22 November 2024, Friday
KSFE Galaxy Chits Banner 2

വേണ്ടത് വ്യക്തമായ നയതന്ത്രം

Janayugom Webdesk
September 23, 2023 5:00 am

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ ഇന്ത്യ–കാനഡ നയതന്ത്രബന്ധം വഷളാക്കിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ അനിശ്ചിതാവസ്ഥയില്‍ അയവുവന്നിട്ടില്ല. കഴിഞ്ഞ ഒമ്പതുവര്‍ഷമായി കേന്ദ്രഭരണം കയ്യാളുന്ന നരേന്ദ്രമോഡി, ഒക്കച്ചങ്ങാതിമാരെന്ന് നിരന്തരം ഉരുവിട്ടിരുന്ന അമേരിക്കയുള്‍പ്പെടെയുള്ള സാമ്രാജ്യത്വശക്തികളാകട്ടെ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള സമവായത്തിന് പകരം കാനഡയോടൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിജ്ജറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന കാനഡയുടെ പ്രഖ്യാപനമാണ് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയത്. ഇന്ത്യ രാജ്യാന്തര ധാരണകളുടെ ലംഘനമാണ് നടത്തിയതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂ‍ഡോയുടെ പ്രഖ്യാപനം. ആരോപണം നിഷേധിച്ച ഇന്ത്യ, തെളിവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് കാനഡ തയ്യാറായിട്ടില്ല. ഇന്ത്യയിലെ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം ഇതിനു തെളിവാണെന്നും രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മയായ ‘ഫെെവ് ഐസ്’ ആണ് തെളിവ് നല്‍കിയതെന്നും കാനഡ അവകാശപ്പെടുന്നു. ആരോപണത്തിനു പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇരുരാജ്യങ്ങളും പുറത്താക്കി. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിർത്തുകയും ചെയ്തു. നയതന്ത്രജ്ഞരുടെ പുറത്താക്കൽ സാധാരണമായ നടപടിയാണെങ്കിലും വിസ നിഷേധിക്കുന്നത് കനേഡിയക്കാരെ പ്രകോപിതരാക്കിയാല്‍ ഇന്ത്യന്‍ വംശജര്‍ക്ക് ഭീഷണിയാകുമോ എന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.


ഇത് കൂടി വായിക്കൂ:


20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് നിലവിൽ കാനഡയിലുള്ളത്. ഇതിൽ 80,000ത്തോളം മലയാളികളുണ്ട്. ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഖലിസ്ഥാനെ സഹായിക്കുന്ന രീതി കൈക്കൊണ്ടാൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ശേഷമാണ് കനേഡിയന്‍ പാര്‍ലമെന്റില്‍ ട്രൂഡോയുടെ ആരോപണം. ഒരുപക്ഷേ ഇന്ത്യക്കെതിരെ ആദ്യമായാണ് ഒരു രാജ്യം കൊലപാതകം ആരോപിക്കുന്നത്. ഖലിസ്ഥാൻ തീവ്രവാദി നേതാവായി രുന്ന നിജ്ജറിനെ പിടികൂടാനായി ഇന്റർപോൾ വഴി ഇന്ത്യ റെഡ് കോർണർ നോട്ടീസ് (ആർസിഎൻ) പുറപ്പെടുവിച്ചിരുന്നു. ആർസിഎൻ ഇറക്കിയാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ആണ് രാജ്യം ചെയ്യേണ്ടത്. എന്നാല്‍ ഇയാൾക്ക് പൗരത്വം നൽകുകയാണ് കാനഡ ചെയ്തതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. 2014ലായിരുന്നു ആദ്യത്തെ റെഡ് കോർണർ നോട്ടീസ്. പിന്നീട് 2016ലും പുറപ്പെടുവിച്ചു. 2015ൽ ആണ് നിജ്ജറിന് പൗരത്വം നൽകിയതെന്ന് കനേഡിയൻ മന്ത്രി തന്നെ ചൊവ്വാഴ്ച പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം പ്രസ്താവന തിരുത്തിയെങ്കിലും ദുരൂഹത മാറ്റേണ്ടതുണ്ട്. പക്ഷേ ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയ്യാറാകാത്തത് നയതന്ത്രത്തില്‍ പ്രധാനമാണ്. യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും കാനഡയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജസ്റ്റിൻ ട്രൂഡോ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും കാനഡയുടെ അന്വേഷണം നല്ലരീതിയിൽ നടന്ന് കുറ്റവാളികളെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നുമാണ് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസില്‍ പറഞ്ഞത്. തങ്ങളുടെ ആശങ്ക ഇന്ത്യയെ അറിയിച്ചുവെന്നാണ് ഓസ്ട്രേലിയയുടെ പ്രതികരണം. വിദേശനയത്തിൽ യോജിപ്പും സന്തുലിതാവസ്ഥയും നിലനിർത്തുക എന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ വലിയ വെല്ലുവിളി. കൊളോണിയൽ ഭരണകാലം മുതലേ സിഖ് വംശജർ കുടിയേറിയ രാജ്യമാണ് കാനഡ. സ്വാതന്ത്ര്യത്തിന് മുമ്പുംപിമ്പും പഞ്ചാബ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പല സമുന്നത നേതാക്കളും കാനഡയിൽ നിന്ന് തിരിച്ചുവന്നവരായിരുന്നു. ഇപ്പോഴും കനേഡിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദേശ വിദ്യാർത്ഥികളില്‍ 40 ശതമാനം ഇന്ത്യക്കാരാണ്.


ഇത് കൂടി വായിക്കൂ:യാഥാര്‍ത്ഥ്യമാകുന്നത് പ്രാപ്തരായ രണ്ടാംനിര ഉദ്യോ­ഗസ്ഥ മേധാവികൾ എന്ന സ്വപ്നം


മറിച്ച്, ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ നിക്ഷേപകരില്‍ ഒന്നാണ് കാനഡ. കഴിഞ്ഞവര്‍ഷം മാത്രം 330.6 കോടി ഡോളറാണ് നിക്ഷേപം. 600ഓളം കനേഡിയൻ കമ്പനികൾക്ക് ഇന്ത്യയിൽ സാന്നിധ്യമുണ്ട്. 1000ത്തോളം കമ്പനികള്‍ ഇന്ത്യൻ വിപണിയുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിട്ടുണ്ട്. ദേശീയ താല്പര്യം സംരക്ഷിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതോടൊപ്പം സമതുലിതമായ വിദേശനയവും നമ്മുടെ ലക്ഷ്യമായിരിക്കണം. പൊതുതത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇതൊരു കേവലനിലപാടാണെങ്കിലും പ്രായോഗികമാക്കല്‍ എളുപ്പമല്ല. കാരണം ദേശീയ താല്പര്യം നിർവചിക്കുകയെന്നത് നിസാരമായ കാര്യമല്ല. ആഗോളവൽക്കരണവും പരസ്പരാശ്രിതത്വവും ദേശീയ താല്പര്യ സങ്കല്പങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. ആഗോളീകരണം രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനപ്പുറം കൊള്ളക്കൊടുക്കകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിനാൽ, വിവേചനബുദ്ധി, യാഥാർത്ഥ്യബോധം, ദീർഘവീക്ഷണം എന്നിവ ഉപയോഗിച്ച് ദേശീയ താല്പര്യം നിലനിര്‍ത്തി വിദേശ രാജ്യവുമായി നയതന്ത്രം പുലര്‍ത്താനുള്ള കഴിവാണ് രാജ്യത്തിനിപ്പോള്‍ വേണ്ടത്. ചേരിചേരാനയത്തിന്റെ ശക്തമായ പുനരവതരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.