25 December 2024, Wednesday
KSFE Galaxy Chits Banner 2

വിരൽത്തുമ്പിലെ പ്രണയ ഇമോജികൾ

Janayugom Webdesk
June 26, 2022 7:01 am

വിരൽത്തുമ്പിൽ
അകം പൊള്ളയായ
ഹൃദയ ഇമോജികൾ
വിളയാടുന്ന ഇന്നിൽ നിന്നും
നമുക്കൊന്നു തിരിഞ്ഞു നടന്നാലോ
ആകാശത്തോളമെത്തുന്ന
ഊഞ്ഞാലാട്ടങ്ങളിൽ
കൈപിടിയിലൊതുക്കിയ
എണ്ണിയാലൊടുങ്ങാത്ത
നക്ഷത്രകുഞ്ഞുങ്ങളെ
കൈവിട്ടതെപ്പോഴാണ്
അവിടെ, ഇടവഴിയോരങ്ങളിൽ
മിന്നിമറഞ്ഞചുവന്നുതുടുത്ത
പട്ടുപാവാടയും മാങ്ങാകൊലുസിന്റെ
ചിരികളുമുണ്ടായിരുന്നില്ലേ!
പിടിച്ചടക്കലുകളെക്കാൾ
വിട്ടുകൊടുക്കലുകളുടെ
കണ്ണീരൊപ്പിയ കൈലേസുകൾ
പറന്നകന്നത് അകലങ്ങളി
ലേക്കാണെങ്കിലും, നൂലിഴയാൽ
കോർത്ത മുല്ലമൊട്ടുപോലെ
ഓർമ്മകൾ നവ്യസുഗന്ധ
വാഹികളായിരുന്നില്ലേ !
പുസ്തകത്താളുകളിലെ
നാലായി മടക്കിഒളിപ്പിച്ച
പ്രണയലേഖനത്തിലെ
വരികളിൽ അടക്കിയൊതുക്കിവച്ച
പ്രണയതുടിപ്പുകൾ
പിൽക്കാല ഇമോജികളായി
പരിണമിച്ചപ്പോൾ
കാമമോഹങ്ങളുടെ
ഒളിയമ്പ് മാത്രമായി
പ്രണയമരങ്ങൾ പൂക്കുന്നു
മുഖപടങ്ങളിലെ വൈകൃതങ്ങളാൽ
ഇമോജികൾ വർണക്കാഴ്ചകളുടെ
കുടമാറ്റം ആഘോഷമാക്കുന്നു
ഹൃദയം നഷ്ടമായ
അപ്പൂപ്പൻതാടിപോലെ
വരുകാല പ്രണയത്തിലും
ഇമോജികൾ മാത്രമാവുമോ?
ഇരകളുടെ സാക്ഷിയും
വിധിയും! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.