1 May 2024, Wednesday

Related news

April 1, 2024
March 19, 2024
February 26, 2024
February 26, 2024
February 25, 2024
February 25, 2024
February 24, 2024
February 24, 2024
February 24, 2024
February 23, 2024

യൂറിയയ്ക്ക് ക്ഷാമം; കര്‍ഷകര്‍ പ്രതിസന്ധിയില്‍

എവിൻ പോൾ
ഇടുക്കി
October 11, 2023 9:43 am

കാർഷിക മേഖലയുൾപ്പെട്ട മലയോര ജില്ലകളിൽ യൂറിയ വളത്തിന് വലിയ തോതിൽ ക്ഷാമം നേരിടുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഒക്ടോബർ മാസം ആരംഭിച്ചിട്ടും ആവശ്യത്തിന് അനുസൃതമായി യൂറിയ കിട്ടാനില്ലെന്ന് കർഷകർ പറയുന്നു.
നെൽക്കൃഷിക്കും കാപ്പി, തേയില തോട്ടങ്ങളിലടക്കം ഇപ്പോൾ വളമിടേണ്ട സമയമാണ്. എന്നാൽ പ്രമുഖ വിതരണക്കാരായ കമ്പനികൾ യൂറിയ സ്റ്റോക്കില്ലെന്ന മറുപടിയാണ് നൽകുന്നത്. ഇതോടെ വളമിടീൽ തടസപ്പെടുന്ന സാഹചര്യമാണ്. സമയത്തിന് വളപ്രയോഗം നടത്തിയില്ലെങ്കിൽ ഉല്പാദനം കുറയുമെന്ന ആശങ്കയിലാണ് കർഷകർ. 

ഇടുക്കിയിലെ തോട്ടം മേഖലകളിൽ ഏലം കൃഷിയേക്കാള്‍ തേയില തോട്ടങ്ങളിലാണ് യൂറിയയുടെ ആവശ്യം. ഹൈറേഞ്ചിൽ കാപ്പി കൃഷിക്ക് ഉൾപ്പെടെ മഴ മാറിനിൽക്കുമ്പോഴാണ് വളമിടേണ്ടത്. നെൽപ്പാടങ്ങളുള്ള ജില്ലകളിലും ഒന്നാം വളം നൽകേണ്ടതിപ്പോഴാണ്. യൂറിയ ക്ഷാമം പാലക്കാട്, ആലപ്പുഴ ജില്ലകളിലടക്കമുള്ള നെൽക്കർഷകരെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. നടീൽ കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിൽ ആദ്യ വളം നൽകണം. 25–30 ദിവസത്തിനുള്ളിൽ തന്നെ രണ്ടാമത്തെ വളമായി യൂറിയയും പൊട്ടാഷും നൽകണം. ഇത് തെറ്റിച്ചാൽ നെൽച്ചെടികളുടെ വളർച്ചയെ ബാധിക്കുകയും വിളവ് ഗണ്യമായി കുറയുകയും ചെയ്യും.
യൂറിയയ്ക്ക് പുറമെ പൊട്ടാഷ്, ഫോസ്‌ഫറസ് എന്നിവയാണ് കർഷകർക്ക് ആവശ്യമായി വരുന്ന മറ്റ് വളങ്ങൾ. പൊട്ടാഷ്, ഫോസ്‌ഫറസ് എന്നിവയ്ക്ക് നിലവിൽ ക്ഷാമമില്ലെന്ന് കമ്പനികൾ തന്നെ പറയുന്നു. യൂറിയയ്ക്കു പകരം മറ്റ് മിശ്രിത വളങ്ങൾ ഉപയോഗിച്ചാലും യൂറിയയുടെ ഫലം ലഭിക്കാത്തതാണ് ആവശ്യം ഇത്രയും കൂടി വരാനിടയാക്കുന്നത്. ഒരു ഏക്കറിന് 35 — 40 കിലോഗ്രാം യൂറിയയാണ് വേണ്ടി വരുന്നത്. മിശ്രിത വളങ്ങൾക്ക് ഉയർന്ന വിലയായതിനാൽ ഉല്പാദന ചെലവ് കുറയ്ക്കാൻ യൂറിയ തന്നെ വേണം. 

കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന യൂറിയക്ക് ഒരു ചാക്കിന് 266.50 രൂപയാണ് സബ്സിഡി നിരക്കിലുള്ള ഇപ്പോഴത്തെ വില. സബ്സിഡി നിരക്കിലുള്ള മറ്റ് വളങ്ങളായ പൊട്ടാഷ് 1700, ഫാക്ടംഫോസ് 1225,16: 16: 16 ന് 1250, 10: 26: 26ന് 1470 എന്നിങ്ങനെയാണ് നിരക്കുകൾ.
വളം ഉല്പാദക കമ്പനികൾ കേരളത്തിൽ യൂറിയ വിതരണം ചെയ്യാൻ വരുത്തുന്ന കാലതാമസമാണ് ക്ഷാമത്തിന് കാരണമെന്നാണ് വിവിധ കർഷക സംഘങ്ങളുടെ ആരോപണം. എന്നാൽ കേന്ദ്ര സർക്കാർ ഒരോ സംസ്ഥാനങ്ങൾക്കും ആവശ്യമായ നിരക്കിൽ യൂറിയ വിതരണം നടത്തുന്നതിന് അനുമതി നൽകാത്തതാണ് വിതരണത്തിന് തടസമെന്നാണ് പ്രമുഖ വിതരണക്കാരുടെ വാദം. ജില്ലകളിൽ നിന്ന് കമ്പനികൾക്ക് അലോട്ട്മെന്റ് യഥാസമയം നൽകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 

റേഷൻ കടകളിലേതുപോലെ ഇ പോസ് മെഷീനിൽ കർഷകരുടെ ആധാർ നമ്പർ അടിച്ചാണ് വളം നൽകുന്നത്‍. ചില സന്ദർഭങ്ങളിൽ വളം ഡിപ്പോകളിലെ സ്റ്റോക്ക് മനസിലാക്കാൻ കഴിയാത്തതിനാൽ ഡിപ്പോകളിൽ വളമുള്ളതായി കണക്കാക്കി കമ്പനികൾ റിപ്പോർട്ട് നൽകും. ഇതോടെ വളം വിതരണം പ്രതിസന്ധിയിലാകുകയും ചെയ്യും.

Eng­lish Sum­ma­ry: Urea defi­cien­cy; Farm­ers in crisis

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.