ഡിസംബർ ഒന്നുമുതൽ 31വരെ ഒരുമാസം നീണ്ടുനിൽക്കുന്ന വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റ് 2021ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം എറണാകുളം പ്രസ് ക്ളബ്ബിൽ നിർവഹിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം. വൈപ്പിൻ മണ്ഡലത്തിലെ ജനതയുടെ തനത് പ്രാദേശികതയെയും ഫോക്ക്‌ലോറിന്റെ മഴവിൽ സമാന വർണാഭ വൈവിധ്യത്തെയും അടയാളപ്പെടുത്തുന്നതും ഫെസ്റ്റിന്റെ അടിസ്ഥാന ലക്ഷ്യത്തെ സൂചിപ്പിക്കുന്നതുമാണ് ലോഗോ. കോവിഡ് മഹാമാരിയുടെ വിഷാദം നീക്കി പ്രത്യാശയുടെ പുതുവർഷത്തിലേക്കും പുതിയൊരു ഉണർവ്വിലേക്കും നീങ്ങുന്നതിനും പൊതുസമൂഹത്തെ പ്രചോദിപ്പിക്കുക, മഹാമാരിമൂലം കടുത്ത അരക്ഷിതാവസ്ഥയിലായ ഫോക്ക് ലോർ കലകളെയും കലാകാരൻമാരെയും ടൂറിസത്തെയും സഹായിക്കുക, വൈപ്പിൻ മേഖലയെ സംസ്ഥാനത്തെ ഫോക്ക്‌ലോർ ഹബ്ബാക്കി മാറ്റി സാംസ്ക്കാരിക ടൂറിസത്തിന്റെ കേന്ദ്രമാക്കുക, പ്രാദേശിക കലാകാരൻമാർക്ക് അവസരം ഒരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.
എംഎൽഎയുടെ നേതൃത്വത്തിൽ സാംസ്‌കാരിക, സഹകരണ,ടൂറിസം, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെയും ഫോക്ക്‌ലോർ അക്കാദമി, ചലച്ചിത്ര അക്കാദമി തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജനകീയ സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. ബീച്ചുകൾ, ഹാളുകൾ, മൈതാനങ്ങൾ എന്നിവടങ്ങിലായാണ് ഫെസ്റ്റിന് വേദികൾ ഒരുക്കുന്നത്. മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലും വേദികളുണ്ട്. എംഎൽഎ ചെയർമാനായ ജനകീയ സംഘാടക സമിതിയിൽ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ അംഗങ്ങളാണ്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ സൂചകമായി ഡിസംബർ ഒന്നുമുതൽ പതിനഞ്ചുവരെ വൈപ്പിൻകരയിൽ 25 കിലോമീറ്റർ ദൈർഘ്യത്തിൽ 75 ചുവർചിത്രങ്ങൾ ആലേഖനം ചെയ്‌തുകൊണ്ടാണ് ഫെസ്റ്റിന് തുടക്കം. 50 ചിത്രകാരന്മാർ ഇതിൽ ഭാഗഭാക്കാകും. വിവിധ കേരളീയ നാടൻ കലാരൂപങ്ങൾ, വ്യത്യസ്‌ത രുചിമേളങ്ങൾ സമന്വയിക്കുന്ന ഭക്ഷ്യമേളകൾ, ഘോഷയാത്ര, പട്ടംപറത്തൽ വർക്ക്ഷോപ്പും മത്സരവും, സെമിനാർ, മണൽശിൽപ രചന, ഫോക്ക്‌ലോർ ഫിലിം ഫെസ്റ്റിവൽ, മറ്റു വിനോദോപാധികൾ തുടങ്ങി വിജ്ഞാനാധിഷ്ഠിത ആഘോഷത്തിനാണ് തുടർന്ന് മണ്ഡലം സാക്ഷ്യംവഹിക്കുക. അഞ്ഞൂറിൽപരം കലാകാരൻമാർ ഭാഗഭാക്കാകും.
ഡിസംബർ 31നു അർധരാത്രി ശബ്‌ദ രഹിത വർണ്ണാഭ കരിമരുന്ന് പ്രയോഗത്തോടെ പുതുവർഷത്തെ വരവേറ്റുകൊണ്ട് ഫെസ്റ്റ് സമാപിക്കും. വിവിധ ദിനങ്ങളിലായി മന്ത്രിമാരും സാംസ്‌കാരിക നായകരും ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ ഫെസ്റ്റിൽ പങ്കെടുക്കും. കോവിഡ് നിബന്ധനകൾക്കനുസൃതം സാമൂഹിക അകലം പാലിച്ചും പരിസ്ഥിതി സൗഹൃദമായിട്ടുമാണ് ഫെസ്റ്റ് ആസൂത്രണം ചെയ്‌തിട്ടുള്ളത്. ലോഗോ പ്രകാശനത്തിൽ ഫെസ്റ്റ് കോ- ഓർഡിനേറ്റർ ബോണി തോമസ്, ജനറൽ കൺവീനർ എ പി പ്രിനിൽ, വക്താവ് സീമ ജി, കൺവീനർ അഡ്വ. വി പി സാബു എന്നിവർ സന്നിഹിതരായി.
ENGLISH SUMMARY:Vypin Folklore Fest: Logo released
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.