23 May 2024, Thursday

Related news

May 3, 2024
April 5, 2024
March 27, 2024
March 11, 2024
March 3, 2024
March 1, 2024
January 4, 2024
July 14, 2023
July 11, 2023
November 22, 2022

രക്തസാക്ഷി സ്മരണയിൽ തിരുവമ്പാടിയിലെ പര്യടനം; ആനി രാജയ്ക്ക് ആവേശോജ്വല സ്വീകരണം

സോമൻ പിലാത്തോട്ടം
മുക്കം
March 27, 2024 9:30 pm

മുക്കം രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമകൾ നിറയുന്ന ചുവന്ന മണ്ണിൽ, അവരെ അനുസ്മരിച്ച് വയനാട് ലോക് സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജയുടെ തിരുവമ്പാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം. 1972 ജനുവരി 21‑ന് ആനയാംകുന്ന് മൈസൂർമലയിൽ ആദിവാസി ഭൂസംരക്ഷണത്തിന് നടന്ന പ്രക്ഷോഭത്തിനിടെ ജീവത്യാഗം വരിച്ച പി കെ രാമനെയും എം കെ സുകുമാരനെയും അനുസ്മരിച്ചും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയുമായിരുന്നു പര്യടനം ആരംഭിച്ചത്.

തുടർന്ന് ലിന്റോ ജോസഫ് എംഎൽഎ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും വയനാട് ലോക് സഭാ മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയുമായ ടി വി ബാലൻ, സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. പി ഗവാസ്, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ വി കെ വിനോദ്, പി കെ കണ്ണൻ, കെ മോഹനൻ മാസ്റ്റർ, കെ ഷാജി കുമാർ എന്നിവരോടൊപ്പം ആദ്യ സ്വീകരണ കേന്ദ്രമായ പന്നിക്കോട്ടേക്ക്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിനാളുകൾ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ആർ ജെ ഡി സംസ്ഥാന സെക്രട്ടറി വി കുഞ്ഞാലി സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. അടുത്ത സ്വീകരണ കേന്ദ്രമായ ചുള്ളിക്കാംപറമ്പിലെത്തിയപ്പോൾ ആനി രാജയെ കാത്ത് നിന്നത് വൻ ജനാവലി. തുടർന്ന് കൊടിയത്തൂർ, കാരശ്ശേരി (ചീപ്പാൻ കുഴി), കല്ലുരുട്ടി, മണാശ്ശേരി, മരക്കാട്ട് പുറം, കളരിക്കണ്ടി, മുരിങ്ങപ്പുറായി എന്നിവടങ്ങിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

ഉച്ചസമയ വിശ്രമത്തിന് ശേഷം കൂമ്പാറ, കൂടരഞ്ഞി, തിരുവമ്പാടി, തോട്ടത്തിൽ കടവ്, പുന്നക്കൽ, പുല്ലൂരാംപാറ, നെല്ലിപ്പൊയിൽ, കോടഞ്ചേരി, കണ്ണോത്ത്, അടിവാരം, വെസ്റ്റ് കൈതപ്പൊയിൽ, കരികുളം എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം കുപ്പായക്കോട് സമാപിച്ചു. വർണ്ണക്കുടകളേന്തിയ സ്ത്രീകളും വാദ്യമേളങ്ങളുമായിരുന്നു സ്ഥാനാർത്ഥിയെ എല്ലായിടങ്ങളിലും വരവേറ്റത്. ആനി രാജയെത്തുമ്പോൾ ആവേശത്തോടെയുള്ള മുദ്രാവാക്യം വിളികളുയർന്നു. സ്വീകരണ കേന്ദ്രങ്ങളിൽ സെൽഫിയെടുക്കാനും കൊന്നപ്പൂക്കൾ നൽകാനുമുള്ള കുട്ടികളുടെ തിടുക്കം. പ്രായമായവരുടെ സാന്നിധ്യവും കേന്ദ്രങ്ങളിൽ ആവശം വിതറി. ജനങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും ഒപ്പമുണ്ടാവുമെന്ന ആനിരാജയുടെ വാക്കുകൾ വോട്ടർമാർ ഹർഷാരവത്തോടെയാണ് ഏറ്റെടുത്തത്.

മലയോര മേഖലയിലെ കർഷകർ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കാനോ പരിഹാരം കാണാനോ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുത്തയച്ച എം പി ക്ക് സാധിച്ചിട്ടില്ലെന്ന് ആനിരാജ കുറ്റപ്പെടുത്തി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യനെ ഉപദ്രവിക്കുന്നതും കാർഷിക വിളകൾ നശിപ്പിക്കുന്നതും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മനുഷ്യരെ മതത്തിന്റെ പേരിൽ വേർ തിരിച്ച് തമ്മിൽ ശത്രുതയുണ്ടാക്കി വെറുപ്പും വിദ്വേഷവും വിതച്ച് വിളവെടുക്കുകയായിരുന്നു മോഡി സർക്കാർ. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നത് ഇടതുപക്ഷമാണ്.

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ് എംപി മാർ തയ്യാറായിട്ടില്ലെന്നും അത്തരം ആളുകളെയെല്ല നമുക്ക് വേണ്ടെതന്ന് മനസിലാക്കി വോട്ട് ചെയ്യണമെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ആനിരാജയുടെ വോട്ടഭ്യർത്ഥന. എൽഡിഎഫ് നേതാക്കളായ ഇ രമേശ് ബാബു, ജോളി ജോസഫ്, ടി എം പൗലോസ്, പി എം തോമസ്, ജോണി ഇടശ്ശേരി, മുക്കം മുഹമ്മദ്, അബ്രഹാം മാനുവൽ, നാസർ കൊളായ്, ഇളമന ഹരിദാസ്, വി കെ അബൂബക്കർ, ടി ജെ റോയ്, കെ എം അബ്ദറഹ്‌മാൻ, പി പി ജോയ്, ബേബി മണ്ണംപ്ലാക്കൽ, മാത്യു ചെമ്പോട്ടിൽ, ഗുലാം ഹുസ്സയിൻ, പി കെ രതീഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

രക്തസാക്ഷികളെ അനുസ്മരിച്ച് പര്യടനത്തുടക്കം

മുക്കം: ആദിവാസികളുടെ ഭൂമി സംരക്ഷണ സമരത്തിൽ രക്തസാക്ഷികളായ പി കെ രാമന്റെയും എം കെ സുകുമാരന്റെയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തിയായിരുന്നു ആനിരാജയുടെ പര്യടന തുടക്കം. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി വി ബാലൻ, ജില്ലാ അസി. സെക്രട്ടറി അഡ്വ. പി ഗവാസ്, മണ്ഡലം സെക്രട്ടറി കെ ഷാജികുമാർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി ജെ റോയ്, വി കെ അബൂബക്കർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ തോംസൺ മൈലാടി, പി കെ രതീഷ്, പി കെ രാമൻകുട്ടി എന്നിവർ പങ്കെടുത്തു.

പാവങ്ങളുടെ ആവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അവരോടൊപ്പം നിന്ന സഖാക്കളാണ് പി കെ രാമനും എം കെ സുകുമാരനുമെന്ന് ആനിരാജ പറഞ്ഞു. ഇവരുടെ പോരാട്ട വീര്യം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും പുതു തലമുറയ്ക്ക് ഈ പോരാട്ട വീര്യം പകർന്ന് നൽകണമെന്നും പുഷ്പാർച്ചന നടത്തിയ ശേഷം ആനി രാജ പറഞ്ഞു.

Eng­lish Sum­ma­ry: Wayanad Lok Sab­ha LDF Can­di­date Annie Raja
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.