23 April 2024, Tuesday

Related news

April 23, 2024
April 22, 2024
April 15, 2024
April 7, 2024
April 7, 2024
April 7, 2024
April 4, 2024
March 31, 2024
March 28, 2024
March 26, 2024

ചലച്ചിത്രമേളയിലെ സ്ത്രീയും കാഴ്ചയുടെ വിപരീതങ്ങളും!

സുനിൽ സി ഇ
March 27, 2022 3:05 am

ഈ കാലത്തിലെ ഒരു ജീനിയസ്സിന്റെ വൈകാരികമായ ആഴങ്ങൾ അളന്നുതിട്ടപ്പെടുത്തുന്നതിന് ഒരു മുൻവിധിയും സാധ്യമല്ല. ജീവിതത്തിന്റെ ദുരൂഹത അഭിവ്യഞ്ജിപ്പിക്കും വിധം സങ്കീർണ്ണമായ ബോധം ജനിപ്പിക്കുന്ന കലയെ സംബന്ധിച്ച പുതിയ ലാവണ്യ നിയമം ‘സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അരുളപ്പാടായി പുതിയ തലമുറ മനസ്സിലാക്കുന്നു. സിനിമാകലയുടെ പുതിയ നാടോടി വേദാന്തത്തെയാണ് നാം ഐഎഫ്എഫ് കെ പോലെയുള്ള മേളകളിൽ നിന്നും കണ്ടെടുക്കുന്നത്. പുതിയ ഉത്കണ്ഠകളുടെ ഉത്തരം കണ്ടെത്തലായി മാറിയ ഒരു മേളയാണ് ഇരുപത്തിയാറാമത് ചലച്ചിത്രമേള. കാരണം അത് കാഴ്ചയുടെ ആസ്വാദനത്തിനിടയിൽ നിരവധി നടുക്കങ്ങളെ കാത്തുവെച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴത്തെ കാഴ്ചയുടെ മനഃശാസ്ത്രം പുതിയ വൈദ്യുതി അന്വേഷണമാണെന്ന തീർച്ചകളിലേക്കാണ് നമ്മെ നയിക്കുന്നത്. വിശപ്പുള്ള ആഗ്രഹങ്ങൾ ചുമന്നു വലയുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടുന്ന കുറച്ചധികം സിനിമകൾ കാഴ്ചയുടെ വിപരീതങ്ങളുമായാണെത്തിയത്.

 

 

 

 

 

 

സാമൂഹിക ജീവിത പരിസരങ്ങളിലേക്ക് ക്യാമറ തുറന്നു വെച്ച് സംവദിച്ച സിനിമകൾ അനേകമുണ്ട്. സർഗാത്മകവും അതേ സമയം സാങ്കേതികവുമായ സങ്കര കലാസൃഷ്ടിയെന്ന നിലയിൽ കാഴ്ചയുടെ സംസ്കാരത്തോട് നേരിട്ട് കലഹിച്ച സിനിമകളാണ് മേളയെ ശ്രദ്ധിപ്പിച്ചത്. ഫ്രെയിമിനു പുറത്തെ കാഴ്ചക്കെട്ടുകളിലേക്ക് നാം കടന്നു ചെല്ലുമ്പോൾ കാണുന്ന സ്ത്രീസ്വത്വ പ്രശ്നങ്ങളെ തന്നെയാണ് ലോകസിനിമയുടെ മൊണ്ടാഷുകളിൽ നിന്നും നാം തെറുത്തു കൂട്ടുന്നത്. നാം ജീവിക്കുന്ന കാലത്തോട് കലഹിച്ചും തർക്കിച്ചും നീങ്ങുന്ന സ്ത്രീ സമൂഹത്തിന്റെ കരിമൂടിയ ജീവിതത്തെയാണ് ചില സിനിമകൾ ചൂണ്ടിക്കാട്ടുന്നത്. കർത്തൃത്വ കേന്ദ്രീകൃത സിനിമാ സങ്കല്പത്തിന്റെ സ്ഥാനത്ത് സൗന്ദര്യശാസ്ത്ര കേന്ദ്രീകൃതമായ വിമർശന ചിന്താപദ്ധതികൾക്ക് നേതൃസ്ഥാനം നൽകി സ്ത്രീസ്വത്വത്തെ പുതുക്കി നിർണ്ണയിക്കാനുള്ള ചില ശ്രമങ്ങൾ ചലച്ചിത്രമേളയിലെ ചിത്രങ്ങളിൽ കാണാം. അപ്പോഴും സിനിമാകലയുടെ ഉയർച്ചയും താഴ്ചയും ഒരിക്കലും ഏക കാലികമാകുന്നില്ല. ചിരപരിചിത ആശയങ്ങളുടെ നവപ്രതീകങ്ങളെയാണ് പുതിയ പ്രേക്ഷകൻ ഉറ്റുനോക്കുന്നത്. പുതിയ പ്രേക്ഷകന് കാഴ്ചയുടെ പട്ടിണി അറിയേണ്ടി വന്നില്ല എന്നതു തന്നെയാണ് മേളയുടെ നേട്ടവും.

 

ആരും കാണാത്ത കാഴ്ചകളുടെ തുരുത്തുകളും ഊട് വഴികളുമാണ് ചില സ്ത്രീ പ്രമേയ സിനിമകൾ കാണിച്ചു തരുന്നത്. ഒരു സ്ത്രീയാഖ്യാനവും ഇനി ഫ്ളാഷ് ബാക്കായല്ല അവതരിപ്പിക്കപ്പെടുക. മറിച്ച് വർത്തമാനകാലം ഉണർത്തുന്ന ഓർമ്മകളുടെ ചിതറിയ ചിത്രങ്ങളായാണവ ഓരോ സ്ത്രീ പ്രമേയ സിനിമകളിലും ആവിഷ്കരിക്കുന്നത്. വ്യവസായവത്കൃതാനന്തര പാശ്ചാത്യ സമൂഹത്തിന്റെ അധിനിവേശ ഭാവനകളിൽ അരികുവത്കരിക്കപ്പെട്ട സ്ത്രീ സ്വത്വത്തിന്റെ തൃഷ്ണകൾക്ക് ഒളിയുദ്ധത്തിന്റെ സ്വഭാവം വെച്ചുകെട്ടുന്ന കുറച്ചധികം സിനിമകൾന്റെ മനുഷ്യാനന്തരലോകം സമകാലീനതയായി വർത്തിക്കുന്ന ഒരു കാലത്തിൽ പുരുഷകാമനകളുടെ അധീശവ്യവഹാരങ്ങളിൽ നിന്നും സ്ത്രീയെ മോചിപ്പിക്കാൻ സിനിമ ശ്രമിക്കുന്നതിന്റെ നിരവധി സാക്ഷ്യങ്ങളുണ്ട്. ദേശഭൂപ്രകൃതിയുടെയും രതിയുടെയും പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും വൈവിധ്യങ്ങളെ ജീവിതത്തിനും മരണത്തിനും അപ്പുറത്തുള്ള തൃഷ്ണയുടെ രാഷ്ട്രീയത്തിലൂടെ വെളിവാക്കി തരുന്ന ചില സിനിമകളിലൂടെ സഞ്ചരിക്കാമെന്നു കരുതുന്നു. സിനിമയുടെ ചിരപരിചിതമായ ദൃശ്യശ്രാവ്യ ഘടനയെ ഭേദിക്കുന്ന പുതിയ പരിചരണ രീതി പിന്തുടരുന്ന ചില പെൺ സിനിമകൾ കാലാകാലമായി സിനിമാചരിത്രം അടിച്ചേൽപ്പിച്ച സിനിമാറ്റിക് ഘടനയെ ചെറുക്കുന്ന രാഷ്ട്രീയ ബോധം പേറുന്ന ഫ്രെയിമുകളും ദൃശ്യസംയോജനവുംകൊണ്ട് നവപെൺ സിനിമയിലെ ശക്തമായ സാന്നിദ്ധ്യമായി മാറുന്നതു കാണാം.

സ്ത്രീയാഖ്യാനങ്ങൾക്ക്ഇപ്പോൾ എന്തു സംഭവിക്കുന്നു?
മുഴുത്ത അസംതൃപ്തി കളിൽ നിന്നേ മുന്നേറ്റത്തിനുള്ള ഇന്ധനം ലഭിക്കുകയുള്ളൂവെന്ന്
വിശ്വസിക്കുന്ന ലോകത്തിലെ സ്ത്രീയെ പുതിയ ലോകസിനിമ അഡ്രസ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കിയാലേ കാഴ്ചയുടെ വിപരീതങ്ങൾ പങ്കുവെയ്ക്കുന്ന രാഷ്ട്രീയം നമുക്ക് ബോദ്ധ്യമാകൂ. പുതിയ പെൺസിനിമ കാല്പനികതയുടെ കാകളിയെ വിരട്ടിയോടിക്കുന്നു. വിപണിയുടെ സ്വപ്ന പാനീയമായിരുന്ന സ്ത്രീ ഇന്ന് ലോകമുഖ്യധാരാ സിനിമയിലെ മാനസിക വിക്ഷോഭങ്ങളുടെ വിഷയമായി തീരുന്നുണ്ടെങ്കിൽ അതിനെ കാഴ്ചയുടെ വിപരീതമായി കണ്ട് നിരീക്ഷിക്കേണ്ടതുണ്ട്. കാഴ്ചയുടെ കവചം അജ്ഞതയുടെ ദുർമൂർത്തികളെ പടിയിറക്കിക്കൊണ്ട് അത്ഭുതമോ അടയാളമോ സംഭവിപ്പിക്കും. ഒരു സ്ത്രീയുടെ നിഷ്കളങ്കമായ ആമോദങ്ങളെ തകർക്കുന്നതെന്തൊക്കെയാണെന്ന അന്വേഷണം ചെന്നുടക്കുന്നത് സങ്കല്പങ്ങളേക്കാൾ യാഥാർത്ഥ്യങ്ങളിലാകുമ്പോൾ പുതിയ ഒരു തകിടം മറിച്ചിൽ സംഭവിക്കുക സ്വാഭാവികമാണ്. പുതിയ സ്ത്രീയാഖ്യാനങ്ങൾ പഴയ (പുരുഷ മേൽക്കോയ്മയുടെ കാലത്തെ) ശബ്ദവും കാഴ്ചയും ഗന്ധവുമൊക്കെ ഉപേക്ഷിക്കുന്നതാണ് നാം കാണുന്നത്.

ഇരുപത്തിയാറാം എഡിഷനിലെ ആദ്യ ചിത്രമായ ‘രഹാന’ (Rehana) സ്ത്രീയുടെ നിലനിൽപ്പിനെ വിപുലീകരിക്കുന്ന ഒരു ചിത്രമാണ്. കണ്ണാടിയിലെ സ്വന്തം മുഖം തിരസ്കരിക്കാനുള്ള ഒരുവളുടെ ഗൂഢാലോചനയെ അനുസരണക്കേടായി കാണാത്ത രഹാന നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് യാഥാർത്ഥ്യങ്ങളുടെ അരുവികളിലേക്കാണ്. സിനിമാകലയിൽ ആത്മാവിഷ്ക്കാരത്തിന്റെ സാധ്യമായ രീതികൾ സന്ദേഹത്തിലേർപ്പെട്ടു കിടക്കുന്നതിനെക്കുറിച്ച് അബ്ദുള്ള മൊഹമ്മദ് സാദ് എന്ന സംവിധായകൻ ചിന്തിക്കുന്ന വിധം ഒന്നു പരിചിതമാക്കാമെന്നു കരുതുന്നു. രഹാനയെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുമ്പോഴും സപ്പോർട്ടീവ് ക്യാരക്ടറായ ആനി (Annie) യും സിനിമയുടെ കാതലായ സ്ത്രീ സ്വാതന്ത്ര്യത്തെ തന്നെയാണ് പോയിന്റു ചെയ്യുന്നത്. ഒരു ആറു വയസുകാരി പെൺകുട്ടിയുടെ രക്ഷകർതൃത്വം ഒറ്റയ്ക്കു വഹിക്കുന്ന രഹാന നേരിടുന്ന ആത്മസംഘർഷങ്ങളാണ് സിനിമ കൈമാറുന്നത്. മുപ്പത്തിയേഴുകാരിയായ മെഡിക്കൽ അധ്യാപികയാണ് രഹാന. ഒരു വീട്ടിലെ എല്ലാവരുടെയും ഉത്തരവാദിത്വം അവരുടെ ചുമലിലേക്കു വരികയാണ്. അച്ഛൻ, അമ്മ, സഹോദരൻ തുടങ്ങി എല്ലാവരുടെയും ചിലവുകൾ വഹിക്കുന്നത് രഹാനയാണ്. അതുകൊണ്ടുതന്നെ അവരുടെ സ്ത്രൈണഭാവത്തെക്കാൾ പുരുഷഭാവമാണ് (അംശമാണ്) മൊത്തം പെരുമാറ്റങ്ങളിൽ പ്രബലമായി മാറുന്നത്.

ഒരു ഏകകർതൃത്വ ചുമതല വഹിക്കുമ്പോഴും മുമ്പ് ഭർത്താവായിരുന്ന പുരുഷന്റെ ഒരു കണ്ണ് അവൾക്കുമേലാണ്. രഹാനയ്ക്കുള്ളത് ഒരു പെൺകുട്ടിയായതു കൊണ്ടും ഒരു സിംഗിൾ പേരന്റ് എന്ന തസ്തിക വഹിക്കുന്നതു കൊണ്ടും വളരെ ശ്രദ്ധയോടെയാണ് അവർ സ്ത്രീസ്വത്വ രൂപീകരണത്തിൽ വ്യാപരിക്കുന്നത്. ഇതിലെ ആനി എന്ന വിദ്യാർത്ഥിനിയെ ഒരു ടീച്ചർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ കാഴ്ചയുടെ രേഖീകരണങ്ങൾ രഹാനയുടെ പക്കലുണ്ട്. ആ ടീച്ചറിനെതിരെ ശബ്ദമുയർത്താൻ പലപ്പോഴായി രഹാന
ആനിയെ നിർബന്ധിക്കുന്നുണ്ടെങ്കിലും അവൾ അതിന് മുതിരുന്നില്ല. വളരെ കഠിനമായി വ്യാപരിക്കുന്ന രഹാന നീതി നേടാനായി പരിശ്രമിക്കുന്നു. നീതിക്കായിട്ടുള്ള എല്ലാ ശ്രമങ്ങളിലും അവർ പരാജയപ്പെടുന്നു. അത്തരം ഒരു മാനസിക അസ്വസ്ഥതയിലൂടെ കടന്നുപോകുമ്പോഴും അവരുടെ കർത്തവ്യ ഭാരങ്ങൾക്ക് ഒരു കുറവുമില്ല. ഈ പോരാട്ടങ്ങൾക്കു നടുവിലും ടീച്ചർ, ഡോക്ടർ, അമ്മ, മകൾ, സഹോദരി എന്നീ യാഥാർത്ഥ്യങ്ങളെ അവൾ ഭംഗിയായി ജീവിച്ചു തീർക്കുകയാണ്. ജീവിതമേൽപ്പിക്കുന്ന പ്രഹരാശ്ലേഷങ്ങൾക്കിടയിൽ എന്റെ ജീവിതാലാപനമാണ് എഴുതപ്പെടാത്ത ഈ സമര വാക്യങ്ങൾ എന്നു പ്രഖ്യാപിക്കുകയാണ് രഹാന. വരുന്ന കാലം രഹാന മാരുടെ (ഏക കർതൃത്വത്തിന്റെ) കാലമാണെന്ന സാമൂഹിക ബോദ്ധ്യമാണ് ഈ സ്ത്രീയാഖ്യാനം പറഞ്ഞുവെയ്ക്കുന്നത്.

ജീനിയസുകൾ ചെയ്തു കാണിക്കുമ്പോൾ മാത്രമേ വരുന്ന നൂറ്റാണ്ടിലെ സ്ത്രീഭാവനയുടെ വ്യക്തമായ ചിത്രങ്ങൾ നമുക്കു ലഭിക്കുകയുള്ളുവെന്ന ധാരണ ഏതാണ്ട് അസ്തമിച്ചു തുടങ്ങിയിട്ടുണ്ട്. ഇരുപത്തിയാറാം എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത അത് സ്ത്രീയാഭിമുഖ്യ സിനിമകൾക്കു കൂടുതൽ പ്രാധാന്യം നൽകി എന്നതു തന്നെയാണ്. ഇനെസ് ബാറിയോനുവോ (Ines Bar­rionue­vo) യുടെ ‘cami­la comes out tonight’ എന്ന സിനിമയും ഒരു വുമൺ ഫ്രണ്ട് ലി സിനിമയാണ്. ഇതിലെ കമിലയുടെ മുത്തശ്ശി ശാരീരികമായി പ്രതിസന്ധി നേരിടുമ്പോൾ കാമില തന്റെ സുഹൃത്തുക്കളെ വിട്ടു താമസം മാറുകയാണ്. ഇതിലെ ക്ലാര എന്ന സഹപാഠിയോട് തോന്നുന്ന വൈകാരിക അടുപ്പവും മുഖ്യകാരണമായി മാറുന്നു. ഫെമിനിസ്റ്റ് സൈദ്ധാന്തിക വിപ്ലവങ്ങൾക്കു വഴിമരുന്നിടാൻ ‘cami­la comes out tonight’ എന്ന സിനിമയ്ക്കാവുന്നു.

നഥാലിയേ അൾ വാരസ് മീസന്റെ (Nathalie Alvarez Mesen) ‘Clara Sola’ എന്ന സിനിമയിൽ ക്ലാര എന്നൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആത്മീയ ശക്തിയുള്ളവളായും രോഗശാന്തിയേകാൻ ശേഷിയുള്ളവളായിട്ടുമാണ് ക്ലാരയെ ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അതിൽ നിലനിർത്താൻ അവളുടെ അമ്മ അവളെ അടിച്ചമർത്തി നിർത്തുന്നു. ക്രമേണ അവൾക്കു കാമുകനോട് തോന്നുന്ന ലൈംഗികാഭിലാഷം പുതിയ അനുഭവങ്ങളിലേക്ക് അവളെ ഉണർത്തുന്നു. അങ്ങനെ അവൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
ഇൽഗാർ നജാഫിന്റെ (Ilgar Najaf) ‘Sughra and Her sons’ എന്ന ചിത്രത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ദൈന്യതകളാണ് (പുരുഷൻമാർ യുദ്ധത്തിൽ ഏർപ്പെടുമ്പോൾ) ചിത്രീകരിക്കുന്നത്. കാമിലാ അൻന്ദിനി (Kami­la Andi­ni ) യുടെ ‘Yuni’ എന്ന ചിത്രം അവളുടെ ദേശത്തു നിലനിൽക്കുന്ന മിത്തും സ്ത്രീയുടെ യഥാർത്ഥ സ്വത്വവും തമ്മിലുള്ള സംഘർഷത്തെയാണ് ആവിഷ്കരിക്കുന്നത്. ഈവിധം അനുസരണയില്ലാത്ത മാനിനെപോലെ ഓടുന്ന പുരുഷ ഗോപുരങ്ങളെ ചെറുത്തു തോൽപ്പിക്കുന്ന നിരവധി സിനിമകളാണ് മേളയുടെ ഇരുപത്തിയാറാം എഡിഷനെ ധന്യമാക്കിയത്. ചലച്ചിത്ര മേളയിലെ സ്ത്രീയാഖ്യാനങ്ങൾ ഓരോന്നും നവ കാലത്തിലെ കാഴ്ചയുടെ വിപരീതങ്ങളെയാണ് തൊട്ടുകാണിക്കുന്നത്. സ്ത്രീയുടെ അസ്തിത്വ രഹസ്യമന്വേഷിച്ച് നാം കടന്നുചെല്ലുമ്പോൾ തടയുന്നത് ഇത്തരം കഠിന (മുഴു) യാഥാർത്ഥ്യങ്ങൾ തന്നെയാണ്.

നമ്മുടെ സിനിമ സിനിമാറ്റിക്കല്ലായെന്ന ആക്ഷേപത്തെ പരിഹരിക്കാനുള്ള ഒരു നല്ല സ്കൂളിങ്ങായിട്ടാണ് ചലച്ചിത്രമേളയെ ബൗദ്ധികനായ പ്രേക്ഷകൻ ഉൾക്കൊള്ളുന്നത്. മലയാളസിനിമയുടെ കാഴ്ചവക്കുകളെ നവീകരിക്കാനും സ്ത്രീ സ്വത്വ പ്രശ്നങ്ങളിലേക്ക് നുരഞ്ഞുയരുന്ന പതകളെയെല്ലാം കെട്ടിയൊടുക്കാനും മേളയ്ക്കാവുന്നു. നമ്മുടെ കാഴ്ചയുടെ സംസ്കാര ശൂന്യതയെ കറന്നു മാറ്റുക എന്നത് ഒരു കഠിനവേലയാണ്. സദാചാരഭ്രംശ ഭയങ്ങളെ അമർച്ചചെയ്യാനും ഒളിക്യാമറ പ്രയോഗങ്ങളുടെ നടുവ് തല്ലിയൊടിക്കാനും കാഴ്ചയുടെ ഈ പുതിയസംസ്കാരം ആവശ്യമാണ്. നന്മയുടെ സുഗന്ധം പതിയെ നമ്മിലേക്ക് അലിയിച്ചുകൊണ്ടാണ് ചലച്ചിത്ര മേള അതിന്റെ ഇടം ഉറപ്പിക്കുന്നതും, നമ്മുടെ സിനിമയെ വീണ്ടെടുക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.