5 May 2024, Sunday

പച്ചക്കറിക്ക് തീവില ; ആശ്വാസനടപടികളുമായി ഹോര്‍ട്ടികോര്‍പ്പ്

ബേബി ആലുവ
കൊച്ചി
June 27, 2023 11:02 pm

അയൽ സംസ്ഥാനങ്ങളിൽ പച്ചക്കറി ക്ഷാമത്തിന്റെയും അതിന്റെ ഫലമായുണ്ടായ വില വർധനവിന്റെയും പ്രതിഫലനം സംസ്ഥാനത്തെ പച്ചക്കറി വിപണിയെ ഉലയ്ക്കുന്നു. ഒരു മാസം മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയും അതിൽക്കൂടുതലുമായി പലയിടത്തും പച്ചക്കറി വില. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പച്ചക്കറി വില ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലേക്ക് സുലഭമായി പച്ചക്കറിയെത്തുന്ന തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ഉല്പാദനക്കുറവാണ് ഇപ്പോഴത്തെ വില വർധനവിനു കാരണം. വേനൽ മഴ സംസ്ഥാനത്തെ വിളകൾക്കും ദോഷം ചെയ്തു.

മൊത്തവിതരണക്കാരുടെയും ഇടത്തട്ടുകാരുടെയും ലാഭം കഴിച്ചാൽ ഇടത്തരം — ചെറുകിട കച്ചവടക്കാർക്കുള്ള നേട്ടം തുച്ഛമാണെന്നാണ് അവർ പറയുന്നത്. ഇതിനിടയിൽ വലിയൊരളവിൽ ജനങ്ങൾക്ക് ആശ്വാസമാകുന്നുണ്ട് സംസ്ഥാന ഹോർട്ടിക്കോര്‍പ്പിന്റെ പച്ചക്കറി വിപണിയിലെ ഇടപെടൽ. കർഷകർക്ക് പൊതു വിപണിയിൽ ലഭിക്കുന്നതിനെക്കാൾ കൂടിയ വില നൽകിയാണ് വിളവെടുപ്പ് — സംഭരണ കേന്ദ്രങ്ങളിൽ നിന്ന് പച്ചക്കറി ശേഖരിച്ച് ഹോർട്ടിക്കോർപ്പ് വിപണിയിലെത്തിക്കുന്നത്. പൊതുവിപണിയിൽ കിട്ടുന്നതിന്റെ ഏതാണ്ട് പകുതി വിലയ്ക്കും അതിന് തൊട്ടു മുകളിലും നില്ക്കുന്ന വിലയ്ക്കാണ് ഹോർട്ടിക്കോർപ്പ് പച്ചക്കറി ലഭ്യമാക്കുന്നത്. ജില്ലാ കേന്ദ്രങ്ങളിൽ അവലോകന യോഗങ്ങളും നടന്നു വരുന്നുണ്ട്.

സംസ്ഥാനത്തൊട്ടാകെ 1000 ഗ്രാമശ്രീ ഹോർട്ടി സ്റ്റോറുകൾ തുടങ്ങാനുള്ള ശ്രമത്തിലാണ് സ്ഥാപനം. ഇതിൽ 250 എണ്ണം ഓണത്തിനു മുമ്പായി ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവയുടെ വിലയിലാണ് വലിയ മാറ്റം. അമരപ്പയർ, വഴുതനങ്ങ. ബീൻസ്, വെള്ളരി എന്നിവയുടെ വിലയിലും വർധനയുണ്ട്. 80 മുതൽ 100 ശതമാനം വരെ മിക്ക പച്ചക്കറി ഉല്പന്നങ്ങൾക്കും വിലക്കൂടുതലുണ്ട്. പ്രാദേശികമായി വിലയിൽ ചെറിയ ഏറ്റക്കുറച്ചിലുണ്ടാവുമെന്ന് മാത്രം. പച്ചക്കറി വിലയോടൊപ്പം ട്രോളിങ് നിരോധനത്തിന്റെ ഫലമായി മത്സ്യം, കോഴി എന്നിവയുടെ വിലയിലും വലിയ വർധനവുണ്ടായത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: veg­etable price hike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.