1 March 2024, Friday

ഉമിത്തീയിൽ വേവുന്നവന്റെ നോവുഭാഷണങ്ങൾ

രാകേഷ് ആർ
വായന
May 21, 2023 2:00 am

സ്വന്തം ജീവിതത്തിലെ ഭീതിയും സന്ദേഹവും സന്താപവും സ്മൃതിയും ഫലിതവുമെല്ലാം പങ്കുവയ്ക്കുന്ന കവിതകളാണ് ഡോ. അരുൺ ജെ ജി യുടെ ‘പാട്ടുതീയുള്ള പെൺകാറ്റി‘ലേത്. കാവ്യവർത്തമാനങ്ങൾക്കിടയിൽ സമചിത്തതയോടെ സംസാരിച്ച് തുടങ്ങുന്ന കവിമനസ്
നിലതെറ്റിയോടി പ്രതിഷേധിച്ചും പരിഹസിച്ചും പ്രതിരോധിച്ചും സാമൂഹ്യസാംസ്കാരിക വിഷയങ്ങളെ വായനക്കാർക്കു മുന്നിൽ നിരത്തുന്നു, കലുഷിതാന്തരീക്ഷത്തെ ബോധ്യപ്പെടുത്തി അവരുടെ ഹൃദയങ്ങളെ അസ്വസ്ഥമാക്കുന്നു. മനസുപിടഞ്ഞ് ആശങ്കപ്പെടുന്നവരോട് ഒരു ചെറുചിരിയോടെ ഒന്നുമറിയാത്തപോലെ ശാന്തമായി വർത്തമാനം തുടരുന്നു, വാക്കുകൾ ചൊല്ലിയും ചൊല്ലിച്ചും നടന്നകലുന്നു.
“നീ തീയാവുക
ഞാൻ വിറകായിക്കോളാം
ആ വെളിച്ചം മതി
നമുക്ക് മഴവിൽതുണ്ടുകൾ പെറുക്കാൻ,
പുലർമഞ്ഞിൽ കാഴ്ചകൾ കാണാൻ” (പുഴമാതിരിയൊരു തോന്നൽ)
അരുണിന്റെ കവിതകൾ മർത്യ സൗന്ദര്യ സങ്കല്പലോകത്ത് വിഹരിക്കുന്ന പ്രണയമേഘങ്ങളോ മഴവില്ലഴകുള്ള മയുരപിഞ്ഛികാ നർത്തനങ്ങളോ അല്ല. ഉമിത്തീയിൽ വെന്തുരുകുന്നവന്റെ കണ്ണീർ ലാവയാണത്. ആ ലാവാപ്രവാഹം വായനക്കാരന്റെ ഹൃദയങ്ങളെ സമാനതകളില്ലാതെ പൊള്ളിച്ചു കൊണ്ടേയിരിക്കും.
വിശപ്പാണ് മാഷേ തീവ്രതയുള്ള ആയുധം
മരണത്തെക്കാൾ ഭീകരമാണതിൻ വേഷം
(നിന്റെ കഥ; എന്റെയും)
എന്നെഴുതുമ്പോൾ പുരോഗമനത്തിന്റെ എവറസ്റ്റ് കയറുന്ന സമൂഹത്തിൽ ആരാലും തിരിച്ചറിയപ്പെടാതെ പോകുന്നവന്റെ വ്യഥകൾ കാണാം. ഐഡന്റിറ്റി തെളിയിക്കാൻ പെടാപ്പാടുപെടുന്നവന്റെ നീറ്റൽ കാണാം. സ്വാനുഭവത്തിന്റെ നെരിപ്പോടിൽ ഉതിർന്നു വീണ ഈ കനൽ മണികൾ തന്നെ ചുട്ടെരിക്കുന്നവരോടുള്ള പ്രതിഷേധവും പ്രതിരോധവും കടന്ന് പ്രതികാരമാകുന്നതും കാണാം.
വിശപ്പിന്റെ ഉത്സവമേളം
പാണ്ടി പഞ്ചാരി കൊട്ടി തിമർക്കുന്നു
ആനപ്പുറത്തേറും തിടമ്പിനു മേൽ
ആകാശം കണ്ണീർ ചൊരിയുന്നു
കാറ്റിന് മനുഷ്യന്റെ ഗന്ധമാകുന്നു
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ എന്നു ചോദിച്ച കടമ്മനിട്ടയുടെ കാലടികൾ പിന്തുടർന്ന് തന്നെ ചുട്ടുതിന്നാനെത്തുവരോട് കവി കലഹിക്കുന്നു. അവിടെ പെണ്ണുണ്ട്, പരിസ്ഥിതിയുണ്ട്, സമൂഹമുണ്ട്, വേദനിക്കുന്ന ദൈവങ്ങൾ പോലുമുണ്ട്. സമകാല ഫെമിനിസ്റ്റുകളെ മറികടന്ന് തീവ്രസ്ത്രീപക്ഷ നിലപാടുകൾ പുലർത്തുന്ന കവിതകളും ഈ സമാഹാരത്തിലുണ്ട് പാട്ടുതീയുള്ള പെൺകാറ്റിൽ കാറ്റായും തീയായും വരുന്ന പെണ്ണ് ഹിംസ്രജന്തുക്കളെ പൊള്ളിക്കുമ്പോൾ അതൊരു അതിതീവ്ര പെൺരചനയാവുന്നു. കരിങ്കല്ല്, കറിവേപ്പില, ബാർബിഡോൾ, നിർത്താതെ മുഴങ്ങുന്ന വാത്സല്യത്തിന്റെ അലാറം എന്നിവ പെൺരചനയുടെ രസതന്ത്രങ്ങളാൽ സമ്പന്നമാണ്. സഹനം, ഓർമ്മകളിൽ അന്യനായിപ്പോയൊരാൾ, അയാളും ഞാനും തമ്മിൽ പോലുള്ള കവിതകളിൽ പച്ചയായ ജീവിതത്തിനു മുന്നിൽ നിരന്തരം തോൽക്കുന്നവന്റെ നിലവിളിയുണ്ട്, നിസഹായതയുണ്ട്, നിസംഗതയുണ്ട് അതിനപ്പുറം പ്രത്യാശയുമുണ്ട്.
ആധുനികതയുടെയോ ഉത്തരാധുനികതയുടെയോ കളങ്ങളിൽ നടക്കുന്ന കബഡി കളിയല്ല അരുണിന് കവിത ജീവിതത്തിന്റെ അവസ്ഥയും അവസ്ഥാന്തരവുമാണത്. ജനിച്ചു പോയി ജീവിക്കണ്ടേ എന്ന് ചോദിക്കുന്ന സാധാരണക്കാരനാണ് ഈ കവിതയിലുള്ളത്. ഈ സാമാഹാരത്തിൽ 226 പുറങ്ങളിലായി 125 കവിതകളുണ്ട്. ഈ കവിതാധിക്യം വായനയെ പുറകോട്ട് വലിക്കുന്നില്ല എന്നത് തന്നെ കവിയുടെ വിജയമാണ്. ചില കവിതകൾ കവി പ്രതിഭയുടെ തിളക്കത്തെ മങ്ങലേൽപ്പിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. അതൊരു കുറവല്ല. മറിച്ച് കണ്ണു കിട്ടാതിരിക്കാനുള്ള അടവുകവിതയാണെന്ന് കരുതാനാണ് എനിക്കിഷ്ടം. കാരണം, അരുണെഴുതുന്ന ഓരോ വാക്കും ശക്തമായ തിരമാലയാണ്. ആ തിരമാലയിൽ ഇളകി മറിയാത്ത മണൽത്തിട്ടകളും മണൽത്തരികളും പാറക്കെട്ടുകളും ശൈലങ്ങളും ഉണ്ടാവില്ല. അക്ഷരദേവത കവിതയായി അരുണിന്റെ വിരൽത്തുമ്പിലുണ്ട് അതൊരു ഊർജ സ്രോതസ്സായി പെരുകട്ടെ. ഇനിയും അരുണിന്റെ കവിതകൾ സുജിലിയിലൂടെ തന്നെ വരട്ടെ. കാത്തിരിക്കുന്നു.

പാട്ടുതീയുള്ള പെൺകാറ്റ്
(കവിത)
ഡോ. അരുൺ ജെ ജി
സുജിലി പബ്ലിക്കേഷൻസ്
വില: 310 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.