23 December 2024, Monday
KSFE Galaxy Chits Banner 2

ഏകീകൃത സിവിൽകോഡ് മോഡിയുടെ ക്ഷുദ്രബുദ്ധി

Janayugom Webdesk
June 29, 2023 5:53 am

കീകൃത സിവിൽ കോഡ് ആയിരിക്കും ജനതയെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള നരേന്ദ്രമോഡിയുടെയും ബിജെപി സംഘ്പരിവാർ പ്രഭൃതികളുടെയും വരാൻ പോകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും പ്രചാരണതന്ത്രം എന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഭോപ്പാലിൽ ബിജെപിയുടെ പ്രവർത്തകരോട് പറഞ്ഞതും, പത്തുലക്ഷം ബിജെപി പ്രവർത്തകർക്കിടയിൽ തത്സമയസംപ്രേക്ഷണം നടത്തിയതുമായ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ രാഷ്ട്രീയ തന്ത്രം പ്രഖ്യാപിച്ചത്. ഇന്ത്യൻ ഭരണഘടന രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഒരേ അവകാശമാണ് വിഭാവനം ചെയ്യുന്നതെന്ന് വ്യാഖ്യാനിക്കാനാണ് മോഡി ശ്രമിച്ചത്. ഒമ്പതുവർഷം പിന്നിട്ട മോഡി ഭരണത്തോട് രാജ്യത്താകെയും രാജ്യത്തിന് പുറത്തും വളർന്നുവന്നിട്ടുള്ള വിരക്തിയും പ്രതിഷേധവും തിരിച്ചറിഞ്ഞ് കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് പരാജയത്തിന് തടയിടാനുള്ള കുതന്ത്രമാണ് മോഡിയും ബിജെപിയും പ്രയോഗിക്കാൻ ശ്രമിക്കുന്നത്. ഏകീകൃത സിവിൽ കോഡിന്റെ കുന്തമുന മുസ്ലിം ജനവിഭാഗങ്ങളെയാണ് ലക്ഷ്യംവയ്ക്കുന്നത് എന്ന സന്ദേശമാണ് തന്ത്രപൂർവം മുന്നോട്ടുവയ്ക്കാൻ മോഡി ശ്രമിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ രാജ്യത്തെ ഗോത്രജനവിഭാഗങ്ങളടക്കം വൈവിധ്യമാർന്ന ജനസമൂഹത്തെ അത്തരം നീക്കം അസ്വസ്ഥരും പ്രകോപിതരുമാക്കും. നൂറ്റാണ്ടുകളായി നിലനിന്നുപോന്ന സാമൂഹ്യക്രമങ്ങളാണ് വെല്ലുവിളിക്കപ്പെടുക. രാജ്യത്തെ ഭൂരിപക്ഷ മതമായ ഹിന്ദുമതത്തിൽ തന്നെ വ്യത്യസ്ത ആചാരങ്ങളും സമുദായക്രമങ്ങളുമാണ് നിലനിന്നുപോരുന്നതെന്ന വസ്തുത വിസ്മരിച്ചുകൊണ്ടുള്ള വിനാശകരമായ സാഹസത്തിനാണ് മോഡി മുതിരുന്നത്.


ഇതുകൂടി വായിക്കൂ: ഭരണഘടനയെ തോല്പിക്കുവാനുള്ള ഓര്‍ഡിനന്‍സ്


ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 44 ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്കും ബാധകമായ ഒരു പൊതു സിവിൽ നിയമം വിഭാവനം ചെയ്യുന്നുണ്ട്. എന്നാൽ അത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന നിർദേശകതത്വം ആണെന്ന് വിസ്മരിക്കരുത്. എല്ലാ ജനവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും അവരുമായുള്ള വിപുലമായ കൂടിയാലോചനയിലൂടെയും സാമൂഹിക സമവായത്തിലൂടെയും കൈവരിക്കേണ്ട ലക്ഷ്യങ്ങളിൽ ഒന്നാണ് അത്. ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപംനൽകിയ കോൺസ്റ്റിറ്റുവെന്റ് അസംബ്ലി തന്നെ തികഞ്ഞ യാഥാർത്ഥ്യബോധത്തോടെയാണ് ആ വിഷയം നിർദേശക തത്വത്തിന്റെ ഭാഗമാക്കി മാറ്റിയത്. അതെ ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 25 രാജ്യത്തെ മതവിഭാഗങ്ങൾക്കെല്ലാം അവരുടെ വിശ്വാസവും ആചാരക്രമങ്ങളും അനുസരിച്ച് ജീവിക്കാനുള്ള അവകാശം അംഗീകരിക്കുന്നുണ്ട്. അനുച്ഛേദം 29 ആകട്ടെ ഓരോ മതവിഭാഗത്തിനും അവരുടെ വേറിട്ട സാംസ്കാരിക സവിശേഷതകൾ സംരക്ഷിച്ച് നിലനിർത്താനുള്ള അവകാശവും അംഗീകരിക്കുന്നു. വസ്തുതകൾ ഇതായിരിക്കെ ഇനിയും സാമൂഹിക സമവായം കൈവരിക്കാനായിട്ടില്ലാത്ത പൊതു സിവിൽനിയമം എന്ന വിവാദവിഷയം തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉയർത്തുന്നത് അധികാരത്തിലെത്താനും അത് നിലനിർത്താനും ഏത് ഹീനമാർഗവും പ്രയോഗിക്കാനുള്ള ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും ക്ഷുദ്രബുദ്ധിയാണ് തുറന്നുകാട്ടുന്നത്. ഭരണഘടനയുടെ അനുച്ഛേദം 47 മദ്യവും മയക്കുമരുന്നുകളുടെയും ഉപയോഗം നിരോധിക്കണമെന്ന നിർദേശം മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും മദ്യം നിരോധിക്കാൻ മുതിർന്നിട്ടില്ലെന്നതിന്റെ കാരണം സുവ്യക്തമാണ്. ഈദൃശ വസ്തുതകളുടെ അടിസ്ഥാനത്തിൽ വേണം പ്രധാനമന്ത്രിയുടെ പ്രഖാപനം വിലയിരുത്തപ്പെടാൻ.


ഇതുകൂടി വായിക്കൂ: ഭരണഘടന നേരിടുന്ന വെല്ലുവിളികൾ


കർണാടക തെരഞ്ഞെടുപ്പുഫലം, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ബിജെപിയിൽ ഉയർത്തുന്ന പരാജയഭീതി, പ്രതിപക്ഷപാർട്ടികൾ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്നത് പൊതുലക്ഷ്യമായി പ്രഖ്യാപിക്കുകയും തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വേണം രാജ്യത്തിന്റെ ഐക്യത്തിനും വൈവിധ്യമാർന്ന ജനവിഭാഗങ്ങളുടെ സഹവർത്തിത്വത്തിനും ഐക്യദാർഢ്യത്തിനും എതിരെ ഉയർത്തുന്ന വെല്ലുവിളിയെ സമീപിക്കാൻ. കഴിഞ്ഞ ഒമ്പതുവർഷത്തെ മോഡിഭരണം ജനങ്ങൾക്കും സമുദായങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന മൈത്രിയെ തകർക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിൽ ഇപ്പോഴത്തെ നീക്കം അവരെ എന്നെന്നേക്കുമായി വിഭജിച്ച് അധികാരത്തിൽ എക്കാലത്തേക്കും കടിച്ചുതൂങ്ങാനാണ് ലക്ഷ്യമിടുന്നത്. പൊതു സിവിൽ നിയമമെന്നത് മഹത്തായ ലക്ഷ്യമാണ്. രാജ്യത്തെ ശിഥിലീകരിച്ചുകൊണ്ടും വർഗീയ കലാപങ്ങൾകൊണ്ടും വംശഹത്യകൊണ്ടുമല്ല ആ ലക്ഷ്യം കൈവരിക്കേണ്ടത്. മോഡിയുടെയും ബിജെപിയുടെയും കുത്സിത ലക്ഷ്യങ്ങൾ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.