21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ആര്‍എസ്എസ് — ബിജെപി കൂട്ടുകെട്ടിനെതിരെ പൊതുഐക്യമുന്നണി വളര്‍ത്തണം

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2022 10:40 pm

ഭരണഘടനയെയും റിപ്പബ്ലിക്കിനെയും എല്ലാത്തിനുമുപരി രാജ്യത്തെയും രക്ഷിക്കുന്നതിന് ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിനെതിരെ പൊതു ഐക്യമുന്നണി വളര്‍ത്തിക്കൊണ്ടുവരണമെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. പൂര്‍വികര്‍ പൊരുതി നേടിയ എല്ലാ നന്മകളെയും ഇല്ലാതാക്കി വര്‍ഗീയ, വിഭാഗീയ സമീപനങ്ങളും സ്വേച്ഛാധിപത്യ നടപടികളുമായി രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനാണ് ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ട് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിനെ തടയാന്‍ കൂട്ടായി രംഗത്തിറങ്ങണമെന്നും ദേശീയ കൗണ്‍സില്‍ മതേതര- ജനാധിപത്യ പ്രസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന യോഗത്തില്‍ രാമകൃഷ്ണ പണ്ട (ഒഡിഷ) അധ്യക്ഷനായി.

അടുത്ത് നടന്ന അഞ്ച് നിയമസഭാ തെര‍ഞ്ഞെടുപ്പുകളുടെ വിധിയെഴുത്ത് സിപിഐ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ഇടതു-മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങളെയും ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ അജോയ് ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2024ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ അര്‍ത്ഥവത്തായ ഫലമുണ്ടാകണമെങ്കില്‍ എല്ലാവരും ഈ വിധിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ഗൗരവതരമായ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പരസ്പരധാരണയോടെ രൂപപ്പെടുത്തുന്ന ഐക്യത്തിലൂടെ ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിനെ നേരിടാനാവുമെന്ന് രാജ കൂട്ടിച്ചേര്‍ത്തു. ഓരോ പാര്‍ട്ടികളും ജനങ്ങളുടെ വിവിധ പ്രശ്നങ്ങളേറ്റെടുത്തുകൊണ്ട് ഇടപെടുകയും തങ്ങളുടെ മുന്‍കാല ശക്തികേന്ദ്രങ്ങളിലെ സ്വാധീനം തിരിച്ചുപിടിക്കുകയും വേണം.

2014ല്‍ രാജ്യത്ത് ആരംഭിച്ച ആര്‍എസ് എസ്-ബിജെപി കൂട്ടുകെട്ടിന്റെ ദുര്‍ഭരണം ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതിനും സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നതിനും ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പൊതു ഐക്യമുന്നണി അടിയന്തര പ്രാധാന്യമുള്ളതാണെന്നും രാജ ചൂണ്ടിക്കാട്ടി. ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്ന കാര്യം പരിഗണിക്കാതെയും സംസ്ഥാനങ്ങളുമായോ ബന്ധപ്പെട്ട സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെയും വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും ലേബര്‍കോഡും അംഗീകരിച്ചതിലൂടെ അത്തരം ഏകാധിപത്യ — കേന്ദ്രീകരണ പ്രവണതകളാണ് ദൃശ്യമാകുന്നത്. ഒരു വര്‍ഷത്തിലധികം നീണ്ട പ്രക്ഷോഭത്തെയും 700ലധികം കര്‍ഷകരുടെ ജീവാര്‍പ്പണത്തെയും തുടര്‍ന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയെങ്കിലും തൊഴിലാളി വിരുദ്ധമായ ലേബര്‍ കോഡ് ഡെമോക്ലസിന്റെ വാളുപോലെ തലയ്ക്കു മുകളില്‍ തൂങ്ങുകയാണെന്നും അതാണ് കേന്ദ്ര തൊഴിലാളി സംഘടനകളെ ദ്വിദിന ദേശീയ പണിമുടക്കിന് നിര്‍ബന്ധിതമാക്കിയതെന്നും രാജ പറഞ്ഞു.

ഡിഎംകെ, ടിആര്‍എസ്, ടിഎംസി, ആംആദ്മി പാര്‍ട്ടി, ശിവസേന തുടങ്ങി ഭൂരിപക്ഷം പ്രാദേശിക പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയ്ക്കും സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നതിനെതിരെയും നിരന്തരം പരാതിപ്പെടുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗവും സംസ്ഥാനങ്ങള്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്കാത്തതും ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഉന്നയിക്കപ്പെടുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണ് ഇതിന്റെ മുന്നിലുള്ളതെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഫെഡറലിസത്തിനെതിരായ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതും എന്ന കാര്യത്തില്‍ സംശയമില്ല.

പ്രതിപക്ഷത്തെ അവിഭാജ്യ ഘടകമായി ഇടതുപക്ഷം നിലകൊള്ളുമെന്നും ആർഎസ്എസ്-ബിജെപി ഭരണത്തിന്റെ കേന്ദ്രീകൃതവും ഏകപക്ഷീയവുമായ പ്രവണതകൾക്കെതിരെയുള്ള ജനാധിപത്യ മതേതര ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ കൂട്ടായ വേദി രൂപപ്പെടുത്താൻ സിപിഐയും ഇടതുപക്ഷവും പരമാവധി ശ്രമിക്കുമെന്ന് രാജ പറഞ്ഞു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കും. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു.

Eng­lish Summary:We need to build a gen­er­al unit­ed front against the RSS-BJP alliance
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.