27 July 2024, Saturday
KSFE Galaxy Chits Banner 2

നമ്മള്‍ വിഷം കഴിക്കുന്നതെന്തിനാണ്?

മാറ്റൊലി
രമേശ് ബാബു
January 12, 2023 4:30 am

ക്ഷ്യവിഷബാധ അഞ്ജുശ്രീയെന്ന പത്തൊന്‍പതുകാരിയുടെ ജീവനെടുത്തു എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് ജനുവരി ഏഴ് 2023 പുലര്‍ന്നത്. മരണകാരണം ഭക്ഷ്യവിഷം കൊണ്ടല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയാണെന്ന് പൊലീസും സ്ഥിരീകരിച്ചിരിക്കുകയാണ്. ജനുവരി രണ്ടിനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സിങ് ഓഫീസര്‍ രശ്മിരാജ് അല്‍ഫാം എന്ന ഭക്ഷണം കഴിച്ച് വിഷബാധയുണ്ടായി മരിച്ചത്. ഈ മരണങ്ങളോടെ ഭക്ഷ്യവിഷം എന്ന ഭീഷണിയെ സജീവ ചർച്ചയാക്കിയിരിക്കുകയാണ്. 2022 മേയ് ഒന്നിന് കാസര്‍കോട്ട് ചെറുവത്തൂരിലെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചാണ് ഇ വി ദേവനന്ദ എന്ന പതിനാറുകാരിയും മരണമടഞ്ഞത്. ജനുവരി ഒന്നിന് ഇടുക്കിയിലും ഷവര്‍മ കഴിച്ച മൂന്നുപേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലാക്കി. പത്തനംതിട്ടയിൽ ജനുവരി എട്ടിന് സ്കൂൾ വാർഷികത്തിന് കൊണ്ടുവന്ന ചിക്കൻ ബിരിയാണി കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റു.


ഇതുകൂടി വായിക്കൂ: മാറ്റാം ഭക്ഷണ രീതികൾ; തിരിച്ചു പിടിക്കാം നമ്മുടെ അടുക്കളകൾ


കേരളത്തിന്റെ മാറിയ ജീവിത സാഹചര്യങ്ങള്‍ പുറംഭക്ഷണത്തെ ഒരു ശീലമാക്കി മാറ്റിയിട്ടുണ്ട്. മാത്രമല്ല, പ്രായഭേദമന്യേ കേരളത്തില്‍ ആണിനും പെണ്ണിനും ഇക്കാലത്ത് ധാരാളമായി യാത്ര ചെയ്യേണ്ടിവരുന്നുണ്ട്. അപ്പോള്‍ സ്വാഭാവികമായും പുറത്തുനിന്ന് ഭക്ഷണം കഴിച്ചേ മതിയാകൂ. കാശുകൊടുത്തു വാങ്ങിക്കഴിക്കുന്ന ഭക്ഷണം വിഷമയമായിരിക്കുകയും രസമുകുളങ്ങളിലൂടെ മരണം ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുമ്പോള്‍ അതില്‍ ഉത്തരവാദികള്‍ ആര്? പരിഹാരമെന്ത് എന്നുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.
മലിനമായ ഭക്ഷണത്തിലൂടെ വിനാശകാരികളായ സൂക്ഷ്മാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങളാണ് ഭക്ഷ്യജന്യ രോഗങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ദോഷകരമായ സൂക്ഷ്മാണുക്കള്‍ അല്ലെങ്കില്‍ രാസവസ്തുക്കള്‍ എന്നിവ അടങ്ങിയ സുരക്ഷിതമല്ലാത്ത ഭക്ഷണം കാന്‍സര്‍ ഉള്‍പ്പെടെ ഇരുന്നൂറില്പരം രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. രോഗകാരികളായ സൂക്ഷ്മാണുക്കളെയും അമിതരാസവസ്തുക്കളെയും അകറ്റിനിര്‍ത്താനും അതുവഴി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാനും പ്രാഥമികമായ മുന്‍കരുതലുകള്‍ ജനങ്ങളുടെ ആരോഗ്യത്തെപ്രതി ഭരണകൂടങ്ങള്‍ ശക്തവും കര്‍ശനവുമാക്കിയില്ലെങ്കില്‍ നിരപരാധികളായ മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞുകൊണ്ടിരിക്കും.


ഇതുകൂടി വായിക്കൂ: ഭക്ഷ്യസുരക്ഷാവലയം വിപുലമാക്കണം


കേരളീയരുടെ ഭക്ഷ്യസുരക്ഷ ആശങ്കകള്‍ നിറയ്ക്കുന്ന സംഗതിയാണ്. ഇന്ത്യയില്‍ മലയാളികളോളം വിഷാംശം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടി വരുന്ന ജനത വേറെയില്ല. കാരണം ജനസാന്ദ്രതയ്ക്ക് ആനുപാതികമായ ഭൂവിസ്തൃതിയില്ലാത്ത കേരളത്തിന് ഭക്ഷ്യസ്വയംപര്യാപ്തതയും അതിലൂടെ ഭക്ഷ്യസുരക്ഷയും കൈവരിക്കുക എന്നത് ശ്രമകരമാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് മറ്റ് ഉപഭോഗവസ്തുക്കള്‍ പോലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചേ മതിയാകൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ അടുക്കളയിലെത്തുന്ന മിക്ക ഭക്ഷ്യ വസ്തുക്കളും വിഷമയമാണ്. മാരക കീടനാശിനികള്‍ കലര്‍ന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളാണ് അതിര്‍ത്തി കടന്ന് എത്തുന്നത്. കേരളീയരുടെ മുഖ്യ ആഹാരമായ അരിയുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 8.33 ശതമാനത്തിലും കീടനാശിനിയുടെ അംശം കണ്ടതായി കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു. ഗോതമ്പിലാകട്ടെ എട്ടു മുതല്‍ 15 ശതമാനം വരെയാണ് കീടനാശിനിയുടെ തോത്. കേരളത്തിലേക്ക് വരുന്ന പച്ചക്കറി ഇനങ്ങളില്‍ 80 ശതമാനവും എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. വെള്ളായണി കാര്‍ഷിക കോളജിലെ പെസ്റ്റിസൈഡ് റസിഡ്യു ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അന്യസംസ്ഥാന പച്ചക്കറികളില്‍ മിക്കതിലും അനുവദനീയമായ പരിധിയിലും കൂടുതലാണ് കീടനാശിനിയുടെ അംശം എന്ന് വെളിപ്പെടുത്തുന്നു. ഏലക്ക, മാമ്പഴം, മുന്തിരിങ്ങ, ആപ്പിള്‍, മത്സ്യം, പാല്‍, ബ്രോയിലര്‍ കോഴി, ഐസ്ക്രീം, കോളകള്‍, വെളിച്ചെണ്ണ, കൊപ്ര, ധാന്യങ്ങള്‍ എന്നീ ഇറക്കുമതി ഭക്ഷ്യവസ്തുക്കളുടെയും സ്ഥിതി മെച്ചമല്ല. വിഷാണുക്കള്‍ കലര്‍ന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കൊണ്ട് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാചകം ചെയ്യുകയും അവയിൽ വീണ്ടും മായം കലർത്തി അലംഭാവത്തോടെ വിതരണം ചെയ്യുകയുമാകുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മരണത്തിലേക്ക് വഴിനടത്താന്‍ അധികനേരം വേണ്ടിവരില്ല.


ഇതുകൂടി വായിക്കൂ: 80 ശതമാനം ജനങ്ങള്‍ കുടിക്കുന്നത് വിഷജലം


പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടു കാര്യമില്ല. ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022ല്‍ ഇറങ്ങിയ പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഈ പിന്നോട്ടടിക്കുള്ള കാരണങ്ങള്‍ സമഗ്രമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് സംസ്ഥാനത്ത് 80 ശതമാനം ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഹോട്ടലുകളിലും ഭക്ഷ്യസംസ്കരണ വില്പന കേന്ദ്രങ്ങളിലും വിതരണ ശൃംഖലകളിലും പരിശോധനകള്‍ തുടര്‍ച്ചയായി നടത്തണം. ഉദ്യോഗസ്ഥ വര്‍ഗത്തെ മാത്രം ഭക്ഷ്യസുരക്ഷയുടെ ഉത്തരവാദിത്തം ഏല്പിച്ച് മാറിനില്‍ക്കുകയല്ല വേണ്ടത്. പകരം ജനപ്രതിനിധികള്‍, വിഷയ വിദഗ്ധര്‍, ആരോഗ്യ മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍, നിയമപാലകര്‍, നിയമജ്ഞര്‍ എന്നിവരൊക്കെ ഉള്‍പ്പെട്ട പരിശോധന‑നിരീക്ഷണ അവലോകന സമിതികള്‍ ആകണം ഈ വിപത്തിനെതിരെ പ്രതിരോധം തീര്‍ക്കേണ്ടത്.
ഫാസ്റ്റ്ഫുഡ് ശീലം ഫാസ്റ്റ്ഡെത്ത് ആകാതിരിക്കണമെങ്കില്‍, ‘ആപ്പിള്‍ കഴിക്കൂ ഡോക്ടറെ കാണു’ എന്ന അവസ്ഥ തുടരാതിരിക്കണമെങ്കില്‍ ജൈവകൃഷിയിലേക്കും കാര്‍ഷിക സംസ്കൃതിയിലേക്കും നാടൻ ഭക്ഷണരീതികളിലേക്കും കേരളം മടങ്ങിയേ മതിയാകൂ. ഭക്ഷ്യവിഷബാധ തടയുന്നതിനുള്ള ‘താക്കോല്‍‍’ നമ്മള്‍ ഓരോരുത്തരുടെയും കയ്യിലാണ്.

മാറ്റൊലി

’ അന്നബലം പ്രാണബലം ‘.
ഇത് കൗമാര സ്വപ്നങ്ങൾ മാറ്റുരയ്ക്കുന്ന
കലോത്സവ വേദികൾക്കും ബാധകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.