27 December 2024, Friday
KSFE Galaxy Chits Banner 2

വനിതാ സംവരണവും തുടര്‍ നടപടികളും

പ്രൊഫ. കെ അരവിന്ദാക്ഷൻ
October 6, 2023 4:30 am

“നാരി ശക്തി വന്ദന്‍ അധിനിയം” എന്ന പേരില്‍ ലോക്‌സഭയിലെയും നിയമസഭയിലെയും വനിതാ പ്രാതിനിധ്യം മൂന്നില്‍ ഒന്നായി സംവരണം ചെയ്തുകൊണ്ടുള്ള ഇന്ത്യന്‍ ഭരണഘടനയുടെ 128-ാം ഭേദഗതിയില്‍ സാമൂഹിക–രാഷ്ട്രീയ മാനങ്ങള്‍ക്കപ്പുറം സാമ്പത്തിക മാനങ്ങള്‍കൂടിയുണ്ടെന്ന യാഥാര്‍ത്ഥ്യം വേണ്ടത്ര പൊതുശ്രദ്ധയാകര്‍ഷിച്ചിട്ടില്ല. വളരെ തിടുക്കത്തില്‍ത്തന്നെയാണ് ഈ നിയമനിര്‍മ്മാണ നടപടികള്‍ പൂര്‍ത്തീകരിക്കപ്പെട്ടതെന്ന് നമുക്കറിയാം. 2023 സെപ്റ്റംബറില്‍ പുനരാരംഭിക്കപ്പെട്ട പാര്‍ലമെന്റ് സമ്മേളനത്തില്‍ നിരവധി വിവാദ വിഷയങ്ങള്‍ സംബന്ധമായ തര്‍ക്കം നിലവിലിരുന്നപ്പോള്‍ത്തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്ന ഏക അജണ്ട വനിതാ സംവരണബില്‍ അവതരണം തന്നെയായിരുന്നു എന്നത് ശ്രദ്ധേയമാണ്. വനിതകളുടെ പ്രാതിനിധ്യം സഭയുടെ അംഗത്വത്തില്‍ മൂന്നിലൊന്ന് എന്നത് പ്രയോഗത്തില്‍ വരിക, മണ്ഡലം പുനര്‍നിര്‍ണയത്തിനു ശേഷമായിരിക്കും. അതിന് ജനസംഖ്യാ കണക്കെടുപ്പുവരെ കാത്തിരിക്കേണ്ടിയും വരും.
വനിതാ പ്രാതിനിധ്യ വ്യവസ്ഥ ഭരണഘടനയുടെ ഭേദഗതിയായി മാറണമെങ്കില്‍ നിലവിലുള്ള ഉപരിസഭയായ രാജ്യസഭയുടെയും ജനകീയ സഭയായ ലോക്‌സഭയുടെയും സംയുക്ത യോഗം സമ്മേളിക്കുകയും പ്രസ്തുത യോഗം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അതിന് അംഗീകാരം നല്‍കുകയും വേണം. 50 ശതമാനം നിയമസഭകളുടെ അംഗീകാരവും വേണം. ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന രാഷ്ട്രീയ പോര് ഉന്നംവയ്ക്കുന്നത് 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നത് ഉറപ്പാണല്ലോ. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഭേദഗതിയുടെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന അവകാശവാദം ശക്തമായിത്തന്നെ ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. ചില പ്രാദേശിക പാര്‍ട്ടികളുടെ എതിര്‍പ്പ് ഒഴിച്ചുനിര്‍ത്തിയാല്‍ മിക്കവാറും എല്ലാ കക്ഷികളും പിന്തുണച്ചതിനെ തുടര്‍ന്ന് 2010ല്‍ അന്നത്തെ രാജ്യസഭ സമാനമായൊരു ഭേദഗതിക്ക് ഭരണഘടനാനുസൃതമായ അനുമതിയും അംഗീകാരവും നല്‍കിയിരുന്നതാണ്. എന്നാല്‍, ലോക്‌സഭയുടെ അംഗീകാരം നേടാനായില്ല. ഈ വീഴ്ചയ്ക്ക് ബിജെപി പഴിചാരുന്നത് കോണ്‍ഗ്രസിനെയാണ്. ഇതിന്റെ അനന്തരഫലമായാണ് 2010ല്‍ രാജ്യസഭ അംഗീകാരം നല്‍കിയ ഭേദഗതി കാലഹരണപ്പെട്ടതെന്ന വാദം ആഭ്യന്തര മന്ത്രി അമിത് ഷായാണ് മുന്നോട്ടുവച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: വനിതാ സംവരണ ബിൽ പോരാട്ടം അവസാനിക്കുന്നില്ല


കാലഹരണപ്പെട്ടു എന്ന് അമിത് ഷാ വാദിക്കുന്നതിന് പ്രത്യേക ലക്ഷ്യമുണ്ട്. നിലവിലുള്ള നിരവധി കടമ്പകള്‍— 2026ലെ ജനസംഖ്യാ കണക്കെടുപ്പിനുശേഷം നടക്കേണ്ട സീറ്റുകളുടെ പുനര്‍വിഭജനം, എസ്‌സി/എസ്‌‌ടി/ന്യൂനപക്ഷ വനിതാ സംവരണം തുടങ്ങിയവ- ഇതില്‍പ്പെടുന്നുണ്ടെന്നതാണ് വസ്തുത. അതെല്ലാം തൃപ്തികരമായി മറികടന്നതിനുശേഷം മാത്രമേ 27 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ യാഥാര്‍ത്ഥ്യമാകുമായിരുന്ന ഒരു ഭേദഗതിക്ക് അംഗീകാരം കിട്ടാന്‍ സാധ്യതയുള്ളൂ. അതുകൊണ്ടുതന്നെ 2034ന് മുമ്പ് വനിതാ സംവരണം നടപ്പാകാന്‍ വഴിയില്ല.
ലോക്‌സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം നടന്നത് 1976ല്‍ ആയിരുന്നു. പിന്നീട് മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം നടന്നത് 2001ലെ ജനംസംഖ്യയുടെ അടിസ്ഥാനത്തിലും. 2026ല്‍ നടന്നേക്കാവുന്ന ജനസംഖ്യാ കണക്കെടുപ്പുവരെ തല്‍സ്ഥിതി തുടരുകയല്ലാതെ മറ്റൊന്നും സാധ്യമല്ല.
വനിതകള്‍‍ വിവിധ ഉല്പാദന മേഖലകളില്‍ നല്‍കുന്ന അധ്വാനം വഴിയുള്ള സംഭാവനകള്‍ എന്തെന്നു പരിശോധിക്കുമ്പോള്‍ മാത്രമേ അവര്‍ എത്രമാത്രം അവഗണനയാണ് തൊഴില്‍ മേഖലയില്‍ നേരിടുന്നതെന്ന വസ്തുത മനസിലാവുകയുള്ളൂ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പത്, 10 തീയതികളിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അധ്യക്ഷനായ ജി20 ഉന്നതതലം ഗംഭീരമായി ആഘോഷിച്ചത്. ഈ കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ വനിതകള്‍ക്ക് ഏറ്റവും കുറഞ്ഞനിരക്കില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്ന രാജ്യം ഇന്ത്യയാണെന്ന വസ്തുത നമുക്ക് നാണക്കേടുണ്ടാക്കുന്നതാണ്. വനിതാ തൊഴില്‍ശക്തിയില്‍ ഇന്ത്യയുടെ പങ്ക് കേവലം 24 ശതമാനമാകുമ്പോള്‍ ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയുടെതുപോലും 27.8 ശതമാനമാണ്. ഒന്നാം സ്ഥാനത്ത് 62.1 ശതമാനത്തോടെ ചൈനയാണ്. കാനഡയില്‍ 60.9 ശതമാനമാണ് തൊഴില്‍മേഖലയിലെ വനിതാ പങ്കാളിത്തം. ഇന്ത്യയെക്കൂടാതെ ബ്രിക്സ് രാജ്യകൂട്ടായ്മയിലെ ബ്രസീ ല്‍, ദക്ഷിണാഫ്രിക്ക, റഷ്യ എന്നീ രാജ്യങ്ങളിലെ പങ്കാളിത്തം ശരാശരി 50 ശതമാനം വരെയാണ്. വനിതാ പങ്കാളിത്തം കണക്കാക്കുന്നത് മൊത്തം ജനസംഖ്യയുടെ 15 വയസില്‍ കൂടുതലുള്ളവരില്‍ തൊഴിലെടുക്കുന്നവര്‍ എത്രയാണെന്നതിനെ അടിസ്ഥാനമാക്കിയാണ്. 2016 മുതല്‍ കഴിഞ്ഞ ഏഴു വര്‍ഷക്കാലയളവില്‍ തൊഴിലെടുക്കുന്ന വനിതകളുടെ എണ്ണം മൂന്നിലൊന്നായി ഇടിഞ്ഞു. 2017ല്‍ മൊത്തം 446 ദശലക്ഷമായിരുന്ന തൊഴില്‍ശക്തിയില്‍ 15ശതമാനം മാത്രമായിരുന്നു വനിതാ പങ്കാളിത്തം. 2023ല്‍ മൊത്തം തൊഴില്‍ശക്തി 439 ദശലക്ഷമായി കുറഞ്ഞപ്പോള്‍ വനിതാ പങ്കാളിത്തം 45 ദശലക്ഷത്തിലേക്ക് താഴ്ന്നു. നഗരമേഖലയിലാണ് വനിതാ തൊഴില്‍ശക്തി അധികം ഇടിവ് രേഖപ്പെടുത്തിയത്. 22.7 ദശലക്ഷത്തില്‍ നിന്ന് 12 ദശലക്ഷത്തിലേക്ക്. ഗ്രാമമേഖലയില്‍ ഇത് 45ല്‍ നിന്നും 33 ദശലക്ഷത്തിലേക്കിടിഞ്ഞു. ഭൂമിയുടെ ഉടമസ്ഥതയിലും ഭവനങ്ങളുടെ ഉടമസ്ഥതയിലും സമാനതകള്‍ ഇല്ലാത്ത മാതൃകകളാണ് 2015–16നും 2019–21നും ഇടയ്ക്കുള്ള മാറ്റങ്ങളെന്ന് ദേശീയ കുടുംബാരോഗ്യ അവലോകനം പറയുന്നു. വനിതകളുടെ ഭൂവുടമസ്ഥത 37ല്‍ നിന്ന് 42 ശതമാനത്തിലേക്ക് വര്‍ധിച്ചു.


ഇതുകൂടി വായിക്കൂ: വനിതാസംവരണ നിയമം സത്വരം നടപ്പാക്കണം


വനിതകള്‍ക്ക് സാമൂഹ്യ ജീവിതത്തില്‍ പുരുഷന്മാര്‍ക്കൊപ്പം അര്‍ഹമായ പ്രാധാന്യവും പരിഗണനയും ലഭ്യമാകുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടത് അനിവാര്യതയാണ്. സ്ത്രീധനം പോലുള്ള ഏര്‍പ്പാടുകള്‍ മാത്രമല്ല, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കെതിരായി പോലും ലൈംഗികാതിക്രമങ്ങളടക്കം കയ്യേറ്റങ്ങള്‍ വ്യാപകമായി മാറിയിരിക്കുന്നു. കഴി‍ഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ വനിതാ കമ്മിഷന് കിട്ടിയത് പ്രതിവര്‍ഷം 30,000 പരാതികളായിരുന്നുവത്രെ. 2023ല്‍ സെപ്റ്റംബര്‍ 19വരെ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള പരാതികള്‍ 20,963 എണ്ണമാണെന്ന് കാണുന്നു. 2022 മുഴുവനായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതിന്റെ 67.7 ശതമാനമാണിത്. പരാതികളില്‍ അധികവും മാന്യമായി ജീവിക്കാനുള്ള അവകാശ സംരക്ഷണം, ഗാര്‍ഹിക പീഡനത്തിനെതിരായ സംരക്ഷണം, സ്ത്രീധന അതിക്രമങ്ങള്‍, മാനഭംഗശ്രമങ്ങള്‍, ബലാത്സംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. പകുതിയിലേറെ പരാതികളും യുപി കേന്ദ്രീകൃതമായിരുന്നു (3000ല്‍പ്പരം). തൊട്ടുപിന്നില്‍ ഡല്‍ഹി (1765), ബിഹാര്‍ 979), മഹാരാഷ്ട്ര (906), മധ്യപ്രദേശ് (856) എന്നിങ്ങനെ പോകുന്നു. മൊത്തം അതിക്രമങ്ങളില്‍ 77.9 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ് ഉണ്ടായിട്ടുള്ളത്. തൊട്ടുമുമ്പുള്ള വര്‍ഷവും റെക്കോഡ് യുപി തന്നെയാണ് നിലനിര്‍ത്തിയത് (54.5 ശതമാനം) എന്നത് ശ്രദ്ധേയമാണ്. സ്വന്തം ജീവിതപങ്കാളിയില്‍ നിന്നും ബലംപ്രയോഗിച്ചുള്ള ലൈംഗികവേഴ്ച നേരിടേണ്ടിവന്നത് ഇന്ത്യയിലെ വനിതകളില്‍ 35 ശതമാനം പേര്‍ക്കാണ്. സൗദി അറേബ്യയില്‍ ഇത് 43 ശതമാനമാണ്. ഏറ്റവും കുറവ്- 16 ശതമാനം-ഇറ്റലിയിലെ വനിതകള്‍ക്കും.


ഇതുകൂടി വായിക്കൂ: വനിതാ സംവരണത്തിനായി യോജിച്ച പോരാട്ടം വേണം


പാര്‍ലമെന്റില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുന്നതിനായി മൂന്നു ദശകങ്ങള്‍ക്ക് മുമ്പ് ബില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് നടത്തിപ്പിനുവേണ്ടിയുള്ള നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നിട്ടുള്ളതാണ് എന്നതാണ് വസ്തുത. ഇന്നത്തെ സഭയില്‍ വനിതാ പ്രാതിനിധ്യം നാമമാത്രമാണ്. ലോക്‌സഭയില്‍ 15 ശതമാനവും രാജ്യസഭയില്‍ 14 ശതമാനവും. ദക്ഷിണാഫ്രിക്കയില്‍ ഇത് 45 ശതമാനം വരെയാണ്. ലോക്‌സഭയും രാജ്യസഭയും ഏതാണ്ട് ഏകകണ്ഠമായിത്തന്നെ പുതിയ ബില്‍ പാസാക്കിയിരിക്കുന്ന സാഹചര്യത്തില്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി മാത്രമേ വേണ്ടതുള്ളൂ. പക്ഷേ നിലവിലെ ഭരണകൂടത്തിന്റെ നിലപാട് അത് നടപ്പാക്കലല്ല, രാഷ്ട്രീയ ഗിമ്മിക്കാണ് എന്നത് വ്യക്തവുമാണ്.
നിയമനിര്‍മ്മാണ സഭകളില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ മുതല്‍ ലോക്‌സഭയും രാജ്യസഭയും വരെ ലിംഗനീതി അനിവാര്യമാണെന്ന് ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയില്‍ മാത്രം നടപ്പാകാത്തതില്‍ സാധൂകരണമില്ല. ‘ജെന്റര്‍‍ ഡയനാമിക്സ്’ സ്വാതന്ത്ര്യത്തിന്റെ അമൃത്കാല്‍ ആഘോഷിക്കുന്ന രാജ്യത്തിന്റെ അനിവാര്യത തന്നെയാണ്. ഇത് ഉറപ്പാക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ, സാമ്പത്തിക വളര്‍ച്ചയോടൊപ്പം ജീവസുറ്റതും സജീവവുമായ സ്ത്രീശാക്തീകരണം എന്ന ആശയം പ്രവര്‍ത്തിപഥത്തിലാക്കാന്‍ കഴിയുകയുള്ളു. രാഷ്ട്രീയാധികാരം നിലനിര്‍ത്തുന്നതിന് മാത്രമുള്ള ഒരു ഉപാധിയായി വനിതാ സംവരണം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുത്.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.