1 May 2024, Wednesday

Related news

March 21, 2024
December 10, 2023
July 26, 2023
July 13, 2023
July 1, 2023
June 15, 2023
June 14, 2023
June 3, 2023
June 1, 2023
May 19, 2023

ജലബജറ്റ്: ആദ്യ സംസ്ഥാനമായി കേരളം; നീർച്ചാലുകള്‍ ഇനിയുമൊഴുകും

Janayugom Webdesk
തിരുവനന്തപുരം
April 17, 2023 11:09 pm

ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം.
ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാന്‍ ഒഴുകട്ടെ’ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ പശ്ചിമഘട്ട നീർച്ചാൽ ശൃംഖലകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. ജലലഭ്യത കേരളത്തിൽ കുറഞ്ഞുവരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ജലസംഭരണം ഉറപ്പാക്കുകയും ജല ഉപഭോഗം കണക്കാക്കി പരിപാടികൾ ആവിഷ്‌കരിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ്, അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവയാണ് ജലബജറ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. കുടിവെള്ളത്തിന്റെ കാര്യത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും. 44 നദികളും വയലുകളും ജലാശയങ്ങളും കൊണ്ട് സമ്പന്നമാണ് കേരളം. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി കേരളത്തിലെ പല ഭാഗങ്ങളിലും വേനൽക്കാലം ആകുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയുണ്ട്. 

അനാവശ്യമായി പാഴാക്കാനുള്ളതല്ല എന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും ജലം സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി നടപ്പാക്കുന്ന പദ്ധതിയാണ് ജനകീയ ജല ബജറ്റ്. സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ പ്രതിനിധികളും വിവര സാങ്കേതിക മേഖലയിലെ വിദഗ്ധരും ഉൾപ്പെടുന്ന സമിതിയാണ് ജല ബജറ്റിന് രൂപം നൽകുന്നത്. ആദ്യഘട്ടമായി 15 ബ്ലോക്ക് പഞ്ചായത്തുകളും 94 ഗ്രാമപഞ്ചായത്തുകളുമാണ് തയ്യാറാക്കിയത്. ജലബജറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി.
‘ഇനി ഞാന്‍ ഒഴുകട്ടെ’ നീർച്ചാലുകളുടെയും പുഴകളുടെയും വീണ്ടെടുപ്പിനായി വിഭാവനം ചെയ്ത പദ്ധതിയാണ്. പദ്ധതിയുടെ ഭാഗമായി ഒന്നരലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയിൽ നൂറുകണക്കിന് ജലസ്രോതസുകൾ സംസ്ഥാന വ്യാപകമായി വീണ്ടെടുത്തു. 

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 15,119 കിലോമീറ്റർ നീർച്ചാലുകളുടെ പുനരുജ്ജീവനം സാധ്യമായി. പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന പേരിൽ പശ്ചിമഘട്ട പ്രദേശങ്ങളിലെ ഒമ്പത് ജില്ലകളിലായി 230 ഗ്രാമപഞ്ചായത്തുകളുടെ നീർച്ചാലുകളുടെ സ്ഥിതിവിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ അടയാളപ്പെടുത്തുന്ന പ്രവർത്തനമാണ് ആരംഭിച്ചിട്ടുള്ളത്. റീബിൽഡ് കേരളയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Eng­lish Sum­ma­ry: Water bud­get: Ker­ala becomes the first state

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.