പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങളുടെ സഹായത്തോടെ റഷ്യന്‍ നിയന്ത്രണത്തിലുള്ള തെക്കന്‍ നഗരമായ കേര്‍സണ്‍ തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച് ഉക്രെയ്‍ന്‍. സെപ്റ്റംബറോടെ കേര്‍സണ്‍ തീര്‍ച്ചയായും മോചിപ്പിക്കുപ്പെടും. റഷ്യയുടെ പദ്ധതികള്‍ പരാജയപ്പെടുമെന്നും സെെനിക വക്താവ് അറിയിച്ചു. ഉക്രെയ്‍ന്‍ സെെന്യം പ്രതിരോധത്തില്‍ നിന്ന് പ്രത്യാക്രമണത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ സംഖ്യകക്ഷികള്‍ നല്‍കിയ ദീര്‍ഘ ദൂര മിസെെലുളും പ്രതിരോധ സംവിധാനങ്ങളുമുപയോഗിച്ചാണ് കേര്‍സണില്‍ ഉക്രെയ്‍ന്‍ മുന്നേറ്റം നടത്തുന്നത്. സെെനിക നടപടി ആരംഭിച്ചതിനു ശേഷം റഷ്യന്‍ നിയന്ത്രണത്തിലാകുന്ന ആദ്യ പ്രധാന നഗരമാണ് കേര്‍സണ്‍. റഷ്യന്‍ സെെന്യത്തിന് കൂടുതല്‍ നാശനഷ്ടം വരുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയും പ്രഖ്യാപിച്ചു.
കേര്‍സണും സപ്പോരീഷ്യയും റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്നത് സംബന്ധിച്ച ഹിത പരിശോധന സെപ്റ്റംബറില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടര്‍മാരുടെ പട്ടിക സംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ക്കായി കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്. ഉക്രെയ്‍ന്‍ സായുധ സേനയിലെ 92 അംഗങ്ങള്‍ക്കെതിരെ യുദ്ധക്കുറ്റം ചുമത്തിയതായും റഷ്യയുടെ അന്വേഷണ സമിതി തലവൻ അലക്സാണ്ടർ ബാസ്ട്രികിൻ അറിയിച്ചു.
അതിനിടെ, ഒഡേസ തുറമുഖത്തുണ്ടായ മിസെെലാക്രമണം സെെനിക നടപടി വിപുലീകരിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. തുറമുഖത്ത് ആക്രമണം തുടരുകയാണെങ്കില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ച ഭക്ഷ്യ സുരക്ഷാ കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് ധാന്യകയറ്റുമതി പുനരാരംഭിക്കാന്‍ സാധിക്കില്ലെന്ന് ഉക്രെയ്‍ന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒഡേസയിലെ മിസെെലാക്രമണം ധാന്യകയറ്റുമതിയെ ബാധിക്കില്ലെന്നാണ് ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‍കോവ് പ്രതികരിച്ചത്. ആക്രമണങ്ങള്‍ സെെനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ളതാണ്. ധാന്യങ്ങളുടെ കയറ്റുമതിക്ക് ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുമായി അവ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും പെസ്‍കോവ് പറഞ്ഞു.
കരാറില്‍ ഒപ്പുവച്ചതിന് ശേഷം ഉക്രെയ്‍നില്‍ നിന്നുള്ള ധാന്യകയറ്റുമതിക്ക് തടസങ്ങളൊന്നുമില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അറിയിച്ചു. സെെനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന വാദമാണ് ലാവ്റോവും ആവര്‍ത്തിച്ചത്. എന്നാല്‍ തുറമുഖത്ത് മിസെെലാക്രമണം നടത്തിയിട്ടില്ലെന്ന റഷ്യയുടെ വാദത്തിന് വിരുദ്ധമാണ് ഇരുവരുടെയും പ്രതികരണം.
English Summary: Ukraine will be retaken; The army is hoping to do everything possible to demolish Russia
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.