23 December 2024, Monday
KSFE Galaxy Chits Banner 2

എന്തുകൊണ്ട് ഇടതുപക്ഷ പ്രത്യയശാസ്ത്രം ?

അജിത് കൊളാടി
വാക്ക്
July 28, 2024 4:45 am

ഒന്നുകിൽ ഫാസിസ്റ്റ് അനുകൂല നിലപാട് അല്ലെങ്കിൽ ഫാസിസ്റ്റ് വിരുദ്ധ നിലപാട്, ഈ കാലത്ത് ഇതിൽ ഒന്ന് സ്വീകരിക്കാൻ ജനം നിർബ്ബന്ധിതരാണ്. ഈ കാലത്ത് പല പ്രത്യയശാസ്ത്രങ്ങളെയും അനന്ത ഫണങ്ങളായി നീളുന്ന മത വംശീയ ഫാസിസം പ്രതിസന്ധിയിൽ ആഴ്ത്തിയിരിക്കുന്നു.
കേരളത്തിലെ ജനാധിപത്യ പ്രക്രിയയെയും നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷ രാഷ്ട്രീയത്തെയും നില നിർത്തിയത് ഒറ്റയാന്മാരായ വിപ്ലവകാരികൾ അല്ലെന്നും, ഇടതു പക്ഷ പ്രസ്ഥാനവും അവരുടെ പ്രത്യയശാസ്ത്രവുമാണെന്ന തിരിച്ചറിവ് ഏവർക്കും വേണം. കേരളത്തിലെ ഇടതുപക്ഷത്തിന് തകർച്ചയുണ്ടായാൽ അത് പൊതുമണ്ഡലത്തിന്റെ തകർച്ചയാണെന്നും, അധികാര ദാഹികളായ ജാതി മത സംഘടനകളും മറ്റു സമ്മർദ ഗ്രൂപ്പുകളും, സംഘപരിവാറിന്റെ ചിറകിനടിയിൽ ഒത്തുചേരുമെന്നും ‚ജനാധിപത്യത്തിന് സംഭവിക്കുന്ന തകർച്ച കേരളീയ സമൂഹത്തെ ശിഥിലീകരിച്ച് ഫാസിസത്തിന് വളക്കൂറുള്ള മണ്ണ് ഒരുക്കുമെന്നും സാമാന്യബോധമുള്ള ഏവർക്കും അറിയാവുന്ന യാഥാർത്ഥുമാണ്. ആ വഴിക്കാണോ കേരളം നീങ്ങുന്നത്?
അങ്ങിനെ സംഭവിക്കാതിരിക്കാൻ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെ നെഞ്ചോട് ചേർത്ത് നിർത്തണം. ഇടതുപക്ഷം ഇടതുപക്ഷം ആകണം. മനുഷ്യനെ സ്നേഹിക്കുകയാണ് ഇടതുപക്ഷത്തിന്റെ കടമ. മാനവികതാ ബോധം വളർത്തി മനുഷ്യൻ എന്ന ഏറ്റവും സുന്ദരമായ പ്രതിഭാസത്തെ ചേർത്തു പിടിക്കുകയാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രം ലോക ചരിത്രത്തിൽ ചെയ്തത്.
ഇന്ന് ആഗോള മൂലധന സാമ്രാജ്യത്വം മനുഷ്യരെ ശിഥിലീകരിച്ച് ഗ്രൂപ്പുകളും വ്യക്തികളുമാക്കി വിപണിയുടെ അവിഭാജ്യ ഘടകമാക്കി മാറ്റി. അതുകൊണ്ട് തന്നെ വംശീയബോധങ്ങൾ ഇന്നത്തെ ലോകക്രമത്തിന്റെ ഉത്സവക്കൊടിമരങ്ങളായി മാറി. സംഘടിതമായ ജനകീയ ബോധത്തെയും ചെറുത്തുനിൽപിനെയും തകർക്കുകയാണ് ഫാസിസ്റ്റ് സാമ്രാജ്യത്വം ചെയ്യുക.
എവിടെയും എപ്പോഴും ഇടപെടത്തക്കവിധം ആഗോള മൂലധന സാമ്രാജ്യത്വം സമഗ്രമായ അധിനിവേശത്തിന്റെ കൊടിക്കൂറകൾ ഉയർത്തിക്കഴിഞ്ഞു. യുദ്ധങ്ങളെയും അതിക്രമങ്ങളെയും ഒരു ഉത്സവക്കാഴ്ച പോലെ സ്വീകാര്യമാക്കി തീർത്തു എന്നതാണ് പുതിയ വിവര സാങ്കേതിക വിദ്യയിലൂടെ ഉണ്ടായ ഒരു നേട്ടം. മനുഷ്യ വിമോചന പ്രത്യയശാസ്ത്ര ചർച്ചകളോ പോരാട്ട വർത്തമാനങ്ങളോ കേൾക്കുന്നത് വളരെ വിരളം.നവോത്ഥാനാശയങ്ങൾ, മാർക്സിസം, മാനവികത ഗാന്ധിസം തുടങ്ങിയ മഹാഖ്യാനങ്ങളുടെ കാലം കഴിഞ്ഞു എന്ന ചില ആധുനിക ചരിത്രകാരന്മാർ വിലയിരുത്തുന്നു.
“മനുഷ്യഭാവി “എന്നത് വ്യക്തിയുടെ ഭാവിയായി ചുരുങ്ങി. വ്യക്തിക്ക് ഭാവി ഫലം അറിയാൻ പ്രത്യയശാസ്ത്രം അല്ല വേണ്ടത്, ജ്യോതിഷവും, പൂജയും, ആചാരങ്ങളുമാണെന്ന് വരുന്നു. മന്ത്രവാദവും മനുഷ്യ ദൈവ സാന്നിധ്യവും വിവര സാങ്കേതിക വിദ്യയോടൊപ്പം മനുഷ്യ ഭാവിയെ നിർണയിക്കുമെന്ന് മലയാളികളടക്കം കരുതുന്നു. വിവിധ മതങ്ങളുടെ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും സ്പോൺസർമാരായി ചെറുകിട, വൻകിട വ്യാപാരികൾ അടങ്ങുന്ന ബിസിനസ് ലോകം മുന്നോട്ടു വന്നുകഴിഞ്ഞു. അങ്ങിനെ മൂലധനശക്തികളും വംശീയ മത രാഷ്ട്രീയവും പരസ്പരം കൈകോർത്ത് പിടിക്കുന്നു. ഉത്സവങ്ങളുടെ സർഗ്ഗാത്മകത സംഹാരാത്മകതയായി പരിണമിച്ചു. അതേസമയം കാർഷിക വൃത്തിയിൽ നിന്ന് അന്യവല്‍ക്കരിക്കപ്പെടുന്ന കർഷകർ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നു.

ഒരു കാര്യം ശ്രദ്ധിക്കണം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ആർഎസ്എസിനും സംഘപരിവാറിനും ഉണ്ടായ വളർച്ചക്കും കാരണം അവർ പഴയ വരേണ്യ പരിവേഷങ്ങൾ വെടിഞ്ഞ് ഇന്ത്യൻ ജീവിതത്തിന്റെ അടിത്തട്ടിലേക്കിറങ്ങി എന്നതാണ്. കേരളത്തിലും അതു തന്നെ സംഭവിച്ചു. ഇതിനെ പ്രതിരോധിക്കാൻ മൂർത്തമായ ബദൽ രാഷ്ട്രീയ പദ്ധതിയുമായി ജനങ്ങൾക്കിടയിലേക്ക് ഇടതുപക്ഷം കടന്നു ചെല്ലണം. ഇന്ത്യയിലെ ലിബറൽ — ഇടതു പ്രസ്ഥാനങ്ങൾക്ക് പലപ്പോഴും അതിനു കഴിഞ്ഞിട്ടില്ല. ആർഎസ്എസിനെ നേരിടാൻ ഉപരിപ്ലവും സ്ഥൂലവും മാധ്യമശ്രദ്ധ കിട്ടുന്നതുമായ പ്രവർത്തനങ്ങൾ നടത്തിയാൽ പോരാ. ജനതയുമായി നിരന്തര സമ്പർക്കം വേണം അത് സാധ്യമാകാൻ. അതിനുതകുന്ന പ്രത്യയശാസ്ത്രമാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രം .
ഫാസിസവും ആഗോള മൂലധന സമഗ്രാധിപത്യവും എന്നത് മനുഷ്യരെ അവരുടെ നിലനിൽപ്പിന്റെ ശക്തികൾക്കെതിരെ തിരിച്ചുവിടുന്ന രാഷ്ട്രീയ മഹാ രോഗത്തിന്റെ പേരാണ്. സ്വപ്നങ്ങൾ തകർക്കപ്പെട്ട രാഷ്ട്രീയമായി അവലംബഹീനരായി തീരുന്ന സാധാരണ മനുഷ്യർ വളരെ വേഗം ഈ രോഗത്തിന്റെ ഇരകളായി തീരുന്നു. ഈ രോഗം സാധാരണക്കാരായ മനുഷ്യരെ അവർ ആർജിച്ച ജനാധിപത്യ സംസ്കാരത്തിനെതിരെ തിരിച്ചുവിടുന്നു. ഈ രോഗത്തിനെ പ്രതിരോധിക്കാൻ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിനെ കഴിയൂ. അതിനു ഇടതുപക്ഷം ജനതയുടെ ജീവനായി മാറണം.

ബഹുജനങ്ങളെ പഠിപ്പിക്കാൻ മാത്രമല്ല അവരിൽ നിന്നു പഠിക്കാനും ലെനിൻ പഠിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അർത്ഥം നാം അഹങ്കാരികൾ ആകരുത് എന്നതാണ്. ഇടതുപക്ഷത്തോടൊപ്പം എന്നും തൊഴിലാളികൾ ‚കൃഷിക്കാർ, സ്ത്രീകൾ ‚യുവജനത എന്നിവർ കൂടെ ഉണ്ടായിരിക്കണം. ഇടതുപക്ഷം സത്യസന്ധമായ ആത്മപരിശോധന നടത്തി, സ്വന്തം തെറ്റുകൾ തുറന്നു സമ്മതിക്കാനും, അവ സംഭവിക്കാനുള്ള കാരണം കണ്ടെത്തുകയും, അവ തിരുത്താനുള്ള മാർഗങ്ങൾ അറിയുവാനുള്ള പൗരുഷം കാണിക്കുകയും വേണം. ഇടതുപക്ഷത്തിന്റെ മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങൾ ജീവിത ശൈലിയാക്കിയ ഫാസിസ്റ്റ് മൂലധന ശക്തികൾക്കെതിരെ അസഗ്നിദ്ധ പോരാട്ടം നടത്താൻ മനുഷ്യശക്തിക്കെ കഴിയൂ. ഇടതു പക്ഷത്തിന്റെ മനുഷ്യനോടുള്ള സത്യസന്ധമായ വിനയമുള്ള പെരുമാറ്റം ഈ പോരാട്ടത്തിന്റെ ശക്തി വർധിപ്പിക്കും.
ജനശബ്ദം കേൾക്കുന്നതിലുള്ള സന്നദ്ധതയാണ് ഇടതുപക്ഷം പ്രത്യയശാസ്ത്രത്തിന്റെ സവിശേഷത. അതിന്മേലാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തിയും അപ്രതിരോധ്യതയും നിലകൊള്ളുന്നത്. അത് പൗരപ്രമുഖരോട് സംസാരിച്ചാൽ ലഭിക്കില്ല. ജനങ്ങളിൽ നിന്ന് അകന്നാൽ എന്തു സംഭവിക്കും എന്ന് തെരഞ്ഞെടുപ്പ് ഫലം പ്രകടമാക്കി.
ഭരിക്കുന്നവനും നിയന്ത്രിക്കുന്നവനും വേണ്ടി പ്രയോഗിക്കുന്ന ബലം മാത്രമല്ല അധികാരം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇടതുപക്ഷത്തിനെ കഴിയൂ. ദുരധികാരത്തിനെതിരെ ചെറുത്തു നിൽപിന്റെ രൂപത്തിൽ ഭരിക്കപ്പെടുന്നവരുടെ അധികാരം ഉയരണം. അത് സംഭവിപ്പിക്കുക എന്നതാണ് ഇടതുപക്ഷം നിറവേറ്റേണ്ട കടമ.
ഇടതുപക്ഷ പ്രവർത്തകരുടെ വീക്ഷണ മണ്ഡലം വിശാലമാക്കണം. അത് പരിമിതമാക്കുന്നത് അപകടകരമാണ്. വിശാലമനസ്കതയാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ മനോഹാരിത .ഫാസിസവും അന്താരാഷ്ട്ര ഫിനാൻസ് മൂലധനവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ കാലത്ത് ഈ രണ്ടു ശക്തികൾക്കെതിരെ ജനമുന്നേറ്റം സൃഷ്ടിക്കാൻ വിശാല വീക്ഷണം സഹായകമാകും.

ഫാസിസം നിഷേധിച്ച മൂല്യങ്ങളൊന്നും ചില അരാജകവാദികളുടെതായിരുന്നില്ല. ആ മൂല്യങ്ങൾ പെട്ടെന്ന് അവതരിച്ചവയുമായിരുന്നല്ല. നൂറ്റാണ്ടുകൾ നീണ്ടു നിന്ന സാംസ്കാരിക മുന്നേറ്റങ്ങളിലൂടെ മനുഷ്യ സമൂഹം സ്വാംശീകരിച്ചവയായിരുന്നു അവ. മനുഷ്യസമൂഹം വർണ വംശ തിരിവുകൾക്കുപരി ഒന്നാണെന്നും നീതിക്കും തുല്യതക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ദാഹമാണ് അതിനെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നുമുള്ള തിരിച്ചറിവാണ് ആ മൂല്യങ്ങളുടെ സംഭാവന. മനുഷ്യ സമൂഹത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്നത്, രാജാക്കന്മാരോ ‚രാജാക്കന്മാർ എന്ന് സ്വയം നടിക്കുന്നവരോ ‚ദൈവത്തിന്റെ പ്രതിനിധികൾ എന്ന് സ്വയം അവകാശപ്പെടുന്നവരോ അല്ല. ജനങ്ങളുടെ അത്യുജ്വല പോരാട്ടങ്ങളാണ് സമൂഹത്തെ മാറ്റിമറിക്കുക. ആ പരിണാമം സാധ്യമാക്കാൻ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിനെ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.