22 December 2024, Sunday
KSFE Galaxy Chits Banner 2

മനുഷ്യമനസിനെ വിശുദ്ധീകരിക്കുന്ന കവിതകൾ

കെ ടി രാധാകൃഷ്ണൻ കൂടാളി
January 23, 2022 3:15 am

ചവറ കെ എസ് പിള്ളയുടെ പുതിയ കാവ്യ സമാഹാരമാണ് ‘നീയേ പ്രണയമേ’ പ്രണയം എന്ന ഉദാത്ത വികാരം തെറ്റിദ്ധരിക്കപ്പെട്ടതും വഴിപിഴച്ചതുമായ ഒരു കെട്ടകാലത്താണ് നാമിന്ന് കഴിയുന്നത്. സത്യത്തിൽ എന്താണ് പ്രണയം? അത് മാംസനിബദ്ധമല്ല. സ്ത്രീ-പുരുഷന്മാരിൽ മാത്രമൊതുങ്ങുന്നതല്ല. സർവചരാചരങ്ങളിലേക്കും പരന്നൊഴുകേണ്ടെന്നൊരു പൂനിലാവാണത്. കുമാരനാശാന് വീണപൂവിനോടുണ്ടായ ഉദാത്തമായ വികാരം പ്രണയം തന്നെയാണ്. പ്രണയ മാധുരി തുളുന്നൊരു കാവ്യമനസിൽ നിന്നു മാത്രമേ ‘വീണപൂവ്’ ഉണ്ടാകൂ. ആകാശത്തെയും മേഘങ്ങളെയും മിന്നലിനേയും ഇടിയേയും വർഷത്തേയും ഋതുക്കളേയും പുഴകളേയും സാഗരത്തേയും സന്ധ്യയേയും പ്രണയിക്കുന്നവരാണ് കവികൾ. പ്രണയം, ചരാചരസ്നേഹം കവിതയുടെ ഉർവരതട്ടകമാണ്. ആ വസന്ത ഋതു ഏത് ശിശിര വാർധക്യ മനസിലും പൂവിടർത്താം. ഇത്രയും എഴുതിയത് “നീയേ പ്രണയമേ” എന്ന കവിതാസമാഹാരം പുറത്തിറക്കിയ ചവറ കെ എസ് പിള്ള എൺപത് വയസ് പിന്നിട്ടദ്ദേഹമാണ്. പക്ഷെ ഇന്നും ആ കാവ്യ മനസിൽ പ്രണയം പൂവിട്ട് നില്ക്കുന്നു എന്നുള്ളതിനൊരുദാഹരണമാണ് പ്രണയ കവിതകൾ തേടിപ്പിടിച്ച് അദ്ദേഹം പുസ്തകമാക്കിയതിൽ നിന്ന് അനുമാനിക്കേണ്ടത്. അദ്ദേഹം അടുത്തകാലത്തായി എഴുതിയ കവിതകൾ പോലും ഇതിലുണ്ട്. ഇവിടെ ഞാൻ നേരത്തെ എഴുതിയ പ്രണയവികാരത്തെ വെറും ലിംഗപരമായിട്ട് മാത്രമല്ല കവി കാണുന്നത്. അതൊരു വിശ്വപ്രേമതലത്തിലേക്ക് തന്നെ ഉയരുന്നു. മുപ്പത്തിയൊന്ന് കവിതകളുടെ വാസന്ത സൗന്ദര്യവും സൗരഭ്യവും ഈ കവിതാമലരുകൾക്കുണ്ട്.

“പ്രണയത്തിന്റെ സൗവർണ പുഷ്പദളം” എന്നതിന്റെ അവതാരികയിൽ കവിതയിലേക്കുള്ള പ്രവേശന കവാടത്തിൽ അവതാരകനായ അരുണ്‍കുമാര്‍ അന്നൂര്‍ പ്രസിദ്ധ ലബനോൻ കവി ഖലിൽ ജിബ്രാന്റെ വരികൾ കുറിച്ചിട്ടിരിക്കുന്നു. “പ്രണയികളുടെ ചുണ്ടുകളെ മരണം ചുംബിച്ചു കൊണ്ടേയിരിക്കും.” “ഹാ, സഖി യാദൃച്ഛികം വീണ്ടുമീ കൂടിക്കാഴ്ച, ആൾത്തിരക്കിലും നമ്മൾ തങ്ങളിലറിഞ്ഞല്ലോ. അപൂർണമാകുന്നതാണ് പ്രണയത്തിന്റെ പൂർണത.” അവതാരികകാരന്റെ ആദ്യത്തെ ഈ വരിയിൽ തന്നെ പ്രണയത്തിന്റെ അനന്തത വ്യക്തമാക്കുന്നു. പാലിക്കപ്പെടാത്ത ഉറപ്പുകൾ അവിടെ ഗീതികളായ് മാറുന്നു.”
“കാലചക്രത്തിൽ തിരച്ചിലിൽ വിട്ടുപോയ് കാണാമറയത്തകന്നവർ ഇപ്പോൾ തിക്കിലും തിരക്കിലും ഒരു ഫ്ലാറ്റ്ഫോമിൽ ഒത്തുചേരുകയാണ്.” ഇത് പ്രണയങ്ങളുടെ മായ്ക്കാനാകാത്തൊരു തലവിധിയാണ്. പ്രണയങ്ങൾ എല്ലാം വിവാഹത്തിൽ കലാശിക്കണമെന്നില്ല. പക്ഷെ അതിന്റെ ദുഃഖം കാമുകഹൃദയത്തിന്റെ പനിനീർദളങ്ങളിൽ ഒരു മഞ്ഞുതുള്ളി എന്നു പറ്റിക്കിടക്കും. അതിന് രത്നത്തിന്റെ വിലയേകിക്കൊണ്ട്. വിവാഹത്തിൽ എത്തിച്ചേരാത്ത പ്രണയങ്ങൾ ഇന്ന് രക്തകളങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പഴയൊരു പ്രണയത്തിൽ കാമുകൻ വിവാഹിതയായിപ്പോകുന്ന കാമുകിക്ക് മംഗളങ്ങൾ നേർന്നിരുന്നു. പ്രണയങ്ങൾ പോലും ഇന്ന് നിഷ്കളങ്കങ്ങളല്ല. അവിടെയാണ് ‘നീയേ പ്രണയമേ’ എന്ന കാവ്യ സമാഹാരത്തിലെ പ്രണയകവിതകളുടെ പ്രസക്തി.

ഇത് മാംസ നിബന്ധമല്ല ആത്മാക്കൾ തമ്മിലുള്ളതാണ്. കുമാരനാശാന്റെ ‘നളിനി‘പോലെ ‘ലീല’ പോലെ. ഇതിലെ മുപ്പത്തൊന്ന് കവിതകൾ കാല്പനിക കവിതകളാണ്. ഇന്നത്തെ യുവതലമുറ ഇത് അവശ്യം വായിച്ചിരിക്കണം. ഇന്ന് ‘ബാല്യകാലസഖി‘യോ ‘ലൈലാമജ്നുവോ’ വായിക്കാൻ പോലും കിട്ടാറില്ല. ഇന്നത്തെ യുവതലമുറയ്ക്ക് അതിൽ താല്പര്യവുമില്ല. അവരുടെ പ്രണയങ്ങൾ അല്ല കാലങ്ങൾ ഇന്ന് ന്യൂറോസിസിന്റേതാണ്. അവിടെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി. നമ്മളിൽ ഒരു വിശുദ്ധാനുരാഗത്തിന്റെ മലരുകൾ വിടർത്താൻ ഈ കവിതാസമാഹാരത്തിന് കഴിയുന്നു. നദിയിൽ പ്രണയ സംഗമം കാണുന്നു. ‘സംഗമം’ എന്ന കവിത: “കല്ലടയാറേ നീയിന്നെത്ര സുന്ദരി/ കുളിർ വെണ്ണിലാപ്പുഞ്ചേലയും ചുറ്റിക്കൊണ്ടണഞ്ഞപ്പോൾ മന്ദഗാമിനീ നിന്റെ കൈവളക്കിലുക്കത്തിൽ, മന്ദ്രമാം മധുവാണിക്കെന്തൊരു ലയഭംഗി” കാമുകി-കാമുകഭാവങ്ങൾ പുഴകളിലും സന്ധ്യകളിലും മറ്റ് പ്രകൃതിയിലുമൊക്കെ കാണുന്നത് നേരത്തെ എഴുതിയ മനുഷ്യ കേന്ദ്രിത പ്രണയങ്ങളിൽ നിന്നും വിശ്വം മുഴുവൻ നിറയുന്ന പൂനിലാവായി ഇത് മാറുന്നു എന്നാണ് കാണിക്കുന്നത്. ഈ കവിതാ പുസ്തകം വായിച്ചു അടച്ചുവയ്ക്കുമ്പോൾ നമ്മുടെ മനസ് ഒരു മഴയിൽ വിശുദ്ധമാകുന്നു.

നീയേ പ്രണയമേ
(കവിത)
ചവറ കെ എസ് പിള്ള
പച്ചമലയാളം ബുക്സ്
വില: 110 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.