5 May 2024, Sunday

പട്ടികവർഗ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ വനിതാ കമ്മിഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
December 3, 2023 8:15 pm

പട്ടികവർഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനായി സംസ്ഥാനത്ത് 11 ജില്ലകളിൽ വനിതാ കമ്മിഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇതിൽ ആദ്യ പട്ടികവർഗ മേഖല ക്യാമ്പ് ഇന്നും നാളെയും മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നടക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു. പട്ടികവർഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി അടിയന്തര ഇടപെടലുകൾ നടത്തുകയാണ് ലക്ഷ്യം.

2011ലെ സെൻസസ് പ്രകാരം കേരളത്തിലെ പട്ടിക വർഗ ജനസംഖ്യ 4,84,839 ആണ്. പട്ടികവർഗ മേഖല വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നത്. കാലാവസ്ഥയിലും പ്രകൃതിയിലും ജീവിത സാഹചര്യത്തിലും പൊതുസമൂഹത്തിലും സംജാതമായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മൂലം നിരവധി പ്രത്യാഘാതങ്ങളാണ് പട്ടികവർഗ മേഖലയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പട്ടികവർഗ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ മനസിലാക്കുകയും പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനുമുള്ള സാഹചര്യം ഒരുക്കാൻ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിക്കുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ അറിയിച്ചു.

വനിതാ കമ്മിഷന്‍ ഇന്ന് രാവിലെ 8.30ന് മലപ്പുറം പോത്തുകൽ ഗ്രാമപഞ്ചായത്തിലെ അപ്പൻകാപ്പ് പട്ടികവർഗ സങ്കേതം സന്ദർശിക്കും. നാളെ രാവിലെ 10ന് നിലമ്പൂർ നഗരസഭ ഹാളിൽ നടക്കുന്ന സെമിനാർ വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം മുഖ്യാതിഥിയാകും. വനിതാ കമ്മിഷൻ അംഗങ്ങളായ വി ആർ മഹിളാമണി, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവർ സംസാരിക്കും.

പട്ടികവർഗ മേഖലയിൽ സർക്കാർ നടത്തുന്ന പദ്ധതികൾ എന്ന വിഷയം പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ടി മധു അവതരിപ്പിക്കും. ലഹരിയുടെ വിപത്ത് എന്ന വിഷയം മലപ്പുറം ലഹരിവിമുക്ത ഭാരതം ജില്ലാ കോ-ഓർഡിനേറ്ററും റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫിസറുമായ ബി ഹരികുമാർ അവതരിപ്പിക്കും. നാളെ ഉച്ചകഴിഞ്ഞ് 2.30ന് നിലമ്പൂർ നഗരസഭ ഹാളിൽ പട്ടികവർഗ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനയോഗം ചേരും.

Eng­lish Sum­ma­ry: Wom­en’s com­mis­sion orga­nizes camp in sched­uled tribe area
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.