22 December 2024, Sunday
KSFE Galaxy Chits Banner 2

ചെങ്കൊടി താഴ്ത്തിപ്പിടിച്ച് ലാല്‍സലാം

ബിനോയ് വിശ്വം
September 13, 2024 4:00 am

സിപിഐ (എം) ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ നേതൃനിരയില്‍ പ്രമുഖനുമായ സീതാറാം യെച്ചൂരിയുടെ വേര്‍പാട് തീവ്രമായ നഷ്ടമാണ്. അത് സിപിഐ (എം) ന്റെ മാത്രം നഷ്ടമല്ല. ഇന്ത്യയിലെ ഇടതുപക്ഷ‑മതേതര ശക്തികള്‍ക്കാകെത്തന്നെ ഈ വിയോഗ ദുഃഖം അനുഭവപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാലഘട്ടത്തിലെ ഏറ്റവും തിളക്കമാര്‍ന്ന മുഖമായിരുന്നു സീതാറാം. ഇംഗ്ലീഷില്‍ വൈബ്രന്റ് എന്ന് പറയാറുണ്ട്. സ്വന്തം ജീവിതംകൊണ്ട് ആ വാക്കിനെ അന്വര്‍ത്ഥമാക്കി അദ്ദേഹം. വിദ്യാര്‍ത്ഥി കാലം മുതല്‍ മരണം വരെയും അതുതന്നെയായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയം സങ്കീര്‍ണതയുടെ ചുഴിമലരികള്‍ കണ്ട പല സന്ദര്‍ഭങ്ങളിലും ഇടതുപക്ഷ മതേതര ജനാധിപത്യ ശക്തികള്‍ക്ക് വഴികാണിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. നേതൃത്വപരമായ പങ്ക് വേണം എന്നു ശാഠ്യം പിടിച്ചുകൊണ്ടോ തങ്ങളാണ് നേതാവെന്ന് ഭാവിച്ചുകൊണ്ടോ അല്ല ഈ ദൗത്യനിര്‍വഹണത്തില്‍ സിപിഐയും സിപിഐഎമ്മും ഇറങ്ങിപ്പുറപ്പെട്ടത്. നാടിനും ജനങ്ങള്‍ക്കും മുന്നോട്ടുപോയേ തീരൂ എന്ന് ചരിത്രം വിളിച്ചുപറഞ്ഞപ്പോള്‍, അതിനുവേണ്ടി സംഘ്പരിവാര്‍ വര്‍ഗീയ ഭ്രാന്തിനെ പിടിച്ചുകെട്ടിയേ തീരൂ എന്ന് ബോധ്യമായപ്പോള്‍ ഏറ്റെടുത്ത ദൗത്യമാണത്. അവിടെ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വെളിച്ചമാണ് കമ്മ്യൂണിസ്റ്റുകാരെ നയിച്ചത്. ആരാണ് മുഖ്യ ശത്രു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയായിരുന്നു അതില്‍ പ്രധാനം.
ഫാസിസ്റ്റായ ആര്‍എസ്എസ് നയിക്കുന്ന ബിജെപിയാണ് മതേതരഭാരതത്തിന്റെ മുഖ്യശത്രുവെന്ന് കണ്ടെത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. മൂര്‍ത്തമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാര്‍ക്സിസത്തെ പ്രയോഗവല്‍ക്കരിക്കാനുള്ള വെല്ലുവിളിയാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുമ്പില്‍ ഉയര്‍ന്നുവന്നത്. ആ വെല്ലുവിളിയെ സിപിഐയും സിപിഐഎമ്മും ഒരേ മനസോടെ നേരിട്ടു. അതില്‍ സീതാറാം വഹിച്ച സവിശേഷമായ പങ്ക് ഓര്‍ത്തുവയ്ക്കേണ്ടതാണ്. മുഖ്യശത്രു ആരാണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ആ ശത്രുവിനെ നേരിടാനുള്ള സമരസഖ്യവും സഖ്യശക്തികളുമാണ് പിന്നെ പ്രധാനമായിരുന്നത്. അതിലും ശരിയായ ഉത്തരം കണ്ടുപിടിക്കാന്‍ മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികള്‍ക്ക് കഴിഞ്ഞപ്പോഴാണ് ഇന്ത്യ സഖ്യം യാഥാര്‍ത്ഥ്യമായി മാറിയത്. നിര്‍ണായകമായ ആ ദിനങ്ങളിലെ കൂടിയാലോചനകളിലെല്ലാം പങ്കെടുത്തപ്പോള്‍ സീതാറാമില്‍ കണ്ടത് സൈദ്ധാന്തിക അടിത്തറയുള്ള രാഷ്ട്രീയ നേതാവിനെയായിരുന്നു.
മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള പ്രാവീണ്യം സൈദ്ധാന്തികപടുവായല്ല സീതാറാം ഉള്‍ക്കൊണ്ടത്. അതിനെ പ്രവര്‍ത്തിക്കുള്ള വഴികാട്ടിയായി മാറ്റേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളെ മനസിലാക്കാനും വ്യാഖ്യാനിക്കാനും ആ സാഹചര്യങ്ങളില്‍ മാര്‍ക്സിസ്റ്റ് പ്രമാണങ്ങള്‍ പ്രയോഗിക്കുവാനും അദ്ദേഹം പരിശ്രമിച്ചു. ഇന്ത്യ സഖ്യത്തില്‍ സഹകരിക്കേണ്ടത് എങ്ങനെയാണ്, ഏതളവുവരെയാണ് എന്നതിനെച്ചൊല്ലിയെല്ലാം ഇടതുപക്ഷ പാര്‍ട്ടികളില്‍ ചര്‍ച്ചയുണ്ടാവുക സ്വാഭാവികമാണ്. ആ ചര്‍ച്ചകളില്‍ സീതാറാം പുലര്‍ത്തിയ യാഥാര്‍ത്ഥ്യബോധമുള്ള മാര്‍ക്സിസ്റ്റ് പാണ്ഡിത്യമാണ് വിജയം കണ്ടത്.
സുഹൃദ് ബന്ധങ്ങളില്‍ വരകള്‍ വരയ്ക്കാന്‍ കൂട്ടാക്കാതിരുന്ന സീതാറാമിന്റെ ചങ്ങാത്ത വലയം വിപുലമായിരുന്നു. അന്തര്‍ദേശീയ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ ഏതു ഭാഗത്തുപോയപ്പോഴും അവിടുത്തെ ഇന്ത്യന്‍ എംബസികളില്‍ ജോലി ചെയ്യുന്ന പഴയ ജെഎന്‍യു സുഹൃത്തുക്കളെ തേടിപ്പിടിക്കാന്‍ സീതാറാം കാണിച്ച ഔത്സുക്യം ഓര്‍ത്തുപോകുന്നു.
അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് ഓര്‍മ്മകള്‍ മനസില്‍ നിറയുന്നുണ്ട്. മഹാരാജാസ് കോളജിന്റെ മുറ്റത്തുവച്ച് ആരംഭിക്കുന്ന ബന്ധമാണത്. സീതാറാം അന്ന് എസ്എഫ്ഐയുടെ പ്രസിഡന്റായിരുന്നു. ഞാന്‍ എഐഎസ്എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും. അന്ന് കൈകൊടുത്തുകൊണ്ട് ആരംഭിച്ച ബന്ധം പിന്നീട് ഒരുപാട് വളര്‍ന്നു.
ഞാന്‍ ബു‍ഡാപെസ്റ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാലത്ത് സീതാറാം അവിടെയെത്തിയാല്‍ വീട്ടില്‍ വരുമായിരുന്നു ആഹാരം കഴിക്കാന്‍. അന്ന് എന്റെ മൂത്ത മകള്‍ കൊച്ചായിരുന്നു. അവളുമായി കുശലം പറയുമായിരുന്നു, ഭാഷ അറിയില്ലെങ്കിലും. പിന്നീട് മോസ്കോയില്‍ ജീവിക്കുന്ന കാലത്തും ഇതുപോലെതന്നെയായിരുന്നു സീതാറാം. അന്ന് അദ്ദേഹം ഡിവൈഎഫ്ഐയുടെ നേതാവായിരുന്നു. അത് കഴിഞ്ഞ് ഞാന്‍ കേരളത്തിലേക്ക് മടങ്ങി. സീതാറാം സിപിഐ(എം) നേതാക്കന്മാരുടെ നിരയിലെ മുന്‍നിരക്കാരനായി. തിരക്കെല്ലാം കൂടുമ്പോഴും രണ്ടുപേര്‍ക്കും ഒരുപാട് ചുമതലകള്‍ വഹിക്കേണ്ടിവന്നപ്പോഴുമെല്ലാം സ്നേഹബന്ധത്തിന്റെ ആഴം കൂടിയിട്ടേയുള്ളൂ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് അംഗമായി പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍ സീതാറാമുമായുള്ള കൂടിക്കാഴ്ചകള്‍ ഏറെയുണ്ടായി. ഒരുപാട് തവണ കാണാനും പല വിഷയങ്ങളിലും ബന്ധപ്പെടാനും സാധിച്ചു. അപ്പോഴെല്ലാം താല്പര്യപ്പൊരുത്തമുള്ള, പരസ്പര വിശ്വാസമുള്ള, ആരാണ് എന്താണ് എന്ന് തിരിച്ചറിയാവുന്ന മനപ്പൊരുത്തമായിരുന്നു രണ്ടുപേരെയും സ്വാധീനിച്ചതെന്ന് ഓര്‍ക്കാന്‍ പറ്റുന്നുണ്ട്. ചിലപ്പോള്‍ സംഘര്‍ഷാത്മക സന്ദര്‍ഭമായാലും സങ്കീര്‍ണമായ രാഷ്ട്രീയ വിഷയമാണെങ്കില്‍പോലും പ്രശ്നങ്ങള്‍ തുറന്നുപറയാനും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനുമുള്ള ഇടം എന്നുമുണ്ടായിരുന്നു.
സീതാറാം മരിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ സത്യമാണെങ്കില്‍പോലും വിശ്വസിക്കാതിരിക്കാന്‍ തോന്നുകയാണ്. ആ ഒരു ഊഷ്മളതയാണ് സീതാറാമിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ വിയോഗമുണ്ടായിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിനും ഒരുപാട് വെല്ലുവിളികളും പ്രയാസങ്ങളും നിറഞ്ഞ സാഹചര്യത്തിലാണ്. ഈ വെല്ലുവിളികള്‍ക്കും പ്രയാസങ്ങള്‍ക്കും മുന്നില്‍ പതറാതെ മുന്നോട്ട് പോകാന്‍ പ്രസ്ഥാനമാകെത്തന്നെ ശ്രമിക്കേണ്ട കാലത്ത്, സിപിഐഎമ്മും സിപിഐയുമെല്ലാം അതിനെപ്പറ്റി ചിന്തിക്കുന്ന കാലത്താണ്, മറ്റെല്ലാ രാഷ്ട്രീയ ശക്തികളുമായും ബന്ധം സ്ഥാപിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷത്തെ പൊതുവില്‍ നയിച്ചുപോന്ന ഒരു നേതാവിന്റെ വിയോഗം ഉണ്ടായിരിക്കുന്നത്. അതിന്റെ ആഴം നമുക്ക് മനസിലാകും.
പ്രിയപ്പെട്ട ആ സഖാവിന്റെ, ഒരുപാട് സ്നേഹം, സൗഹൃദം, സന്തോഷം, തമാശ എല്ലാം പങ്കിട്ട നേതാവിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ തലകുനിച്ച്, ചെങ്കൊടി താഴ്ത്തിപ്പിടിച്ചുകൊണ്ട് ലാല്‍സലാം സഖാവെ എന്ന് മാത്രം കുറിക്കട്ടെ. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.