26 April 2024, Friday

ഗവർണർ പദവി ആർക്കാണ് അനിവാര്യം

Janayugom Webdesk
August 28, 2022 5:00 am

ആർഎസ്എസ്-ബിജെപി ഭരണത്തിൽ ഗവർണർമാരുടെ ഓഫീസുകൾ അതത് സംസ്ഥാനങ്ങൾക്കെതിരെയുള്ള ഗൂഢാലോചനാ കേന്ദ്രങ്ങളായും ജനാധിപത്യവിരുദ്ധ സംവിധാനങ്ങളുടെ ഭാഗമായും തീർന്നിരിക്കുന്നു. ഫെഡറലിസത്തിന്റെ അർത്ഥവും വ്യാപ്തിയും അവഗണിക്കുന്ന ഇടങ്ങൾ തീർക്കുന്നു. ജനാധിപത്യ വ്യവസ്ഥകൾ ലംഘിക്കുന്നു. തന്നിഷ്ടവും താന്തോന്നിത്തവും ഗവർണർമാരുടെ ഇടപെടലുകളുടെ മുഖമുദ്രയായിരിക്കുന്നു. ഇത് പല സംസ്ഥാന സർക്കാരുകളുടെയും പ്രവർത്തനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്നു. ഗവർണറുടെ അധികാരങ്ങളും ചുമതലകളും ഭരണഘടന വ്യക്തമായും വിശദമാക്കുന്നുണ്ട്. ആരോഗ്യകരമായ കേന്ദ്ര‑സംസ്ഥാന ബന്ധത്തിനുതകുന്ന നിരവധി വ്യവസ്ഥകൾ ഭരണഘടനാ സ്രഷ്ടാക്കൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയ അജണ്ടകൾ ഗവർണർമാരുടെ ഓഫീസിനെ നിർവചിച്ച വിശുദ്ധവാക്യങ്ങളിൽ ഇരുൾ വീഴ്ത്തിയിരിക്കുന്നു. എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കാനുള്ള പ്രവണതയുടെ സാക്ഷാല്ക്കാരത്തിന് ഗവർണർ സ്വയം ചട്ടുകമാകുന്നു.
ഈ ഉന്നതാധികാര പ്രവണത, 1959ൽ 356-ാം വകുപ്പ് പ്രയോഗിച്ച് കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിടുന്നതിനു കാരണമായി. കേന്ദ്ര ഭരണകൂടങ്ങൾ 115ലധികം തവണ വിവിധ സംസ്ഥാനങ്ങളിൽ തങ്ങളുടെ സ്വേച്ഛാധികാരം അടിച്ചേല്പിക്കാൻ ഈ വകുപ്പ് ഉപയോഗിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അർത്ഥവത്തായ കണ്ണിയായി പ്രവർത്തിക്കുന്നതിനാണ് ഭരണഘടനാ നിർമ്മാതാക്കൾ ഗവർണർ പദവി വിഭാവനം ചെയ്തത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പരസ്പര ധാരണയും ബഹുമാനവും ഉറപ്പാക്കി ഇരു സംവിധാനങ്ങളെയും സഹായിക്കാൻ അനുയോജ്യമായ ഒരു സാഹചര്യമാണ് ഗവർണർ പദവിയിലൂടെ പൂർത്തീകരിക്കേണ്ടത്. പക്ഷെ, ആർഎസ്എസ് നിയന്ത്രിത കേന്ദ്രഭരണം രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകിടം മറിക്കുകയാണ്. അവർക്ക് സംസ്ഥാനങ്ങളും സംസ്ഥാന സർക്കാരുകളും കേവലം ആജ്ഞാനുവർത്തികൾ മാത്രമാണ്. ഇത് കേന്ദ്ര, സംസ്ഥാന ബന്ധങ്ങളിൽ വെല്ലുവിളികൾ ഉയർത്തുന്നു, വിള്ളൽ തീർക്കുന്നു.


ഇതുകൂടി വായിക്കൂ: രാഷ്ട്രീയം കളിക്കുന്ന കേരള ഗവര്‍ണര്‍


ഗവർണർമാരുടെ തെരഞ്ഞെടുപ്പിൽ രാഷ്ട്രതന്ത്രത്തിന്റെ രാഷ്ട്രീയ വിവേകമല്ല ബിജെപിയുടെ മാനദണ്ഡം. ബിജെപി കണ്ടെത്തുന്ന ‘സ്വയംസേവകരായ ഗവർണർമാർ’ രാജ്ഭവനുകൾ ബിജെപിയുടെ ക്യാമ്പ് ഓഫീസുകളാക്കി അതിവേഗം മാറ്റുന്നു. ബിജെപി നേതൃത്വം തയാറാക്കി നൽകുന്ന കക്ഷിരാഷ്ട്രീയത്തിന്റെ കുറിപ്പടി പ്രയോഗത്തിൽ വരുത്താൻ ഇത്തരം ഗവർണർമാർ തുനിഞ്ഞിറങ്ങുന്നു. ബിജെപിയുടെ ഇംഗിതങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ നിയോഗിക്കപ്പെട്ടതുപോലെ അവർ പ്രവർത്തിക്കുന്നു. കേരളം, തമിഴ്‌നാട്, ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ ഗവർണർമാർ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ച് ബിജെപിയുടെ രാഷ്ട്രീയ കാര്യസ്ഥന്മാരായി പ്രവർത്തിക്കുകയാണ്. പല സംസ്ഥാനങ്ങളിലും വിലയ്ക്കുവാങ്ങി സാധ്യമാക്കിയ ഭൂരിപക്ഷത്തിനനുസരിച്ച് തങ്ങളുടെ സർക്കാരുകൾ സ്ഥാപിക്കാൻ ബിജെപി ഗവർണർമാരെ വിന്യസിപ്പിച്ചു. തൂക്കുസഭകളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെ മറികടന്ന് ബിജെപി നേതാക്കളെ സർക്കാർ രൂപീകരിക്കാൻ ഗവർണർമാർ അനുവദിച്ചു. സംസ്ഥാനത്തിന്റെ ‘ഭരണഘടനാ തലവന്റെ’ കാർമ്മികത്വത്തിൽ കുതിരക്കച്ചവടത്തിലൂടെ ബിജെപിക്ക് ആവശ്യമായ എണ്ണം എളുപ്പത്തിൽ കണ്ടെത്താനായി. രാഷ്ട്രീയ പരിഗണനകൾക്കതീതമായി ചുമതല നിർവഹിക്കേണ്ട ഗവർണർമാർ ‘പോപ്പിനെക്കാൾ വലിയ കത്തോലിക്കൻ’ ആകാൻ അന്യോന്യം മത്സരിക്കുകയാണ്. ലജ്ജാകരമാണ് ഈ കാഴ്ചകൾ.


ഇതുകൂടി വായിക്കൂ: സംഘപരിവാര്‍ മുട്ടാളത്തമായി മാറുന്ന ഗവര്‍ണര്‍ പദവി


കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ മത്സരത്തിൽ ഒന്നാമനാകാൻ കിണഞ്ഞു പരിശ്രമിക്കുന്നു. മോഡി അമിത് ഷാ ജോഡിയെ പ്രീണിപ്പിക്കുക മാത്രമാണ് ലക്ഷ്യം. ജനാധിപത്യ മര്യാദകൾ ഉയർന്നു നിൽക്കുന്ന കേരളത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാൻ പരിശ്രമിക്കുന്നു. സംഘ്പരിവാറിനോടുള്ള തന്റെ പ്രത്യയശാസ്ത്ര വിധേയത്വവും രാഷ്ട്രീയ അടിമത്തവും തെളിയിക്കാനുള്ള അവസരങ്ങൾ തേടിക്കൊണ്ടേയിരിക്കുന്നു. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെതിരെ നീങ്ങുന്നത് പരിവാറിന്റെ നല്ല പ്രജകളുടെ പട്ടികയിൽ ഇടം നേടാനുള്ള എളുപ്പവഴിയാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇതിനായി ഏതൊരു നിലവാരത്തകർച്ചയും സ്വീകാര്യമായിരിക്കുന്നു. 2019ൽ കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച ഒരു സെമിനാറിനെക്കുറിച്ചാണ് പുതിയ വിവാദം. സർവകലാശാല വൈസ് ചാൻസലറെ ‘ക്രിമിനൽ’ എന്ന് വിളിച്ച് ആക്രോശിക്കാൻ ആരിഫ് മുഹമ്മദ് ഖാന് ഒരു മടിയുമുണ്ടായില്ല. രാജ്യാന്തര പ്രശസ്തനായ ചരിത്രകാരൻ ഡോ. ഇർഫാൻ ഹബീബും ഗവർണറുടെ ആക്രമണത്തിന് ഇരയായി. കേരള നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത ബിജെപിയുടെ ശൂന്യതയ്ക്ക് പകരമാകാനാണ് ഗവർണറുടെ ശ്രമം. അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾക്ക് അത് ഉപയോഗപ്രദമായിരിക്കാം, പക്ഷേ വഹിക്കുന്ന പദവിക്ക് അത് യോഗ്യമല്ല.
രാജ്യം ഗവർണർ പദവിയുടെ പ്രസക്തിയെക്കുറിച്ച് പതിറ്റാണ്ടുകളായി ചർച്ച ചെയ്തിട്ടുണ്ട്. ആർഎസ്എസ്-ബിജെപി സംഘം അധികാരത്തിലെത്തിയതോടെ രാജ്യത്ത് ഏകാധിപത്യ പ്രവണത പതിന്‍മടങ്ങ് വളർന്നു. ഗവർണർമാരിൽ ഭരണഘടനാ വിരുദ്ധമായ ധാർഷ്ട്യത്തിന് ഇത് കാരണമായി. ഇത്തരം പശ്ചാത്തലത്തിൽ, ഗവർണർ പദവിയുടെ പ്രസക്തി എന്ത് എന്ന ചോദ്യം കൂടുതൽ ഗൗരവത്തോടെ വീണ്ടുമുയരുകയാണ്. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ഗവർണറുടെ ഓഫീസ് അനിവാര്യമാണോ? അല്ല എന്നു തന്നെയാണ് അനുഭവം. സിപിഐയും ഇടതുപാർട്ടികളും ഈ ചോദ്യം ഏറെ മുമ്പേ രാജ്യത്തിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ സംവാദം ജനാധിപത്യ ശക്തികളുടെ വിപുലമായ വേദികൾ ഏറ്റെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.