16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 22, 2024
August 14, 2024
May 19, 2024
March 23, 2024
December 27, 2023
September 29, 2023
September 8, 2023
September 5, 2023
August 14, 2023
August 14, 2023

എന്തുകൊണ്ട് ഹമീദ് അന്‍സാരി

Janayugom Webdesk
July 19, 2022 5:00 am

രാജ്യത്ത് രണ്ടുതവണയായി ഏറ്റവും കൂടുതല്‍ കാലം ഉപരാഷ്ട്രപതിയായ വ്യക്തിയാണ് ഹമീദ് അന്‍സാരി. അദ്ദേഹത്തെയാണ് ആ പേരുകൊണ്ടുമാത്രം ബിജെപി ഇപ്പോള്‍ വേട്ടയാടുന്നത്. ഒരാളെ എത്ര നല്ലവനായിരുന്നാലും ആവര്‍ത്തിച്ച് കുറ്റം പറയുകയും നുണ പ്രചരിപ്പിക്കുകയും ചെയ്താല്‍ മോശക്കാരനാക്കാമെന്ന കുബുദ്ധി പ്രയോഗിക്കുകയാണ് ഇപ്പോള്‍ ബിജെപി. 2014ല്‍ അധികാരത്തിലെത്തിയ ശേഷം ബിജെപി നിര്‍ദ്ദേശിച്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജഗദീപ് ധന്‍ഖര്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ ഉയര്‍ന്ന തട്ടിലാണ് അന്‍സാരിയുടെ സ്ഥാനം. ഉപരാഷ്ട്രപതി പദവിയിലെത്തുന്നതിന് മുമ്പ് വഹിച്ചിട്ടുള്ള സ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ അറിയാം അദ്ദേഹത്തിന്റെ ഔന്നത്യവും രാജ്യസ്നേഹവും ഭരണഘടനയോടുള്ള കൂറും. 1961ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസി (ഐഎഫ്എസ്) ല്‍ പ്രവേശിച്ച അദ്ദേഹം എത്രയോ ആഗോളതല നയതന്ത്ര ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചയാളായിരുന്നു. 1976 മുതല്‍ നാലുവര്‍ഷം യുഎഇയിലും 1985 മുതല്‍ നാലുവര്‍ഷം ഓസ്ട്രേലിയയിലും പിന്നീട് രണ്ടുവര്‍ഷംവീതം അഫ്ഗാനിസ്ഥാന്‍, ഇറാന്‍, നാലുവര്‍ഷം സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും ഇന്ത്യന്‍ സ്ഥാനപതിയായും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി രണ്ടുവര്‍ഷവും പ്രവര്‍ത്തിച്ചു.


ഇതുകൂടി വായിക്കൂ: മുര്‍മുവിനെ കൊണ്ടാടുന്നവര്‍ സ്റ്റാന്‍ സ്വാമിയെയുമോര്‍ക്കണം 


അതിനുശേഷം രാജ്യത്തെ അഭിമാനകരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്കാദമിക രംഗത്തും അദ്ദേഹം തന്റെ മികവുറ്റ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ വിഖ്യാതമായ ജവഹര്‍ ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ പടിഞ്ഞാറന്‍ ഏഷ്യന്‍, ആഫ്രിക്കന്‍ സ്റ്റഡീസിലും ജാമിയ മിലിയ സര്‍വകലാശാലയിലെ മൂന്നാംലോക പഠനകേന്ദ്രത്തിലും പ്രൊഫസറായും അലിഗര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായുമൊക്കെ പ്രവര്‍ത്തിച്ച ശേഷം ചെറിയൊരു വേളയാണെങ്കിലും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനുമായിരുന്നു. മൂന്നു ദശാബ്ദത്തിലധികം വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തെക്കുറിച്ച് ഒരിക്കല്‍പോലും തെറ്റായ എന്തെങ്കിലും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല, ഐക്യ രാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരിക്കെ കശ്മീരിനെ സംബന്ധിച്ച പാകിസ്ഥാന്റെ നിലപാടുകളെ നഖശിഖാന്തം എതിര്‍ത്ത വ്യക്തിയുമായിരുന്നു അന്‍സാരി. 2007 മുതല്‍ 17 വരെയുള്ള പത്തുവര്‍ഷക്കാലം ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമെന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോഴും നിലപാടുകള്‍ സംബന്ധിച്ച വിമര്‍ശനങ്ങളല്ലാതെ മറ്റ് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നില്ല. സഭയില്‍ ബഹളം നടക്കുന്നതിനിടയില്‍ വോട്ടെടുപ്പ് പാടില്ലെന്ന ചട്ടം നിര്‍ദ്ദേശിച്ച രാജ്യസഭാ അധ്യക്ഷനുമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയായി ജയിച്ചുവന്നിട്ടും അവരുടെ ഭരണകാലത്ത് ജനാധിപത്യ സംവിധാനത്തിന്റെ മഹത്വവും ഭരണഘടനാ തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ നിഷ്കര്‍ഷയുടെയും നിഷ്പക്ഷതയുടെയും ഉദാഹരണത്തിന് ഈയൊരു സംഭവം മാത്രം മതിയാകും. ഈ നിലപാടിനെ പ്രകീര്‍ത്തിച്ച ബിജെപി ഹമീദ് അന്‍സാരിയെ നേരില്‍ കണ്ട് അഭിനന്ദിച്ചുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.


ഇതുകൂടി വായിക്കൂ: ഉറക്കെപ്പാടുക, ഉറച്ചുപാടുക ‘ജനഗണ മന’


ഇത്തരം ഉന്നത വ്യക്തിത്വവും സത്യസന്ധവും സുശക്തവുമായ നിലപാടുകളുമുള്ള അദ്ദേഹത്തെയാണ് ബിജെപി ഇപ്പോള്‍ കുപ്രചരണങ്ങളും വ്യാജ തെളിവുകളുമായി വേട്ടയാടാനിറങ്ങിയിരിക്കുന്നത്. 2017ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പും ഇതേ നിലയില്‍ അന്‍സാരിക്കെതിരെ ചില പ്രചരണങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഒരു പ്രസ്താവനയുടെ ചുവടുപിടിച്ചാണ് അത്തരമൊരു ശ്രമം നടത്തിയത്. ഉപരാഷ്ട്രപതിയെന്ന നിലയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമൊത്ത് പങ്കെടുത്ത ഒരു പരിപാടിയുമായി ബന്ധപ്പെടുത്തിയാണ് ഹമീദ് അന്‍സാരിക്കെതിരെ പ്രചരണമുണ്ടാക്കിയത്. അത് വിവാദമായപ്പോള്‍ ബിജെപിയുടെ നേതാവും അന്നത്തെ ധനമന്ത്രിയുമായ പരേതനായ അരുണ്‍ ജെയ്റ്റ്ലി നല്കിയ വിശദീകരണം പാര്‍ലമെന്റിന്റെ രേഖകളില്‍ ലഭ്യമാണ്. രാജ്യത്തോടുള്ള പ്രതിബദ്ധതയും കൂറും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അവര്‍ കാട്ടിയ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച് ഒരു സംശയത്തിനും ഇടയില്ലെന്നായിരുന്നു ജെയ്റ്റ്ലിയുടെ വിശദീകരണം. എന്നിട്ടും ബിജെപിയുടെ ഉന്നത നേതാക്കളടക്കം അന്‍സാരിയെ വീണ്ടും വേട്ടയാടുന്നതിന് രംഗത്തിറങ്ങിയിരിക്കുകയാണ്. പാക് ചാര സംഘടനയുമായി ബന്ധമുണ്ടെന്നും അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യാ സന്ദര്‍ശനത്തിന് അവസരം നല്കിയെന്നും കൂടിക്കാഴ്ച നടത്തിയെന്നുമൊക്കെയുള്ള നുണകളാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. നേരത്തെ അരുണ്‍ ജെയ്റ്റ്ലിയെ പോലുള്ളവര്‍ നിരാകരിച്ചവയാണ് ഇവയൊക്കെ. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഒരിക്കല്‍കൂടി അടുത്തുവരികയാണ്. എളുപ്പമാവില്ല അവിടെയുള്ള കാര്യങ്ങള്‍. അതുകൊണ്ടുതന്നെ വേട്ടക്കാര്‍ക്ക് ഇരകള്‍ ആവശ്യമാണ്. അതിനവര്‍ കണ്ടെത്തിയിരിക്കുന്നത് നട്ടാല്‍ മുളയ്ക്കാത്ത നുണകളും കുപ്രചരണങ്ങളും വ്യാജ ചിത്ര — വാര്‍ത്താ നിര്‍മ്മിതികളുമാണ്. പേരുകൊണ്ട് മതം വ്യക്തമാകുന്ന ഹമീദ് അന്‍സാരിയെ അവര്‍ വേട്ടയാടുന്നത് അതിനുവേണ്ടിയാണ്. ഏറ്റവും ഒടുവില്‍ പ്രവാചക നിന്ദയുടെ പേരില്‍ ലോകത്തെ അമ്പതിലധികം രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയപ്പോഴും അതിന് മുമ്പ് രാജ്യത്ത് ഭരണഘടനാ ലംഘനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുമ്പോഴും ബിജെപിക്കും നരേന്ദ്രമോഡിക്കുമെതിരെ രംഗത്തെത്തിയ വ്യക്തിയായിരുന്നു മുന്‍ ഉപരാഷ്ട്രപതി എന്ന പ്രത്യേകതയും ഈ വേട്ടയാടലിനു പിറകിലുണ്ട്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.