രാജ്യത്തെ തൊഴിലില്ലായ്മ ഭയാനകമായി വർധിച്ചുകൊണ്ടിരിക്കുന്നുവെന്ന വസ്തുതാപരമായ കണക്കുകൾ പുറത്തുവന്നുകൊണ്ടിരിക്കേ നവംബർ 24ന് പാർലമെന്റിൽ നൽകിയ മറുപടിയിൽ അതിന് വിരുദ്ധമായ അവകാശവാദമാണ് കേന്ദ്രസർക്കാർ നടത്തിയത്. ആഗോളതലത്തിലുള്ള നിരക്കുമായി താരതമ്യം ചെയ്ത് ഇവിടെ തൊഴിലില്ലായ്മ കുറവാണെന്ന് വരുത്താനാണ് സർക്കാർ ശ്രമിച്ചത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷ (ഐഎൽഒ) ന്റെ 2022ലെ റിപ്പോർട്ട് പ്രകാരം 2021ൽ 16.6 ശതമാനമാണ് ആഗോള തൊഴിലില്ലായ്മാ നിരക്കെന്നും 2024ലെ പ്രവണതയനുസരിച്ച് അത് 13.3 ശതമാനമാണെന്നും വിശദീകരിച്ച് ഇന്ത്യയിലെ നിരക്ക് കുറവാണ് എന്ന് മന്ത്രി ശോഭ കരന്തലാജെ അവകാശപ്പെട്ടു. 2023–24 സാമ്പത്തിക വർഷം രാജ്യത്ത് 15നും 29നുമിടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് 10.2 ശതമാനമാണെന്നും ഇത് ആഗോള നിരക്കിനെക്കാൾ കുറവാണെന്നും മന്ത്രി മറുപടിയിൽ പറയുന്നുണ്ട്. തൊഴിൽ ശക്തിയിലെ യുവജനപങ്കാളിത്തം 2017–18ൽ 31.4 ശതമാനമായിരുന്നത് 2023–24ൽ 41.7 ശതമാനമായി ഉയർന്നെന്നും മന്ത്രി പറയാൻ ശ്രമിക്കുന്നു. ആനുകാലിക തൊഴിൽ ശക്തി സർവേ (പിഎൽഎഫ് എസ്) പ്രകാരമാണ് ഈ കണക്കുകൾ മന്ത്രി അവതരിപ്പിച്ചത്. എന്നാൽ ഐഎൽഒ തന്നെ നേരത്തെ പുറത്തുവിട്ട കണക്കുകൾ മറച്ചുവച്ചാണ് മന്ത്രി സ്വന്തം സര്‍ക്കാരിന്റെ പിഎൽഎഫ്എസിന്റെ കണക്കുകളെ ആശ്രയിച്ച് തൊഴിലില്ലായ്മ കുറയുന്നുവെന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചിരിക്കുന്നത്.
തൊഴിൽരഹിത ഇന്ത്യക്കാരിൽ 83 ശതമാനവും ചെറുപ്പക്കാരാണെന്നായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെന്റു (ഐഎച്ച്ഡി) മായി ചേർന്ന് ഐഎൽഒ 10 മാസങ്ങൾക്ക് മുമ്പ് നടത്തിയ പഠനത്തിൽ പറയുന്നത്. സെക്കൻഡറി വിദ്യാഭ്യാസമുള്ള തൊഴിൽരഹിത യുവാക്കളുടെ അനുപാതം 2000ത്തിലെ 35.2 ശതമാനത്തിൽ നിന്ന് 2022ൽ 65.7 ശതമാനമായി ഉയർന്നു. 2019ന് ശേഷം സ്വയം തൊഴിൽ ചെയ്യുന്നവരുടെയും എണ്ണം കൂടി. ഈ കാലയളവിൽ അനൗപചാരിക തൊഴിൽ ചെയ്യുന്നവരുടെ ശതമാനം 90നും മുകളിലെത്തി. 2000ത്തിന് ശേഷം ക്രമാതീതമായി വർധനവ് രേഖപ്പെടുത്തിയിരുന്ന സ്ഥിരം തൊഴിൽ മേഖല 2018ന് ശേഷം തകർന്നടിഞ്ഞു എന്നിങ്ങനെ കണക്കുകളാണ് ഐഎൽഒയുടെ പ്രസ്തുത റിപ്പോർട്ടിലെ കാതലായ ഭാഗം. ഇതിനെല്ലാം പിന്നാലെ കഴിഞ്ഞ ദിവസം രാജ്യത്തെ തൊഴിലില്ലായ്മയുമായി കൂട്ടിച്ചേർത്ത് വായിക്കാവുന്ന ചില റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുകയാണ്. യുഎസിലേക്ക് അനധികൃതമായി കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം വർഷംതോറും കൂടിക്കൊണ്ടിരിക്കുന്നുവെന്നതാണ് അതിലൊന്ന്. യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പട്രോളി (യുഎസ്‌സിബിപി) ന്റെ പുതിയ കണക്കുകൾ പ്രകാരം അനധികൃതമായി കുടിയേറുന്നവരിൽ 22 ശതമാനവും ഇന്ത്യക്കാരാണ്. 2024ൽ 1,98,929 പേരാണ് യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ചതെങ്കിൽ അതിൽ 43,764 പേര്‍ ഇന്ത്യക്കാരായിരുന്നു. 2022, 23 വർഷത്തെ നിരക്ക് 16 ശതമാനമായിരുന്നു. 2022ൽ 1,09,535ൽ 17,000, 2023ൽ 1,89,402ൽ 30,010 എന്നിങ്ങനെയായിരുന്നു ഇന്ത്യക്കാരുടെ പങ്കാളിത്തം. ഇതിൽത്തന്നെ മോഡി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതലെന്ന പ്രത്യേകതയുമുണ്ട്.
ഉക്രെയ്ൻ — റഷ്യ യുദ്ധഭൂമിയിലും പലസ്തീനെതിരെ നിഷ്ഠുരമായ അതിക്രമങ്ങൾ അഴിച്ചുവിടുന്ന ഇസ്രയേലിലും തൊഴിൽ തേടിയെത്തിയ ഇന്ത്യക്കാർ യുദ്ധമുന്നണിയിൽ പോലും പ്രവർത്തിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ തന്നെ സമ്മതിച്ചതും ഇവിടെയുള്ള തൊഴിലില്ലായ്മയുടെ രൂക്ഷത തന്നെയാണ് വെളിപ്പെടുത്തുന്നത്. 2023 ഒക്ടോബറിൽ പലസ്തീനെതിരായ ഇസ്രയേൽ അധിനിവേശം ആരംഭിച്ചതിനുശേഷം 12,000 ഇന്ത്യൻ പൗരന്മാരെ അവിടേക്ക് അയച്ചതായി രാജ്യസഭയിൽ സർക്കാർ സമ്മതിക്കുന്നുണ്ട്. ഇതിൽ 1,069പേർ ആദിത്യനാഥിന്റെ ഇരട്ട എൻജിൻ സർക്കാർ ഭരിക്കുന്ന യുപിയിൽ നിന്നാണെന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. ഇനിയും എത്രയോ പേർ അവിടേക്ക് പോകുന്നതിന് ലഖ്നൗവിലെ ഇൻഡസ്ട്രിയൽ ട്രെയിനിങ് സെന്ററിന് മുന്നിൽ വരി നിൽക്കുന്നതായി കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. തൊഴിലില്ലായ്മ കുറഞ്ഞുവെന്ന് വരുത്തിത്തീർക്കുന്നതിന് മന്ത്രി ശോഭ കരന്തലാജെ ഉദ്ധരിച്ച ആനുകാലിക തൊഴിൽ ശക്തി സർവേയിൽത്തന്നെ രാജ്യത്തെ തൊഴിലില്ലായ്മയും സമ്പദ്ഘടനയും സംബന്ധിച്ച അവകാശവാദങ്ങൾ പൊള്ളയാണെന്ന് തുറന്നുകാട്ടുന്ന മറുവശവുമുണ്ട്. ഗ്രാമീണ ഇന്ത്യൻ തൊഴിലാളികളുടെ പ്രതിമാസ വരുമാനം 2017–18ൽ 9,107 രൂപയായിരുന്നത് 2023–24ൽ 8,842 രൂപയായി കുറഞ്ഞുവെന്നാണ് അത്. നഗര മേഖലയിലെ ജീവിതച്ചെലവുകൾ ഗണ്യമായി ഉയർന്നുവെങ്കിലും വേതനത്തിൽ ഇക്കാലയളവിലുണ്ടായ പ്രതിമാസ വർധന 12,847ൽ നിന്ന് 13,006 രൂപയായി മാത്രമാണെന്നും പ്രസ്തുത റിപ്പോർട്ടിലുണ്ടായിരുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയപ്പോഴത്തെ വേതന ഘടന എത്രത്തോളം ദയനീയമാണെന്നാണ് ഇതിലൂടെ വെളിപ്പെടുന്നത്. കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങളുടെ മറുപുറത്ത് ഇത്തരം വസ്തുതകളുമുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.