27 July 2024, Saturday
KSFE Galaxy Chits Banner 2

മനുഷ്യപക്ഷത്തേക്കുള്ള ചായ്‌വും കലയോടുള്ള പ്രതിപത്തിയും

പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ
February 6, 2022 2:45 am

ഉയർന്ന സഹൃദയത്വവും തികഞ്ഞ സാമൂഹ്യ ബോധവും ഒത്തിണങ്ങിയ വ്യക്തിത്വത്തിന്റെ തുറന്ന ചിന്തകളാണ് സ്വരസഞ്ചാരങ്ങൾ എന്ന കൃതിയുടെ ഉള്ളടക്കം. സംഗീതകലയോടുള്ള സവിശേഷമായ ആഭിമുഖ്യവും കലാകാരന്മാരോടുള്ള ആരാധനയും ഈ കൃതിയിലെ ഭൂരിപക്ഷം ലേഖനങ്ങളിലും പ്രതിഫലിക്കുന്നു. ആകെയുള്ള പതിനാറു ലേഖനങ്ങളിൽ പന്ത്രണ്ടും സംഗീതവുമായി ബന്ധപ്പെട്ടവയാണ്. ഗായകൻ, സംഗീത സംവിധായകൻ, പാട്ടെഴുത്തുകാർ എന്നിങ്ങനെ സംഗീത മേഖലയിൽ തിളങ്ങിനിന്നവരാണ് ഈ ഭാഗത്തെ പ്രധാനികൾ, അധികം പേരും ഹിന്ദി സിനിമാ ലോകത്തു വ്യാപരിച്ചവരും ബഹുലക്ഷങ്ങളുടെ ആരാധനയ്ക്ക് പാത്രീഭവിച്ചവരുമാണ്.

മലയാള സിനിമ പച്ചപിടിക്കുന്നതിനും മുമ്പുള്ള ദശകങ്ങളിൽ കേരളീയ സഹൃദയത്വത്തെ സന്തർപ്പണം ചെയ്തിരുന്നത് തമിഴ് ഹിന്ദി സിനിമകളാണ്. അവയിലെ ചില സംഭാഷണ ഭാഗങ്ങളും ജനപ്രിയ ഗാനങ്ങളും മലയാളികൾ ഹൃദിസ്ഥമാക്കിയിരുന്നു. ചെറിയൊരു പരിധിവരെ അതിന്നും തുടരുന്നുണ്ട്. അത്തരം സിനിമകളുടെ ഈണവും പ്രാസവും ഏറെക്കാലം മലയാള സിനിമാഗാനങ്ങളുടെ സ്വാധീനതയായി തുടർന്നിരുന്നു. പിന്നീട് സ്വന്തം വഴികളിലൂടെ സഞ്ചരിച്ച് മലയാള സിനിമാഗാനശാഖ തനതു വ്യക്തിത്വം സ്ഥാപിക്കുകയായിരുന്നു.

ചാർളി ചാപ്ലിനാണ് ആദ്യ ലേഖനത്തിനു വിഷയം. ദുരന്ത സ്വഭാവമുള്ള വ്യക്തിജീവിതത്തിനുടമയായ ചാർളി ചാപ്ലിൻ തന്റെ അഭിനയ ചാതുര്യം കൊണ്ട് ലോകത്തെ മുഴുവൻ ചിരിപ്പിക്കുകയുണ്ടായി. ഹാസ്യകഥാപാത്രമായി രംഗത്ത് നില്ക്കുന്ന നടന്റെ ഉള്ളിലെ എരിയുന്ന ദുഃഖം പ്രേക്ഷകർ അറിയിക്കുകയാണ് ഡോ. വി പ്രഭാകരന്‍. ഗസലുകളുടെ ഗന്ധർവൻ എന്നാണ് ജഗജിത് സിങ്ങിനെ ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്. ഗസലിന്റെ നിർവചനവും ചരിത്രവും ആലാപനത്തെയും ആസ്വാദനത്തെയും കുറിച്ചുള്ള വിവരണവും ഹിന്ദി-ഉർദു ഗസലുകളിൽ അന്തരം ലിപിയുടെ കാര്യത്തിൽ മാത്രമാണെന്നു എടുത്തു പറയുന്നുണ്ട്. ശ്യാം സുന്ദർ, കവിരാജ് ശൈലേന്ദ്ര എന്നിങ്ങനെ ചിലർ സ്വന്തം ഉയർച്ചയെക്കാൾ അർഹതയുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ അത്സുകരായിരുന്നു. മുഹമ്മദ് റാഫിയെ ആദ്യമായി സിനിമ രംഗത്തേക്കു കൊണ്ടുവന്നത് ശ്യാം സുന്ദറാണ്. രാജ്കപൂറിന്റെ ഉയർച്ചയ്ക്കു പിന്നിൽ പ്രസിദ്ധ കവിയും ഗാനരചയിതാവുമായിരുന്ന ശൈലേന്ദ്രയുടെ പങ്ക് ലേഖനത്തിൽ വ്യക്തമാക്കപ്പെടുന്നു. വലിയ അംഗീകാരങ്ങൾ ലഭിച്ചു കഴിയുമ്പോൾ കടന്നുവന്ന വഴി മറന്നുപോകുന്നവരുണ്ട്. ആ വഴി രാജ്കപൂർ മറന്നുപോവുന്നില്ല.

ഫാൽകെ അവാർഡ് ജേതാവായ ഋഷികേശ് മുഖർജി ചെമ്മീനിലൂടെ മലയാളികൾക്ക് സ്വന്തമാവുകയായിരുന്നു. എഡിറ്ററുടെ റോളിലാണ് ഋഷികേശ് മലയാളത്തിലേക്ക് കടന്നുവരുന്നത്. നല്ല സിനിമയുടെ സൃഷ്ടിയിൽ എഡിറ്റർക്ക് നിർണായകമായ പങ്കുണ്ടെന്ന് വിശ്വസിക്കുകയും പ്രയോഗത്തിൽ അത് സാക്ഷാത്കരിക്കുകയും ചെയ്തു അദ്ദേഹം. എഡിറ്റർ എന്ന നിലയ്ക്കും സംവിധായകൻ എന്ന നിലയ്ക്കും ഉള്ള ഋഷികേശിന്റെ നേട്ടങ്ങൾ എടുത്തുപറയുന്നതിനൊപ്പം നല്ലൊരു സാമൂഹ്യ മനുഷ്യൻ എന്ന നിലയ്ക്ക് അദ്ദേഹത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അന്ധനായ രവീന്ദ്ര ജെയിനിന്റെ അത്ഭുതകരമായ കഴിവുകൾ എടുത്തുകാട്ടുകയും ഹിന്ദി സിനിമാ ലോകത്ത് സംഗീത സംവിധായകൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനം വിശദമാക്കുകയും ചെയ്യുന്നു. മലയാളത്തിലും ഹിന്ദിയിലും ഏറെ സിനിമകൾക്ക് സംഗീതം നല്കി ജനപ്രീതി നേടിയ കലാകാരനാണ് ബോംബെ രവി. ദേശീയ പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് നല്ല സംഗീത സംവിധായകനായി പേരെടുത്ത കലാകാരനാണ് അനിൽ ബിശ്വാസ്. ഹിന്ദി സിനിമയിലെ പ്രമുഖരായ പാട്ടുകാരികൾ പല ലേഖനങ്ങളിലും പരാമൃഷ്ടരാവുന്നു. സംഗീത സംവിധായികയായ ഉഷാ ഖന്ന ഒരു ലേഖനത്തിൽ പ്രധാന വിഷയമാവുന്നുണ്ട്. അവരുടെ സംഗീത സ്വരമാധുരി മലയാളവും അനുഭവിച്ചിട്ടുള്ളതാണ്.

വേദനിക്കുന്ന മനുഷ്യജന്മങ്ങൾക്ക് ആശ്വാസം പകരുവാൻ ജീവിതമാകെ സമർപ്പിച്ച ബാബാ ആംതേയുടെ കാരുണികമായ മനസ് വ്യാപരിച്ച വൈവിധ്യമാർന്ന കർമ്മരംഗങ്ങളിലൂടെ ഗ്രന്ഥകാരൻ അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്നു. ശ്രദ്ധേയമായൊരു രചനയാണ് ‘ബാബാ ആംതേ അതിരില്ലാത്ത കർമ്മ ക്ഷേത്രങ്ങൾ’ എന്ന ലേഖനം. കുഷ്ഠരോഗികളും അനാഥരും ആംതേയുടെ സാന്നിധ്യത്തിൽ ആശ്വാസം വരിക്കുന്ന ചിത്രങ്ങൾ ഡോ. വി പ്രഭാകരൻ ഹൃദയസ്പർശിയായി വരച്ചുകാട്ടുന്നു. അന്തരിക്കുന്നതിനു മുമ്പ് ബാബ എഴുതി:
“ഞാനെപ്പോഴും പറയാറുള്ളതാണ് രചനാത്മകമല്ലാത്ത രാഷ്ട്രീയം നപുംസകമാണെന്ന്. കേവലം രചനാത്മകമായാലും പോരാ അത് നൈതികബദ്ധവുമായിരിക്കണം.”

മാധ്യമരംഗത്തെ ബാധിച്ച ചില രോഗങ്ങളെക്കുറിച്ച് ഡോ. പ്രഭാകരൻ ഗാഢമായി ചിന്തിക്കുന്നുണ്ട്. മഹാശ്വേതാദേവിയെക്കുറിച്ചുള്ള ചിന്തയിൽ അവരുടെ എഴുത്തിന്റെ സ്വഭാവവും ആദിവാസികളുടെ മോചനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളും വിലയിരുത്തുന്നു. അമേരിക്കയിലെ വർണ വിവേചനം എത്ര രൂക്ഷമാണെന്നു ഒളിമ്പിക്സ് മെഡൽ ജേതാവായ കാഷ്യസിന്റെ തിക്താനുഭവങ്ങൾ എടുത്തുകാട്ടി ചർച്ച ചെയ്യുന്നു. സ്വരസഞ്ചാരത്തിലെ ഓരോ ലേഖനവും ഗ്രന്ഥകാരന്റെ മനുഷ്യപക്ഷ നിലപാടിന്റെ പ്രകാശനമാണ് നിർവഹിക്കുന്നത്.

സ്വരസഞ്ചാരങ്ങൾ (ലേഖനങ്ങൾ)
ഡോ. വി പ്രഭാകരൻ
ഉള്ളെഴുത്ത് പബ്ലിക്കേഷൻ
വില: 140 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.