26 April 2024, Friday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

സംസ്ഥാന കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നില്ല; സഹകരണ ദൗത്യവുമായി വി ഡി സതീശന്‍, നിലപാടില്‍ ഉറച്ചു തന്നെ ഉമ്മന്‍ചാണ്ടി

പുളിക്കല്‍ സനില്‍രാഘവന്‍
September 5, 2021 11:49 am

ഡിസിസി പ്രസിഡന്‍റുമാരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ഉമ്മന‍ചാണ്ടിയെ അനുനയിപ്പിക്കുന്നതിനായി പ്രതിപക്ഷനേതാവ് വി.ഡിസതീശന്‍ പുതുപ്പള്ളിയിലെ വസതിയില്‍ എത്തി സംസാരിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടി തന്‍റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. ഇരുവരുടേയും കൂട്ടികാഴ്ച്ചക്ക് ശേഷം പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി ഉമ്മന്‍ചാണ്ടി പറയുകയും ചെയ്തു. ഇപ്പോള്‍ സംഭവിച്ച പ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടുണ്ടായി. അതില്‍ വേദനയുണ്ട്. താനും രമേശ് ചെന്നിത്തലയും ചില വിഷയങ്ങള്‍ ഉന്നിച്ചിട്ടുണ്ട്. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.

ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസ് മുന്നോട്ടുപോകുമോ എന്ന ചോദ്യത്തിന് ‘കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡ്’ എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. മുതിര്‍ന്ന നേതാക്കള്‍ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയില്‍ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരാഴ്ചയായി നേതാക്കന്‍മാര്‍ തമ്മില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി കൊമ്പുകോര്‍ക്കുകയായിരുന്നു. രമേശ് ചെന്നിത്തല കോട്ടയത്തെ ചടങ്ങില്‍ നേതാക്കന്‍മാര്‍ക്കെതിരെ ആഞടിച്ചു.

 


ഇതുംകൂടി വായിക്കു;ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ നീറിപ്പുകഞ്ഞ് വക്താവ് നിയമനം


 

അതിനു മറുപടിയായി വിവിധ നേതാക്കളും രംഗത്തു വന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍, ടി.സിദ്ധിഖ്, തുടങ്ങിയവര്‍ കടുത്ത ഭാഷയിലാണ് ചെന്നിത്തലയെ വിമര്‍ശിച്ചത്. അധ്യക്ഷ നിയമനത്തില്‍ തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയോട് ആലോചിക്കണമായിരുന്നെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. കോട്ടയം ഡി.സി.സി അധ്യക്ഷന്റെ സ്ഥാനാരോഹണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംതാനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ച 17 വര്‍ഷം വലിയ നേട്ടം കൈവരിച്ചെന്നും അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

തന്നോട് ആലോചിക്കേണ്ട കാര്യമില്ല. താന്‍ കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കണമായിരുന്നെന്നുമാണ് ചെന്നിത്തല പറഞ്ഞത്.കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരന്‍ പോയപ്പോള്‍ ഉമ്മന്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞു. 17 വര്‍ഷം താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണം തിരവഞ്ചൂര്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയെ മറയാക്കി പുറകില്‍ ഒളിക്കരുതെന്നും തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചെന്നിത്തല പന്തംകുത്തി ആളിക്കത്തിക്കരുതെന്നും, നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതില്‍ ചെന്നിത്തല പശ്ചാത്തപിക്കും എന്നാണ് കരുതുന്നത്.

പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്ന് മനസിലാക്കിയാല്‍ നല്ലതാണെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. കോട്ടയം ഡി.സി.സി ഓഫീസില്‍ നടത്തിയ പ്രസംഗത്തില്‍ ചെന്നിത്തലക്ക് ദുഃഖിക്കേണ്ടി വരും. ഉമ്മന്‍ ചാണ്ടി അറിഞ്ഞാണ് ചെന്നിത്തല പ്രസംഗിച്ചതെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇപ്പോള്‍ പാര്‍ട്ടി ക്ഷീണത്തിലാണ്, അത് മനസിലാക്കി വേണം പ്രതികരണങ്ങള്‍. നാവില്ലാത്തതു കൊണ്ടോ വാക്കില്ലാത്തതു കൊണ്ടോ അല്ല ഒന്നും പറയാത്തത്. ഉമ്മന്‍ ചാണ്ടിയെ അവഗണിക്കുന്ന പ്രശ്‌നമില്ലെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.

 


ഇതുംകൂടി വായിക്കു;  തിരുവഞ്ചൂരിനെ തള്ളി, ചെന്നിത്തലയ്ക്ക് സംരക്ഷണം ; ഉമ്മൻചാണ്ടിയും കളത്തിലേക്ക്


 

തിരുവഞ്ചൂരിനു മറുപിടിയായി ചെന്നിത്തലക്ക് പിന്തുണയുമായി ഉമ്മന്‍ചാണ്ടിയും രംഗത്തു വന്നു. ചെന്നിത്തലയ്ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ തന്റെ മറ ആവശ്യമില്ലെന്നും, ‘ചെന്നിത്തല ദേശീയ‑സംസ്ഥാനതലത്തില്‍ എല്ലാ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള നേതാവാണ്. അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ ആരുടേയും മറ ആവശ്യമില്ല. എന്റെ മറ എന്തായാലും ആവശ്യമില്ലെന്ന് എനിക്ക് നന്നായി അറിയാം,’ ഉമ്മന്‍ ചാണ്ടി പറഞ്ഞു.ചര്‍ച്ച നടത്തേണ്ടത് നേതൃത്വമാണെന്നും അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ അത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും നാള്‍ തങ്ങളുടെ കയ്യിലിരുന്ന അധികാരങ്ങള്‍ പോകുന്നതിലുള്ള വ്യാകുലതയായിട്ടേ ചെന്നിത്തലയുടേയും, ഉമ്മന്‍ചാണ്ടിയുടേയും നിലപാടിനെ കണ്ടാല്‍ മതിയെന്നു ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഡിസിസി അധ്യക്ഷരുടെ പട്ടിക പുറത്തുവന്നതിനു പിന്നാലെ മുതിർന്ന നേതാക്കളുടെ പരസ്യ ഏറ്റുമുട്ടൽ കെപിസിസി പുനഃസംഘടന മുന്നിൽ കണ്ടുകൊണ്ടു തന്നെയാണെന്നും പറയപ്പെടുന്നു.തങ്ങളുടെ ഗ്രൂപ്പിലുള്ളവരെ കൂടെനിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യംമാത്രമാണ് ഇതിനു പിന്നിലുള്ളതും. അതിലും അവഗണിക്കപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന സന്ദേശമാണ്‌ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും നൽകിയത്‌.നാല്‌ ഉപാധ്യക്ഷർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 എക്സിക്ക്യൂട്ടീവ്‌ അംഗങ്ങൾ എന്നീ പദവികളാകും കെപിസിസിയിൽ ഉണ്ടാകുക. പരമാവധി 50 പേരിൽ ഒതുക്കി ഭാരവാഹികളെ പ്രഖ്യാപിക്കാനാണ്‌ നീക്കമെന്ന്‌ കെ സുധാകരനെ പിന്തുണയ്‌ക്കുന്ന നേതാക്കൾ സൂചിപ്പിച്ചു.


ഇതുംകൂടി വായിക്കു;  ചെന്നിത്തലയ്ക്ക് തിരുവഞ്ചൂരിന്റെ മുന്നറിയിപ്പ്


 

ചർച്ച നീണ്ടാലും സെപ്തംബറിൽതന്നെ പ്രഖ്യാപിക്കണമെന്ന നിലപടാണ്‌. 10 വൈസ്‌ പ്രസിഡന്റ്‌, 34 ജനറൽ സെക്രട്ടറി, 96 സെക്രട്ടറി, ട്രഷറർ എന്നിവയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്‌. ബ്ലോക്ക്, ജില്ലാ തലത്തിലും പുനഃസംഘടനയുണ്ടാകും.പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന ശക്തമായ നിലപാടിലാണ്‌ എ, ഐ ഗ്രൂപ്പുകൾ. ഡിസിസി അധ്യക്ഷരായി പരിഗണിക്കേണ്ടവരുടെ പട്ടിക ചോദിച്ചിട്ട്‌ ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകിയില്ലെന്നാണ്‌ സുധാകരൻ പറഞ്ഞത്‌. കെപിസിസി ഭാരവാഹികളാക്കേണ്ടവരുടെ പട്ടിക നേരത്തെ നൽകാൻ ഒരുങ്ങിയിരിക്കുകയാണ്‌ ഗ്രൂപ്പ്‌ നേതാക്കൾ.നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരിൽ വി ടി ബൽറാം, വി പി സജീന്ദ്രൻ, കെ എസ്‌ ശബരീനാഥൻ, അനിൽ അക്കര തുടങ്ങിയവർ സ്ഥാനങ്ങളിലെത്താൻ ചരട്‌ വലിക്കുന്നുണ്ട്‌.പല മുൻ എംഎൽഎമാരും ഇപ്പോൾ പരസ്യമായി ഗ്രൂപ്പ്‌ നിലപാട്‌ വ്യക്തമാക്കാൻ തയ്യാറല്ല. ഇതുകൂടി മുന്നിൽ കണ്ടാണ്‌ ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും നീക്കം. തങ്ങളോടൊപ്പം ഉറച്ചുനിൽക്കുന്നവരെ ഭാരവാഹി സ്ഥാനത്ത്‌ കൊണ്ടുവരണമെന്ന നിലപാടിലാണ്‌ ഇരുവരും.

പതിറ്റാണ്ടുകളായി കേരളത്തിലെ കോൺഗ്രസിനെ ചലിപ്പിക്കുകയും നയിക്കുകയും ചെയ്ത രണ്ട്‌ പ്രബല ഗ്രൂപ്പുകളെ ദുർബലമാക്കി പുതിയ ചേരി വന്നിരിക്കുന്നു. എ കെ ആന്റണിയിൽനിന്ന്‌ ഏറ്റുവാങ്ങി ഉമ്മൻചാണ്ടി കൊണ്ടുനടക്കുന്ന എ ഗ്രൂപ്പിനെയും കരുണാകരനില്‍നിന്നും ഏറ്റുവാങ്ങി , ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിനെയുമാണ്‌ പുതിയ നേതൃത്വം ക്ഷയിപ്പിച്ചത്‌. കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ അച്ചുതണ്ട്‌ എ, ഐ ഗ്രൂപ്പുകളിൽനിന്ന്‌ നേതാക്കളെ അടർത്തിയെടുത്ത്‌ പുതിയ സമവാക്യം രൂപപ്പെടുത്തി. തിരിച്ച്‌ പഴയ ഗ്രൂപ്പുകളിലേക്ക്‌ പോകില്ലെന്ന്‌ ഉറപ്പ്‌ നൽകിയവരാണ്‌ പുതിയ ഡിസിസി അധ്യക്ഷരിൽ ഭൂരിപക്ഷവും. ഈ നീക്കത്തിന്‌ ഹൈക്കമാൻഡിന്റെ പിന്തുണ ഉറപ്പിക്കാൻ കെ സി വേണുഗോപാലിനായി. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും കോൺഗ്രസിൽ ഒന്നുമല്ലെന്ന സന്ദേശം പ്രവർത്തകരിലേക്ക്‌ പകർന്നു.പട്ടിക പുറത്തുവരുമ്പോൾ വലിയ പൊട്ടിത്തെറികളും പ്രകടനങ്ങളും ഉണ്ടാകുമെന്ന്‌ മുൻകൂട്ടി കണ്ടായിരുന്നു ആസൂത്രണം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും പ്രതികരിച്ചതിനു പിന്നാലെ കെ മുരളീധരനെ തന്നെ രംഗത്തിറക്കി. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ തിരുവഞ്ചൂരും കളംമാറ്റി ചവിട്ടി. പരസ്യമായി പ്രതികരിച്ചിട്ടല്ല, പാർടി വേദിയിൽ പരാതി ഉന്നയിക്കണം എന്നാണ്‌ തിരുവഞ്ചൂർ പറഞ്ഞത്‌.

 


ഇതുംകൂടി വായിക്കു;


 

രാജ്‌മോഹൻ ഉണ്ണിത്താനുൾപ്പെടെ എംപിമാരെയും രംഗത്തിറക്കി. കോൺഗ്രസ്‌ ഹൈക്കമാൻഡിനെ അംഗീകരിക്കാനാകില്ലെങ്കിൽ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും പുതിയ പാർടിയുണ്ടാക്കാം എന്ന്‌ ഉണ്ണിത്താൻ തുറന്നടിച്ചു.സാമൂഹ്യമാധ്യമങ്ങളിലും സുധാകരന്‌ ജയ്‌ വിളിക്കാൻ ആളെ ഇറക്കി. അടച്ചുപൂട്ടലും പല ഗ്രൂപ്പ്‌ മാനേജർമാർ മറുകണ്ടം ചാടിയതിലുള്ള ആശയക്കുഴപ്പവും കാരണം പ്രകടനം ഉണ്ടായില്ല.  എന്നാൽ എ, ഐ ഗ്രൂപ്പുകൾ വരുംദിവസങ്ങളിൽ കടുത്ത പ്രതികരണത്തിന്‌ മുതിർന്നേക്കുമെന്ന്‌ സൂചനയുണ്ട്‌. പഴയ ഏ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍, പി ടിതോമസ്, ടി സിദ്ധിഖ്, ഷാഫി പറമ്പില്‍,കൊടിക്കുന്നില്‍ എന്നിവര്‍ ഇപ്പോള്‍ പുതിയഗ്രൂപ്പിനൊപ്പം നിലയുറപ്പിച്ചു. ഐ ഗ്രൂപ്പില്‍ നിന്നും കെ. മുരളീധരന്‍റെ പൂര്‍ണ്ണ പിന്തുണ പുതിയ ഗ്രപ്പിനൊപ്പമാണ്. ഐഗ്രൂപ്പിന്‍റെ മുന്നണി പോരാളിയായി ശൂരനാട് രാജശേഖരനും, ചെന്നിത്തലയെ കൈവിട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഗ്രൂപ്പുകളോട് വിടപറയും. ഇത്തരമൊരു സാഹചര്യത്തിലാണ് പരമാവധി ഗ്രൂപ്പ് വീര്യം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ് മാനേജര്‍മാരും, നേതാക്കളും.

ENGLISH SUMMARY: VD Satheesan with the co-oper­a­tive mis­sion, Oom­men Chandy firm­ly in his stand

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.