26 April 2024, Friday

ജനജീവിതം ദുരിതത്തിലാഴ്ത്തുന്ന കേന്ദ്ര നയം

കെ പി ശങ്കരദാസ്
April 17, 2022 7:00 am

ജനജീവിതത്തെ കഠിനമായി വലച്ചു കൈവിട്ടു കുതിക്കുന്ന തൊഴിലില്ലായ്മയും പട്ടിണിയും കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മുപ്പതുകോടി ജനങ്ങൾ വിശന്ന വയറുമായി ഉറങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ ജനങ്ങളോടൊപ്പം നിൽക്കേണ്ട സർക്കാർ അവരെ കൂടുതൽ ദുരിതത്തിലാഴ്ത്തുന്ന നടപടികൾക്കാണ് മുൻഗണന നൽകിക്കൊണ്ടിരിക്കുന്നത്. ദീർഘകാലത്തെ അധ്വാനത്തിനു ശേഷം സർവീസിൽ നിന്ന് പിരിഞ്ഞുപോയിട്ടുള്ളവര്‍ക്കും സർവീസിലുള്ള സ്വകാര്യ‑പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ലഭിച്ചുകൊണ്ടിരിക്കുന്ന തുച്ഛമായ പെൻഷനും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറച്ച് വൻകിട കുത്തകകൾക്ക് അധികലാഭം കൈവരിക്കാൻ അവസരമൊരുക്കുകയാണ് മോഡി സർക്കാർ. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നിലപാടിൽ നിന്നുള്ള വ്യക്തമായ വ്യതിയാനമാണിത്.

തൊഴിലാളികളുടെ കടുത്ത എതിർപ്പിനെ വകവയ്ക്കാതെ നിലവിലുള്ള പിഎഫ് പലിശ നിരക്ക് 8.5 ശതമാനത്തിൽ നിന്നും 8.1 ശതമാനമായി കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. സാമൂഹ്യ സുരക്ഷ പദ്ധതികളെ ഒന്നൊന്നായി കശാപ്പു ചെയ്യുന്ന നരേന്ദ്രമോഡി സർക്കാർ നടത്തിയ ഒടുവിലത്തെ പാതകമായി മാറിയിരിക്കുകയാണിത്. ചില മാധ്യമങ്ങൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിനെ സ്ഥാനത്തും അസ്ഥാനത്തും പുകഴ്ത്തുന്ന വിവിധ കേന്ദ്രങ്ങൾ പോലും തൊഴിലാളികളുടെയും പെൻഷൻകാരുടെയും കീശ കവരുന്നതിനെ കഠിനമായി വിമർശിക്കുകയുണ്ടായി. സ്വകാര്യ ചെറുകിട സ്ഥാപനങ്ങളിലും സർക്കാരിതര സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്താൻ വേണ്ടിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമവും എംപ്ലോയീസ് പെൻഷൻ പദ്ധതിയും രാജ്യത്ത് നടപ്പാക്കിയത്. വേതനത്തിൽ നിന്നും ഒരു തുക മാസംതോറും വകമാറ്റിയാണ് തൊഴിലാളികളുടെ പിഎഫ് ഗഡുവടയ്ക്കുന്നത് എന്നതിനാൽ ഈ പദ്ധതിക്കായി ഗവൺമെന്റിന് വലിയ സാമ്പത്തിക ബാധ്യത വരുന്നില്ല എന്നിരിക്കെ പലിശനിരക്ക് കുറയ്ക്കാൻ സർക്കാരിന് ധാർമ്മികമായി അവകാശമില്ലെന്ന് ചുരുക്കം.


ഇതുകൂടി വായിക്കൂ: ജയിലല്ല, ജാമ്യമാണ് നിയമം


പിഎഫ് വരിക്കാരുടെ കുറഞ്ഞ പെൻഷൻ വർധിപ്പിക്കണമെന്നും ശമ്പളത്തിന് ആനുപാതികമായി പെൻഷൻ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ നിക്ഷേപത്തിന് കിട്ടിക്കൊണ്ടിരുന്ന പലിശ കുറയ്ക്കുകയായിരുന്നു. ഈ സാമ്പത്തിക വർഷം 9.42 ലക്ഷം കോടിയായിരുന്നു നിക്ഷേപം. പലിശ 8.5 ശതമാനമായിരുന്നപ്പോൾ ഇതിൽ നിന്നും കിട്ടിയ വരുമാനം 77,000 കോടിയായിരുന്നു.
നിലവിൽ 6.43 കോടി തൊഴിലാളികളാണ് പിഎഫ് പദ്ധതിയിൽ അംഗങ്ങൾ. പെൻഷൻകാരുടെ എണ്ണം 72.28 ലക്ഷം. ഇപ്പോഴത്തെ നടപടിയിലൂടെ നാലരപ്പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് നിലവിൽ വന്നിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ നിക്ഷേപ സ്ഥാപനങ്ങളിൽ ഒന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. 16 ലക്ഷം കോടി രൂപയുടെ ഫണ്ടാണ് ഇവർ കൈകാര്യം ചെയ്യുന്നത്.

മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം ഭരണകക്ഷിയുടെ ദുരുപദിഷ്ട താല്പര്യങ്ങൾ നടപ്പാക്കാൻ ഇപിഎഫ്ഒയെ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. തൊഴിലാളികളുടെ പണം ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ സ്ഥാപനത്തെ നിർബന്ധിതമാക്കി. വൻലാഭം കിട്ടുമെന്ന് പറഞ്ഞാണ് സ്ഥാപനത്തിന്റെ പക്കലുണ്ടായിരുന്ന മൊത്തം തുകയുടെ 15 ശതമാനം ഓഹരി വിപണിയിൽ നിക്ഷേപിച്ചത്.
പിഎഫ് നിക്ഷേപം പൂർണമായി ഓഹരി വിപണിക്ക് വിട്ടുകൊടുക്കുകയെന്നതാണ് ലക്ഷ്യം. അതിന്റെ മുന്നോടിയായിട്ടാണ് ഈ നടപടിയെന്നാണ് വിമർശനം. ശേഷിക്കുന്ന പിഎഫ് നിക്ഷേപത്തിന്റെ 85 ശതമാനവും ഇപ്പോൾ സർക്കാർ ബാങ്കുകളിലും സെക്യൂരിറ്റികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുന്നതോടെ പിഎഫ് നിക്ഷേപത്തിന് ഇന്നുള്ള ഭദ്രത നഷ്ടപ്പെടും. എപ്ലോയീസ് പ്രൊവിഡന്റ് ഓർഗനൈസേഷനിലെ നിക്ഷേപം ഇന്ത്യയിലെ ഏറ്റവും വലിയ റിട്ടയർമെന്റ് നിധിയാണ്.

ഓഹരി വിപണിയിൽ നിന്നുള്ള വരുമാനം കുറഞ്ഞെന്നും കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഒട്ടേറെപ്പേർ പണം പിൻവലിച്ചെന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ഇതുവരെ 24.77 കോടി തൊഴിലാളികളാണ് ഇപിഎഫിൽ അംഗങ്ങളായത്. 2020 മാർച്ചിലെ കണക്കനുസരിച്ച് 14.36 സജീവ അംഗങ്ങളാണുള്ളത്. 1989 മുതൽ 2001 വരെ 12 ശതമാനം പലിശ കൊടുത്തിരുന്നതാണ് പടിപടിയായി വെട്ടിക്കുറച്ച് 8.1 ശതമാനത്തിലെത്തിച്ചിരിക്കുന്നത്.
ഏഴു കോടിയില്പരം കുടുംബങ്ങളിലെ 35 കോടിയോളം ആളുകൾക്കാണ് സർക്കാർ തീരുമാനം ആഘാതമേല്പിക്കുന്നത്. മൂന്നു പതിറ്റാണ്ട് മുൻപ് നിശ്ചയിച്ച ആയിരം രൂപയാണ് മിനിമം പെൻഷനായി ഇപ്പോഴും നൽകുന്നത്. ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ തുക തുച്ഛമായ കാശ് മാത്രമാണ്.

രാജ്യത്തെ മൊത്തം തൊഴിൽസേനയുടെ 94 ശതമാനം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കിട്ടുന്നതിനേക്കാൾ വളരെ കുറഞ്ഞ വേതനമാണ് ഇപിഎഫ് പദ്ധതിയുടെ കീഴിൽ വരുന്ന സംഘടിതമേഖലാ തൊഴിലാളികൾക്ക് ലഭിക്കുന്നത്. പിഎഫ് പലിശയുടെ 0.4 ശതമാനം അവരെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്. അതേസമയം, 2020–21 ൽ മാത്രം ഇപിഎഫ്ഒയിൽ 08.29 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. 8.5 ശതമാനം പലിശ നൽകിയിട്ടും വരുമാനം 76,768 കോടി രൂപയായിരുന്നു.
പലിശ കുറയ്ക്കുന്നതിലൂടെ ഇപിഎഫ്ഒ ബോർഡിന് ഉണ്ടാകുന്ന നേട്ടമാകട്ടെ 450 കോടി രൂപ. അവർ കൈകാര്യം ചെയ്യുന്ന പണവുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് നാമമാത്രമായ തുകയാണ്. തൊഴിലാളികളുടെ പണം ഓഹരി വിപണിയിലെ ചൂതാട്ടത്തിന് എറിഞ്ഞുകൊടുക്കുകയെന്ന കേന്ദ്രഗവൺമെന്റിന്റെ വഴിപിഴച്ച നയത്തിന് തൊഴിലാളികൾ പിഴ മൂളണമെന്നത് കടുത്ത അനീതിയാണ്.
പണപ്പെരുപ്പവും വിലക്കയറ്റവും മൂലം തൊഴിലാളികളും പെൻഷൻകാരും നരകയാതന അനുഭവിക്കുമ്പോൾ പിഎഫ് പലിശ കുറയ്ക്കുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. പെൻഷൻ ഔദാര്യമല്ല, അവകാശമാണെന്ന് വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും നിരവധി തവണ വിധിന്യായം പുറപ്പെടുവിച്ചതും സർക്കാർ മനപ്പൂർവം വിസ്മരിക്കുകയാണ്.


ഇതുകൂടി വായിക്കൂ: എല്ലാവരും സത്യം മാത്രം പറയുന്നു,നുണകൾ പെരുകുന്നു


 

ഉയർന്ന ശമ്പളമുള്ളവർക്ക് ആനുപാതികവിഹിതത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ എന്നതിനു പകരം നിക്ഷേപത്തിന് ആനുപാതികമായ പെൻഷൻ എന്ന അന്യായമായ രീതി അടിച്ചേല്പിക്കാനും നീക്കം ആരംഭിച്ചിരിക്കുകയാണ്. പിഎഫ് പെൻഷന് 15,000 രൂപ ശമ്പള പരിധി നിശ്ചയിച്ച വ്യവസ്ഥ 2018 ൽ ഹൈക്കോടതി റദ്ദു ചെയ്യുകയും ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിധിക്കെതിരെ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയും 2019‑ൽ സുപ്രീം കോടതി തള്ളി. തുടർന്ന് പിഎഫ് കമ്മിഷണർ പുനഃപരിശോധന ഹർജിയും സമാന്തരമായി തൊഴിൽ മന്ത്രാലയവും ഹർജി നൽകി. ഈ രണ്ടു ഹർജികളും സുപ്രീം കോടതി പരിശോധിക്കുകയും കേരള ഹൈക്കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഉയർന്ന ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ കഴിഞ്ഞ ഓഗസ്റ്റിൽ മാറ്റിവയ്ക്കുകയുമായിരുന്നു. പുതിയ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പലിശ കുറച്ച് തൊഴിലാളികളെയും പെൻഷൻകാരെയും ദ്രോഹിക്കുന്നതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ആർത്തിരമ്പുകയാണ്. ഇങ്ങനെയൊരു കടുത്ത തീരുമാനം അടിച്ചേല്പിക്കുന്നത് ക്രൂരത തന്നെ. “ജീവിത വിശ്രമകാലത്ത് സാമ്പത്തിക സുരക്ഷിതത്വം അർഹിക്കുന്നവരുടെ വയറ്റത്തടിച്ചുള്ള തീരുമാനത്തെ സാധൂകരിക്കാൻ ന്യായവാദങ്ങൾ എന്തൊക്കെ നിരത്തിയാലും അതിനൊന്നും മാനുഷികതയുടെ കാഴ്ചയിൽ ന്യായീകരണമില്ല” എന്ന പ്രമുഖ പത്രത്തിലെ മുഖപ്രസംഗത്തിലെ വാക്കുകളും സർക്കാരിനെ തെറ്റുതിരുത്താൻ പ്രേരിപ്പിക്കേണ്ടതാണ്. കോർപറേറ്റുകളോടും സ്വകാര്യ മൂലധന ശക്തികളോടുമുള്ള അമിതാവേശം മൂലമാണ് ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങൾ ഒന്നൊന്നായി നിഹനിക്കാനുള്ള നടപടികൾക്ക് ഒന്നാം നരേന്ദ്രമോഡി സർക്കാർ തുടക്കം കുറിച്ചത്.

ഭൂരിപക്ഷത്തോടെ രണ്ടാംമൂഴം ലഭിച്ചതോടെ തൊഴിലാളികളുടെ സംഘടിതശക്തിയെ മുച്ചൂടും മുടിക്കാനുള്ള പടക്കോപ്പുമായി നീങ്ങുകയാണ്. നിരവധി ദശകങ്ങളിലെ യാതനാനിർഭരമായ പോരാട്ടങ്ങളിലൂടെ തൊഴിലാളി വർഗം നേടിയെടുത്ത അവകാശങ്ങൾ പൂർണമായി ഉന്മൂലനം ചെയ്യാൻ വേണ്ടിയാണ് പുതിയ ലേബർ കോഡ് പടച്ചുണ്ടാക്കിയത്. ഇന്ത്യയിലെ ദരിദ്രരുടെ എണ്ണത്തിൽ രൂക്ഷമായ വർധനവുണ്ടായത് നരേന്ദ്ര മോഡിയുടെ ഭരണകാലത്താണ്. 2020 വരെയുള്ള എട്ടു വർഷത്തിനിടയിൽ ദാരിദ്യ്രനിരക്കിൽ 76 ദശലക്ഷത്തിന്റെ വർധനവ് ഉണ്ടായതായാണ് പഠന റിപ്പോർട്ട് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.