22 December 2024, Sunday
KSFE Galaxy Chits Banner 2

ഫാസിസ്റ്റുകാലത്തെ വനിതാദിനം

അ‍ഡ്വ. പി വസന്തം 
March 8, 2024 4:15 am

സാർവദേശീയ മഹിളാ ദിനത്തിന്റെ 114-ാം വാർഷിക ദിനമായാണ് മാർച്ച് എട്ട് ആഘോഷിക്കപ്പെടുന്നത്. 2024ലെ മഹിളാ ദിനത്തിന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ആശയം “സ്ത്രീകൾക്കായ് നിക്ഷേപിക്കുക- പുരോഗതിയെ ത്വരിതപ്പെടുത്തുക” എന്നതാണ്. സ്ത്രീകൾക്കായി നിക്ഷേപിക്കുക എന്നത് നിലവിലുള്ള സാമൂഹ്യ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാൻ ആവശ്യമായ കരുത്ത് പകർന്നുനൽകാൻ സഹായിക്കും. 1975 മുതലാണ് യുഎൻഒ മാർച്ച് എട്ട് സാർവദേശീയ വനിതാദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ദേശീയ മഹിളാ ഫെഡറേഷൻ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട് ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ, ഇന്ത്യൻ സ്ത്രീകളുടെ രക്ഷകയായ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് മഹിളാദിനത്തില്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.
വർഗസമരത്തിന്റെ ഭാഗമായി സ്ത്രീസമൂഹം മുന്നേറാനും പോരാടാനും തയ്യാറാക്കിയ ചരിത്രത്തിന്റെ ഓർമ്മയ്ക്കാണ് മാർച്ച് എട്ട് നിലകൊള്ളുന്നത്. 1857ൽ അമേരിക്കയിലെ വസ്ത്രനിർമ്മാണ തൊഴിലാളികളായ സ്ത്രീകളാണ് ആദ്യ വനിതാദിനത്തിന് തുടക്കം കുറിച്ച് ന്യൂയോർക്ക് നഗരത്തിലൂടെ കുറഞ്ഞ മണിക്കൂർ ജോലിക്കും മെച്ചപ്പെട്ട വേതനത്തിനും വേണ്ടി മാർച്ച് നടത്തിയത്. ബ്രഡ് ആന്റ് റോസസ് (അപ്പവും പനീർപുഷ്പവും) എന്ന മുദ്രാവാക്യമായിരുന്നു അവർ ഉന്നയിച്ചത്. ബ്രഡ് സാമ്പത്തിക സുരക്ഷയുടെ പ്രതീകവും റോസാപ്പൂവ് നല്ല ജീവിതത്തിന്റെ പ്രതീക്ഷയുമായിരുന്നു. 1864ൽ മാർക്സിസ്റ്റ് ഇന്റർനാഷൺ വർക്കിങ് മെൻസ് അസോസിയേഷൻ ഒന്നാം ഇന്റർനാഷണൽ സ്ഥാപിച്ചു. 1868ൽ സ്ത്രീകളുടെ വിഷയങ്ങൾ ഇന്റർനാഷണലിൽ ഉന്നയിക്കുകയും പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യഅവകാശങ്ങൾ ട്രേഡ് യൂണിയനിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകൾ ട്രേഡ് യൂണിയനുകളിൽ അംഗത്വമെടുക്കുകയും അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്തു തുടങ്ങി. ഫ്രാൻസ്, ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ ട്രേഡ് യൂണിയനുകളിൽ ചേർന്നു. ഐതിഹാസികമായ 1871ലെ പാരിസ് കമ്മ്യൂൺ പോരാട്ടത്തിലും സ്ത്രീകളുടെ‍ ജീവൻ സമർപ്പിക്കപ്പെട്ടു.


ഇതുകൂടി വായിക്കൂ:  സ്ത്രീപക്ഷ നവ കേരളം, ജനങ്ങള്‍ ഏറ്റെടുക്കണം


സാർവദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗ്രൂപ്പുകൾ രൂപീകരിച്ചു തുടങ്ങിയത് വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. 1870ൽ സ്റ്റുട്ട്ഗാർട്ടിൽ നടന്ന രണ്ടാം ഇന്റർനാഷണലിനോടനുബന്ധിച്ച് സോഷ്യലിസ്റ്റ് സ്ത്രീകളുടെ ഒന്നാം സാർവദേശീയ സമ്മേളനം നടന്നു. തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ വിശ്വസ്തയായ പ്രവർത്തക ക്ലാര സേതിങ്ങിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ സാർവദേശീയ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. 1907ൽ സോഷ്യലിസ്റ്റ് വനിതാ സമ്മേളനത്തിൽ വോട്ടവകാശത്തിനു വേണ്ടി പോരാടാൻ തീരുമാനിച്ചു.
1910ൽ കോപ്പൻഹേഗനിൽ ചേർന്ന രണ്ടാം സാർവദേശീയ വനിതാസമ്മേളനം മാർച്ച് എട്ട് സാർവദേശീയ മഹിളാദിനമായി ആചരിക്കാൻ തീരുമാനിച്ചു. 1911ൽ ജർമ്മനി, ഓസ്ട്രേലിയ, ഡെൻമാർക്ക്, സ്വിറ്റ്സർലന്റ് എന്നീ രാജ്യങ്ങളിൽ വോട്ടവകാശം പ്രധാന മുദ്രാവാക്യമായി അംഗീകരിച്ചുകൊണ്ട് മാർച്ച് എട്ട് മഹിളാദിനമായി ആചരിച്ചു. 1913ൽ വനിതാദിനം റഷ്യയിലും ആചരിച്ചു. സോഷ്യലിസ്റ്റ് വിപ്ലവം ആസന്നമാണെന്ന് കണ്ടുകൊണ്ട് സോഷ്യലിസ്റ്റ് നിർമ്മാണത്തിൽ സ്ത്രീകൾ എങ്ങനെ പങ്കെടുക്കണമെന്ന് ലെനിൻ എഴുതി. ഭരണനിർവഹണം പണക്കാർക്കും പുരുഷന്മാർക്കും മാത്രമേ സാധ്യമാവു എന്ന മുൻവിധിയിൽ നിന്ന് നാം വിട്ടുപോരണമെന്ന ലെനിന്റെ കാഴ്ചപ്പാട് റഷ്യ പ്രാവർത്തികമാക്കി. 1917ലെ വിപ്ലവത്തിനുശേഷം സോവിയറ്റ് യൂണിയനിലെ ‘നവമോചിത സ്ത്രീകൾ’ മാർച്ച് എട്ട് ആചരിച്ചു. ലോകത്തിലെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകുന്നതിനാണ് ലെനിനും സ്റ്റാലിനും ഈ ദിനം ഏറ്റെടുത്തത്. 1918ലെ വനിതാദിനത്തിന് ലെനിൻ നടത്തിയ പ്രഖ്യാപനം ലോകമെമ്പാടുമുള്ള സ്ത്രീകൾ ആവേശപൂർവം സ്വീകരിച്ചു.


ഇതുകൂടി വായിക്കൂ: നടന്നു മുന്നേറിയതില്‍ വനിതാപോരാളികളും


ലോകത്തിനു മുമ്പിൽ വികസനത്തിന്റെ കെട്ടുകാഴ്ചയുടെ പാെങ്ങച്ചം വിളമ്പുന്ന നരേന്ദ്ര മോഡിയുടെ കാലത്തെ ഇന്ത്യയുടെ നേർക്കാഴ്ച വേദനിപ്പിക്കുന്നതാണ്. പട്ടിണിക്കാരുടെയും ദരിദ്രരുടെയും രാജ്യമാണ് ഇന്ന് ഇന്ത്യ. 53 ശതമാനത്തിലധികം സ്ത്രീകൾ വയറുനിറയെ ആഹാരം കഴിക്കാനില്ലാത്തവരാണ്. പോഷകാഹാര സൂചകങ്ങളിൽ ഇന്നുവരെയുള്ള സമഗ്രമായ സർവേ എന്ന് പരിഗണിക്കുന്ന കുടുംബാരോഗ്യ സർവേയിൽ പറയുന്നത് വിളർച്ച ബാധിച്ച 67.1 ശതമാനം കുഞ്ഞുങ്ങൾ ഇന്ത്യയിലുണ്ടെന്നാണ്. അഞ്ച് വയസിന് താഴെയുള്ള ശിശുമരണനിരക്ക് 41.9 ശതമാനമാണ്. 57 ശതമാനം സ്ത്രീകൾ വിളർച്ചമൂലം ദുരിതമനുഭവിക്കുന്നു. ഇത് ആരോഗ്യമുള്ള ശിശുക്കൾക്ക് ജന്മം നൽകുന്നതിന് തടസമാകുന്നു. യുണിസെഫിന്റെ കണക്കുകൾ പ്രകാരം ലോകത്തിലെ പട്ടിണിക്കാരായ മൂന്നിലൊന്ന് കുഞ്ഞുങ്ങൾ താമസിക്കുന്ന രാജ്യവും ഇന്ത്യയാണ്.
ലിംഗസമത്വത്തിൽ 142 രാജ്യങ്ങളുടെ പട്ടികയിൽ 114-ാം സ്ഥാനത്താണ് നമ്മുടെ രാജ്യം. ലിംഗസമത്വം ഉറപ്പുതരുന്ന ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത്. സ്ത്രീകളുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിക്കുന്നതിനനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് ഭരണാധികാരികളുടെ കടമയാണെന്ന് ഓർമ്മിപ്പിക്കുന്ന ഭരണഘടന, സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ലിംഗവിവേചനം പാടില്ല എന്നും നിഷ്കർഷിക്കുന്നു. എന്നാല്‍ ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന നിയമങ്ങളെ സർക്കാർ ദുർബലപ്പെടുത്തുന്നു. ലിംഗസമത്വത്തെ ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കി സർക്കാർ സങ്കീർണമാക്കിയിരിക്കുകയാണ്. ഇത് സ്ത്രീ-പുരുഷ സമത്വത്തിന് പകരം, സ്ത്രീകൾക്കുമേല്‍ സാമ്പത്തികവും ലെെംഗികവുമായ പീഡനം, അരക്ഷിതാവസ്ഥ എന്നിവ വളർത്തിയതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സമ്പത്തും അധികാരവും കയ്യടക്കാൻ ആൺകോയ്മയ്ക്ക് അവസരം നൽകുന്നു.


ഇതുകൂടി വായിക്കൂ: കടന്നു പോയ വനിതാദിനം


സ്ത്രീകളുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായ ഭരണാധികാരികൾ സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്ര സമീപനങ്ങളുമായി മുന്നോട്ട് പോവുന്നതിന് ഉദാഹരണമാണ് വനിതാ സംവരണ നിയമം. മോഡി സർക്കാർ സ്ത്രീകളുടെ വോട്ട് തട്ടാനുള്ള മുതലക്കണ്ണീർ ഒഴുക്കലിനപ്പുറം അത് യാഥാർത്ഥ്യമാക്കാനുള്ള ചെറുവിരലനക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. 2029ൽ പോലും സംവരണം നടപ്പാക്കുമെന്നതിനുറപ്പില്ല. ജീവൻ ത്യജിച്ചു നേടിയെടുത്ത സ്വാതന്ത്ര്യം ഒരുതുള്ളി വിയർപ്പുപോലും കളയാത്ത ഫാസിസ്റ്റ് ശക്തികൾക്ക് അടിയറവയ്ക്കാൻ അനുവദിച്ചുകൂടാ. ഈ രാജ്യത്തിന്റെ മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് പരമാധികാര ഉത്തരവാദിത്തം നമ്മളിൽ അർപ്പിതമാണെന്ന് മഹിളാദിനം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.