26 December 2024, Thursday
KSFE Galaxy Chits Banner 2

ഉടലുടഞ്ഞു പെയ്യുന്ന കവിതകൾ

ഡോ. എ. മുഹമ്മദ്കബീർ
March 27, 2022 4:00 am

മലയാളകവിതയിൽ തീപ്പന്തമായി പടർന്നുകത്തിയ കാലത്തിന്റെ കരുത്തായിരുന്നൂ കടമ്മനിട്ടരാമകൃഷ്ണൻ. നടുക്കത്തിന്റെയും മതിഭ്രമത്തിന്റെയും പൊള്ളിപ്പൊട്ടുന്ന ചിന്തകളുടെയും കടലാഴങ്ങളിലേയ്ക്ക് വായനക്കാരെ എടുത്തെറിഞ്ഞ ക്രോധത്തിന്റെ കിരാതഗാനങ്ങളായിരുന്നൂ കടമ്മനിട്ടയുടേത്. ഉറക്കംഞെട്ടിയ രാത്രിയിൽ കടമ്മനിട്ടക്കവിതകൾ വായനക്കാരന്റെ തലച്ചോറിനുള്ളിൽ ഇടിമിന്നലിന്റെ ഉന്മാദപ്പൂക്കൾ നിറച്ചു. പിന്നെ അവ സിരകളിലൂടെ പടർന്ന് ലഹരിയുടെ വെള്ളിമേഘങ്ങളായി പാറിനടന്നു. കവിയുടെ ഉള്ളുലയ്ക്കുന്ന ചോദ്യങ്ങളുടെ ഒടുങ്ങാത്ത നിരവടിവിനാൽ അധികാരത്തിന്റെ തമ്പുരാൻകോട്ടകൾ വിറങ്ങലിച്ചുവീണു. വാക്കുകളുടെ അസ്ത്രമൂർച്ചയിൽ രക്തമിറ്റിയ ചങ്കുമായി ആസ്വാദകർ കടമ്മനിട്ടക്കവിതയെ നെഞ്ചോടു ചേർത്തു. കാലമെത്രയോ കാത്ത തീപ്പാട്ടിന്റെ ചാട്ടുളിച്ചന്തം വായനക്കാരിൽ പുതിയൊരു കാവ്യബോധം നിറച്ചു. ആകാശച്ചെരുവിൽ ആയിരം സൗരമണ്ഡലപ്രഭപരത്തി ചുവപ്പുരാശിയിൽ ഒരു നക്ഷത്രം സദാ ജ്വലിച്ചു നിൽക്കുകയാണ്. കവിതയിൽ കരുത്തിന്റെ കന്മദം നിറച്ച, പടയണിപ്പാട്ടിന്റെ ശീലുകൾ തേച്ച, അനുവാചകനെ നോവിച്ചുണർത്തിയ കടമ്മനിട്ടയെന്നു പേരുള്ളൊരൊറ്റ നക്ഷത്രം. വഴിമുടക്കത്തിൽ വലഞ്ഞ പഥികന്  വെളിച്ചമായി. പാതിവെന്തനിലവിളി തൊണ്ടയിൽ കുടുങ്ങിയ നിരാലംബന് ശബ്ദമായി. ദുശ്ശാസനച്ചെയ്തിയാൽ വിവസ്ത്രയാക്കപ്പെട്ട പെണ്ണിന് ആത്മബോധത്തിന്റെ കരുത്തായി. തീനാമ്പുകൾ പടർന്ന കാടകങ്ങളിൽ സാന്ത്വനത്തിന്റെ മഴപ്പെയ്ത്തായി വിപ്ലവത്തിന്റെ ആ ശുക്രനക്ഷത്രം ഒപ്പമുണ്ടെപ്പോഴും.

പ്രയത്നം പ്രകാശമാകണമെന്ന ആത്മബോധം തെളിച്ച വഴിയിൽ വച്ച് കൂടുതൽ നല്ല മനുഷ്യനാകാനുള്ള വെമ്പലിലാണ് കടമ്മനിട്ട കവിയായത്. ഓരോ മനുഷ്യന്റെയും ഭാഗധേയം സ്വയം നിർണയിക്കേണ്ടതിനാൽ പ്രയത്നം പ്രധാനമാണെന്ന വിശ്വാസവും കവിക്കുണ്ടായിരുന്നു. കവിതയും പ്രവർത്തനമാണെന്ന ഊർജബോധത്താൽ പുളകിതനായ കവി രചനാവഴിയിലെ നിത്യസഞ്ചാരിയായി. പരുക്കനെങ്കിലും സ്വരവിന്യാസത്തിന്റെ സൂക്ഷ്മകണികകളാൽ നിർമ്മിതമായ വേനലഴകിന്റെ ഗാംഭീര്യമായിരുന്നൂ കടമ്മനിട്ടയുടേത്. കടമ്മനിട്ടയെന്ന നാട്ടുപേര് കവിയിലൂടെ ഖ്യാതിപ്പെടുന്നതിന് കവിത കാരണമാവുകയും ചെയ്തു. എഴുത്തച്ഛന്റെയും ചങ്ങമ്പുഴയുടെയും നിഴൽവീണ വഴികളെ ഓർമ്മയുടെ ഹരിതഗന്ധത്താൽ മറച്ച് സ്വന്തം കാവ്യഭാഷ ചമയ്ക്കുന്നതിൽ കവി വിജയം കണ്ടു. പടയണിത്താളത്തെ അളന്നു റപ്പിച്ചും ചേർത്തും പിരിച്ചും കൂട്ടിയും കുറച്ചും വൈവിധ്യത്തിന്റെ രസക്കൂട്ടുചേർത്ത് കവി തന്റെ കവിതയെ പാകപ്പെടുത്തി. പടയണിയിലൂടെ ലഭിച്ച നാടോടിക്കലാബോധത്തെ കവിതയിലെ താളഘടനയിലുറപ്പിച്ച് രചനാനിർവഹണം നടത്തുകയായിരുന്നൂ കവി. വർത്തമാനകാലത്തെ മൂല്യാന്വേഷണവ്യഗ്രതയിൽ പിറന്നുവീണകവിതകളിൽ കവിയുടെ പൂർവാർജിതസംസ്കാരമായ പടയണിയുടെ ആന്തരികവെളിച്ചം പരന്നുകിടക്കുന്നുണ്ട്.

കാവ്യബോധത്തിന്റെ പതിവുവഴക്കങ്ങളിൽ നിന്ന് പൂർണമായും മുക്തനാകാൻ ആദ്യകാലത്ത് കടമ്മനിട്ടയ്ക്കും കഴിഞ്ഞിരുന്നില്ല. പ്രണയത്തിന്റെ ദിവ്യസംഗീതം കവിയുടെ ആത്മാവിൽ ചിറകുവിരിച്ചുനിന്നിരുന്നു. വർത്തമാനകാലത്ത് പ്രണയത്തിന് വേണ്ടത്ര ഹൃദ്യതയില്ലെന്ന പരിഭവം കവിക്കുണ്ടായി. പ്രണയത്തിന് ദിവ്യതയുടെ പരിവേഷം നൽകേണ്ടതില്ലെന്ന വിശ്വാസക്കാരനായിരുന്നൂ കവി. 1965 നുമുമ്പുള്ള കടമ്മനിട്ടയുടെ കവിതകളിൽ പ്രണയനഷ്ടത്തിന്റെ വെയിൽ പരന്നുകിടക്കുന്നുണ്ട്. പിന്നീടുള്ള കവിയുടെ സ്ത്രീസങ്കല്പം അതിവിശാലമായ മറ്റൊരു ക്യാൻവാസിലേയ്ക്ക് വഴിമാറുന്നു. തന്റെ സ്വത്വത്തെ നിർണയിക്കാൻപോകുന്ന സ്ത്രീസങ്കല്പമായി പ്രകൃതിയെ കുടിയിരുത്തുകയാണ് കവി. സ്വയം രൂപീകരിച്ച മിത്തുകളുടെ ധാരാളിത്തത്തിലേയ്ക്ക് തന്റെ കാവ്യബോധത്തെ കവി മാറ്റുന്നു. ഭാഗ്യശാലികൾ, പുഴുങ്ങിയ മുട്ടകൾ എന്നീ കവിതകൾ പ്രേമത്തിന്റെ അർഥശൂന്യത പ്രതിപാദിക്കുമ്പോൾ ഓർമയുടെ വാതിലിൽ, പരാതി, ശാന്ത എന്നീ കവിതകൾ സ്നേഹത്തിന്റെ അബോധമായ ചില ആഗ്രഹപ്രകടനങ്ങളായി മാറുന്നു.

കടമ്മനിട്ടക്കവിതകളിൽ ശക്തിയുടെ അവതാരദേവതാസാന്നിധ്യമുണ്ട്. മനുഷ്യമനസ്സിൽ നിദ്രാണമായിക്കിടക്കുന്ന ആദിരൂപമാണ് കടമ്മനിട്ടയുടെ സർഗാത്മകതയിൽ തെളിയുന്ന കറുത്തസൂര്യൻ. ദ്രാവിഡത്തനിമയും പ്രാചീനതയുടെ വീണ്ടെടുപ്പും കലർന്നൊരു സാംസ്കാരികഭൂമികയിലാണ് പഴയപാട്ട്, കിരാതവൃത്തം, കാട്ടാളൻ, കുറത്തി എന്നീ കവിതകൾ പിറവികൊണ്ടത്. പ്രാചീനമായ സങ്കല്പങ്ങളെ ആധുനീകരിച്ച് പുതിയ പൊരുൾപ്പിറവിയിൽ ചാലിച്ച് കവിതയെഴുതുകയായിരുന്നൂ കടമ്മനിട്ട. മിത്തുകളിലൂടെ കവിതയുടെ സ്വപ്നദർശനം സാധ്യമാക്കിയ കവി പൊള്ളുന്ന യാഥാർഥ്യങ്ങളെ താളാത്മകതയിൽ കുരുക്കിയിട്ടു. പദങ്ങളുടെ വിന്യാസത്തിൽ ചിത്രകലയുടെ രൂപപ്പൊലിമ ചാർത്തി ആദിമനുഷ്യന്റേയും ആധുനികമനുഷ്യന്റെയും വ്യസനങ്ങൾക്ക് വചനസാക്ഷ്യം പകർന്നു. കാട്ടാളന്റെയും കുറത്തിയുടെയും നാവിലൂടെ തെറിച്ച വാക്കുകൾ ആധുനികമനുഷ്യന്റെ പുലയാട്ടുകൂടിയാണ്.

സംവൽസരങ്ങളായി മനുഷ്യമനസ്സിൽ നിദ്രാണമായിക്കിടന്ന അനുഭവങ്ങളുടെ കണ്ണീർപ്പുഴ കടമ്മനിട്ടക്കവിതയിലൂടെ കുത്തിയൊലിച്ചു പായുന്നു. അക്ഷരങ്ങളുടെ നിരവിന്യാസത്തിൽ സംഗീതത്തിന്റെ കുളിരും മധുരതാളവും ഗ്രാമച്ചന്തവും ആധ്യാത്മികവിശുദ്ധിയും നിറഞ്ഞുപതയുന്നു. ഗോത്രകാല ജീവിതത്തിന്റെ അവശേഷിപ്പുകളായ അനുഷ്ഠാനകലയുടെ രുചിഭാവങ്ങളിൽ ഉള്ളുടക്കുന്ന വാക്കുകൾ കോർത്ത് കവിതയുടെ പൂനിലാച്ചന്തം തീർക്കുകയായിരുന്നൂ കടമ്മനിട്ടക്കവി. കാട്ടുമനുഷ്യന്റെ കായബലവും സിരയിലുറയുന്ന ചോരമണവും ഊക്കേറിയ വാക്കുകളും പാൽനിലാവിന്റെ കുളിരും സമാസമം ചാലിച്ചെടുത്ത ദിവ്യമായൊരു ഔഷധക്കൂട്ടാണ് കടമ്മനിട്ടക്കവിതകൾ. മലയാളകവിതയിൽ മാറ്റത്തിന്റെ കൊള്ളിയാൻവെട്ടമായി കടമ്മനിട്ടക്കവിതകൾ മാറിയതിനു പിന്നിൽ ക്ഷോഭത്തിന്റെ കടലിരമ്പുന്ന വാക്കുകളുടെ മാസ്മരികധ്വനിയുണ്ട്.
കടമ്മനിട്ടയുടെ കവിതകൾക്ക് എന്നും ഒരു പ്രവാചക സ്വഭാവമുണ്ടായിരുന്നു. കോഴിയെന്ന കവിതയിൽ വരും കാലത്തിന്റെ ദുഷിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നിറഞ്ഞുനിൽക്കുന്നു. തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് നൽകുന്ന ഉപദേശം നമ്മുടെ നാട്ടിലെ എല്ലാമക്കൾക്കുമുള്ളതാക്കീതുകൂടിയാണ്.
തോട്ടുവക്കിലെ കൈതയ്ക്കകത്ത്
തെറ്റിപൂത്ത പടർപ്പിനകത്ത്
കാറ്റുതിന്നു കഴിയുന്ന വർഗം
കാത്തിരിപ്പൂ കരുതി നടക്ക
എന്ന കവിമൊഴിയിൽ ഉള്ളുപൊള്ളുന്നൊരമ്മയുടെ വിങ്ങലുണ്ട്. ആസുരത അടയാളമാക്കിയ വെളിവഴിഞ്ഞ കാലത്തിന്റെ കുന്നായ്മകളെ പൊരുതിയടക്കാനുള്ള ഉപായവും കവിയുടെ ഈ വരികളിലുണ്ട്.
കണ്ണുവേണമിരുപുറമെപ്പൊഴും
കണ്ണുവേണം മുകളിലും താഴേം
കണ്ണിലെപ്പൊഴും കത്തിജ്ജ്വലിക്കു -
മുൾക്കണ്ണ് വേണമണയാത്ത കണ്ണ്.
ജാഗ്രത്തിന്റെ സൂക്ഷ്മബോധത്തിൽ ചുറ്റുപാടുകളെ വിലയിരുത്താൻ നമ്മുടെ കുട്ടികൾക്കു കരുത്തുണ്ടാകട്ടേയെന്ന പ്രാർഥനയാണ് കവിക്ക്. ദുരിതപർവം താണ്ടിയലയുന്ന പാവങ്ങൾക്കും അടിയാളർക്കുമൊരു കാലം വരുമെന്ന് കവി പ്രത്യാശിച്ചു.
ഞെട്ടിയുണരുമ്പൊഴേയ്ക്കും പുതിയൊരു വെട്ടം വിടരുമെന്നാശിച്ചു നില്പു ഞാൻ.
(ഞാനിവിടെയാണ്) എന്ന കവി വചനം നന്മ പെയ്യുന്നൊരു കാലത്തിന്റെ സ്വപ്നചിത്രമാണ്.
കവിത കടമ്മനിട്ടയ്ക്ക് ആത്മരതിയായിരുന്നു. കവിയരങ്ങുകളിൽ കവിത ചൊല്ലി കവി അമരനായി. ചൊൽക്കാഴ്ചകളുടെ പ്രലോഭനത്താൽ നാടെങ്ങും കടമ്മനിട്ടക്കവിത ഇരമ്പിയാർത്തു. തൊഴിലാളിയും നാഗരികനും ഗ്രാമീണനും വിദ്യാർഥികളുമെല്ലാം കടമ്മനിട്ടക്കവിതയിൽ അലിഞ്ഞു. എഴുത്തിന്റെ വേദന കവി ചൊല്ലിനിറഞ്ഞ് തീർത്തു.

കുറത്തിയെന്ന കവിത അനേകം ചോദ്യങ്ങളുടെ സങ്കരമായിരുന്നു. കുറത്തിയുടെ ചോദ്യങ്ങളിലൂടെ കേരളത്തിലെ അമ്മമനസ്സിൽ നിറഞ്ഞുകിടന്ന അനേകം ചോദ്യങ്ങൾ പുറത്തുവന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളായിരുന്നൂ അവയെല്ലാം.
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്
എന്ന ചോദ്യത്തിൽ വീർപ്പുമുട്ടാത്തവരാരുമുണ്ടായിരുന്നില്ല. അസ്തിത്വത്തിന്റെ ഉള്ളറകൾ തേടുന്ന ഇടിവെട്ടുചോദ്യമായിരുന്നൂ അത്. എത്രയോ കാലമായി മനസ്സിന്റെ അടിത്തട്ടിൽ കുരുങ്ങിക്കിടന്ന ആ ചോദ്യം ഒരു നാൾ സകലശക്തിയും കൈക്കൊണ്ട് പുറത്തേയ്ക്ക്പൊട്ടിച്ചിതറിയെത്തിയതാണ്.
തരളജീവിതഭാവങ്ങൾക്ക് കടമ്മനിട്ടക്കവിതയിൽ പ്രവേശനമില്ല. രൂക്ഷവും തീക്ഷ്ണവുമായ ഭാവചിന്തകളിൽ കുരുക്കിയിട്ടവയായിരുന്നൂ കടമ്മനിട്ടയുടെ എല്ലാ കവിതകളും. ഗ്രാമീണത പശ്ചാത്തലമാക്കി രചിച്ച ചാക്കാല എന്ന കവിതയിൽ പോലും നാടൻഭാഷയുടെ പൊള്ളുന്ന തീയമ്പുകളുണ്ട്. ജീവിതകാലം മുഴുവൻ ശത്രുവായിക്കഴിഞ്ഞാലും മരണമെത്തുന്ന നേരത്ത് ഉപചാരങ്ങളുമായെത്തുന്നവരെ ഉപഹസിക്കുന്ന കവിതയാണ് ചാക്കാല. ദ്രാവിഡസംസ്കാരത്തിന്റെ മണിയൊച്ചകേൾക്കുന്ന
കിരാതവൃത്തമെന്ന
കവിതയിൽ കരാളതയുടെ ചില്ലുപാത്രം കാണാം. കിരാതവൃത്തത്തിലെ കാട്ടാളനെ കവി വരയ്ക്കുന്നതിങ്ങനെയാണ്.
ഈറ്റപ്പുലി നോറ്റുകിടക്കും
ഈറൻ കണ്ണു തുറന്നും
കരിമൂർഖൻ വാലിൽ കിളരും
പുരികം പാതി വളച്ചും
നീറായ വനത്തിൻ നടുവിൽ
നില്പൂ കാട്ടാളൻ
നെഞ്ചത്തൊരു പന്തം കുത്തി
നില്പൂ കാട്ടാളൻ…
നാഗരിക ജീവിതസുഷുപ്തിയിലാണ്ട മനുഷ്യൻ ദുരമൂത്ത് കാടു കൈയേറുന്നതിന്റെയും ആവാസവ്യവസ്ഥയെ തകർത്ത് കാടു ചുട്ടെരിക്കുന്നതിന്റെയും രോഷം കാട്ടാളനിലുണ്ട്. ഇടിമിന്നൽ പൂക്കുന്ന മാനത്ത് കിനാവുവിതച്ച കാട്ടാളൻ മഴനീര് കൊതിക്കുന്ന വേഴാമ്പലായി ഉടൽമാറുന്നു. നഷ്ടങ്ങളുടെ കണ്ണീർമഴയത്ത് നനഞ്ഞുനിൽക്കുമ്പോഴും ഒരു സൂര്യനുദിക്കുമെന്നും നിഴലായിട്ടമ്പിളി വളരുമെന്നും വനമോടികൾ തിരികെ വരുമെന്നും ദുഃഖമില്ലാതാകുമെന്നും താനന്നു ചിരിക്കുമെന്നും കാട്ടാളൻ മോഹിക്കുന്നു. നേർത്തുമങ്ങിയ പുഴയും ഉള്ളുകത്തിയ കാടും പൊടിഞ്ഞൊടുങ്ങിയ മലയും ലാഭക്കൊതിയുടെ ഇരജീവിതമാണെന്ന തിരിച്ചറിവിലാണ് കവിയുടെ ആത്മാംശമിറ്റിയ കാട്ടാളൻ നിൽക്കുന്നത്.
ശബ്ദമറ്റ നിസ്വവർഗത്തിന്റെ നാവായി ഹൃദയധമനികൾ പൊട്ടുംവിധം കവി ചടുലമായി പാടി. നന്മചൊരിയുന്ന നാട്ടുവഴിയിലൂടെ എന്നും ശരിപക്ഷമായ ഇടതുപക്ഷം ചേർന്ന് കവി നടന്നു. കമ്മ്യൂണിസ്റ്റ് ചിന്തയിൽ കവിത ചാലിച്ച് പുതിയൊരു ലോകക്രമത്തിനായി അദ്ദേഹം പൊരുതി. ബിംബസമൃദ്ധിയാൽ ഊഷരമായ കടമ്മനിട്ടക്കവിതകൾ മിത്തിക്കൽ ലാളിത്യം കൊണ്ടും ശ്രദ്ധേയമായി. സാംസ്കാരികസംഘടനകളിലെ നിറഞ്ഞ സാന്നിധ്യമായ കടമ്മനിട്ട ആറൻമുള മണ്ഡലത്തിന്റെ പ്രതിനിധിയായി കേരളനിയമസഭയിലുമെത്തി. കേരളഗ്രന്ഥശാലാസംഘത്തിന്റെ അധ്യക്ഷപദത്തിലും കവി സജീവമായി. 1935 മാർച്ച് 22 നായിരുന്നൂ കവിയുടെ ജനനം. മലയാളകാവ്യലോകത്തെ എന്നും പ്രചോദിപ്പിക്കുന്ന ചിരംജീവിയായ കവി ഓർമയായിട്ട് 14 വർഷം പിന്നിടുന്നു. 2008 മാർച്ച് 31 നായിരുന്നൂ ആ വിപ്ലവസൂര്യന്റെ തിരോധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.