“ശാന്തി നൽകുന്ന ഒരു പ്രക്രിയയാണ് കവിത. റൊട്ടി ഉണ്ടാക്കാൻ മാവ് വേണ്ടപോലെ കവിത രചിക്കാൻ വേണ്ട സാമഗ്രിയാണ് ശാന്തി. കവിതയ്ക്ക് പൂച്ചയെപ്പോലെ ഒൻപത് ജന്മമുണ്ടെന്നാണ് പറയുന്നത്.” ഇതൊക്കെ പാബ്ലോ നെരൂദയെന്ന എക്കാലത്തെയും മികച്ച കവിയുടെ വാക്കുകളാണ്.
“ലജ്ജാലുവായ ഒരുവൻ കവിതയിൽ അവന്റെ അഭയം കണ്ടെത്തുന്നു” എന്ന് നെരൂദ തന്നെ പറഞ്ഞിട്ടുണ്ട്. മറൂരി തെരുവിൽ വെച്ചാണ് നെരൂദ തന്റെ ആദ്യ കവിതകൾ എഴുതുന്നത്. വെറും സാധാരണക്കാർ മാത്രം ഇടപെടുന്ന ഒരു തെരുവ്. തെരുവിലെ 513 നമ്പറിലുള്ള വാടക കെട്ടിടത്തിലെ ചെറിയ മുറിയിൽ ഇരുന്നാൽ അസ്തമയ സന്ധ്യാകാശത്തെ കാണാം. ഓറഞ്ചും കടും ചുവപ്പും കലർന്ന പ്രകാശധോരണികൾ കൊണ്ട് ദീപ്തമായ ആകാശം വൈകുന്നേരങ്ങളിൽ കവിയെ എഴുത്തിന് പ്രേരിപ്പിച്ചു. ഓരോ ദിവസവും നാലോ അഞ്ചോ കവിതകൾ അദ്ദേഹം എഴുതുമായിരുന്നു. മറൂരിയിലെ സന്ധ്യകളെക്കുറിച് നെരൂദ കുറേ കവിതകൾ എഴുതി. അങ്ങനെ 1923 ൽ തന്റെ ആദ്യ കവിതാ പുസ്തകം അദ്ദേഹം പൂർത്തീകരിച്ചു. നെരൂദ അന്ന് ഒട്ടും അറിയപ്പെടുന്ന ആളല്ല. തന്റെ കവിതകൾ സാധാരണക്കാരന്റെ കൂടി ഇഷ്ടമാകണമെന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നത് വാസ്തവം. പക്ഷെ കവിതാ പുസ്തകം പ്രസിദ്ധീകരിക്കാൻ ആൾ വേണ്ടേ. ആരും വന്നില്ല. എല്ലാ തുടക്കക്കാരും അഭിമുഖീകരിക്കുന്ന പ്രശ്നം തന്നെ നെരൂദയും നേരിട്ടു.
അദ്ദേഹം തന്റെ പുസ്തകം ഇറക്കാനായി ആദ്യം വിറ്റത് അച്ഛൻ കൊടുത്ത വാച്ചാണ്. നെരൂദ പുസ്തകം എഴുതുന്നത് ഏറ്റവുമധികം എതിർത്തത് അച്ഛൻ ആയിരുന്നല്ലോ! വാടകവീട്ടിലെ മുറികളിൽ കിടന്ന കട്ടിലും കസേരയും വിറ്റു. സ്വന്തം കോട്ടും ഉടുപ്പുകളും വിറ്റു. നെരൂദ ഓരോ ദിവസവും പുസ്തകം എന്തായി എന്നറിയാൻ പ്രസിൽ ചെല്ലും. അപ്പോൾ പ്രസുകാരൻ അലറും. “എന്റെ പൈസ കൊണ്ടുവരൂ…” ഓരോ ദിവസവും ഓരോ സാധനങ്ങൾ വിറ്റ് കിട്ടുന്ന പണം കവി പ്രസിലെത്തിക്കും. അതൊന്നും പ്രിന്റിങ് ചെലവിന് തികയുന്നില്ല. അപ്പോൾ പ്രസുടമ ഉച്ചത്തിൽ പറയും. “എന്റെ കാശ് തരാതെ ഈ പുസ്തകം നീ വെളിയിൽ കൊണ്ടുപോകില്ല.” നെരൂദ വിഷാദത്തോടെ നടന്നു പോകും. അടുത്ത ദിവസം മറ്റേതെങ്കിലും വീട്ടുസാധനം വിറ്റ പണവുമായി അദ്ദേഹം ചെല്ലും. അപ്പോൾ പ്രസുടമ പറയും “ബയന്റിങ് നടക്കുകയാണ്. മുഴുവൻ പണവും തരണം. അല്ലാതെ ഒരു കോപ്പിപോലും ഞാൻ തരില്ല.” നെരൂദ തന്റെ പുതിയ ഷൂസും വിറ്റ് കുറച്ചു കാശ് കണ്ടെത്തി. പക്ഷെ തികയില്ല. നെരൂദ നടന്നു നേരെ ഒരു നിരൂപകന്റെ വീട്ടിലേക്ക്. വിശന്ന് വിയർത്ത് ചെന്ന ആ ചെറുപ്പക്കാരനെ ആ നിരൂപകൻ കൈവെടിഞ്ഞില്ല. അയാൾ കുറച്ചു പണം കൊടുത്തു. ആ പണവുമായി നെരൂദ പ്രസുകാരന്റെ അടുക്കൽ എത്തി. ആർത്തിയോടെ അയാൾ ആ പണം വാങ്ങി പുസ്തകം മുഴുവൻ നെരൂദയ്ക്ക് നൽകി.
പുസ്തകം നിറച്ച സഞ്ചികൾ ഇരു തോളിലും ചുമന്നു കൊണ്ട് നെരൂദ പ്രസിന്റെ പടിയിറങ്ങി. പൊളിഞ്ഞിളകിയ പഴയ ഷൂസിൽ നിന്ന് പുറത്തേക്കിറങ്ങിയ കാൽവെള്ളകൾ അപ്പോൾ വഴിയിലെ ചൂടുകൊണ്ട് പൊള്ളിക്കുടർന്നു. പക്ഷേ അതൊന്നും ആ മനസിൽ പൊള്ളലേല്പിച്ചില്ല. അദ്ദേഹത്തിന്റെ പിൽക്കാല ഭാഷയിൽ ‘കവിക്ക് മാത്രമേ സ്വപ്നത്തിന്റെ സംഭ്രാന്തിയിലുണ്ടാകുന്ന നവം നവങ്ങളായ നിർവൃതികൾ ഉൽക്കടമായ അനുഭൂതി പകരുകയുള്ളൂ’ എന്ന തിരിച്ചറിവ് പകർന്ന അനുഭവമാകുകയായിരുന്നു. അപൂർഴമായ ഒരു സന്തോഷം. നെരൂദ തന്റെ വാടകവീട്ടിലെ ഒഴിഞ്ഞ മുറിയിലേക്ക് പുസ്തകച്ചുമടുമായി നടന്നു.
അപ്പോൾ തികഞ്ഞ സന്തോഷത്തിന്റെ അലകളിൽ ആ മനശഅ പരവേശപ്പെട്ടു. തന്റെ ആദ്യ പുസ്തകം. ‘വർണിക്കാനാവാത്ത മാധുര്യമൂറുന്ന വിതുമ്പൽ’ എന്ന് ആ രാത്രിയിൽ അദ്ദേഹം തന്റെ ഡയറിയിൽ എഴുതി. ആ പുസ്തകമാണ് ‘ക്രൂപ്പസ് കുലേറിയാ’ നെരൂദയുടെ ആദ്യ പുസ്തകം. അയാൾ സ്വപ്നം കണ്ടു തന്റെ പുസ്തകം വായനക്കാരിൽ നിന്ന് വായനക്കാരിലേക്ക് പടരുന്നു. പുതിയ പുതിയ പതിപ്പുകൾ ഇറങ്ങുന്നു. പുതിയ ലോകങ്ങളിലേക്ക്, പുതിയ വായനക്കാരിലേക്ക് പുസ്തകം ചെല്ലുന്നു. അവിടമാകെ സൗരഭ്യം പരക്കുന്നു. മുന്തിരിച്ചാർ പാനപാത്രങ്ങളിലേക്ക് പകരുംപോലെ തന്റെ കവിത പുതിയ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെടുന്നു. ലോകമാകെ ജനങ്ങൾ അതേറ്റെടുക്കുന്നു.
ക്രൂപ്പസ്ക്ലേറിയ പെട്ടെന്ന് തന്നെ ശ്രദ്ധേയമായി. അത് നെരൂദയെ ഉന്മത്തനാക്കി. തന്റെ കവിതകൾ പാടുന്ന വേദികളിൽ അദ്ദേഹം സംസാരിച്ചു. ആളുകളുടെ ബഹുമാനങ്ങൾ ഏറ്റുവാങ്ങി. പിന്നെയും ചില പുസ്തകങ്ങൾ നെരൂദ എഴുതി. ആ കവിതകളും ശ്രദ്ധേയമായി. പലരും അതിര് വിട്ട് നെരൂദയെ പുകഴ്ത്തി. അപ്പോൾ കവിയുടെ ഉള്ളിൽ ചില സംശയങ്ങൾ ഉണ്ടായി. തന്റെ കവിതകൾക്ക് വളരെ ഉദാത്തമായ രചനാശൈലി ഉണ്ടെന്ന് കവി ധരിച്ചു വശായി. അലീറോ ഓവർസ്മാൻ എന്ന കാവ്യ നിരൂപകൻ അന്നത്തെ പ്രശസ്തനായ കവി സബത് ഏർക്കാസ്റ്റിയുടെ സ്വാധീനം നെരൂദയുടെ കവിതകളിൽ ഉണ്ടെന്ന് വാദിച്ചു. സ്വയം ഉത്തേജിതനായി എഴുതിയ കവിതകളാണെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും മറ്റാരുടെയും സ്വാധീനം ഈ കവിതകളിൽ ഇല്ലെന്ന് ഉറച്ച വിശ്വാസമുണ്ടായിട്ടും നെരൂദ അല്പമൊന്ന് പൊങ്ങി. കവിതകൾ ആ കവി തന്നെ വായിച്ചഭിപ്രായം പറയട്ടെ എന്നു കരുതി നെരൂദ പുസ്തകം ഏർക്കാസ്റ്റിക്ക് അയച്ചു കൊടുത്തു. ഉറുഗ്വൻ കവികളിൽ പ്രഥമനായ ഏർക്കാസ്റ്റി മറുപടിയായി കത്തുകൾ നെരൂദയ്ക്ക് എഴുതി. അവർ തമ്മിലെ ആശയവിനിമയം കത്തിലൂടെ തുടർന്നു. ഏർക്കാസ്റ്റിയുടെ വാക്കുകൾ നെരൂദ വായിച്ചു ശ്രദ്ധയോടെ. നെരൂദയുടെ ചിന്തകളാകെ മാറുകയായിരുന്നു. പിന്നീട് ധൈര്യപൂർവം നെരൂദ ഏർക്കാസ്റ്റിയോട് ചോദിച്ചു “എന്റെ കവിതകൾക്ക് അങ്ങയുടെ കാവ്യങ്ങളുടെ സ്വാധീനം കാണാൻ കഴിയുന്നുണ്ടോ?” എന്ന്. ഏർക്കാസ്റ്റിയുടെ മറുപടി വന്നു. താങ്കളുടെ കവിത ഉജ്വലം, മഹത്തരം എന്നെല്ലാം. എന്നാൽ സ്വാധീനം ഉണ്ടോയെന്നോ ഇല്ലായെന്നൊ ഉള്ള കാര്യം മാത്രം ഏർക്കാസ്റ്റി പറഞ്ഞില്ല.
കത്ത് വായിച്ചു നെരൂദ ആകെ വിഷാദവാനായി. തന്റെ നിരർഥക ഉദ്വേഗത്തെപ്പറ്റി സംശയം പൂണ്ട്, താൻ വീണ പ്രമാദത്തിന്റെ ഉൾചുഴികളെപ്പറ്റി ഓർത്ത് കവി വ്യസനിച്ചു. കവിയെന്ന നിലയിൽ തന്നെ നയിക്കേണ്ടത് മറ്റ് ചിലതെല്ലാമാണെന്ന് നെരൂദ ഒരു തപസ്സിലൂടെയെന്ന പോലെ കണ്ടെത്തി. തന്നെ തേടി വരേണ്ട വിനയത്തെ കവി തിരിച്ചറിഞ്ഞു. നെരൂദ തന്റെ മുറിയിൽ കയറി. എഴുതി വെച്ചിരുന്ന മുഴുവൻ കവിതകളും കീറിയെറിഞ്ഞു. പല ബുക്കുകളും പുറത്തേക്കെറിഞ്ഞു.
പിന്നെ നീണ്ട പത്തു വർഷങ്ങൾ. കവിയുടെ ഉള്ളിൽ കവിതകൾ ജ്വലിച്ചു വന്നെങ്കിലും കവിതയെഴുതാനുള്ള സാമർഥ്യത്തെ സ്വയം മതിച്ചത് വൃഥാവിലായെന്ന ചിന്തയിൽ അവയൊന്നും എങ്ങും കുറിച്ചില്ല. ഒരു കവിതയുമെഴുതാതെ പത്തു വർഷം. പിന്നെ പതിയെ തന്റെ ഓർമകളിൽ നിന്ന് പഴയ കവിതകൾ പകർത്തിയെഴുതിത്തുടങ്ങി നെരൂദ. അവയെല്ലാം രൂപവും ഭാവവും മാറി വന്നപ്പോൾ ജ്വലിക്കുന്ന കവിതകളായി. ഓരോ എഴുത്തിലും അറിയാതെ പിന്തുടരുന്ന ഏർക്കാസ്റ്റിയുടെ വാക്കുകളും അവയെ ഉദാത്തമാക്കുകയായിരുന്നു. “വീണ്വാക്കുകളുടെ ശബ്ദകോലാഹലത്തിന്റെ വാതിൽ ഞാൻ അടച്ചു പൂട്ടി” എന്ന് നെരൂദ എഴുതി. പിന്നെ കൗമാരകാലത്തു ഉള്ളിൽ തിങ്ങിവിങ്ങി നിന്നിരുന്ന വ്യഥയുടെയും ക്ഷോഭത്തിന്റെയും അണക്കെട്ടുകൾ പോലെയുള്ള കവിതകൾ നെരൂദയുടെ തൂലിക പുറത്തുവിട്ടു. പ്രേമഹർഷങ്ങളും, പ്രകൃതിയുടെ കാടത്തവും നദികളുടെ പ്രചോദനവും വനശോഭയും എല്ലാം നെരൂദയുടെ കാവ്യങ്ങളെ കേമമാക്കി. ലോകമാകെ അയാളുടെ കാവ്യശീലുകൾ പ്രചരിച്ചു. നെരൂദ ഇന്നും പാടുന്നു. നൂറായിരം ഹൃദയങ്ങളെ ഒന്നായി ജ്വലിപ്പിക്കുന്ന വാക്കുകളിലൂടെ. 1971 ൽ നോബൽ സമ്മാനം നേടിയ നെരൂദ ഒരു വർഷത്തിന് ശേഷം അന്തരിച്ചു. ഒരു നൂറായിരം നറുചിന്തകൾ മാനവരാശിക്ക് പകർന്നു നൽകി വിമോചന ആശയങ്ങളെ മനുഷ്യ മനസുകളിലേക്ക് പാറിപ്പറത്തിക്കൊണ്ട് വിശ്വമെങ്ങും ആ ചിന്തകൾ ഇന്നും പ്രോജ്വലിക്കുന്നു. നെരൂദ പഠിച്ചതും പഠിപ്പിച്ചതും വലിയ പാഠങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.