Sunday
24 Jun 2018

എന്താണ് വിദ്യാഭ്യാസം

By: Web Desk | Tuesday 29 August 2017 9:39 PM IST

ബിനു കണ്ണന്താനം

നഴ്‌സറിയില്‍ ചേര്‍ന്നാലുടന്‍ എല്ലാ മാതാപിതാക്കളും കുട്ടികളോട് പറയുന്ന ഒരു കാര്യമുണ്ട്. നീ ആയിരിക്കണം ക്ലാസിലെ ഒന്നാമന്‍.
കുട്ടികളുടെ മനസ്സില്‍ വിദ്വേഷത്തിന്റെയും മത്സരത്തിന്റെയും പകയുടെയും ക്രോധത്തിന്റെയും ആദ്യ വിത്ത് മാതാപിതാക്കള്‍ പാകിക്കഴിഞ്ഞു. ഒരു ക്ലാസില്‍ 40 കുട്ടികളുണ്ടെങ്കില്‍ ഒരാള്‍ക്കേ ഒന്നാമനാകാന്‍ സാധിക്കുകയുള്ളൂ. അവന് കൈനിറയെ സമ്മാനങ്ങള്‍ കൊടുക്കുന്നു. ഈയൊരു കുട്ടിക്ക് കിട്ടുന്ന സന്തോഷം മറ്റ് 39 കുട്ടികളുടെയും വിഷമത്തിനും ദുഃഖത്തിനും ഇടവരുത്തുന്നു.രാപകലില്ലാതെ പഠിപ്പിച്ച് നിങ്ങളുടെ കുട്ടിയെ ഉന്തിത്തള്ളി ഒന്നാമനായിത്തന്നെ നിലനിര്‍ത്തുന്നു. കാലങ്ങള്‍ക്ക് ശേഷം എപ്പോഴെങ്കിലും ഇവന് ക്ലാസില്‍ രണ്ടാമനാകാനോ മൂന്നാമനാകാനോ ഇടവന്നാല്‍ അപ്പോള്‍ തുടങ്ങും പ്രശ്‌നം. അവന്‍ മാനസികമായി തകരും. ജീവിതത്തില്‍ എന്നും എവിടെയും വിജയിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. വിജയവും തോല്‍വിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നുള്ള സത്യം മനസ്സിലാക്കണം. കുട്ടികളെ തോല്‍ക്കാനും പഠിപ്പിക്കണം. എങ്കില്‍ മാത്രമേ പ്രതിസന്ധിയില്‍, പരാജയങ്ങളില്‍ ഇവര്‍ തളരാതെ പിടിച്ചു നില്‍ക്കുകയുള്ളൂ. പഠനത്തില്‍ ഒന്നാമതായ പലരും ജീവിതത്തില്‍ പരാജയപ്പെട്ടുപോകുന്നതിന്റെ പ്രധാന കാരണം ഇതാണ്. മക്കെളഎ എന്‍ജിനീയറും ഡോക്ടറുമാക്കണമെന്നാണ് എല്ലാ മാതാപിതാക്കന്മാരുടെയും ലക്ഷ്യം. ഇത് വിദ്യാഭ്യാസമല്ല ജീവിതമാര്‍ഗ്ഗം കണ്ടെത്തുവാനുള്ള ഉപാധികള്‍ മാത്രമാണ്, ഉയര്‍ന്ന വരുമാനം നേടുവാനുള്ള ഒരു വഴി മാത്രമാണിത്. മക്കളെ വിദ്യാഭ്യാസത്തിനായി അമേരിക്കയിലും യൂറോപ്പിലുമൊക്കെ പറഞ്ഞയയ്ക്കുന്നു. അങ്ങിനെ ചെയ്യുന്നത് വളരെ വലിയ കാര്യമായിട്ടാണ് ചിലര്‍ കരുതുന്നത്. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേയ്ക്കുള്ള യാത്ര, ഒരാള്‍ ദിനംതോറും വൈശിഷ്ട്യത്തിലേയ്ക്ക് ഉയരുക. സമുന്നതങ്ങളിലേയ്ക്കുള്ള യാത്രയാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം.
വിദ്യാഭ്യാസത്തെപ്പറ്റി ‘ഓഷോ’യുടെ പുസ്തകത്തില്‍ മനോഹരമായ ഒരു കഥയുണ്ട് ”പണ്ട് ഒരു ഗുരുകുലത്തില്‍ നിന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ അവരുടെ അവസാന പരീക്ഷയില്‍ വിജയികളായി. അവരുടെ ഒടുവിലത്തെ പരീക്ഷ നടക്കാനിരിക്കുന്നതേയുള്ളൂ എന്ന് അവരുടെ ഗുരുനാഥന്‍ ഇടയ്ക്കിടെ പറയുമായിരുന്നു. വിദ്യാഭ്യാസ കാലത്തിന്റെ അവസാന ദിവസം വന്നെത്തി. അവരുടെ ബിരുദദാനചടങ്ങും നിര്‍വ്വഹിക്കപ്പെട്ടു. അപ്പോഴും അവസാന പരീക്ഷ നടക്കാനിരിക്കുകയായിരുന്നു. ഗുരു ഇത് മറന്നു പോയിരിക്കും എന്നു കരുതി കുട്ടികള്‍ ഒന്നും പറഞ്ഞില്ല. കുട്ടികള്‍ അവരുടെ പുസ്തകങ്ങളും കിടക്കകളും വസ്ത്രങ്ങളും പൊതിഞ്ഞുകെട്ടി ഗുരുവിന്റെ അടുത്തെത്തി. അവസാനത്തെ അനുഗ്രഹവും വാങ്ങി സ്ഥലം വിട്ടു. യാത്രാമദ്ധ്യേ അവര്‍ അവരുടെ അവസാന പരീക്ഷയെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്നു. നേരം വൈകുന്നേരമായിരുന്നു. രാത്രിയാകുന്നതിനു മുമ്പേ അവര്‍ക്ക് അടുത്ത ഗ്രാമത്തിലെത്തണം. കാട്ടിലൂടെ കടന്നുപോകുന്ന വഴി വളരെ വിഷമം പിടിച്ചതായിരുന്നു. നേരം ഇരുട്ടി വരികയാണ്. ആ വഴിയാകട്ടെ വന്യമൃഗങ്ങള്‍ നിറഞ്ഞതുമാണ്. ആ നിബിഡ വനത്തില്‍ മുള്ളുകള്‍ നിറഞ്ഞ ഒരു ഇടുങ്ങിയ വഴി അവര്‍ കണ്ടു. കുട്ടികളില്‍ ഒരാള്‍ മുള്ളുകള്‍ ചാടിക്കടന്നു. രണ്ടാമത്തെ കുട്ടി മറ്റൊരു വഴിക്കു നടന്ന് അപ്പുറം കടന്നു മൂന്നാമത്തവന്‍ അവന്റെ ഭാരങ്ങള്‍് എല്ലാം ഒരിടത്തു വച്ച് വഴിയിലെ മുള്ളുകള്‍ പെറുക്കിയെടുത്ത് ദൂരെക്കളയാന്‍ തുടങ്ങി. അവനോട് സുഹൃത്തുക്കള്‍ ചോദിച്ചു ”നിനക്ക് ഭ്രാന്താണോ. ഇരുട്ട് വീഴുകയാണ് നമുക്ക് വളരെ വേഗം ഗ്രാമത്തിലെത്തണം. മുള്ളു പെറുക്കാന്‍ സമയമില്ല. നമുക്ക് നേരമില്ല വേഗം വരൂ.”
മൂന്നാമന്‍ പറഞ്ഞു ”ഇത് പകലായിരുന്നെങ്കില്‍ ആപത്തുണ്ടാകില്ലായിരുന്നു. ഇതിലെ കടന്നു വരുന്നവര്‍ മുള്ളുകള്‍ കാണും. എന്നാല്‍ നമ്മള്‍ കടന്നു പോയ്ക്കഴിയുമ്പോഴേയ്ക്കും നല്ല ഇരുട്ടാകും പിന്നെ ആര്‍ക്കും ഈ മുള്ള് കാണാന്‍ കഴിയില്ല. ഇതറിഞ്ഞുകൊണ്ട് നമ്മെ പിന്തുടര്‍ന്ന് വരാനിരിക്കുന്നവരെക്കുറിച്ച് ഓര്‍ക്കാതെ നമ്മള്‍ കടന്നു പോയാല്‍ നമ്മുടെ വിദ്യാഭ്യാസത്തിന് യാതൊരു അര്‍ത്ഥവുമുണ്ടാവില്ല. ഞാനീ മുള്ളുകള്‍ എടുത്തു മാറ്റും നിങ്ങള്‍ പൊയ്‌ക്കോളൂ.”
ഈ സമയം കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഗുരു പുറത്തേയ്ക്ക് വന്നു. ആ വഴിയില്‍ മുള്ളുകള്‍ നിറച്ചത് അദ്ദേഹമായിരുന്നു. അതായിരുന്നു അവരുടെ അവസാന പരീക്ഷ. മുള്ളുകള്‍ കണ്ടു വഴി മാറിപ്പോയ മറ്റു രണ്ടു കുട്ടികളോട് ഗുരു പറഞ്ഞു. ”നിങ്ങള്‍ അവസാന പരീക്ഷയില്‍ തോറ്റിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ സ്‌കൂളിലേയ്ക്ക്തന്നെ തിരിച്ചുപോവുക. വഴിയില്‍ നിന്ന് മുള്ളുകള്‍ എടുത്തുമാറ്റിയ കുട്ടി മാത്രം അവസാന പരീക്ഷയില്‍ ജയിച്ചിരിക്കുന്നു.
ജീവിതത്തിലെ മുള്ളുകള്‍ എടുത്തുമാറ്റുവാന്‍ കഴിവുള്ളവന്‍ ആരാണോ അവനാണ് യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസമുള്ളവന്‍. മറ്റുള്ളവര്‍ക്ക് വേണ്ടി വഴിയിലെ മുള്ളുകള്‍ എടുത്തു മാറ്റാന്‍ മനസ്സുള്ളവന്‍ അവരുടെ വഴിയില്‍ പൂക്കള്‍ വിതറും. വഴിയിലെ മുള്ളുകള്‍ കണ്ടിട്ടും അതിനെ അവഗണിച്ചു പോകുന്നവന്‍ അന്യന്റെ വഴിയില്‍ മുള്ളു വിതറും. അവസാന പരീക്ഷ എപ്പോഴും സ്‌നേഹത്തിന്റേതാണ്. നമ്മുടെ വിദ്യാഭ്യാസം സ്‌നേഹത്തെപ്പറ്റി പഠിപ്പിക്കുന്നുണ്ടോ ?

Related News