14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 29, 2024
September 13, 2024
September 6, 2024
August 13, 2024
August 9, 2024
August 8, 2024
July 29, 2024
July 23, 2024
July 14, 2024

ജ്ഞാനസമൂഹനിർമ്മിതിയിൽ മുന്നേറ്റവുമായി കേരള സര്‍വകലാശാല

Janayugom Webdesk
June 25, 2022 5:15 am

രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായി കേരള സർവകലാശാലയെ അംഗീകരിച്ചുകൊണ്ട് യുജിസിയുടെ നാക് അക്രഡിറ്റേഷൻ ടീം A++ ഗ്രേഡ് നൽകിയത് ചരിത്രവിജയമായിത്തീർന്നു. ഇന്ത്യയിലെ ഏറ്റവും പ്രമുഖങ്ങളായ കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്കൊപ്പം എത്തിയ കേരള സർവകലാശാല ഇതുവരെ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനൊപ്പമാണ്. ഗ്രേഡ് പോയിന്റ് നിലയിൽ അഭിമാനകരമായ ഈ നേട്ടമുണ്ടാക്കുവാൻ സർവകലാശാലയെ പ്രാപ്തമാക്കിയതിൽ സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ നവീന സമീപനങ്ങൾക്കുള്ള പങ്ക് ചെറുതല്ല. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ജ്ഞാനസമൂഹമാക്കി മാറ്റുന്നതിലും മുൻനിരയിലെത്തിക്കുന്നതിലും സർക്കാർ കൈക്കൊണ്ട നടപടികളും പിന്തുണയും സർവകലാശാലയ്ക്ക് ഈ നേട്ടം കൈവരിക്കാൻ അങ്ങേയറ്റം സഹായകമായി.


ഇതുകൂടി വായിക്കൂ:  പൊതുവിദ്യാലയങ്ങളുടെ കാര്യക്ഷമത ഉയർത്തണം


ഉന്നതവിദ്യാഭ്യാസ രംഗത്തെ പഠന ഗവേഷണങ്ങൾ ഭാവി കേരളത്തിന് വെളിച്ചം നല്കുന്നതാകണമെന്ന കാഴ്ചപ്പാടാണ് ഇന്നുള്ളത്. ഇതിനായി വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്റെ മൂല്യവർധിത ഉല്പാദനവും ആഭ്യന്തര വരുമാനവും വർധിപ്പിക്കണമെന്നും തീരുമാനിച്ചു. ഈ ലക്ഷ്യം സാധിതമാക്കുന്നതിനായി സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ നമുക്ക് നടപ്പിലാക്കാനുമായി. ഒന്നാം എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രഖ്യാപിക്കുകയും അതിലൂടെ പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തിക്കൊണ്ട് പഠനനിലവാരം ഉയർത്തി സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. അത്ഭുതകരമായി ഏഴു ലക്ഷം വിദ്യാർത്ഥികൾ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നും സർക്കാർ സ്കൂളുകളിലേക്ക് വന്നത് കേരളം ദർശിച്ചു. രണ്ടാം എൽഡിഎഫ് സർക്കാർ ഊന്നൽ നൽകിയത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാണ്. കഴിഞ്ഞ സംസ്ഥാന ഗവൺമെന്റ് ബജറ്റിൽ ഈ മേഖലയ്ക്കായി വകയിരുത്തിയത് 600 കോടി രൂപയാണ്. അക്കാദമിക പഠന ഗവേഷണ മേഖലയെ വിജ്ഞാന സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പ്രസ്തുത ലക്ഷ്യം ഏറ്റെടുത്തുകൊണ്ട് കേരള സർവകലാശാല തങ്ങളുടെ പ്രവർത്തനങ്ങൾ സജീവമാക്കി. ആവശ്യമായ മാറ്റങ്ങൾ വരുത്തി വിപ്ലവകരമായ പുത്തൻ ആശയങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി.


ഇതുകൂടി വായിക്കൂ:  ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്കരണ നീക്കങ്ങള്‍


കേരള സർവകലാശാല സംസ്ഥാനത്തെ പ്രഥമ സർവകലാശാല എന്നത് മാത്രമല്ല, രാജ്യത്തെ തന്നെ ആദ്യകാല സർവകലാശാലകളിൽ ഒന്നുമാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വർമ്മ 1937ൽ സ്ഥാപിച്ച തിരുവിതാംകൂർ സർവകലാശാലയാണ് പിന്നീട് കേരള സർവകലാശാല ആയി മാറിയത്. വിപുലമായ പാരമ്പര്യവും വിഭവസമൃദ്ധിയുംകൊണ്ട് സമ്പന്നമായ കേരള സർവകലാശാലയുടെ ചരിത്രം ഏവർക്കും അറിയാവുന്നതാണ്. സർവകലാശാലയെ മികവാർന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രമാക്കണമെന്ന ലക്ഷ്യത്തോടെ സിൻഡിക്കേറ്റിന്റെ നേതൃത്വത്തിൽ അധ്യാപക, വിദ്യാർത്ഥി സമൂഹവും അനധ്യാപക മേഖലയിലുള്ളവരും ഏകമനസോടെ പ്രവർത്തിച്ചപ്പോൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞത് വിസ്മയകരമായ വിജയങ്ങളാണ്.

യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷൻ നാഷണൽ അക്രഡിറ്റേഷൻ ടീം കേരള സർവകലാശാലയുടെ നേട്ടങ്ങളായി എടുത്തു കാട്ടിയ ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കേണ്ടതുണ്ട്. അധ്യാപനം, ബോധനം, ഗവേഷണം, പഠനസൗകര്യം, സ്റ്റുഡന്റ്സ് സപ്പോർട്ട്, ഗവേണൻസ്, മാനേജ്‌മെന്റ്, ബെസ്റ്റ് പ്രാക്ടീസ് തുടങ്ങി എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണ് നാക് ഗ്രേഡ് നിശ്ചയിച്ചത്. മികവുറ്റ അക്കാദമിക് അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളുമാണ് ഒന്നാമത്തേത്. മികച്ച ഗവേഷണ സംസ്കാരമാണ് അടുത്തതായി എടുത്തുപറഞ്ഞത്. മികച്ച അനുബന്ധ പ്രവർത്തനങ്ങളിലൂടെ പാഠ്യേതര രംഗത്ത് കാട്ടിയ കാതലായ ശ്രദ്ധയാണ് മറ്റൊന്ന്. ഇവിടെ ആദ്യം സൂചിപ്പിച്ച അടിസ്ഥാന സൗകര്യത്തിൽ മൂന്നുലക്ഷത്തി പതിനോരായിരം സ്ക്വയർ ഫീറ്റ് കെട്ടിടനിർമ്മാണമാണ് ഈ കാലയളവിൽ നടത്തിയത്. പ്രത്യേക സ്കൂളുകൾക്കുള്ള ബിൽഡിങ്ങുകളും പഠനവകുപ്പുകൾക്കെല്ലാം കെട്ടിടങ്ങളും നിർമ്മിച്ചു. മികച്ച അക്കാദമിക് അന്തരീക്ഷം നിർമ്മിച്ചതിനൊപ്പം കോളജുകളിലെ അഡ്മിഷൻ മുതൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്കും സർവകലാശാലാ ഓഫീസിനും ഇടയിൽ ഏറ്റവും ഫലപ്രദമായ സോഫ്റ്റ്‌വേർ കമ്മ്യൂണിക്കേഷൻ സിസ്റ്റം നടപ്പിലാക്കി. ഈ ‘സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്മെന്റ്’ വഴി സംശയങ്ങളും ബുദ്ധിമുട്ടുകളും കാലതാമസവുമെല്ലാം ഒഴിവാക്കാനും കൃത്യത കാത്തുസൂക്ഷിക്കുവാനും കഴിഞ്ഞു. മികച്ച ഗവേഷണ സംസ്കാരം കൈവരിക്കുന്നതിനായി ആദ്യം ചെയ്തത് സർവകലാശാലാ ലൈബ്രറി കമ്പ്യൂട്ടർവല്ക്കരിച്ചതാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും അധികം ഗ്രന്ഥങ്ങളുള്ള സർവകലാശാലയുടെ വിവിധ ലൈബ്രറികളിലെ 10 ലക്ഷത്തിലധികം വരുന്ന ഗ്രന്ഥങ്ങളെ വിദ്യാർത്ഥികൾക്ക് ഒറ്റ ക്ലിക്കിലൂടെ ലഭ്യമാക്കുന്ന പദ്ധതിയായ ‘ഒരു കാമ്പസ് ഒരു ലൈബ്രറി’ നടപ്പിലാക്കി.


ഇതുകൂടി വായിക്കൂ:  ഉന്നത വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ വാണിജ്യവല്‍ക്കരണം


അക്കാദമികമല്ലാത്ത ഒട്ടേറെ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും ശ്രദ്ധവച്ച സർവകലാശാലയുടെ അനുബന്ധ സംഭാവനകൾ യുജിസി ടീം പ്രത്യേകമായി വിലയിരുത്തുകയുണ്ടായി. സർവകലാശാലയുടെ കീഴിലുള്ള ഏതു വിദ്യാർത്ഥികൾക്കും അപകടമോ, മരണമോ ഉണ്ടായാൽ അവരെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ‘സ്റ്റുഡന്റ് കെയർ’ പദ്ധതി. സുസ്ഥിര വികസനത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഭാഗമായി നടപ്പിലാക്കിയ ‘ഹരിതാലയം’ പദ്ധതി എല്ലാവരുടെയും പ്രശംസ നേടി. ആൻഡമാൻ‑നിക്കോബാർ ദ്വീപുകളിലെ സസ്യങ്ങളുടെ അപൂർവ ഉദ്യാനം, 20,000 ഫലവൃക്ഷങ്ങളുടെ പ്രത്യേക തോട്ടം, സിസ്റ്റമാറ്റിക് ഗാർഡൻ, മിയാവാക്കി വനം, പന്നൽച്ചെടികളുടെ ഉദ്യാനം, ഡിജിറ്റൽ ഗാർഡൻ, ഹെർബൽ ഗാർഡൻ ‘തുളസീവനം’, എന്നിങ്ങനെ ഹരിതസമൃദ്ധി നിറയുന്നുണ്ട്, കേരള സർവകലാശാലാ കാമ്പസിൽ. കാമ്പസിന്റെ ഗ്രീൻ, ക്ലീൻ സ്വഭാവം ‘നാക് ’ ടീമിനെ ഏറെ ആകർഷിച്ചു. വൈദ്യുത ബഗ്ഗികളും സൈക്കിളും ഉപയോഗിച്ച് കാമ്പസിനെ കാർബൺ മുക്തമാക്കാൻ നടത്തുന്ന പരിശ്രമം വിജയം കണ്ടു. കോവിഡ് മഹാമാരിയുടെ ഭീഷണി വരുന്നതിനു മുമ്പ് സർവകലാശാല ആവിഷ്കരിച്ച് നടപ്പിലാക്കിയ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമായ ‘ലേണിങ് മാനേജ്മെന്റ് സിസ്റ്റം’ യഥാർത്ഥത്തിൽ ഏറ്റവും പ്രയോജനപ്രദമായത് കോവിഡ് പ്രതിസന്ധി കാലത്താണ്. സമഗ്രമായ ഡിജിറ്റൽ ശേഖരവും തയാറാക്കാനായി. 32 കോടി ചെലവഴിച്ച് സജ്ജീകരിച്ച അത്യാധുനിക ലബോറട്ടറിയും 43 പഠന വകുപ്പുകളിലെയും തിയേറ്റർ ക്ലാസ് മുറികളും ഗവേഷണ പഠന പ്രവർത്തനത്തെ ഊർജസ്വലമാക്കി. വിവിധ കൺസൾട്ടൻസി പ്രവർത്തനങ്ങളിലൂടെ 5.66 കോടി രൂപ സർവകലാശാലയിലെ അധ്യാപകർ വഴി സർവകലാശാലയ്ക്ക് ലഭിച്ചതും എടുത്തുകാട്ടാനായ നേട്ടമാണ്. സർവകലാശാലയുടെ ഉന്നതമായ സാമൂഹിക ഉത്തരവാദിത്തത്തിന്റെ മാതൃകയായി സിഎംഡിആർഎഫിലേക്ക് അധ്യാപകരും ജീവനക്കാരും സംഭാവന ചെയ്തത് 6.5 കോടി രൂപയാണ്. വാക്സിൻ ചലഞ്ചിൽ പങ്കെടുത്തുകൊണ്ട് സർക്കാരിന് കൈമാറിയതും ശ്ലാഘനീയമായ പ്രവർത്തനമായിത്തീർന്നു.

സിൻഡിക്കേറ്റ് അംഗങ്ങളുടെയും വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവകലാശാല ഭരണവൃന്ദത്തിന്റെയും കൂട്ടായ പ്രവർത്തനമാണ് അധ്യാപക വിദ്യാർത്ഥീ കൂട്ടുകെട്ടിൽ ഈ വിജയം കൈവരിക്കാൻ തുണയായത്. എന്നാൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണവും ഉപദേശ നിർദേശങ്ങളുമാണ് ഈ വിജയങ്ങളുടെ കാതൽ. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുവാൻ സർവകലാശാലയ്ക്ക് ധൈര്യം തരുന്നുണ്ട് ഇപ്പോഴത്തെ വിജയങ്ങൾ എന്നും രേഖപ്പെടുത്തട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.