30 April 2024, Tuesday

വെള്ളിത്തിരയിലെ ആടുജീവിതം

രാജഗോപാല്‍ എസ് ആര്‍ 
April 7, 2024 2:37 am

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നജീബെന്ന ചെറുപ്പക്കാരന് അറബ്യേന്‍ മരുഭൂമിയില്‍ അനുഭവിക്കേണ്ടി വന്ന ദുരിത ജീവിതത്തിന് 2008ല്‍ ബെന്ന്യാമിന്‍ എന്ന എഴുത്തുകാരന്‍ നല്‍കിയ ആടുജീവിതമെന്ന സാഹിത്യരൂപത്തിന് ബ്ലെസി എന്ന സംവിധായകന്‍ നല്‍കിയ ചലച്ചിത്രഭാഷ്യമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ആടുജീവിതം എന്ന സിനിമ. ഒരു കഥാപാത്രത്തിനു വേണ്ടി പൃഥ്വിരാജ് എന്ന നടന്‍ തന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായ ശരീരത്തിലുള്‍പ്പെടെ നടത്തിയ രൂപപരിണാമം, കഴിഞ്ഞ ഒന്നരദശകത്തിനിടയില്‍ ഒരുപക്ഷേ ഏറ്റവുമധികം മലയാളികള്‍ അനുഭവിച്ച ആടുജീവിതം എന്ന വായനാനുഭവത്തിന് ചലച്ചിത്രരൂപം നല്‍കുന്ന നല്ല ചലച്ചിത്രങ്ങളോടൊപ്പം എന്നും നടന്നിട്ടുള്ള ബ്ലെസി എന്ന സംവിധായകനിലുള്ള പ്രതീക്ഷ, ദിവസങ്ങള്‍ക്ക് കോടികളുടെ വിലയുള്ള എ ആര്‍ റഹ്‌മാന്‍ എന്ന ഇന്ത്യന്‍ സംഗീതവിസ്മയം ആടുജീവിതത്തിന് വേണ്ടിയെടുത്ത കരുതല്‍… അതില്‍ സംഗീതസംവിധാനത്തിനപ്പുറം പ്രമോഷന്‍ ഇന്റര്‍വ്യൂകളും പ്രമോസോംഗിലെ സാന്നിധ്യവുമൊക്കെയുണ്ട്. ഇതൊക്കെ വെള്ളിത്തിരയിലെ ആടുജീവിതം അനുഭവിക്കാനുള്ള സാധാരണ പ്രേക്ഷകന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്ന കാരണങ്ങളായിരുന്നു.

ഗള്‍ഫിലെ മണലാരണ്യത്തില്‍ നജീബിന്റെ ആടുജീവിതം വായിച്ചോ കേട്ടോ അറിയാവുന്ന ഭൂരിപക്ഷം മലയാളികള്‍ക്കിടയിലേക്കാണ് ഈ ചലച്ചിത്രമെത്തുന്നത്. അത്തരത്തിലുള്ള പ്രേക്ഷകരെ മൂന്നുമണിക്കൂറോളം തിയേറ്ററില്‍ പിടിച്ചിരുത്തുക എന്നതാണ് ആടുജീവിതത്തില്‍ ചലച്ചിത്രഭാഷ്യം നല്‍കിയവര്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധി. സമീപകാല തിയേറ്റര്‍ ഹിറ്റുകളിലെ പ്രധാന ചേരുവയായ പ്രണയമോ, ഹാസ്യമോ, ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണമോ, ഹൊററോ, സാഹസികതയോ ഒന്നുമില്ലാത്ത പരുക്കനായ മരുഭൂമിയില്‍ ഒരു കൂട്ടം നാല്‍ക്കാലികളോടൊപ്പം ജീവിക്കുന്ന നാലോ അഞ്ചോ കഥാപാത്രങ്ങളുമായാണ് കൂട്ടികളോടൊപ്പം കുടുംബങ്ങളെ തിയേറ്ററിലേക്കെത്തിക്കുന്ന അവധിക്കാല സീസണിന് മുന്നോടിയായി ഈ ചിത്രമെത്തുന്നത്. പച്ചയായ പരുക്കന്‍ ജീവിതം അതിലും പരുക്കനായ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ കാണിക്കുന്നുവെങ്കിലും ഒരാഴ്ച പിന്നിടുമ്പോള്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ കാണുന്ന ആള്‍ക്കൂട്ടം നജീബിന്റെ ജീവിതം പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നതിന് തെളിവാണ്. ഹീറോയിസമില്ലാത്ത ഹീറോയായ നജീബിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ പൃഥ്വിരാജ് എന്ന നടന്‍ എന്ന അനുഭവിച്ച കഷ്ടപ്പാടിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. പത്തുവര്‍ഷത്തിലേറെയായി തന്റെ ചലച്ചിത്രജീവിതവും ശാരീരികാവസ്ഥയും നജീബിന്റെ ശാരീരിക മാനസികാവസ്ഥയ്ക്കനുസരിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട് പൃഥ്വിരാജിന്. അതിന്റെ ഫലം കൃത്യമായും പ്രേക്ഷകനിലെത്തിക്കാനുമായി. മേക്കപ്പ് കൊണ്ടോ ഗ്രാഫിക്‌സ് കൊണ്ടോ മാറ്റിമറിക്കാമായിരുന്ന നജീബിന്റെ അവസ്ഥാന്തരത്തിന് സ്വന്തം ശരീരം കൊണ്ട് പൃഥ്വിരാജ് നല്‍കിയ സംഭാവന ദേശീയ അന്തര്‍ദേശീയ തലത്തില്‍ കലാകാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ശക്തമായി ഉറപ്പിക്കുന്നതാവുമെന്നതില്‍ സംശയമില്ല.

 

 

ഭരതന്‍ ഉള്‍പ്പെടെയുള്ള സംവിധായകരോടൊപ്പം സഞ്ചരിച്ചിട്ടുള്ള ബ്ലെസിക്ക് കിട്ടിയ അമൂല്യമായ അവസരമാണ് ആടുജീവിതത്തിന്റെ സംവിധായകനാവാനുള്ള നിയോഗം. അത് കൃത്യമായി മുതലാക്കി പത്തുവര്‍ഷത്തിലേറെയെടുത്ത് ഒരുക്കിയ അദ്ദേഹത്തിന്റെ സംവിധാനവൈദഗ്ധ്യം ഓരോ സീനിലും പ്രേക്ഷകന്‍ അനുഭവിക്കുന്നുണ്ട്. ഭരണകൂടത്തിന്റെയോ മുതലാളിവര്‍ഗത്തിന്റെയോ അടിമയായി ജീവിക്കേണ്ടി വരുന്ന സാധാരണ പ്രേക്ഷകന് നജീബിന്റെ ജീവിതം ചേര്‍ത്തുപിടിക്കാന്‍ കഴിയുന്നതും അതുകൊണ്ടുതന്നെ. ഇബ്രാഹിം ഖാദിരിയായെത്തുന്ന ജിമ്മി ജെയിന്‍ ലൂയിസ് എന്ന വിദേശനടനും ഹക്കീമായെത്തുന്ന കെ ആര്‍ ഗോകുലുമാണ് നജീബിന്റെ രക്ഷപ്പെടല്‍ ‘എപ്പിസോഡില്‍’ കൂടെയുള്ളത്. പ്രേക്ഷകനെ ഏകദേശം ഒരു മണിക്കൂറോളം സീറ്റില്‍ പിടിച്ചിരുത്തുന്ന ആ ഭാഗത്ത് പരസ്പരം മത്സരിച്ചഭിനയിക്കുന്നതില്‍ മൂന്നുപേരും വിജയിച്ചിട്ടുണ്ട്. മരണമെന്ന യാഥാര്‍ത്ഥ്യവും അതിജീവനമെന്ന പ്രതീക്ഷയും ഈ കഥാപാത്രങ്ങളിലുടെ പ്രേക്ഷകരിലെത്തിക്കാന്‍ ബ്ലെസിക്കായി. ക്രൂരനായ കഫീലിന്റെ വേഷം താലിബ് അല്‍ ബാലുഷി എന്ന വിദേശനടന്റെ കൈയില്‍ സുരക്ഷിതമായിരുന്നു. അമലാ പോള്‍, ശോഭാ മോഹന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

സുനില്‍ കെ എസ് എന്ന സിനിമാട്ടോഗ്രാഫറുടെ ഏറ്റവും മികച്ച സിനിമകളിലൊന്നായി മാറും ആടുജീവിതം. കെ എസ് സുനില്‍ ക്യാമറയില്‍ പകര്‍ത്തിയ വെള്ളമില്ലാത്ത മണല്‍ നിറഞ്ഞ മരുഭൂമയിലെ പരുക്കന്‍ ജീവിതവും കായലിലെ വെള്ളത്തിനുള്ളില്‍ മണല്‍ തിരയുന്ന കേരളത്തിലെ കായല്‍തീരത്തിന്റെ മനോഹര ജീവിതവും നിറഞ്ഞ വിസ്മയലോകത്തിലേക്ക് പ്രേക്ഷകനെ എത്തിക്കാന്‍ എഡിറ്റിങ് ടേബിളില്‍ ഈ ദൃശ്യങ്ങള്‍ വെട്ടിമുറിച്ച ശ്രീകര്‍ പ്രസാദിനുമായി.
തുടക്കത്തില്‍ പറഞ്ഞപോലെ നജീബ് അനുഭവിച്ച ദുരിതജീവിതത്തിന് ബെന്യാമിന്‍ നല്‍കിയ സാഹിത്യരൂപത്തിന് ബ്ലെസി നല്‍കിയ ചലച്ചിത്രഭാഷ്യമാണ് വെള്ളിത്തിരയിലെ ആടുജീവിതം. നജീബ് അനുഭവിച്ച യഥാര്‍ത്ഥ ആടുജീവിതവും നജീബില്‍ നിന്നുള്ള കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ ബെന്യാമന്റെ തൂലികയിലൂടെ വിരിഞ്ഞ ആടുജീവിതവും ബ്ലെസി സെല്ലുലോയിഡില്‍ കാണിക്കുന്ന ആടുജീവിതവും വിവിധ രൂപങ്ങളാണ്. സാഹിത്യത്തിനും സിനിമയ്ക്കും അതിന്റേതായ പരിമിതികളുണ്ട്. ഇത് മനസിലാക്കാത്ത വിവാദങ്ങളാണ് ആടുജീവിതത്തിനെ പോസ്റ്റുമേര്‍ട്ടം ചെയ്ത് ഹിറ്റുകളുടെയും കാഴ്ചക്കാരന്റെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ അന്നംമേടിക്കുന്ന സൈബര്‍ ലോകത്തെ ക്രൂരന്‍മാരായ ‘കഫീലു‘കള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.