14 November 2024, Thursday
KSFE Galaxy Chits Banner 2

ഒരു മൈലാപുരം സ്നേഹ ഗാഥ

ഇ എം സതീശൻ
November 6, 2022 9:08 am

ദേശ- ദേശാന്തര യാത്രകളെ വൈകാരികവും അവിസ്മരണീയവുമാക്കുന്നത് എന്തൊക്കെയാവാം… ? എന്തെങ്കിലും ആവശ്യങ്ങൾക്കു വേണ്ടിയോ യാദൃച്ഛികമായോ ആകസ്മിക സംഭവങ്ങളിലൂടെയോ അതുമല്ലെങ്കിൽ ഒരു കാഴ്ചയിലെ ഭ്രമാത്മകതയിലൂടെയോ ഒക്കെ മനസിൽ മായാതെ നിൽക്കുന്ന മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളാണ്. തീർച്ചയായും പ്രകൃതിയും മനുഷ്യ സംസ്കാരത്തിന്റെ വൈവിധ്യങ്ങളും ശേഷിപ്പുകളുമൊക്കെ അതിൽ പങ്കുവഹിക്കുന്നുണ്ട്. പൊറ്റെക്കാടിന്റെയും ബഷീറിന്റെയും യാത്രാനുഭവങ്ങൾ അനുവാചകരെ അമ്പരപ്പിക്കുന്നതും ഹൃദ്യമാക്കുന്നതും വസ്തുതാ കഥനങ്ങൾക്കപ്പുറത്ത് മനുഷ്യാനുഭവങ്ങളുടെ കരളലിയിപ്പിക്കുന്നതും മനോഹരവുമായ പങ്കുവെയ്ക്കൽ ആവിഷ്കാരങ്ങളിൽ നിറഞ്ഞു നിൽക്കുന്നതുകൊണ്ടാണ്. മനുഷ്യരില്ലാത്ത ദേശങ്ങളിലേക്കുള്ള യാത്രകൾ സങ്കല്പിച്ചു നോക്കുക. അത് സാധാരണ മനുഷ്യരെ സംബന്ധിച്ച് (ഗവേഷകരുടെയോ ശാസ്തജ്ഞരുടെയോ കാര്യമല്ല) ഭയാനകവും വിരസവുമായിരിക്കും. സാർവലൗകികമായി മനുഷ്യ സത്തയിൽ ഉൾച്ചേർന്നിരിക്കുന്ന സ്നേഹഭാവങ്ങൾ പങ്കുവെയ്ക്കുന്ന ഒരു അനുഭവ സ്മരണയാണ് ഇവിടെ പ്രതിപാദ്യം.
സിപിഐ യുടെ 24-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ വിജയവാഡയിലെത്തുമ്പോൾ ഇത്രയും വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതാകും ആ യാത്രയെന്ന് ഒട്ടും നിനച്ചിരുന്നില്ല. അത് ഒരു വിജയവാഡക്കാരനായ മനുഷ്യന്റെ സ്നേഹവും സത്യസന്ധതയുമായി ബന്ധപ്പെട്ട ഒരു യാദൃച്ഛിക സംഭവത്തിന്റെ തുടർച്ചയാണ്.
അഞ്ചു വർഷങ്ങൾക്കു മുമ്പൊരിക്കലൊരു മദ്ധ്യാഹ്നത്തിൽ തേടിവന്ന ഒരു അജ്ഞാത ഫോൺകോളും തുടർന്ന് ഏറെക്കാലം നടന്ന ടെലിഫോണിക്ക് വിനിമയങ്ങളുമാണ് ആ വിജയവാഡക്കാരനുമായുണ്ടായ ആത്മബന്ധത്തിന്റെ തുടക്കം.
തൃശൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിൽക്കുകയാണെന്നും താങ്കളുടെ ഡ്രൈവിംഗ് ലൈസൻസും എടിഎം കാർഡും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ 20 മിനിറ്റിനകം തൃശൂർ സ്റ്റേഷനിലെ രണ്ടാം പ്ളാറ്റ്ഫോമിലെത്തിയാൽ തിരിച്ചേൽപ്പിക്കാമെന്നും ഇല്ലെങ്കിൽ പ്ലാറ്റ്ഫോമിലെ മിൽമാ ബൂത്തിൽ കൊടുത്തേക്കാമെന്നും ശബരി എക്സ്പ്രസിൽ പോകേണ്ടതുണ്ടെന്നും അയാൾ ഫോണിലൂടെ അറിയിച്ചു. ആ നിമിഷത്തിലാണ് അന്നത്തെ ദിവസം ആദ്യമായി ഷർട്ടിന്റെ പോക്കറ്റ് പരിശോധിച്ചത്. ഇടാൻ മാറ്റിയെടുത്ത ഷർട്ട് പോക്കറ്റിലെ പേഴ്സിൽ ലൈസൻസും എടിഎം കാർഡും കാണ്മാനില്ലെന്നു ഉദ്യേഗത്തോടെ തിരിച്ചറിഞ്ഞ നിമിഷം.
തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് തലേരാത്രി നടത്തിയ യാത്രയ്ക്കിടയിൽ ലൈസൻസും എടിഎം കാർഡും വച്ചിരുന്ന ചെറിയ പേഴ്സ് നഷ്ടപ്പെട്ട കാര്യം അതുവരെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. 

ഉടൻ തന്നെ ഇൻകമിംഗ് കാൾലോഗിലെ ആ അജ്ഞത ഫോൺ നമ്പറിൽ തിരിച്ചു വിളിച്ച് ഉടൻതന്നെ എത്തിച്ചേരാമെന്നും നേരിട്ടു കാണണമെന്നും പറഞ്ഞ് മണ്ണൂത്തിയിൽ നിന്ന് ഒരു സുഹൃത്തിനെ കൂട്ടി ബൈക്കിൽ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു. പറക്കുകയായിരുന്ന ബൈക്കിലിരുന്നു കൊണ്ട് അറിയാവുന്ന ഇംഗ്ലീഷിൽ ആ അജ്ഞാത മനുഷ്യനുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു. പേര് കൃഷ്ണറാവു എന്നാണെന്നും വിജയവാഡ സ്വദേശിയാണെന്നുമൊക്കെ അങ്ങനെ മനഃസിലാക്കി. തലേന്നത്തെ ട്രയിൻ യാത്രയിൽ ലോവർ ബർത്തിലുണ്ടായിരുന്ന കൃഷ്ണറാവു ഗുരുവായൂരിൽ ട്രയിൻ നിർത്തി സീറ്റിനടിയിൽ നിന്ന് ബാഗെടുത്തപ്പോൾ നിലത്തുവീണു കിട്ടിയതാണ് ആ പേഴ്സത്രെ.
ധൃതിപ്പെട്ട് തൃശൂർ സ്റ്റേഷനിലെത്തുമ്പോൾ തന്നെ ശബരി എക്സ്പ്രസ് പുറപ്പെടുന്നതിന്റെ ചൂളംവിളി കേൾക്കാം. പ്ളാറ്റ്ഫോം മുറിച്ചു കടക്കാനുള്ള ഫുട്ട് ഓവർ ബ്രിഡ്ജ് കയറുമ്പോൾ വണ്ടി പുറപ്പെടാറായെന്നും മിൽമ ബൂത്തിലെ ചെറുപ്പക്കാരൻ വശം ലൈസൻസും കാർഡും കൊടുക്കുകയാണെന്നും കൃഷ്ണറാവു പറഞ്ഞു. ഓടി സ്റ്റെപ്പുകളിറങ്ങി മിൽമ ബൂത്തിനടുത്തെത്തുമ്പോൾ അകന്നു പോകുന്ന കമ്പാർട്ടുമെന്റ് കവാടത്തിൽ നിന്ന് വീശിക്കൊണ്ടിരുന്ന കൈകൾ മാത്രം കാണാമായിരുന്നു. അപ്പോഴേക്കും മിൽമ ബൂത്തിൽ നിന്നും ഇറങ്ങിവന്ന ചെറുപ്പക്കാരൻ അസാധാരണമായി കിതച്ചു കൊണ്ടിരുന്ന എന്നെ ബെഞ്ചിൽ പിടിച്ചിരുത്തി. ഒരു കോഫി ഉണ്ടാക്കി തന്നു. അയാളുടെ പേര് സുനിൽ. തൃശൂരിനടുത്ത വിയ്യൂർ സ്വദേശിയാണ്. അയാളോട് വിവരങ്ങളെല്ലാം കൃഷ്ണറാവു പറഞ്ഞിരുന്നു. ബന്ധപ്പെടാൻ ഫോൺ നമ്പർ എങ്ങനെ കിട്ടി എന്നു സുനിലിനോട് ചോദിച്ചു. പേഴ്സിനകത്തുണ്ടായിരുന്ന ഒരു തുണ്ടുകടലാസിൽ കുറിച്ചു വെച്ച മറ്റൊരു ഫോൺ നമ്പറിൽ വിളിച്ച് ഡ്രൈവിംഗ് ലൈസൻസിലെ വിലാസം പറഞ്ഞു കൊടുത്തു. തിരുവനന്തപുരം സെൻട്രൽ പ്രിസൺ പ്രസിലെ എന്റെ സഹപ്രവർത്തകനായിരുന്നു ഉണ്ണികൃഷ്ണനായിരുന്നു ഫോൺ എടുത്തത്. ഉണ്ണി ഡ്രൈവിംഗ് ലൈസൻസ് വിലാസക്കാരന്റെ ശരിയായ നമ്പർ സുനിലിനു കൊടുത്തു. മലയാളമറിയാത്തതു കൊണ്ട് ഉണ്ണികൃഷ്ണനുമായി ഫോണിൽ സംസാരിച്ചത് മുഴുവൻ സുനിൽ ആയിരുന്നു. ഡ്രൈവിങ് ലൈസൻസിൽ ഫോട്ടോ ഉണ്ടായിരുന്നതു കൊണ്ട് സുനിലിന് ആളെ തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. അന്ന് കൃഷ്ണറാവു ഏല്പിച്ച ലൈസൻസും എടിഎം കാർഡും സുനിലിന്റെ കയ്യിൽ നിന്നു നന്ദിപൂർവം വാങ്ങി തിരിച്ചു പോന്നു. എടിഎം കാർഡിന്റെ കവറിനകത്ത് ചെറിയ അക്ഷരത്തിൽ പിൻ നമ്പർ എഴുതി വെച്ചിരുന്നത് രണ്ടു പേരും ശ്രദ്ധിച്ചിരുന്നു. അക്കൗണ്ടിൽ പണവുമുണ്ടായിരുന്നു. എന്നിട്ടും ചില്ലിക്കാശ് നഷ്ടപ്പെടാതെ എടിഎം കാർഡ് ഉടമസ്ഥനെ കൃത്യമായി കണ്ടെത്തി തിരിച്ചേല്പിക്കാൻ കൃഷ്ണറാവുവും സുനിലും കാണിച്ച സത്യസന്ധതക്ക് ശിഷ്ടജീവിതത്തിൽ മനുഷ്യ കുലത്തോടാകെയും സത്യസന്ധത പുലർത്തുകയല്ലാതെ മറ്റെന്ത് പ്രായശ്ചിത്തമാണ് ഒരാൾക്ക് ചെയ്യാൻ കഴിയുക… ? 

ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ വിജയവാഡക്ക് വരുന്ന വിവരം കൃഷ്ണറാവുവിനെ അറിയിച്ചു. തീർച്ചയായും നേരിട്ടു കാണാമെന്ന് അദ്ദേഹം ആഹ്ളാദപൂർവ്വം പ്രതികരിക്കുകയും ചെയ്തു. തൃശൂരിൽ നിന്ന് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന പ്രതിനിധി സഖാക്കളോടൊപ്പം ഒക്ടോബർ 13 ന് പുലര്‍കാലത്ത് വിജയവാഡയിലെത്തി. പതിനാലിന് വൈകിട്ട് റാലി നടക്കുന്നതുവരെ ഒഴിവാണ്. ആ വിവരം കൃഷ്ണറാവുവിനെ അറിയിച്ചു. വർഷങ്ങളിലെ ഫോൺ സൗഹൃദത്തിലൂടെ അപ്പോഴേക്കും കൃഷ്ണറാവു എനിക്ക് മാസ്റ്റർജി ആയി കഴിഞ്ഞിരുന്നു. ഒക്ടോബർ 14 ന് ഉച്ചക്ക് അദ്ദേഹത്തിന്റെ നാട്ടിൽ ചെല്ലാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്നും മാസ്റ്റർജി അറിയിച്ചു.
വിജയവാഡയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ മൈലാപുരം എന്ന ഗ്രാമത്തിലാണ് മാസ്റ്റർജി താമസിക്കുന്നത്. അവിടെ ഓക്സ്ഫോഡ് ഇംഗ്ലീഷ് മീഡിയം പബ്ളിക് സ്കൂളിന്റെ പ്രിൻസിപ്പലാണ് അദ്ദേഹം. മാസ്റ്റർ ബിരുദവും എംഫിലുമുള്ള അധ്യാപകൻ. ഞങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് സ്കൂളിന്റെ ഒരു യാത്രാ വാഹനം ഒക്ടോബർ 14 ന് ഉച്ചക്ക് 12 മണിയോടെ വിജയവാഡയിലെ താമസ സ്ഥലമായ ഓട്ടോ നഗറിലെ ക്രാന്തി റെസിഡെൻസിക്ക് മുന്നിലെത്തി. സിപിഐ തൃശൂർ ജില്ലാ സെകട്ടറി കെ കെ വത്സരാജ്, പാർട്ടി നേതാക്കളായ കെ വി വസന്ത് കുമാർ, പി മണി, കെ എസ് ജയ, സി സി വിപിൻ ചന്ദ്രൻ, പ്രസാദ് പറേരി, അബ്രു, അപ്പു, കണ്ണൻ, ബീന, വസന്ത എന്നിവരടങ്ങിയ സംഘം സ്കൂൾ വണ്ടിയിൽ മൈലാപുരത്തേക്ക് യാത്ര പുറപ്പെട്ടു. ഡ്രൈവർ രമേഷിന് കഷ്ടിച്ച് ഇംഗ്ലീഷ് മനസിലാവും. നഗരത്തിൽ നിന്നകന്ന് ഗ്രാമങ്ങളും വിശാലമായ നെൽവയൽ — പരുത്തിപ്പാടങ്ങളും പിന്നിട്ട് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്ത് മൈലാപൂർ ഗ്രാമത്തിലെ ഓക്സ്ഫോഡ് സ്കൂളിലെത്തിച്ചേർന്നു. അവിടെ മാസ്റ്റർജിയും സഹോദരനും സ്കൂൾ മാനേജർ ലക്ഷ്മി ടീച്ചറും മാസ്റ്റർജിയുടെ ഭാര്യ ശ്രീലക്ഷ്മി ടീച്ചറും സഹപ്രവർത്തകരും വിദ്യാർത്ഥികളുമടങ്ങിയ വലിയൊരു സംഘം ഞങ്ങളെ എതിരേറ്റു. ഉച്ചക്ക് ഒന്നരയോടെ സ്കൂളിലെത്തുമ്പോൾ ആഞ്ഞടിച്ച അതിശക്തമായ മഴയും കാറ്റും അന്തരീക്ഷത്തെ സ്നേഹ ഭരിതമാക്കി. 

സസ്യ‑മാംസ സമ്മിശ്രവും വിഭവ സമൃദ്ധവുമായ ആന്ധ്രയുടെ തനിനാടൻ ഭക്ഷണം രുചി വൈവിധ്യങ്ങൾ നിറഞ്ഞതും സ്വാദേറിയതും ആസ്വാദ്യകരവുമായിരുന്നു. ആതിഥേയരുടെ നിഷ്കളങ്ക സ്നേഹാതിരേകത്താൽ അതിഥികൾ മതിമറന്നു പോയി. ഭക്ഷണം കഴിഞ്ഞപ്പോഴേക്കും മഴ നിലച്ചിരുന്നു. വിശാലമായ സ്കൂൾ അങ്കണം നടന്നു കണ്ടു. ഒന്നു മുതൽ 12 വരെ ക്ലാസ്സുകളാണവിടെ ഉള്ളത്. കോവിഡിനു മുമ്പ് ആയിരത്തി ഇരുനൂറിലധികം കുട്ടികൾ ഉണ്ടായിരുന്നു. നിലവിൽ എണ്ണൂറോളം കുട്ടികൾ മാത്രമാണ് പഠിക്കുന്നത്. ഏതെങ്കിലും ഒരു ക്ലാസ്സിൽ അല്പനേരം കുട്ടികളോട് സംസാരിക്കാമെന്ന് ഞങ്ങൾ പറഞ്ഞു. സന്തോഷത്തോടെ മാനേജർ ലക്ഷ്മി ടീച്ചറും മാസ്റ്റർജിയും ഞങ്ങളെ ഒരു പത്താം ക്ലാസ് മുറിയിലേക്ക് നയിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗമായ കെ എസ് ജയയാണ് ഞങ്ങളുടെ കൂട്ടത്തിലെ ഏക അധ്യാപിക. ഞങ്ങൾ ഏകകണ്ഠമായി ജയ ടീച്ചർ കുട്ടികളോട് സംസാരിക്കണമെന്ന് തീരുമാനിച്ചു.
കേരളത്തിൽ നിന്ന് ഇങ്ങനെയൊരു സംഘം മൈലാപ്പൂരിൽ എത്താൻ ഇടയായ പേഴ്സ് തിരിച്ചേൽപിച്ച സംഭവമടക്കമുള്ള കാര്യങ്ങൾ മാസ്റ്റർജി ക്ലാസ്സിൽ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തതിനു ശേഷം ഹർഷാരവങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ ജയ കുട്ടികളോട് സംസാരിച്ചു. എന്താണ് ശാസ്ത്രമെന്നും ശാസ്ത്രബോധത്തിന്റേയും യുക്തിചിന്തയുടേയും പ്രാധാന്യത്തെ കുറിച്ചും ജയ കുട്ടികളോട് സംവദിച്ചു. കുട്ടികൾ റോൾ മോഡലായി സ്വീകരിക്കേണ്ടത് മറ്റാരെയുമല്ലെന്നും മാസ്റ്റർജിയേക്കാൾ വലിയ റോൾ മോഡലില്ലെന്നും ഞങ്ങൾ കുട്ടികളെ ബോധവല്കരിച്ചു. അപ്പോഴേക്കും സമയം വൈകിത്തുടങ്ങിയിരുന്നു. നാലുമണിക്കു നടക്കുന്ന റാലിയിൽ ഞങ്ങൾക്ക് തിരിച്ചെത്തേണ്ടിയിരുന്നതുകൊണ്ട് യാത്ര പറഞ്ഞു വണ്ടിയിൽ കയറി. പാർട്ടി കോൺഗ്രസ് കഴിഞ്ഞു തിരിച്ചു പോകുന്നതിനു മുമ്പ് വിജയവാഡയിൽ വീണ്ടും കാണാമെന്നു പറഞ്ഞ് മാസ്റ്റർജിയും ആതിഥേയരുമെല്ലാം ചേർന്ന് ഗദ്ഗദകണ്ഠരായാണ് ഞങ്ങളെ യാത്രയാക്കിയത്. നാലുമണിയോടെ വിജയവാഡയിലെത്തുമ്പോഴേക്കും നഗരം ചെങ്കടലായി മാറിക്കഴിഞ്ഞിരുന്നു. 

വിജയവാസയിൽ നിന്ന് ഞങ്ങൾ മടങ്ങുന്നതിനു മുമ്പ് വീണ്ടും കാണാമെന്നു മാസ്റ്റർജി പറഞ്ഞ വാക്ക് തെറ്റിച്ചില്ല. പാർട്ടി കോൺഗ്രസ് വിജയകരമായി പര്യവസാനിച്ച് ഒക്ടോബർ 18 ന് മദ്ധ്യാഹ്നത്തിൽ നാട്ടിലേക്ക് വണ്ടി കയറാൻ വിജയവാഡ സ്റ്റേഷനിൽ ഞങ്ങൾ ഓട്ടോറിക്ഷയിൽ ചെന്നിറങ്ങുമ്പോൾ കവാടത്തിൽ ഉപഹാരങ്ങളുമായി മാസ്റ്റർജി കാത്തു നില്കുന്നുണ്ടായിരുന്നു. വണ്ടി പുറപ്പെടുന്ന പ്ലാറ്റ്ഫോം കണ്ടെത്തി ഞങ്ങളെ നിശ്ചിത കംപാർട്ടുമെന്റിൽ കയറ്റി ട്രയിൻ പുറപ്പെടുന്നതുവരെ കൂടെ നിന്നു. കൃഷ്ണറാവു എന്ന മാസ്റ്റർജി നല്കുന്ന പാഠം സ്നേഹത്തിന് ജാതിയില്ല, മതമില്ല, ദേശമില്ല, കാലമില്ല, നിറമില്ല, രൂപമില്ല, ഭാവമില്ല എന്നൊക്കെയാണ്. അനാദ്യന്തമായ സാർവലൗകിക ജീവ പ്രേമമാണ് സ്നേഹം. ജീവിതം മഹത്തരമെന്നും അതിന്റെ സൗന്ദര്യം തിരുപാധിക സ്നേഹമാണെന്നും ഈ മൈലാപുരം സ്നേഹ ഗാഥ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.