സിനിമ എന്ന മാധ്യമത്തെക്കുറിച്ച്, അതിന്റെ വ്യാകരണത്തെക്കുറിച്ച്, ജീവിതകാലം മുഴുവന്‍ പഠിച്ചുകൊണ്ടിരുന്ന ഒരാള്‍കൂടി നഷ്ടമായിരിക്കുന്നു. കുമാര്‍ സാഹ്നി എന്ന ചലച്ചിത്രകാരന്‍ ഇന്ത്യയിലെ നവസിനിമ, അഥവാ സമാന്തര സിനിമ എന്നറിയപ്പെട്ട ചലച്ചിത്ര പ്രസ്ഥാനത്തിന്റെ ചാലകശക്തികളിലൊന്നായിരുന്നു. സിനിമയെക്കുറിച്ച് നിരന്തരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരാള്‍. ഇന്ത്യയില്‍ ഫോര്‍മലിസ്റ്റ് സിനിമയുടെ അപൂര്‍വം പ്രയോക്താക്കളിലൊരാള്‍. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ സിനിമയ്ക്ക് സംഭാവന ചെയ്ത മികച്ച പ്രതിഭകളിലൊരാള്‍. 70കള്‍ മുതല്‍ 90കളുടെ അവസാനം വരെ സിനിമയില്‍ സജീവമായിരുന്ന ദീര്‍ഘമായ കാലയളവില്‍ കേവലം നാല് ഫീച്ചര്‍ സിനിമകള്‍ മാത്രം സൃഷ്ടിച്ചിട്ടും ഇന്ത്യന്‍ സമാന്തര സിനിമയുടെ ചരിത്രത്തില്‍ ഇടംനേടിയ ഒരാള്‍.
ഇന്ത്യാ വിഭജനകാലത്ത് സിന്ധ് പ്രവിശ്യയില്‍ നിന്ന് ബോംബെയിലേക്ക് കുടിയേറിയ കുടുംബത്തിലെ ഒരു കുട്ടി, ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദം നേടി. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭ ചരിത്രകാരന്മാരിലൊരാളായ ഡി ഡി കൊസാംബിയുടെ സതീര്‍ത്ഥ്യനായിരുന്നു കുമാര്‍ സാഹ്നി. തുടര്‍ന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഋത്വിക് ഘട്ടക്കിന്റെ പ്രിയ ശിഷ്യരിലൊരാളായി സംവിധാനത്തില്‍ ഡിപ്ലോമ നേടി. പിന്നീട് ഫ്രാന്‍സില്‍ സ്കോളര്‍ഷിപ്പോടെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടര്‍പഠനം. റോബര്‍ട്ട് ബ്രസന്‍ എന്ന വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്റെ അസിസ്റ്റന്റായി ജോലി ചെയ്തു.
ഫോര്‍മലിസ്റ്റ് സിനിമയുടെ വക്താവായിരുന്നു കുമാര്‍ സാഹ്നി. സിനിമയുടെ സാങ്കേതികതയില്‍, എഡിറ്റിങ്, ദൃശ്യാവിഷ്കാരം, നിറങ്ങള്‍, സംഗീതം, ഷോട്ടുകളുടെ വിന്യാസം ഇവയിലെല്ലാം തന്നെ, ഹോളിവുഡ് സിനിമ സ്വീകരിച്ച, ലോകമെമ്പാടുമുള്ള മുഖ്യധാരാ സിനിമകള്‍ ഇപ്പോഴും പിന്തുടരുന്ന ദൃശ്യപരമായ തുടര്‍ച്ചയെ ലംഘിച്ചുകൊണ്ട് പലപ്പോഴും ഇരുണ്ട ദൃശ്യങ്ങളും പുറംവാതില്‍ കാഴ്ചകളും എല്ലാം തുടര്‍ച്ചയില്ലാത്ത ഷോട്ടുകളിലൂടെ ചിത്രീകരിച്ചുകൊണ്ട് സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങള്‍ പ്രമേയമാക്കുന്ന ഒരു നവ സിനിമാരീതിയാണ് ഫോര്‍മലിസ്റ്റ് സിനിമ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പില്‍ ഫ്രിറ്റ്സ് ലാങ് തുടങ്ങിയ ജര്‍മ്മന്‍ എക്സ്പ്രഷനലിസ്റ്റ് സംവിധായകര്‍, ഫ്രാന്‍സ്വ ട്രൂഫോ, ലൂയിസ് ബുനുവല്‍, റോബര്‍ട്ടോ റോസെല്ലിനി, റെനോര്‍, ഗോദാര്‍ദ്, റോബര്‍ട്ട് ബ്രെസണ്‍ തുടങ്ങിയ ഫ്രഞ്ച് സംവിധായകര്‍ തുടങ്ങിയവരെല്ലാം തന്നെ ചലച്ചിത്രങ്ങളില്‍ ഈ സങ്കേതം ഉപയോഗിച്ചു. അതിനാല്‍ത്തന്നെ നാല്പതുകള്‍ മുതല്‍ വികസിച്ചുവന്ന നവസിനിമാ പ്രസ്ഥാനത്തിന്റെ ഘടകങ്ങളിലൊന്നായി ഫോര്‍മലിസം മാറി.
ഇന്ത്യയില്‍ നവ സിനിമാ പ്രസ്ഥാനത്തിന്റെ ആരംഭം ‘നാഗരിക്’ എന്ന ഘട്ടക് ചിത്രത്തോടെയാണെങ്കിലും 1955ല്‍ റിലീസായ സത്യജിത് റേയുടെ ‘പഥേര്‍ പാഞ്ചാലി’ ആണ് ഇന്ത്യന്‍ സിനിമയുടെ ആരംഭമായി കണക്കാക്കി വരുന്നത്. 1952ല്‍ സത്യജിത് റേയുടെ ‘പഥേര്‍ പാഞ്ചാലി‘ക്ക് മുമ്പ് നിര്‍മ്മിച്ചുവെങ്കിലും സിനിമയുടെ പ്രിന്റ്, അന്ന് പാകിസ്ഥാന്റെ ഭാഗമായ ഡാക്കയില്‍ നിന്ന് വീണ്ടെടുക്കാനായത് 1977ല്‍ മാത്രമായതിനാല്‍ നാഗരിക് റിലീസായത് 1977ല്‍ മാത്രമാണ്. സത്യജിത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, എം എസ് സത്യു, ഗിരീഷ് കര്‍ണാട്, ശ്യാം ബെനഗല്‍ തുടങ്ങിയ ഇന്ത്യന്‍ സമാന്തര സിനിമയുടെ പ്രമുഖപ്രയോക്താക്കളാരും തന്നെ ഫോര്‍മലിസ്റ്റ് സിനിമയുടെ സങ്കേതങ്ങള്‍ സ്വന്തം സിനിമകളില്‍ ഉപയോഗിച്ചില്ല. മണി കൗള്‍, അരവിന്ദന്‍ തുടങ്ങിയ ചലച്ചിത്രകാരന്മാര്‍ ഈ ശെെലിയുള്ള സിനിമകള്‍ ചെയ്തിട്ടുമുണ്ട്.
ഫ്രാന്‍സില്‍ നിന്നും തിരിച്ചെത്തിയ കുമാര്‍ സാഹ്നിയുടെ ആദ്യ ചലച്ചിത്രം ‘മായാ ദര്‍പണ്‍’ (1972) ആണ്. ആ വര്‍ഷത്തെ ഏറ്റവും മികച്ച ഹിന്ദി ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ആ ചിത്രം നേടി. മായക്കണ്ണാടി എന്ന ചിത്രം ഇന്ത്യ സ്വതന്ത്രയാവുന്ന കാലഘട്ടത്തില്‍ ഒരു പ്രഭുകുടുംബത്തിലെ പെണ്‍കുട്ടിയും ഒരു തൊഴിലാളി നേതാവുമായുള്ള പ്രണയത്തെയാണ് പ്രമേയമാക്കിയത്. ഈ ചിത്രം 1972ല്‍ റിലീസായപ്പോള്‍ വലിയ വിമര്‍ശക ശ്രദ്ധ നേടിയെങ്കിലും പിന്നീട് ശ്രദ്ധിക്കപ്പെട്ടില്ല. വളരെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നത്. നമുക്ക് അന്യമായ ആഖ്യാനശെെലി കൊണ്ടാവാം ഈ ചലച്ചിത്രത്തിന് അര്‍ഹമായ ശ്രദ്ധ ലഭിക്കാതെ പോയത്.
നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് (1984) കുമാര്‍ സാഹ്നിക്ക് അടുത്ത ചലച്ചിത്രം നിര്‍മ്മിക്കുവാന്‍ സാധിച്ചത്. ഒരു ധനികനായ വ്യാപാരിയുടെ കുടുംബത്തിലെ ഇരുണ്ട കഥകള്‍ പറഞ്ഞ തരംഗ് എന്ന ചിത്രത്തില്‍ വലിയ ഒരു താരനിരയുണ്ടായിരുന്നു. അമോല്‍ പലേക്കര്‍, സ്മിതാ പാട്ടീല്‍, ശ്രീരാംലാഗു, ഓംപുരി, ഗിരീഷ് കര്‍ണാട് തുടങ്ങി ഈ ചലച്ചിത്രം കൃത്യമായ കഥാഘടനയും, ധാരാളം പാട്ടുകളുമൊക്കെയായി ഒരു മുഖ്യധാരാ ചിത്രത്തിന്റെ എല്ലാ ഘടകങ്ങളും ഉള്ളതായിരുന്നു. അതേസമയം തന്നെ ഒരു ഉറച്ച മാര്‍ക്സിയന്‍ ആയിരുന്ന സാഹ്നി യഥാര്‍ത്ഥത്തില്‍ ബൂര്‍ഷ്വാ സമൂഹത്തിന്റെ വര്‍ഗഘടനയെക്കുറിച്ചാണ് ചിത്രത്തില്‍ നിരീക്ഷിച്ചത്. 1989ല്‍ ഖയാല്‍ എന്ന സംഗീതരൂപത്തെക്കുറിച്ചുള്ള ഒരു സിനിമ ഖയാല്‍ ഗാഥ, 1990ല്‍ ആന്റണ്‍ ചെക്കോവിന്റെ ‘ഇന്‍ ദ റാവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കി ‘കസബ’ എന്ന ചിത്രം, 1997ല്‍ ചാര്‍ അധ്യായ് എന്ന രബീന്ദ്രനാഥ ടാഗോറിന്റെ നോവലിനെ ആസ്പദമാക്കി അതേ പേരിലുള്ള ചിത്രം. ഫീച്ചര്‍ ചലച്ചിത്രങ്ങള്‍ക്ക് പുറമെ ഈ കാലഘട്ടത്തിലെല്ലാം തന്നെ ധാരാളം ലഘുചിത്രങ്ങള്‍ കുമാര്‍ സാഹ്നി നിര്‍മ്മിച്ചിരുന്നു. ഈ ലഘുചിത്രങ്ങള്‍ സാഹ്നിയുടെ സിനിമാ സങ്കല്പങ്ങളോട് കൂടുതല്‍ അടുത്തുനിന്നു.
1940 ഡിസംബര്‍ ഏഴിന് സിന്ധിലെ ലാര്‍ക്കനയില്‍ ജനിച്ച കുമാര്‍ സാഹ്നിയുടെ ജീവിതം 2024 ഫെബ്രുവരിയില്‍ 83-ാം വയസില്‍ കല്‍ക്കത്തയില്‍ അവസാനിച്ചു.
കുമാര്‍ സാഹ്നി എന്ന ചലച്ചിത്രകാരന്‍ ഇന്ത്യന്‍ നവസിനിമയുടെ ഭാഗമായിരുന്നു എന്നത് മാത്രമല്ല ഈ വിയോഗം അടയാളപ്പെടുത്തുന്നത്. ഇന്ത്യന്‍ സമൂഹത്തെ നിശിതമായി അപഗ്രഥിക്കുന്ന സിനിമകളുടെയും സാഹിത്യത്തിന്റെയും സാംസ്കാരികപഠനങ്ങളുടെയും സര്‍വോപരി കൂടുതല്‍ മാനവികതയിലേക്കും സാഹോദര്യത്തിലേക്കുമുള്ള ഇന്ത്യന്‍ ജനതയുടെ പ്രയാണത്തിനും വഴിയൊരുക്കിയ ഒരു വലിയ കാലഘട്ടത്തിന് നമ്മുടെ മുന്നില്‍ തിരശീല താഴ്ന്നുകൊണ്ടിരിക്കുന്നു എന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.