14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 18, 2024
September 10, 2024
September 9, 2024
August 23, 2024
August 17, 2024
August 17, 2024

ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു; നാടിനായി ഒന്നിച്ച്

Janayugom Webdesk
ന്യൂഡല്‍ഹി/ തിരുവനന്തപുരം
March 28, 2022 12:05 am

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു. രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി 48 മണിക്കൂര്‍ നടക്കുന്ന പണിമുടക്കില്‍ എഐടിയുസി ഉള്‍പ്പെടെ കേന്ദ്ര തൊഴിലാളി സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. മോഡി സർക്കാരിന്റെ സ്വകാര്യവല്‍ക്കരണ, കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെയാണ് രാജ്യത്തെ തൊഴിലാളി സമൂഹം ഒരുമിക്കുന്നത്. രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങള്‍ തൊഴിലില്ലായ്മ, കുറഞ്ഞ വരുമാനം, അവശ്യസാധനങ്ങളുടെ വിലക്കയറ്റം തുടങ്ങിയ കാരണങ്ങളാല്‍ സാമ്പത്തിക ദുരിതത്തിലാഴ്ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിസ്ഥാന ജനവിഭാഗത്തോടുള്ള അനീതിപരമായ നയങ്ങള്‍ തിരുത്തണമെന്ന ആവശ്യവുമായാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ബാങ്കിങ്, സ്റ്റീല്‍, ഇന്ധനം, ടെലകോം, കല്‍ക്കരി, തപാല്‍, ആദായ നികുതി ഉള്‍പ്പെടെ എല്ലാ മേഖലകളിലെയും തൊഴിലാളി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 25 കോടിയിലധികം തൊഴിലാളികള്‍ ചരിത്ര സമരത്തില്‍ പങ്കാളിയാകും. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്നതിനും ബാങ്കിങ് നിയമ ഭേദഗതി ബിൽ 2021നും എതിരെയാണ് ബാങ്ക് ജീവനക്കാര്‍ പ്രതിഷേധിക്കുന്നത്. പണിമുടക്കില്‍ ഇന്നും നാളെയും ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് അറിയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്താവന പുറത്തുവിട്ടിരുന്നു.

 

സ്കീം വർക്കേഴ്സ്, ഗാർഹികത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാര്‍, ബീഡി തൊഴിലാളികൾ, നിർമ്മാണത്തൊഴിലാളികൾ തുടങ്ങിയ പൊതുമേഖല, അസംഘടിത, കോർപറേറ്റ് മേഖലകളില്‍ മോഡി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിക്കും. പണിമുടക്കിന് പിന്തുണ അറിയിച്ച് റയില്‍വേ, പ്രതിരോധ മേഖലകളിലെ തൊഴിലാളി യൂണിയനുകള്‍ നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ഗതാഗതം, വൈദ്യുത മേഖലകളിലെയും തൊഴിലാളികള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളുടെ സജീവ പങ്കാളിത്തതോടെയാണ് പണിമുടക്ക്. ബിഎംഎസ് മാത്രമാണ് സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും ദേശീയധന സമ്പാദന പൈപ്പ് ലൈന്‍ പദ്ധതിയും ഉപേക്ഷിക്കുക, ആദായനികുതി അടയ്‌ക്കാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വരുമാന പിന്തുണ നൽകുക, അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് സാർവത്രിക സാമൂഹിക സുരക്ഷ നൽകുക, ഇന്ധനവില വര്‍ധനവ് തടയുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും പണിമുടക്കിന്റെ ഭാഗമായി ഉന്നയിക്കുന്നുണ്ട്. മോഡി സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക, ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള താക്കീതായി മാറുന്ന പണിമുടക്കില്‍ എല്ലാ വിഭാഗം ജനങ്ങളും അണിചേരണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആഹ്വാനം ചെയ്തു.

രണ്ടുദിവസവും പണിമുടക്കി തൊഴിലാളികളുടെ പ്രകടനം; സംസ്ഥാനം നിശ്ചലമാകും

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങൾക്ക് താക്കീതു നൽകാൻ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ ആരംഭിച്ചു. ചൊവ്വാഴ്ച അർധരാത്രി 12 മണിക്ക് പണിമുടക്ക് അവസാനിക്കും. പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശ ടൂറിസ്റ്റുകളുടെ യാത്ര എന്നിവരെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇന്നലെ അർധരാത്രി 12 മണിക്ക് തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തിൽ വന്‍ പ്രകടനം നടന്നു. സമാനമായ സമയത്ത് ഏലൂര്‍ എഫ്എസിടി ഗേറ്റ്, എടയാര്‍ വ്യവസായ മേഖല, അമ്പലമുകള്‍ കൊച്ചി റിഫൈനറി ഗേറ്റ്, പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിലും കണ്ണൂരും കാസര്‍കോടും ആലപ്പുഴ വ്യവസായ മേഖലയിലും കോട്ടയം എംആര്‍എഫിന് മുന്നിലും തൃശൂര്‍ പേരാമ്പ്ര അപ്പോളോ ഗേയ്റ്റിനു മുന്നിലും പണിമുടക്കിയ തൊഴിലാളികള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പണിമുടക്കിന്റെ വിളംബരം അറിയിച്ച് സംസ്ഥാന വ്യാപകമായി പ്രാദേശിക കേന്ദ്രങ്ങളില്‍ ഇന്നലെ രാത്രി പന്തം കൊളുത്തി പ്രകടനം നടന്നു. വെളുപ്പിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് മുന്നില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി.

കടകമ്പോളങ്ങളും മറ്റ് വാണിജ്യ- വ്യാപാര സ്ഥാപനങ്ങളും ബാങ്ക്, ഇന്‍ഷുറന്‍സ്, പുതുതലമുറ സ്ഥാപനങ്ങളും, നോണ്‍ ബാങ്കിങ് സ്ഥാപനങ്ങള്‍, ബിഎസ്എന്‍എല്‍, കേന്ദ്ര‑സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും, സെക്രട്ടേറിയറ്റ് ജീവനക്കാരും, അധ്യാപകരും പണിമുടക്കി പ്രതിഷേധ പരിപാടികളില്‍ അണിനിരക്കും. സ്ത്രീ തൊഴിലാളികള്‍ ഇക്കുറി പണിമുടക്ക് റാലികളിലും, സമരകേന്ദ്രങ്ങളിലും സജീവമായി രംഗത്തിറങ്ങും. വ്യവസായ ശാലകളിലെ ട്രേഡ് യൂണിയന്‍ സ്ക്വാഡ് മൂന്ന് ഷിഫ്റ്റിന്റെയും ആരംഭത്തില്‍ ഫാക്ടറി ഗേറ്റുകളിലാണ് അണിനിരക്കുക.

സമര കേന്ദ്രങ്ങളില്‍ രണ്ടുദിവസവും രാവിലെ ഒൻപത് മണിയോടെ പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനം നടത്തും. തുടർന്നു നടക്കുന്ന യോഗങ്ങൾ വിവിധ സംഘടനകളുടെ പ്രമുഖ നേതാക്കൾ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട് ജില്ലാ സമര കേന്ദ്രങ്ങളിൽ സിഐടിയു സംഘടന നേതാക്കളും ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിൽ എഐടിയുസിയും, വയനാട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ ഐഎന്‍ടിയുസിയും, കൊല്ലത്ത് യുടിയുസി, കാസര്‍കോട്-എച്ച്എംഎസും മലപ്പുറത്ത് എസ്‌ടിയു നേതാക്കളുമാണ് ഉദ്ഘാടനം ചെയ്യുന്നത്. മറ്റ് സംഘടനകള്‍ മറ്റ് കേന്ദ്രങ്ങളിലും ഉദ്ഘാടകരാകും. രണ്ടാം ദിവസവും രാവിലെ സമര കേന്ദ്രങ്ങളിലേക്ക് പ്രകടനങ്ങള്‍ നടക്കും. അനുഭാവ റാലികള്‍ ഓരോ സമയവും വിവിധ സമര കേന്ദ്രത്തില്‍ എത്തി ഐക്യദാര്‍ഢ്യം സംഘടിപ്പിക്കും.

Eng­lish Summary:Two-day nation­al strike begins
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.