലക്ഷം ജീവന്‍. അടിച്ചൊഴുക്കിക്കളഞ്ഞത് ഒരായുസ്സിന്റെ അധ്വാനവും സമ്പാദ്യവും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തിരയിളക്കം അതിന്റെ പ്രഭവസ്ഥാനത്തു നിന്ന് 1600 കി.മീ. അകലെ ശ്രീലങ്കയിലും ഇങ്ങ് കേരളത്തില്‍ വരെയുമെത്തി. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളുടെ തീരങ്ങളെയും തിര നക്കിയെടുത്തു. ക്രിസ്മസ് രാത്രിയിലെ ആഘോഷം കഴിഞ്ഞ് ഉറക്കമുണര്‍ന്നപ്പോള്‍ അന്ന് കടലിന് എന്തോ പന്തികേട് ഉള്ളതുപോലെയാണ് പലര്‍ക്കും തോന്നിയത്. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കടല്‍ കരയിലേക്ക് തള്ളിക്കയറി. കൊല്ലം, ആലപ്പുഴ കടപ്പുറങ്ങളിലെ വീടുകളെ തിരമാല വിഴുങ്ങി. അധികം സമയം വേണ്ടിവന്നില്ല നൂറിലേറെ പേരെ കടല്‍ കൊണ്ടുപോയി.

പതിനാല് രാജ്യങ്ങളിലെ 2,30,000 പേരെ കൊന്നൊടുക്കിയ സുനാമി ദുരന്തത്തിന് പതിനേഴ് വയസ്സ്. തീരവാസികള്‍ക്ക് കടല്‍ എല്ലാമെല്ലാമാണ്. ദൈവവും അമ്മയും അന്നദാതാവുമെല്ലാം അവര്‍ക്ക് കടലാണ്. കടലമ്മ കനിഞ്ഞാല്‍ തീരത്ത് ഉത്സവമാണ്. കടലമ്മ കോപിച്ചാല്‍ അത് ദാരിദ്ര്യവും കെടുതികളും ഉണ്ടാക്കും. ഏറെ പഴക്കമുള്ള വിശ്വാസമാണിത്. കടലമ്മയെ വിശ്വസിച്ച്, മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പഴമൊഴി. പാടില്ലാത്തതെന്തെങ്കിലും തീരത്തുണ്ടായാല്‍ കടലമ്മ കോപിക്കുമെന്നതും ഇവര്‍ക്ക് മാര്‍ഗ ദീപമാണ്. വേദനിപ്പിക്കുമ്പോഴും സാന്ത്വനവുമായി കടലമ്മയെത്തും.

അതിന് ഏറെ കാത്തിരിക്കേണ്ടിയും വരില്ല. ജീവീതത്തിന്‍റെ സര്‍വവും കടലമ്മയില്‍ അര്‍പ്പിച്ചു കഴിയുന്ന കടലിന്‍റെ മക്കള്‍ക്ക് 2004 ഡിസംബര്‍ 26 കറുത്ത ദിനമാണ്.അമേരിക്കന്‍ ജിയോളജിക്കള്‍ സര്‍വേയുടെ കണക്ക് പ്രകാരം ഹിരോഷിമയില്‍ പ്രയോഗിച്ച പോലുള്ള 23,000 അണുബോംബുകള്‍ പൊട്ടിയാലുണ്ടാകുന്നത്ര ഊര്‍ജമാണ് ഭൂചലനത്തെ തുടര്‍ന്ന് പുറത്തുവന്നത്. ചിലസ്ഥലങ്ങളില്‍ സുനാമി തിരകള്‍ തീരത്തോടടുത്തപ്പോള്‍ 30 അടിവരെ ഉയരമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ 30 മീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങിയ തിരമാലകള്‍ അന്ന് സര്‍വതും തച്ചുതകര്‍ത്തു.

2004 ഡിസംബര്‍ പുലര്‍ച്ചെ 6.28ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് സമീപമുണ്ടായ സമുദ്ര ഭൂകമ്പത്തെത്തുടര്‍ന്നാണ് സുനാമികള്‍ ഉണ്ടായത്. വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന് 160 കിലോമീറ്റര്‍ മാറിയാണ് റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. ഇവിടെ ഭ്രംശ മേഖലയില്‍ ഇന്ത്യന്‍ ഭൂഫലകം ബര്‍മാ ഫലകത്തിനടിയിലേക്ക് തള്ളിക്കയറി. 1300 കിലോമീറ്റര്‍ നീളംവരുന്ന പ്രദേശത്ത് ഭൂമിയുടെ അടിത്തട്ട് 15 മുതല്‍ 20 മീറ്റര്‍ വരെ ഉയര്‍ന്നുപൊങ്ങി. ഈ പ്രദേശത്തുനിന്ന് തള്ളിയ വെള്ളമാണ് വന്‍ തിരമാലകളായി എല്ലാ ഭാഗത്തേക്കും വ്യാപിച്ചത്. ഭൂകമ്പവും സുനാമിയുംമൂലം ഇന്‍ഡൊനീഷ്യയിലാണ് കനത്ത നാശമുണ്ടായത്. ശ്രീലങ്ക, ഇന്ത്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലും വന്‍ നാശനഷ്ടമുണ്ടായി. ഇന്‍ഡൊനീഷ്യയില്‍ 167799 പേരാണ് മരിച്ചത്. 37063 പേരെ കാണാതായി. ശ്രീലങ്കയില്‍ 35322 പേരും ഇന്ത്യയില്‍ 18045 പേരും മരിച്ചു. തമിഴ്നാട്ടില്‍ നാഗപട്ടണം, കന്യാകുമാരി ഭാഗങ്ങളിലാണ് കൂടുതല്‍ ജീവഹാനിയുണ്ടായത്.

നാഗപട്ടണം ജില്ലയില്‍ 5000 പേര്‍ മരിച്ചു. ആഴമേറിയ സമുദ്രത്തില്‍ സുനാമികളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ചെറിയ ഉയരമേ തിരമാലകള്‍ക്ക് ഉണ്ടാകു. കരയിലെത്തുമ്പോഴാണ് ഇവ ഉയര്‍ന്നുപൊങ്ങുന്നത്. മണിക്കൂറില്‍ 500‑1000 കിലോമീറ്ററാണ് ഇതിന്റെ സഞ്ചാരം. എ.ഡി. 1300ലും 1450ലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഉണ്ടായതായി രേഖകളുണ്ട്. ഇന്ത്യ, ഓസ്ട്രേലിയ, ബര്‍മ ഭൂഫലകങ്ങള്‍ ചേരുന്ന സ്ഥലമാണ് സുമാത്ര. ഇത് ഭൂകമ്പമേഖലയാണ്. നീങ്ങിക്കൊണ്ടിരിക്കുന്ന ബര്‍മ ഭൂഫലകത്തിലാണ് അന്തമാന്‍ നിക്കോബാര്‍ ദ്വീപും സുമാത്രയും. ഇവിടെ ഇനിയും ഭൂകമ്പങ്ങള്‍ പ്രതീക്ഷിക്കാം.

റിക്ടര്‍ സെ്കയിലില്‍ 7.2ന് മുകളില്‍ തീവ്രതയുള്ള ഭൂസമുദ്ര ഭൂകമ്പത്തില്‍ സുനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഭൂകമ്പമുണ്ടായി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളെ സുനാമി വിഴുങ്ങി. ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകള്‍ എത്തിയത്. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരള തീരങ്ങള്‍ എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത്. ചെന്നൈയിലെ മറീനാ ബീച്ചില്‍ ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയവരെ കടലെടുത്തു.

വേളാങ്കണ്ണിയിലും കന്യാകുമാരിയിലും ഉണ്ടായിരുന്ന മലയാളികൾ അടക്കമുള്ള സഞ്ചാരികളും തീർത്ഥാടകരും ദുരന്തത്തിനിരയായി. തമിഴ്‌നാടിന്റെ മിക്കവാറും തീരപ്രദേശങ്ങള്‍ എല്ലാം തന്നെ സുനാമി തിരമാലകള്‍ തകര്‍ത്തെറിഞ്ഞു. നിരവധി മത്സ്യ ബന്ധന ഗ്രാമങ്ങള്‍ അപ്രത്യക്ഷമായി.ലോക ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. മുപ്പത് ക്യുബിക് കിലോമീറ്റര്‍ വെള്ളം കടലില്‍ നിന്നും തൂത്തെറിയപ്പെട്ടു. ഇവ രാക്ഷസത്തിരമാലകളായി ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ആഞ്ഞടിച്ചു.

.ആന്തമാന്‍ ദ്വീപുകള്‍ക്കും സമുാത്രയ്ക്കുമിടയിലുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സുനാമി രൂപംകൊണ്ടത്. ഭൂകമ്പം ഉണ്ടായി 15 മിനിറ്റ് പിന്നിടും മുമ്പ് കൂറ്റന്‍ തിരമാലകള്‍ സുമാത്രയിലെയും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും തീരപ്രദേശങ്ങളെ വിഴുങ്ങിയിരുന്നു. സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ച ഇന്തോനേഷ്യയിലെ അഷേഹില്‍ മുപ്പത് മീറ്റര്‍ (65 അടി) ഉയരത്തിലാണ് തിരമാലകള്‍ താണ്ഡവമാടിയത്.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നായിരുന്നു ശാസ്ത്രത്തിന്റെ ആദ്യകാല നിഗമനങ്ങള്‍.

എന്നാല്‍ ഇതില്‍ വേണ്ടത്ര ഗവേഷണങ്ങള്‍ ഉണ്ടായില്ല. മാത്രമല്ല സുനാമി നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല. ശാന്തസമുദ്രത്തിന്റെ ചുറ്റമുള്ള പ്രദേശങ്ങള്‍ ഭൂകമ്പമേഖലയാണ്. ഇവിടങ്ങളില്‍ ഭൂകമ്പവും സുനാമിയും സാധാരണമാണ്. ഭൂകമ്പങ്ങളും സുനാമിയെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവിടെ കെട്ടിടങ്ങള്‍ പണിയുന്നത്. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇത്തരത്തിലൊരു മുന്‍കരുതല്‍ ഉണ്ടാകുന്നില്ല. 2004ലെ സുനാമി ദുരന്തത്തിനുശേഷം ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് സുനാമി നിരീക്ഷണ ശൃംഖല ഉണ്ടാക്കിയിട്ടുണ്ട്.

യുനസ്‌കോയുടെ ഇന്റര്‍ ഗവണ്മെന്റല്‍ കോഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണിത്. എല്ലാ രാജ്യങ്ങളിലേയും സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ കൂട്ടിയിണക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് കീഴിലാണ് ഇന്ത്യയിലെ നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സ്ഥാപനം സമുദ്രത്തിന്റെ ടൈഡ് ഗേജുകളും ബോയും സ്ഥാപിച്ച് ഉപഗ്രഹസഹായത്താലാണ് നിരീക്ഷണം നടത്തുന്നത്. സമുദ്ര ഭൂകമ്പമുണ്ടായാല്‍ സ്ഥാപനം സുനാമി മുന്നറിയിപ്പ് നല്‍കാറുണ്ട്.

ഈ മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്. ഭൂകമ്പ പ്രഭവകേന്ദ്രത്തില്‍ നിന്ന് സുനാമി ഉണ്ടായാല്‍ അത് സഞ്ചരിച്ച് കരയിലെത്തുന്നത് പല സമയത്താണ്. ഈ സമയത്തിനുള്ളില്‍ തീരദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ കഴിയും. അത് ചെയ്യേണ്ടത് സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള ദുരന്തനിവാരണ സമിതികളാണ്. സുമാത്രയില്‍ രാവിലെ 6.28ന് ഭൂകമ്പമുണ്ടായി മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ഇത് ഇന്ത്യന്‍ തീരത്തെ ആക്രമിച്ചത്. കേരളത്തില്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.

ഭൂകമ്പം ഉണ്ടായി സുനാമി മുന്നറിയിപ്പ് കിട്ടുമ്പോള്‍ തന്നെ ജനങ്ങളെ സുരക്ഷിത സ്ഥാാനങ്ങളിലേക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ ജീവഹാനിയും നാശനഷ്ടവും കുറയ്ക്കാന്‍ കഴിയും.ഒരു നിമിഷം കൊണ്ട് സമ്പാദിച്ചതെല്ലാം കൺമുന്നിൽ കവർന്നെടുക്കുന്നത് കണ്ട് നിന്നവർ ഇപ്പോഴും നമ്മുടെ തീരങ്ങളിലുണ്ട്.

ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും മറക്കുവാൻ സാധിക്കാത്തവർ… ദുരന്തത്തെ അതിജീവിച്ചവർ… അവരായിരുന്നു കേരളത്തിൽ പ്രളയം വന്നപ്പോൾ ഒട്ടേറെ ജീവനുകൾക്ക് രക്ഷകരായതും.

Eng­lish Sum­ma­ry: Today marks the 17th anniver­sary of the tsuna­mi that engulfed the coast

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.