25 May 2024, Saturday

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഇസ്രയേല്‍ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു, കപ്പലില്‍ 17 ഇന്ത്യന്‍ ജീവനക്കാര്‍

ഹിസ്ബുള്ള റോക്കറ്റാക്രമണം ശക്തമാക്കി
Janayugom Webdesk
ജറുസലേം
April 13, 2024 9:40 pm

ഇസ്രയേൽ‑ഇറാൻ ബന്ധം ഏറ്റുമുട്ടലിന്റെ പാതയിലെത്തിയതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭീതിയിൽ. ഇസ്രയേല്‍ ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു കണ്ടെയ്‌നർ കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തു. തിരിച്ച് ഹിസ്ബുള്ള ഇസ്രയേലിലേക്ക് ആക്രമണം നടത്തി. ഇന്ന് ഇറാന്‍ ഇസ്രയേലിലേക്ക് നേരിട്ട് ആക്രമണം നടത്തിയേക്കുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ഹോർമൂസ് കടലിടുക്കിന് സമീപത്തുവച്ച് ‘എംസിഎസ് ഏരിസ്’ എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. കപ്പലിലെ 25 ജീവനക്കാരില്‍ 17 പേര്‍ ഇന്ത്യക്കാരാണ്. ഹെലികോപ്ടര്‍ ഓപ്പറേഷനിലൂടെ സെപാ നേവി സ്‌പെഷ്യൽ ഫോഴ്‌സാണ് കപ്പൽ പിടിച്ചെടുത്തതെന്ന് സൂചനയുണ്ട്. അതേസമയം കപ്പല്‍ പിടിച്ചെടുത്ത ഇറാന്റെ നടപടി ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ മുതിര്‍ന്ന ഖുര്‍ദ് സേനാ ഉദ്യോഗസ്ഥന്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഇറാൻ ഇസ്രയേലിനെതിരെ ആക്രമണത്തിന് ഒരുങ്ങുന്നത്.

വെള്ളിയാഴ്ച രാത്രിയോടെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ പിന്തുണയുള്ള സംഘടനയായ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. തെക്കൻ ലെബനനിൽ ഇസ്രയേലി സേന നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് റോക്കറ്റാക്രമണമെന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത ഹിസ്ബുള്ള പ്രസ്താവിച്ചു.
40 കത്യുഷ റോക്കറ്റുകളാണ് ഹിസ്ബുള്ള ഉപയോഗിച്ചതെന്നും നേരത്തെ ഡ്രോണുകളും ഷെല്ലുകളും പ്രതിരോധിച്ചതായും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വക്താവ് പറഞ്ഞു. ഹിസ്ബുള്ളയുടെ റോക്കറ്റുകളെ ഇസ്രയേലിന്റെ അയേൺ ഡോം പ്രതിരോധിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുണ്ട്.
ഉടൻ ആക്രമണ സാധ്യതയുണ്ടെന്ന യുഎസ്​ ഇന്റലിജൻസ്​ റിപ്പോർട്ട്​ മുൻനിർത്തി ഇസ്രയേലിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യുദ്ധമുണ്ടായാല്‍ ഇസ്രയേൽ സുരക്ഷക്കായി യുഎസ് രംഗത്തിറങ്ങുമെന്ന് സൂചനയുണ്ട്. യുഎസ്​ സെൻട്രൽ കമാന്‍ഡ് മേധാവി കഴിഞ്ഞ ദിവസം ഇസ്രയേലിൽ നേരി​ട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സഖ്യരാജ്യങ്ങൾ മുഖേന ഇറാനെ പിന്തിരിപ്പിക്കാനുള്ള നയതന്ത്ര നീക്കവും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്.

യുദ്ധ ഭീതി കനത്തതോടെ ഇ​സ്ര​യേ​ലി​ലേ​ക്കും ഇറാനിലേക്കും യാ​ത്ര ചെ​യ്യ​രു​തെ​ന്ന് ഇ​ന്ത്യ, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ​ട​ക്കമുള്ള രാ​ജ്യ​ങ്ങ​ൾ പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ്​ ന​ൽ​കിയിട്ടുണ്ട്​. ഇ​സ്ര​യേ​ലി​ലെ ത​ങ്ങ​ളു​​ടെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ ടെൽ അ​വീ​വ്, ജ​റൂ​സ​ലം, ബീ​ർ​ഷെ​ബ ന​ഗ​ര​ങ്ങ​ൾ​ക്ക് പുറത്തുപോ​ക​രു​തെ​ന്ന് യുഎ​സ് ഉ​ത്ത​ര​വി​റ​ക്കി. ഇ​റാ​ൻ, ല​ബ​നാ​ൻ, പ​ല​സ്തീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ പു​റ​പ്പെ​ട​രു​തെ​ന്ന് ഫ്രാ​ൻ​സും നിർദേശിച്ചു. എയര്‍ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ ഇറാന്‍ വ്യോമമേഖല ഒഴിവാക്കിയാണ് സര്‍വീസ് നടത്തുന്നത്. 

കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍ 

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കനത്തതോടെ കൂടുതൽ​ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക്​ വിന്യസിക്കാന്‍ യുഎസ് നടപടി തുടങ്ങി.
നാവികസേനയുടെ രണ്ട് ഡിസ്ട്രോയര്‍ ക്ലാസ് കപ്പലുകള്‍ കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് നീങ്ങി. ഹൂതി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വിന്യസിച്ച യുഎസ്എസ് കാർണിയാണ് ഇതില്‍ ഒന്ന്. മിസൈല്‍-ഡ്രോണ്‍ സംയുക്തനീക്കമായിരിക്കും ഇറാന്റേതെന്ന് യുഎസ് ഇന്റലിജന്‍സ് വിലയിരുത്തുന്നു. ഇതിനായി 100ലധികം ക്രൂയിസ് മിസൈലുകൾ അതിര്‍ത്തിയില്‍ വിന്യസിച്ചതായും യുഎസ് റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: West Asia again in fear of war; Iran seizes Israeli ship with 17 Indi­an crew on board

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.