27 March 2024, Wednesday

Related news

September 12, 2023
August 28, 2023
June 28, 2023
June 24, 2023
December 2, 2022
September 19, 2022
August 28, 2022
August 24, 2022
August 28, 2021

നവോത്ഥാന സമര ചരിത്രത്തിലെ ജ്വലിക്കുന്ന സ്മരണ: ഊരൂട്ടമ്പലം സ്കൂൾ ഇന്ന് മുതൽ അയ്യൻകാളി-പഞ്ചമി സ്മാരകം

Janayugom Webdesk
തിരുവനന്തപുരം
December 2, 2022 9:08 am

കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാന സമര ചരിത്രത്തിലെ ജ്വലിക്കുന്ന സ്മരണയായി മാറിയ കണ്ടല ലഹളയുടെ ഭാഗമായ ഊരൂട്ടമ്പലം ഗവ. യുപി സ്കൂൾ, ഇന്ന് മുതൽ മഹാത്മാ അയ്യൻകാളി-പഞ്ചമി മെമ്മോറിയൽ സ്കൂളാകും. അധഃസ്ഥിതരുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരം എന്നുകൂടി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതാണ് കണ്ടല ലഹള. അധഃസ്ഥിത വിഭാഗത്തിലെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം നൽകണമെന്ന് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കി. എന്നാൽ ഈ ഉത്തരവ് നടപ്പിലാക്കാൻ അന്നത്തെ സവർണ മാടമ്പി ജന്മിമാർ തയാറായില്ല. തുടർന്ന് മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിൽ അധഃസ്ഥിത വിഭാഗത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ ആരംഭിച്ചു.

ഇതിന്റെ ഫലമായി 1910ൽ തിരുവിതാംകൂർ മഹാരാജാവ് വീണ്ടും ഈ ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും നടപ്പിലായില്ല. അങ്ങനെയാണ് മഹാത്മാ അയ്യൻകാളി നേരിട്ട് ഊരൂട്ടമ്പലം പിരിയാകോട് സ്വദേശിയായ പൂജാരി അയ്യന്റെ മകളായ പഞ്ചമിയെ കണ്ടല കുടിപ്പള്ളിക്കൂടത്തിലേക്ക് കൊണ്ടുപോയിരുത്തിയത്. എന്നാൽ ഇതിൽ പ്രകോപിതരായ സവർണ ജന്മിമാർ അയ്യൻകാളിയേയും സംഘത്തേയും കായികമായി ആക്രമിക്കുകയും രാത്രിയിൽ പഞ്ചമി കയറിയ സ്കൂളിലെ ആ ഓലഷെഡ് തന്നെ തീവച്ച് നശിപ്പിക്കുകയും ആ കുറ്റം അയ്യൻകാളിയുടെ തലയിൽ കെട്ടി വയ്ക്കുകയും ചെയ്തു. ഈ കലാപം മാറനല്ലൂർ ഗ്രാമത്തിൽ ആകെ പടർന്നു. ആ പ്രദേശത്തെയാകെ പുലയ സമുദായാംഗങ്ങളുടെ കുടിലുകൾ തീയിട്ടു നശിപ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു. 

ജീവൻ രക്ഷിക്കാനായി പുരുഷന്മാർ കുറ്റിക്കാടുകളിലും പാറമടകളിലും ഒളിച്ചു. ഇതിനോടനുബന്ധിച്ച് പ്രതിഷേധങ്ങൾ നടന്നു. വൈകാതെ വീണ്ടും സ്കൂൾ പ്രവേശന ഉത്തരവ് ഇറക്കുകയും ചെയ്തു ഇതാണ് കണ്ടല ലഹളയുടെ ചരിത്രം. അന്നത്തെ കണ്ടല കുടിപ്പള്ളിക്കൂടമാണ് പിന്നീട് ഊരൂട്ടമ്പലം ഗവ. യുപിഎസ് ആയി മാറിയത്. പഞ്ചമി കയറിയതിനെ തുടർന്ന് ജന്മിമാർ കത്തിച്ച ഓല ഷെഡിൽ ഉണ്ടായിരുന്ന പാതി മാത്രം കത്തിയ ഒരു ബെഞ്ച് ഇന്നും ചരിത്ര സ്മരണയായി ഈ സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യ വർഷത്തെ സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടത് ഈ സ്കൂളിൽ ആയിരുന്നു.പണ്ട് സ്കൂൾ പ്രവേശനത്തിന് വന്നപ്പോൾ ആട്ടിയോടിക്കപ്പെട്ട പഞ്ചമിയുടെ അഞ്ചാം തലമുറയിൽപ്പെട്ട ആതിരയെന്ന കുട്ടിയെ കൈപിടിച്ച് കയറ്റിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. 

ഇന്ന് വൈകിട്ട് അഞ്ചിന് സ്കൂളിന്റെ പുനർനാമകരണം നിർവഹിക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയനാണ്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. നാല് കോടി 35 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഊരൂട്ടമ്പലം എൽപി, യുപി പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

Eng­lish Sum­ma­ry: Urut­tam­bal­am School will be known as Ayyankali-Pan­cha­mi Memo­r­i­al from today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.