23 December 2024, Monday
KSFE Galaxy Chits Banner 2

പാദരക്ഷകള്‍ക്ക് ഗുണനിലവാരം നിശ്ചയിക്കപ്പെടുമ്പോള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
May 25, 2022 5:30 am

മ്മുടെ രാജ്യത്ത് നിര്‍മ്മിക്കപ്പെടുന്ന പാദരക്ഷകള്‍ക്ക് നിശ്ചിത ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ട് കേന്ദ്ര വ്യവസായ, വാണിജ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിശ്ചയിക്കുന്ന ഗുണനിലവാരമാണ് 2022 ജനുവരി ഒന്നു മുതല്‍ നിലവില്‍ വന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമായി ലെെസന്‍സ് സമ്പാദിച്ച നിര്‍മ്മാതാക്കളുടെ ഉല്പന്നങ്ങള്‍ മാത്രമാണ് വിപണിയില്‍ എത്തിക്കാന്‍ സാധിക്കുക. അവയില്‍ ബിഐഎസ് അടയാളവുമുണ്ടാവണം. ഈ മാനദണ്ഡങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന പാദരക്ഷകള്‍ക്ക് ബാധകമല്ല. ഗുണനിലവാരമില്ലാത്ത പാദരക്ഷകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിക്കുക എന്നതും ഈ നിയമനിര്‍മ്മാണത്തിന് ഒരു കാരണമാണ് എന്ന് കേന്ദ്ര വ്യവസായ, വാണിജ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ലോകത്ത് പാദരക്ഷകളുടെ ഉല്പാദനത്തിലും, തുകല്‍ ഉല്പന്നങ്ങളുടെ കയറ്റുമതിയിലും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ ചെരുപ്പു നിര്‍മ്മാതാക്കളെ ഈ പുതിയ ഉത്തരവ് എങ്ങനെയാണ് ബാധിക്കുക?


ഇതുകൂടി വായിക്കൂ:   ജനങ്ങളുടെ തലയില്‍ വീണ്ടും ആഘാതം


പുരാതനകാലത്തെ പാദുകങ്ങള്‍ മുതല്‍ രജപുത്രനും മുഗളന്മാരും ഉപയോഗിച്ചിരുന്ന മൊജാരിഡ്, ജൂട്ടി തുടങ്ങിയ തൊങ്ങലുകള്‍ വച്ച തുകല്‍ ചെരുപ്പുകള്‍, 18-ാം നൂറ്റാണ്ടു മുതല്‍ ഇന്നുവരെ ജനപ്രിയമായി നില്ക്കുന്ന കോലാപ്പുരി ചെരുപ്പുകള്‍ തുടങ്ങി ഇന്ത്യക്ക് പാദരക്ഷകളുടെ നിര്‍മ്മാണത്തിന് വളരെ ദീര്‍ഘമായ പാരമ്പര്യമുണ്ട്. 20-ാം നൂറ്റാണ്ടിന്റെ തുടക്കകാലം വരെ ഈ വ്യവസായം പൂര്‍ണമായും കുടില്‍ വ്യവസായമായിരുന്നു. ഏറ്റവും ദുര്‍ബലരായ, അങ്ങേയറ്റം പിന്നാക്കാവസ്ഥയില്‍ കഴിഞ്ഞിരുന്ന ദളിത് ജനവിഭാഗമാണ് തുകല്‍ പാദരക്ഷകള്‍ നിര്‍മ്മിച്ചിരുന്നത്. ആഗ്രയിലും പരിസരങ്ങളിലുമുള്ള കുടിലുകളില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ദരിദ്രരും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുമായവര്‍ നിര്‍മ്മിക്കുന്ന തുകല്‍ പാദരക്ഷകളും ഷൂസുകളും ലോക കമ്പോളങ്ങളില്‍ വന്‍കിട കമ്പനികള്‍ സ്വന്തം ബ്രാന്‍ഡില്‍ വിറ്റഴിക്കുമ്പോഴും ചത്ത പശുവിന്റെ തുകലെടുക്കാന്‍ പോവുന്ന ദളിതര്‍ നികൃഷ്ടമായി ആക്രമിക്കപ്പെടുന്നു. 2021 ഡിസംബറിലെ കണക്കുകളനുസരിച്ച് ഇന്ത്യയിലെ പ്രമുഖ തുകല്‍ പാദരക്ഷാനിര്‍മ്മാതാക്കളായ ബാറ്റ ഇന്ത്യക്ക് 1708 കോടിയും റിലാക്സോ ഫുട്‌വെയറിന് 2359 കോടിയും മിര്‍സ ഇന്റര്‍നാഷണലിന് 1048 കോടിയും വിറ്റുവരവുണ്ട്. ഇവരുടെയൊക്കെ തുകല്‍ ഫാക്ടറികളിലേക്ക് തുകല്‍ ശേഖരിക്കുന്ന അധഃകൃതര്‍ക്കാകട്ടെ ചാട്ടവാറടിയാണ് ആത്മനിര്‍ഭര്‍ ഭാരതത്തിലെ കൂലി.


ഇതുകൂടി വായിക്കൂ: ഫാസിസ്റ്റ് മൂലധനശക്തികളും കർമ്മഫലവും


2020ലെ ഇന്ത്യയിലെ ചില്ലറ വ്യാപാരത്തിന്റെ കണക്കനുസരിച്ച് ചെരുപ്പ് വ്യവസായത്തിന്റെ ഷെയര്‍ 1.5 ശതമാനമാണ്. 2020ല്‍ മാത്രം 2056 ബില്യണ്‍ പാദരക്ഷകള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടു. അതേസമയം 2021ല്‍ ഈ വില്പനയില്‍ കോവിഡ് കാരണം 35 ശതമാനം കുറവുണ്ടായി. ഒരു ഇന്ത്യക്കാരന്‍ ശരാശരി ഒരു വര്‍ഷത്തില്‍ രണ്ട് ജോടി ചെരുപ്പുകളാണ് ഉപയോഗിക്കുന്നത്. ലോക ശരാശരി മൂന്ന് ജോടിയും അമേരിക്കയില്‍ എട്ട് ജോടിയും ജപ്പാനില്‍ ആറ് ജോടിയുമാണ് വാര്‍ഷിക ഉപയോഗം. നമ്മുടെ മെട്രോ നഗരങ്ങളിലാണ് പ്രമുഖ ബ്രാന്‍ഡ് പാദരക്ഷകള്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. നഗരങ്ങളിലെ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പാദരക്ഷകള്‍, വാച്ചുകള്‍, വസ്ത്രങ്ങള്‍ ഇവയെല്ലാം സ്റ്റാറ്റസ് സിംബലുകളായതിനാല്‍, വലിയ ഷോറൂമുകളും ഓണ്‍ലെെന്‍ വ്യാപാരവും കൂടുതലാണ്. പക്ഷെ, ഈ വലിയ ബ്രാന്‍ഡുകളും ഓണ്‍ലെെന്‍ വ്യാപാരവുമെല്ലാം ചേര്‍ന്നാലും അത് മൊത്തം മാര്‍ക്കറ്റിന്റെ 30.6 ശതമാനം മാത്രമെ ആവുന്നുള്ളു. ബാക്കിയുള്ള 69.4 ശതമാനം, ഏതാണ്ട് 294 ബില്യണ്‍ രൂപയുടെ കച്ചവടം നടക്കുന്നത് ഒട്ടും സംഘടിതമല്ലാത്ത ചെറിയ കടകളില്‍ അവര്‍ തന്നെ കുടില്‍ വ്യവസായമായി നിര്‍മ്മിക്കുന്നതോ, അല്ലെങ്കില്‍ ചെറുകിട നിര്‍മ്മാതാക്കള്‍ പ്രാദേശികമായി നിര്‍മ്മിച്ചതോ ആയ പാദരക്ഷകളാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 2.5 മില്യണിലധികമാണ്.


ഇതുകൂടി വായിക്കൂ: ദരിദ്രരാജ്യങ്ങളുടെ നിലവിളി


ഇന്ത്യയിലെ ദരിദ്രരില്‍ ദരിദ്രരായ ദശലക്ഷക്കണക്കിന് മനുഷ്യര്‍ അന്തിപ്പട്ടിണി മാറ്റാന്‍ കണ്ടെത്തിയ തൊഴിലാണ് ചെരിപ്പു നിര്‍മ്മാണം. ഈ കുടില്‍ വ്യവസായത്തിന്റെ 69 ശതമാനവും അസംഘടിത മേഖലയിലാണെന്ന് കാണുമ്പോള്‍ത്തന്നെ ആ മേഖല കയ്യടക്കാനുള്ള കോര്‍പറേറ്റുകളുടെ വ്യഗ്രതയുടെ കാരണവും നമുക്ക് ബോധ്യമാവും. 2021 ഡിസംബര്‍ 31ന് ജിഎസ്‌ടി കൗണ്‍സില്‍ 1000 രൂപ വരെ വിലയുള്ള പാദരക്ഷകളുടെ നികുതി അഞ്ചില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തി. 1000 രൂപയിലധികം വിലയുള്ള പാദരക്ഷകള്‍ക്ക് 12 ശതമാനം നികുതിയുണ്ട്. അതിനാല്‍ നികുതി ഏകീകരിക്കുവാനാണ് അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തുന്നത് എന്നായിരുന്നു വിശദീകരണം. ഇന്ത്യയിലെ ദരിദ്രര്‍ ഇന്നും ചെരുപ്പില്ലാതെയാണ് നടക്കുന്നത്.
ചെരുപ്പ് നിര്‍മ്മിക്കുന്ന ചെറുകിട/ഇടത്തരം നിര്‍മ്മാതാക്കളുടെ ആകെ ലാഭം അഞ്ച് മുതല്‍ 12 ശതമാനം വരെയാണ്. 12 ശതമാനം ജിഎസ്‌ടി നടപ്പിലാക്കിയതോടെ അവരുടെ ലാഭം പൂജ്യം ശതമാനമായി മാറി. കോവിഡ് കാലത്ത് പൂട്ടിക്കിടന്ന ചെറുകിട കച്ചവടക്കാര്‍ക്ക് അവരുടെ കെട്ടിക്കിടന്ന സ്റ്റോക്ക് പഴയ വിലയ്ക്ക് വിറ്റഴിക്കേണ്ടിവരികയും അത് വലിയ നഷ്ടത്തിനിടയാക്കുകയും ചെയ്തു. രാജ്യത്തെ 85 ശതമാനം ജനങ്ങളും 1000 രൂപയില്‍ താഴെ വിലയുള്ള ചെരുപ്പുകളാണ് വാങ്ങുന്നത് എന്നാണ് പാദരക്ഷാനിര്‍മ്മാതാക്കള്‍ നല്കുന്ന കണക്ക്. അങ്ങനെയെങ്കില്‍ ഈ നികുതി വര്‍ധന കുടില്‍ വ്യവസായികളെയും പാവപ്പെട്ട ജനതയെയും ഒരുപോലെ ബാധിക്കുന്നു. കോവിഡ് കാലഘട്ടം ചെരുപ്പു നിര്‍മ്മാതാക്കള്‍ക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ തുകലടക്കം ലഭ്യമാവുന്നതില്‍ വലിയ ക്ഷാമം സൃഷ്ടിച്ചു. 25 മുതല്‍ 35 ശതമാനം വരെ വിലയും വര്‍ധിച്ചു. ഡല്‍ഹിയിലെ വ്യാപാരികള്‍ പറയുന്നത് 85 രൂപയുണ്ടായിരുന്ന ഒരു ജോഡി സ്കൂള്‍ ഷൂന്റെ വില 120 മുതല്‍ 200 വരെയായി ഉയര്‍ന്നു എന്നതാണ്. ഇത് നിര്‍മ്മാതാക്കളെയും വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിച്ചു. നോട്ടുനിരോധനവും മഹാമാരിയും എല്ലാം ചേര്‍ന്ന് ദുരിതത്തിലായത് ഇന്ത്യയിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളാണ്.
ഇപ്പോള്‍ കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനം ഇന്ത്യയില്‍ നിര്‍മ്മിക്കുകയൊ, ഇറക്കുമതി ചെയ്യുകയൊ ചെയ്യുന്ന


ഇതുകൂടി വായിക്കൂ: മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്ന നിയമനിര്‍മ്മാണം


പാദരക്ഷകള്‍ക്ക് ബിഐഎസ് നിശ്ചയിക്കുന്ന ഗുണനിലവാരം ഉണ്ടായിരിക്കണമെന്നാണ്. ഗുണനിലവാര മുദ്ര പതിപ്പിക്കാത്ത ചെരുപ്പുകളൊ ഷൂസുകളൊ നിര്‍മ്മിക്കാനൊ വില്‍ക്കാനൊ പാടില്ല. ഇതിനു പറയുന്ന കാരണം വിചിത്രമാണ്, ഇത്തരം പാദരക്ഷകളുടെ ഇറക്കുമതി നിയന്ത്രിക്കുക എന്നത്. അങ്ങനെയെങ്കില്‍ ഈ നിശ്ചിത ഗുണനിലവാരമില്ലാത്ത പാദരക്ഷകള്‍ ഇറക്കുമതി ചെയ്യരുത് എന്ന് ഉത്തരവിട്ടാല്‍ മതിയാകുമായിരുന്നല്ലോ.
കോര്‍പറേറ്റുകളുടെ കഴുകന്‍ കണ്ണുകള്‍ പതിയാത്ത ഒരു മേഖലയും ഇന്ന് ഈ രാജ്യത്തില്ല. കര്‍ഷകന്റെ കൃഷിയിടങ്ങള്‍ തട്ടിയെടുക്കുവാന്‍ നടത്തിയ നിയമനിര്‍മ്മാണം ഐതിഹാസികമായ സമരത്തിലൂടെ ഇന്ത്യയിലെ കര്‍ഷകര്‍ ചെറുത്തുതോല്പിച്ചു. എന്നാല്‍ തീര്‍ത്തും അസംഘടിതരും അങ്ങേയറ്റം ദരിദ്രമായ സാമൂഹ്യ ചുറ്റുപാടുകളില്‍ കഴിയുന്നവരുമായ ഒരു ജനവിഭാഗത്തിന് ഈ നിയമനിര്‍മ്മാണത്തെ ചെറുത്തുതോല്പിക്കാന്‍ ത്രാണിയുണ്ടാവുമെന്ന് കരുതാനാവില്ല. വീണ്ടും ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ മാത്രമെ പാദരക്ഷകള്‍ക്കുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ഉപകരിക്കുകയുള്ളു. ചത്ത പശുവിന്റെ തുകലെടുക്കാന്‍ പോവുമ്പോള്‍ ചാട്ടവാറടിയേല്ക്കുന്നു. ഇന്ത്യയിലെ അധഃസ്ഥിതന്റെ ജീവിതത്തിന് ഒരു ഗുണനിലവാര മാനദണ്ഡം നിശ്ചയിക്കപ്പെടാന്‍ ഇനിയെത്ര നാള്‍ കാത്തിരിക്കണം?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.