28 April 2024, Sunday

സഹകരണ ജീവനക്കാരന്റെ പെൻഷൻ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Janayugom Webdesk
കൊല്ലം
April 6, 2022 9:16 pm

ശൂരനാട് ഗ്രാമോദ്ധാരണ സഹകരണ ബാങ്കിൽ അക്കണ്ടന്റായിരുന്ന ജീവനക്കാരന്റെ കുടുംബ പെൻഷനും മറ്റ് സർവീസ് ആനുകൂല്യങ്ങളും അനധികൃതമായി തടഞ്ഞു വച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം വിതരണം ചെയ്യണമെന്ന് സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ഫണ്ട് ബോർഡ് സെക്രട്ടറിക്ക് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ഉത്തരവ് നൽകിയത്.
2016 നവംബർ നാലിന് മരിച്ച മുൻ ജീവനക്കാരൻ വാസുദേവൻ നായരുടെ ഭാര്യ കുരീപ്പുഴ സ്വദേശിനി രാധികാ കുമാരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മീഷൻ പെൻഷൻ ഫണ്ട് ബോർഡ് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ട് കുടിശിക ഒടുക്കാനുണ്ട്. കുടുംബ പെൻഷൻ അനുവദിക്കാൻ അദ്ദേഹത്തിന്റെ അമ്മയുടെ സമ്മത പത്രം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പരാതിക്കാരി ബോർഡിന്റെ റിപ്പോർട്ടിനെ എതിർത്തു. പരാതിക്കാരിയുടെ ഭർത്താവ് സ്വയം വിരമിച്ചതായി ബാങ്ക് വ്യാജ രേഖയുണ്ടാക്കിയതാണെന്ന് പരാതിക്കാരി അറിയിച്ചു. എന്നാൽ കുടുംബ പെൻഷൻ അനുവദിക്കണമെങ്കിൽ തഹസിൽദാർ നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കേറ്റ് ഹാജരാക്കണമെന്നത് നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നു. ഭർത്താവിന്റെ അനന്തരാവകാശിയായി മാതാവിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കാൻ കഴിയില്ല. ചട്ടപ്രകാരം ഹാജരാക്കേണ്ട രേഖകൾ പരാതിക്കാരി ഹാജരാക്കുക തന്നെ വേണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അപ്രകാരം ഹാജരാക്കുന്ന രേഖകളിൽ താമസം കൂടാതെ നടപടിയെടുക്കണമെന്ന് കമ്മീഷൻ പെൻഷൻ ഫണ്ട് ബോർഡ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.