18 May 2024, Saturday

സുരേഷ്ഗോപിക്ക് വേണ്ടി ശിവന്റെ ‘ജ‍ട’ മുറിക്കുമ്പോൾ

ബിനോയ് ജോർജ് പി
January 3, 2024 4:30 am

തൃശൂർ തേക്കിൻകാട് മൈതാനത്തെ തരുലതാദികളെല്ലാം ശിവന്റെ ജടയാണെന്നും അവ തൊട്ടുകളിക്കരുതെന്നുമുള്ള അലിഖിത നിയമം പൂരപ്പറമ്പിലെ പുതിയകാല ‘ആചാരസംരക്ഷക സേനയ്ക്കുണ്ട്. ആൽമരത്തിന്റെ കാര്യത്തിലാണെങ്കിൽ പറയുകയും വേണ്ട. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തെ നൂറ്റാണ്ട് പഴക്കമുള്ള ആൽമരത്തിന്റെ വീണ്ടെടുപ്പിനായി പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ സമൂഹം ചികിത്സാവിധികളുമായി ഈ അടുത്ത കാലത്ത് എത്തിയിരുന്നു. കാറ്റിലടർന്നു വീണ മറ്റൊരു ആൽമരത്തിന്റെ ശിഖരം മുറിച്ചതുപോലും ആചാരവിധികളോടെയാണ്. ക്ഷേത്ര വളപ്പിലെ ആൽമരങ്ങളെ ദൈവിക വൃക്ഷമായി കാണുന്നതിനാൽ താന്ത്രികവിധികളോടെ വേണം അവയുടെ കൊമ്പുകൾ പോലും മുറിക്കാന്‍ എന്നാണ് ആചാരസംരക്ഷകര്‍ പറയുക. ഈ വൃക്ഷങ്ങളെ ഏതെങ്കിലും തരത്തിൽ ദുരുപയോഗിക്കാനോ നശിപ്പിക്കാനോ ആരും ധൈര്യപ്പെടാറുമില്ല. ആചാരസംരക്ഷക സേനയുടെ രാഷ്ട്രീയത്തിന് വിരുദ്ധമായ രാഷ്ട്രീയ‑മത‑സാംസ്കാരിക വിശ്വാസികളാണെങ്കിൽ വൻ പ്രതിഷേധങ്ങളും പതിവാണ്. ഒരിക്കൽ അമിട്ട് പൊട്ടിയുയർന്ന് അതിനുള്ളിലെ ചുവന്ന തുണി ആൽമരത്തിൽ കുടുങ്ങി. ‘ആൽമരത്തിൽ പാർട്ടിക്കൊടി കെട്ടി’ യെന്ന് പ്രചരിപ്പിക്കുവാനാണ് അന്ന് ആചാരസംരക്ഷക സേനയും അവരുടെ രാഷ്ട്രീയപാർട്ടികളും കിണഞ്ഞ് ശ്രമിച്ചത്. എന്നാല്‍ ഇത്തരം കുപ്രചാരണങ്ങളിലൂടെ അവനവന്റേതായ രീതിയില്‍ ആചാരങ്ങളെ ‘സംരക്ഷിക്കുന്ന’ ഇവരെ തൃശൂരിലൊന്നും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടുകിട്ടുന്നില്ലെന്നാണ് സംസാരവിഷയം.

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് വേണ്ടി മഹിളാ മോര്‍ച്ചയുടെ സമ്മേളനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യോഗത്തിനായി തേക്കിൻകാട് മൈതാനിയിലെ വലിയ വൃക്ഷങ്ങൾ പലതും മുറിച്ചു. തിരുവമ്പാടി വിഭാഗം പൂരത്തിന് കൊടിയേറ്റുന്ന നായ്ക്കനാൽ ജങ്ഷനിലെ ആലിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെട്ടി മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിലാണ് വൃക്ഷങ്ങളുടെ ജടയറുത്തത്. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ കൊടിയേറ്റിന് ശേഷം രണ്ടു വിഭാഗങ്ങളും വടക്കുന്നാഥനിലെ ആൽമരങ്ങളിലും കൊടി കെട്ടുന്നതോടെയാണ് കൊടിയേറ്റ് പൂർണമാകുന്നത്.
സ്വരാജ് റൗണ്ടിനോട് ചേർന്ന വൃക്ഷങ്ങളും ശിഖരങ്ങളും സുരക്ഷയുടെ പേരിൽ മുറിച്ചുമാറ്റിയിട്ടുണ്ട്. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന, സുരേഷ്ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭം കുറിക്കുന്നതിനായതിനാൽ ആചാരങ്ങളെല്ലാം ഇവർ സൗകര്യപൂർവം മറന്നിരിക്കുകയാണ്. പ്രധാനമന്ത്രിക്കാകുമ്പോള്‍ ആചാരലംഘനം ആകാമെന്നമട്ടിലാണ് ഇവരുടെ നിശബ്ദത. എസ്‌പിജി ഗ്രൂപ്പിനെ കണ്ട് പേടിച്ചിട്ടാണെന്ന് സംസാരമുണ്ടെങ്കിലും വീരശൂര പരാക്രമികളായതിനാൽ അതിന് സാധ്യതയില്ല.
വടക്കുന്നാഥനിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം തടയരുത്, നടകൾ മറച്ച് ബോർഡ് സ്ഥാപിക്കരുത് തുടങ്ങിയ ആചാര സംരക്ഷകരുടെ ഉത്തരവുകളും മറ്റു രാഷ്ട്രീയ‑മത‑സാമൂഹിക സംഘാടകർക്ക് മാത്രമാണ് ബാധകം. തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തം പ്രധാനമന്ത്രി ‘വീരനായക’ സ്ഥാനാർത്ഥിയെ മഹിളകൾക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതിന് ഇതൊന്നും ബാധകമല്ല. നായ്ക്കനാൽ മുതൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദി കഴിയുന്നതുവരെയുള്ള ഭാഗങ്ങളെല്ലാം മറച്ചിരിക്കുകയാണ്. എല്ലാം വിധി പ്രകാരം ആയിരിക്കുമെന്ന് ആശ്വസിക്കുകയല്ലാതെ മറ്റെന്തു ചെയ്യും. മുമ്പ് സമ്മേളനങ്ങൾ നടത്തുമ്പോൾ, സുരക്ഷ കണക്കിലെടുത്ത് ചില വൃക്ഷങ്ങളുടെ ചെറുചില്ലകൾ നീക്കം ചെയ്തതിനും പൂരം നടക്കുമ്പോള്‍ അപകടഭീഷണിയിലായ കൊമ്പുകള്‍ മുറിക്കുന്നതിനുമെതിരെ വലിയ പ്രതിഷേധവുമായെത്തിയവരാണിവർ.
പല ഹിറ്റ് സിനിമകൾക്കും വടക്കുന്നാഥ ക്ഷേത്രവും പൂരപ്പറമ്പും ലൊക്കേഷൻ ആയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത ആചാരങ്ങൾ ഇടയ്ക്ക് തലപൊക്കിയതിനാലാകാം ദിവസങ്ങൾക്ക് മുമ്പ് സഞ്ചാര സ്വാതന്ത്ര്യം തടയുന്നുവെന്ന് ആരോപിച്ച് ജോജു ജോർജിന്റെ സിനിമയ്ക്കെതിരെ ആചാര സംരക്ഷകരിൽ ഒരാൾ ഹൈക്കോടതിയിൽ ഹർജി നൽകി ഷൂട്ടിങ്ങ് തടഞ്ഞത്. പൂരം എക്സിബിഷൻ നടത്തുന്ന തേക്കിൻകാട് മൈതാനത്തിന്റെ തറവാടക ഹൈക്കോടതി നിർദേശപ്രകാരം ഉയർത്തുന്നതിനെതിരെ പൂരം നടത്തില്ലെന്ന വിധത്തിലുള്ള പ്രചാരണങ്ങളും പ്രതിഷേധങ്ങളും നടത്തുകയും സ്വന്തം രാഷ്ട്രീയപാർട്ടികളെ കൊണ്ട് അതിനായി സമ്മർദം ചെലുത്തി കാര്യം നേടിയെടുക്കുകയും ചെയ്തു ഇവർ.

 


ഇതുകൂടി വായിക്കൂ; ജാതിപ്പിശാചുക്കളുടെ ഉയിർത്തെഴുന്നേല്‍പ്പ്


അഞ്ച് വർഷത്തിനുള്ളിൽ 10 കോടിയിലേറെ രൂപ പൂരത്തിന്റെ പ്രധാന പങ്കാളികളായ ഇരു ദേവസ്വങ്ങളുടെ പക്കലും നീക്കിയിരിപ്പുണ്ടെന്നുള്ള കണക്കുകളെല്ലാം കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതർ രേഖകളിലൂടെ വ്യക്തമാക്കിയെങ്കിലും കോര്‍പറേറ്റ് മാധ്യമങ്ങള്‍ അതിനെ മനസിലാക്കുവാൻ സാധിക്കാത്തവിധത്തിലാണ് പൊതുജനങ്ങളിലേക്ക് എത്തിച്ചത്. കുറച്ച് വർഷം മുമ്പ് പൂരത്തോടനുബന്ധിച്ച് ദേശീയപ്രാധാന്യമുള്ള കോർപറേറ്റ് മാധ്യമസ്ഥാപനത്തിന്റെ ‘കരിയും വേണ്ട കരിമരുന്നും വേണ്ട ’ എന്ന ക്യാമ്പയിൻ അവരുടെ ഓര്‍മ്മയിലുണ്ടാവണം. പൂരത്തിന്റെ ചടങ്ങുകൾ റിപ്പോർട്ട് ചെയ്യാനെത്തിയവർ അനുഭവിച്ച ആക്ഷേപങ്ങൾക്ക് കണക്കില്ല, ചിലർക്ക് മർദനവും. പക്ഷേ ആരും മിണ്ടിയില്ല.
രാഷ്ട്രീയവും പുരോഗതിയും പറഞ്ഞ് നടക്കാത്ത വോട്ടുപിടിത്തം ആചാരസംരക്ഷണത്തിലൂടെയും നായകവേഷങ്ങളിലൂടെയും കേരളത്തിൽ എന്നെങ്കിലും സംഭവിക്കുമെന്ന മിഥ്യാ മോഹത്തിലാണവർ. അതിനായുള്ള തറകലക്കലാണ് ഒരു പതിറ്റാണ്ടോളമായി നടക്കുന്നത്. കേരളത്തിൽ അതിനുള്ള മണ്ണ് പാകമാകില്ലെന്ന അറിവാണ് തമിഴ് ശൈലിയിലേക്ക് മാറി നായക അവതാരങ്ങളെ രംഗത്തിറക്കാനുള്ള ശ്രമങ്ങൾ. തൃശൂരിലേക്ക് വീണ്ടും ‘വീരനായക’നെ എഴുന്നള്ളിക്കുമ്പോൾ, വാഴ്ത്താനെത്തിയ തങ്ങളുടെ ദേശീയ നായകന് മുമ്പില്‍ ശിവന്റെ ജട വെറും മരക്കൊമ്പാകുന്നതും അങ്ങനെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.