25 May 2024, Saturday

ഒരു പുതിയ പെൻഷൻ സംഘടന പിറവിയെടുക്കുമ്പോൾ

ചന്ദ്രസേനന്‍ പി
August 14, 2022 5:15 am

ലോകമെമ്പാടും പെൻഷൻ സമ്പ്രദായം അട്ടിമറിക്കാനുള്ള ബോധപൂർവവും ആസൂത്രിതവുമായ ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറുന്നുണ്ട്. കേരളത്തിലും ഇതിന്റെ അലയൊലികൾ കേൾക്കാം. എന്നാൽ പല കാര്യത്തിലുമെന്നപോലെ പെൻഷൻ സമ്പ്രദായത്തിന്റെ അട്ടിമറി ശ്രമങ്ങൾക്കും പെൻഷൻകാരോട് കാട്ടുന്ന അവഗണനകൾക്കും അവകാശ നിരാസങ്ങൾക്കും എതിരായി രാഷ്ട്രീയ താല്പര്യങ്ങളാൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് പല സംഘടനകളും തയാറാവുന്നില്ല. ഈ സാഹചര്യത്തിലാണ് കക്ഷിരാഷ്ട്രീയ ചിന്തകൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്കും അതീതമായി കേരളത്തിലെ സർക്കാർ സർവീസിൽ നിന്നും യൂണിവേഴ്‌സിറ്റികളിൽ നിന്നും എയ്ഡഡ് വിദ്യാഭ്യാസ മേഖലകളിൽ നിന്നും വിരമിച്ചവരുടെ അവകാശ പോരാട്ടങ്ങൾക്ക് ഭരണത്തിന്റെ കൊടിയടയാളം നോക്കാതെ നേതൃത്വം നല്കുന്നതിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ (കെഎസ്എസ്‌പിസി) എന്ന പുതിയ സംഘടനയ്ക്ക് രൂപം നല്കുന്നത്. 2022 ഓഗസ്റ്റ് 16ന് തിരുവനന്തപുരത്ത് അയ്യൻകാളി ഹാളില്‍ നടക്കുന്ന സംസ്ഥാന കൺവെൻഷനിൽ സംഘടനയുടെ പിറവി സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിക്കും.
‘പെയ്മെന്റ്’ എന്ന അർത്ഥം വരുന്ന ലാറ്റിൻ പദമായ ‘പെൻസിയോ‘യിൽ നിന്നാണ് പെൻഷൻ എന്ന വാക്ക് ഉണ്ടായത്. രാജ ഭരണകാലത്തും ഫ്യൂഡൽ വ്യവസ്ഥിതിയിലും പൗരോഹിത്യ മേൽക്കോയ്മയിലും കാര്യമായ ക്ഷേമ, ആ­ശ്വാസ പ്രവർത്തനങ്ങളൊന്നും പൊതുസമൂഹത്തിനുവേണ്ടിയും ജീവനക്കാർക്കുവേണ്ടിയും ചെ­യ്തിരുന്നില്ല. രാജാവിനെയും രാജ്യത്തെയും സംരക്ഷിച്ചിരുന്ന പട്ടാളക്കാർക്ക് അ­ഗസ്റ്റസ് സീസർ എന്ന റോമൻ ചക്രവർത്തിയാണ് എഡി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദ്യമായി പെ­ൻഷൻ നൽകിയത്. വൃദ്ധജനങ്ങൾക്ക് വാർധക്യകാലത്ത് പെൻഷൻ നൽകിയിരുന്നതായി മഹാഭാരതത്തിലും പറയുന്നുണ്ട്. പ്രജാതല്പരനായ യുധിഷ്ഠിരൻ ഇന്ദ്രപ്രസ്ഥം വാണിരുന്ന കാലത്താണ് വയോജന പെൻഷനായ ‘വാർധൃഷി’ ഏർപ്പെടുത്തിയത്.


ഇതുകൂടി വായിക്കൂ: ജനപ്രതിനിധികള്‍ക്ക് ഒറ്റപെന്‍ഷന്‍


മുഗൾ ചക്രവർത്തിമാർ അവരുടെ ഉദ്യോഗസ്ഥർക്ക് നല്കിയിരുന്ന പെൻഷന് ‘മാലിഖാൻ’ എന്നാണ് പറഞ്ഞിരുന്നത്. തിരുവിതാംകൂർ രാജാക്കന്മാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് പെൻഷൻ മാത്രമല്ല സ്ത്രീകളെയും നല്കിയിരുന്നു എന്ന് മനു എസ് പിള്ളയുടെ ‘ദന്തസിംഹാസനം’ എന്ന ചരിത്ര പുസ്തകത്തിൽ പറയുന്നു. ഇങ്ങനെ ‘ഗൗരി ലക്ഷ്മിഭായിയുടെ കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും അടുത്തൂണും മാത്രമല്ല സ്ത്രീകളെയും കൂട്ടിനു കൊടുത്തിരുന്നെങ്കിൽ സേതുലക്ഷ്മിയുടെ കാലമായപ്പോഴേക്കും ഈ സമ്പ്രദായത്തിന്റെ അവസാന ശേഷിപ്പുകൂടി ഇല്ലാതായിക്കഴിഞ്ഞിരുന്നു.
ലോകവ്യാപകമായി പെൻഷൻ സമ്പ്രദായം ഗുരുതരമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പൊതുവേ പെൻഷൻ കൊടുക്കാൻ മിക്ക വികസിത രാജ്യങ്ങളും തയാറല്ല. ജോലി ചെയ്താൽ ശമ്പളം കൊടുക്കാം. അധ്വാനത്തിന് കൂലിയാകാം, അധ്വാനശേഷി നശിച്ചാൽ കൂലിയില്ല. വിരമിച്ചു കഴിഞ്ഞാൽ പിന്നെ അധികനാൾ പെൻഷൻ നല്കേണ്ട സ്ഥിതി ഉണ്ടാവരുതെന്നതാണ് പുതിയ സമീപനം. ഫ്രാൻസിലും ജർമ്മനിയിലും ഇംഗ്ലണ്ടിലും അമേരിക്കയിലും എല്ലാം പെൻഷൻ പ്രായം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെൻഷൻ പ്രായവർധനവിനെതിരെ ഫ്രാൻസിൽ നടന്നത് ഐതിഹാസിക സമരമായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ഏതാണ്ട് ഇതേ മനോഭാവത്തോടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പെൻഷൻ പ്രായം വർധിപ്പിച്ചുകൊണ്ടല്ല തല്ക്കാലം ഈ നടപടിയിലേക്ക് നീങ്ങിയതെന്നു മാത്രം. സ്റ്റാറ്റ്യൂട്ടറി പെൻഷൻ എന്ന് വിളിക്കുന്ന ഡിഫൈൻഡ് ബെനിഫിറ്റ് പെൻഷൻ സ്കീം നിർത്തലാക്കി പങ്കാളിത്ത പെൻഷൻ എന്നു വിളിക്കുന്ന കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം 2004 ഏപ്രിൽ മുതൽ നടപ്പിലാക്കി. ആയുസിന്റെ നല്ലകാലം കർമ്മശേഷി മുഴുവൻ സർക്കാരിനുവേണ്ടി വിനിയോഗിച്ചതിനു ശേഷം സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകുന്ന ബാധ്യതയിൽ നിന്നും സർക്കാർ ഒഴിഞ്ഞു മാറുകയാണുണ്ടായത്.


ഇതുകൂടി വായിക്കൂ: പ്രതിരോധിക്കാനും പിന്തുണയ്ക്കാനുമുളള പോരാട്ടം


കേരളത്തിലും 2013 ഏപ്രിൽ മുതൽ യുഡിഎഫ് സർക്കാർ കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായം നടപ്പിലാക്കി. രണ്ടാം ഇടതു ജനാധിപത്യ മുന്നണി സർക്കാർ കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനഃപരിശോധിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ടു സമർപ്പിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി റിപ്പോർട്ടു നൽകിയെങ്കിലും അത് നടപ്പിലാക്കുന്നതിന് വേണ്ടത്ര ആത്മാർത്ഥത കാണിക്കുന്നില്ല. കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായം നിലവിൽ വന്നതോടെ പെൻഷൻ പരിഷ്കരണമോ പെൻഷൻ കമ്മ്യൂട്ടേഷനോ വിലവർധനവിലൂടെ യഥാർത്ഥ പെൻഷനിൽ ഉണ്ടാകുന്ന മൂല്യശോഷണം ക്ഷാമാശ്വാസം നല്കി കാലാകാലങ്ങളിൽ സമീകരിച്ചു നൽകുകയോ ഒന്നും ഉണ്ടാവില്ല. പങ്കാളിത്ത പെൻഷൻഷനിലെ ഇത്തരം പോരായ്മകൾ കണക്കിലെടുത്ത് രാജസ്ഥാൻ, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങൾ പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങി പോവുകയുണ്ടായി. മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ജീവനക്കാർ പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങി പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിലാണ്.
സർക്കാരിന്റെ വിവിധ സർവീസുകളിൽ നിന്നും വിരമിച്ചവർക്ക് നല്കുന്ന പെൻഷൻ തൊഴിൽ ദാതാവായിരുന്ന സർക്കാരിന്റെ ഔദാര്യമോ സൗമനസ്യ പ്രകടനമോ സമ്മാനമോ അല്ല. കർമ്മശേഷി നശിച്ച ജീവിതസായാഹ്നത്തിൽ നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് നല്കുന്ന പെൻഷൻ അവന്റെ തന്നെ ജോലിക്കൂലിയുടെ ഭാഗമാണ്. സേവനകാലത്ത് ലഭിക്കേണ്ടിയിരുന്ന ശമ്പളത്തിന്റെ/വേതനത്തിന്റെ 25ശതമാനത്തിൽ അധികം പ്രതിമാസം മാറ്റിവച്ചിരുന്ന തുകയാണ് പിന്നീട് പെൻഷൻ ആയി നല്കുന്നത്.
ഇന്ത്യൻ ഭരണഘടനയും പെൻഷൻ എന്നതിനെ ശമ്പളം ആയിട്ടു തന്നെയാണ് കണക്കാക്കിയിട്ടുള്ളത്. ഭരണഘടനയിൽ പെൻഷന് നൽകിയിരിക്കുന്ന നിർവചനം ഇങ്ങനെയാണ്. [ആർട്ടിക്കിൾ 366(17)] ഹിന്ദിയിൽ സേവാ നിവൃത്തി വേതൻ എന്നും ഇംഗ്ലീഷിൽ റിട്ടയേഡ് പെ എന്നും മലയാളത്തിൽ സേവന വിരാമ ശമ്പളം എന്നുമാണ് പറഞ്ഞിരിക്കുന്നത്. അതായത് ജീവനക്കാരുടെ സേവനം അവസാനിക്കുമ്പോൾ നല്കിത്തുടങ്ങുന്ന ശമ്പളമാണ് പെൻഷൻ എന്നാണല്ലോ ഇതിൽ നിന്നു മനസിലാക്കേണ്ടത്. ഭരണഘടനയുടെ നാല്പത്തി ഒന്നാം വകുപ്പു കൂടി ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. ഭരണഘടനയുടെ ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വിവിധങ്ങളായ ക്ഷേമ പെൻഷനുകൾ നൽകിപ്പോരുന്നത്. കേരള സർവീസ് ചട്ടങ്ങളിൽ (കെഎസ്ആര്‍) പാർട്ട് 1 റൂൾ 146ൽ നിന്നും മനസിലാകുന്നതും പെൻഷൻ മാറ്റിവച്ച ശമ്പളം തന്നെയാണെന്നാണ്.


ഇതുകൂടി വായിക്കൂ: ജനജീവിതം ദുരിതത്തിലാഴ്ത്തുന്ന കേന്ദ്ര നയം


സ്ഥിരം തൊഴിൽ എന്ന ഏർപ്പാടേ വേണ്ട എന്നതാണ് ആധുനിക മുതലാളിത്ത സമൂഹത്തിന്റെ നിലപാട്. ജോലികളെല്ലാം കോൺട്രാക്ട് അടിസ്ഥാനത്തിലോ ദിവസവേതന അടിസ്ഥാനത്തിലോ ചെയ്യിക്കുക. അല്ലെങ്കിൽ ജോലി ഘടകങ്ങളായി വിഭജിച്ച് പലരെക്കൊണ്ട് ചെയ്യിക്കുക. ഈ രീതിയിൽ പണികൾ ചെയ്യിക്കുമ്പോൾ അവധി ശമ്പളമോ ബോണസോ പെൻഷനോ മെഡിക്കൽ അവധിയോ ഒന്നും നൽകേണ്ടതില്ല. തൊഴിലുടമയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ആദായകരമായ രീതിയാണ്.
ഇപ്പോൾ ഒരേ റാങ്കിൽ വിരമിച്ചവർക്ക് ഏതുകാലത്തും ഒരേ പെൻഷനും ശമ്പള പരിഷ്കരണത്തോടൊപ്പം കാലാകാലങ്ങളിൽ പെൻഷൻ പരിഷ്കരണവും വിലവർധനവുമൂലമുളള മൂല്യശോഷണം നികത്താൻ ഡിയർനസ്‌പേ നല്കലും പെൻഷൻകാരുടെ സാമ്പത്തിക സ്ഥിതിയും സാമൂഹ്യാവസ്ഥയും നിലവിൽ മെച്ചപ്പെടുത്തുകയുണ്ടായി. മൂലധന ശക്തികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ പുത്തൻ സാമ്പത്തിക നയവും പങ്കാളിത്ത പെൻഷൻ നയവുമെല്ലാം വരും തലമുറയിലെ പെൻഷൻകാരെ നിത്യ ദുരിതത്തിലേക്ക് തള്ളിവിടുന്നതായിരിക്കും. ഇതിനെതിരായി പ്രതിരോധ കോട്ട തീർക്കുന്ന ശ്രമങ്ങളിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിലിന് നിർണായക പങ്കുവഹിക്കാനാകും. അതിനായി ഓരോ പെൻഷണറും മുന്നിട്ട് ഇറങ്ങേണ്ട സമയമായിരിക്കുന്നു.

(കെഎസ്‌എസ്‌പിസി സംസ്ഥാന അഡ്ഹോക്ക് കമ്മറ്റി ട്രഷറർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.