22 November 2024, Friday
KSFE Galaxy Chits Banner 2

ലോക വ്യാപാര സംഘടനയുടെ 12-ാം മന്ത്രിതല യോഗവും ഇന്ത്യയും

Janayugom Webdesk
July 13, 2022 5:15 am

ലോക വ്യാപാര സംഘടനയുടെ ജെനീവാസമ്മേളനം 2022 ജൂണ്‍ 12 മുതല്‍ 15 വരെയുള്ള നാല് ദിവസങ്ങളിലാണ് നടക്കുക എന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ ഈ സംഘടനയുടെ നിലനില്പുതന്നെ പ്രസക്തമാണോ എന്ന സംശയം അവിടെ നടന്ന ചര്‍ച്ചകളിലൂടെയും മറ്റും ഫലമായി നിരവധി കോണുകളില്‍ നിന്നും ഉയര്‍ന്നതിനെത്തുടര്‍ന്ന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍‍ സ്വീകരിക്കുക വഴി അംഗരാജ്യങ്ങളുടെ വിശ്വാസം തിരികെ പിടിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു സമ്മേളനം രണ്ട് ദിവസത്തേക്കു കൂടി തുടരാനിടയായതെന്നാണ് റിപ്പോര്‍ട്ട്. അതായത്, ഫലത്തില്‍ സമ്മേളന കാലാവധി ജൂണ്‍ 12 മുതല്‍ 17 വരെ ആറ് ദിവസക്കാലമാണ് നടന്നത്. ജെനീവ സമ്മേളനത്തില്‍ പങ്കെടുത്ത 164 അംഗരാജ്യങ്ങളിലെ പ്രതിനിധികളുടെ കൂട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വാണിജ്യ കാര്യമന്ത്രി പീയൂഷ് ഗോയലും ഉള്‍പ്പെട്ടിരുന്നു. ഏതായാലും, ദീര്‍ഘിപ്പിച്ച രണ്ട് ദിവസങ്ങള്‍ക്കകം നിരവധി വ്യാപാര, സാമ്പത്തിക കെെമാറ്റ കരാറുകളില്‍ അംഗങ്ങള്‍ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. കൂടുതലായി നടന്ന രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ സംഘടനയുടെ പ്രസക്തിയും നിലനില്പും എത്രമാത്രമുണ്ടെന്ന് അംഗരാജ്യങ്ങള്‍ക്കുണ്ടായോ എന്ന് തീര്‍ത്തു പറയാനും കഴിയില്ല. ഇത്തരം കരാറുകളുടെയും ധാരണകളുടെയും കൂട്ടത്തില്‍ പാന്‍ഡെമിക്കിനെതിരായ പോരാട്ടം ബലപ്പെടുത്തുക ലക്ഷ്യമാക്കി ഇന്ത്യയില്‍ നിന്നുള്ള വാക്സിനുകളുടെ ഉല്പാദനവും കയറ്റുമതികളും പ്രോത്സാഹിപ്പിക്കാന്‍ അവയെ പേറ്റന്റ് നിയമത്തില്‍നിന്നും ഒഴിവാക്കാനുള്ള ധാരണയും ഉള്‍പ്പെട്ടിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു ഘട്ടത്തില്‍, ഇന്ത്യ ഈ വിഷയത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ ഏറെ വെെകിപ്പോയി എന്ന് പരാതിപ്പെടുകയും ചെയ്തിരുന്നതാണ്. കാരണം, അപ്പോഴേക്ക് പാന്‍ഡെമിക്കിന്റെ ഏതാനും ഘട്ടങ്ങള്‍ തരണം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു എന്നതാണ്. ഭക്ഷ്യധാന്യ കോര്‍പറേഷന്റെ കെെവശമുണ്ടായിരുന്ന മിച്ചം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങള്‍ കയറ്റി അയക്കാനുള്ള മോഡി സര്‍ക്കാരിന്റെ ഡിമാന്‍ഡും അനുവദിക്കപ്പെടുകയുണ്ടായില്ല. ഇതിനുള്ള കാരണം ഇതിനെതിരായി അതിശക്തമായ ജനവികാരം ഉണ്ടാകും. യഥാര്‍ത്ഥത്തില്‍ ഭക്ഷ്യധാന്യ ശേഖരം വിനിയോഗിക്കപ്പെടാതിരുന്നത് ആവശ്യക്കാരില്ലാഞ്ഞിട്ടല്ല, വിതരണശൃംഖലയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലുള്ള അഭാവത്തിന്റെ ഫലമായിട്ടാണ്. മത്സ്യസമ്പത്തിന്റെ കാര്യമെടുത്താല്‍, പരിമിതമായ തോതിലാണെങ്കിലും അന്ന് നിലവിലുണ്ടായിരുന്ന സ്റ്റേറ്റ് സബ്സിഡികള്‍ വെട്ടിക്കുറയ്ക്കപ്പെടുമെന്ന ഭയപ്പാടിനെത്തുടര്‍ന്നായിരുന്നില്ല, മത്സ്യക്കയറ്റുമതി പലപ്പോഴും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് നടന്നുവന്നിരുന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു. ഇതിനു പിന്നില്‍ മുഖ്യമായും പ്രവര്‍ത്തിച്ചിരുന്നത് ചെെനയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായിരുന്നു. മറ്റൊരു പ്രശ്നമേഖല ഡിജിറ്റല്‍ വ്യാപാരവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.
ഏതായാലും, ലോകവ്യാപാര സംഘടനയുടെ 12-ാം മന്ത്രിതല സമ്മേളനം നിശ്ചിത സമയത്തിനുശേഷവും തുടര്‍ന്നു എന്നതുകൊണ്ട് മാത്രമായിരുന്നില്ല പ്രാധാന്യം നേടിയത് മറിച്ച്. ഫിഷിങ് സബ്സിഡികള്‍ മുതല്‍ വാക്സിന്‍ പേറ്റന്റ് സംരക്ഷണം വരെയും മിച്ച ഭക്ഷ്യധാന്യ കയറ്റുമതിവരെയുമുള്ള തര്‍ക്കവിഷയങ്ങളില്‍ ഒരുവിധ ധാരണയിലെത്താനായി എന്നതുകൊണ്ട് കൂടിയാണ്. അതുകൊണ്ടുതന്നെ ഈ യോഗം വന്‍ വിജയമായിരുന്നു എന്ന് പീയൂഷ് ഗോയല്‍ അവകാശപ്പെട്ടിരിക്കുന്നതും ഒരു പരിധിവരെ അംഗീകരിക്കേണ്ടിവരും. ഏത് തര്‍ക്കവിഷയമായാലും അന്തിമഘട്ടത്തില്‍ എത്തിച്ചേരുന്ന ധാരണയുടെ അടിസ്ഥാനം ഒരു ഒത്തുതീര്‍പ്പിന്റെ സ്വഭാവത്തോടെയുള്ളതു മാത്രമായിരിക്കുകയും ചെയ്യും; ഒറ്റ വാക്കില്‍പറഞ്ഞാല്‍ ഒരു സമവായത്തിലൂടെ ഉരുത്തിരിഞ്ഞുവരുന്നത്.
ഇന്ത്യയുടെ ഭാഗത്തുനിന്നും വിലയിരുത്തുമ്പോള്‍ ഈയിടെ നടന്ന ലോകവ്യാപാര സംഘടനയുടെ മിനിസ്റ്റീരിയല്‍ സമ്മേളനം മൂന്ന് വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ഒന്ന്, ഒരു അംഗരാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വാചകകസര്‍ത്തുകള്‍ക്ക് സമ്മേളനത്തില്‍ നേതൃത്വം നല്കിയ സംഘത്തലവനായ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അങ്ങേയറ്റം തിളക്കത്തോടെ തന്നെ നിലനിന്നിരുന്നു. ഇതില്‍ മുന്‍കാലങ്ങളുടേതില്‍ നിന്നും പറയത്തക്ക മാറ്റം ഉണ്ടായിരുന്നുമില്ല. അതേസമയം സമ്മേളനത്തിലുടനീളം മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകള്‍ക്കും കുറവുണ്ടായില്ല. രണ്ട്, ഇന്ത്യന്‍ പ്രതിനിധികളുടെ വാചകക്കസര്‍ത്തുകള്‍ക്കപ്പുറം തങ്ങള്‍ക്കുള്ള വിമര്‍ശനങ്ങളും എതിര്‍പ്പുകളും പരമാവധി മയപ്പെടുത്താനുള്ള വ്യഗ്രതയും ഒട്ടും മറച്ചുവയ്ക്കപ്പെടുകയുണ്ടായില്ല. ഏതെങ്കിലും വിധത്തില്‍ തര്‍ക്കവിഷയങ്ങളില്‍ ഒരു ധാരണ ഉണ്ടാകണം എന്നതിനാണ് പരിശ്രമങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടിരുന്നതും. ഇക്കാര്യത്തില്‍ മറ്റു അംഗരാജ്യ പ്രതിനിധി സംഘങ്ങളുടെ വികാരവും സമാനമായിരുന്നു. മൂന്ന്, ഇതിന്റെയെല്ലാം അന്തിമഫലമായി ഉണ്ടായതെന്തെന്നോ? ഇന്ത്യയുടെ പല നിലപാടുകളും അംഗീകരിക്കപ്പെട്ടു എന്ന് അവകാശപ്പെട്ടുവെങ്കില്‍ത്തന്നെയും അവ എത്രമാത്രം ഇന്ത്യയുടെ സാമ്പത്തിക താല്പര്യങ്ങള്‍ക്ക് ഗുണകരമായ വിധത്തിലാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതായിട്ടാണിരിക്കുന്നത്. സമവായത്തിനുവേണ്ടി ഇന്ത്യ വിട്ടുവീഴ്ച ചെയ്യേണ്ടി വന്ന വിഷയങ്ങളില്‍ വാക്സിന്‍ പേറ്റന്റ് സംരക്ഷണം, മത്സ്യകൃഷിക്കുള്ള സബ്സിഡികള്‍, ഡിജിറ്റല്‍ വ്യാപാരം എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ഇതൊന്നും മാധ്യമങ്ങളില്‍ ഈവിധത്തിലല്ല റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. അതായത് ഇന്ത്യക്ക് വിട്ടുവീഴ്ചയ്ക്ക് തയാറാവേണ്ടി വന്ന വിഷയങ്ങളില്‍ തന്നെയായിരുന്നു സംഘടനയെക്കൊണ്ട് ഏകകണ്ഠമായി അവ അംഗീകരിപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടതും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇന്ത്യയുടെ ദീര്‍ഘകാല താല്പര്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നു എന്ന് വ്യക്തമാകുന്നു.
മുകളില്‍ സൂചിപ്പിച്ച സാഹചര്യവുമായി ബന്ധപ്പെട്ട് ഏതാനും ചില വിഷയങ്ങളില്‍ സുതാര്യത ആവശ്യമാണ്. നിലവില്‍ ലോകവ്യാപാര സംഘടനയുടെ ഭാഗമായി ബൗദ്ധിക സ്വത്തവകാശ നിയമത്തില്‍ അയവ് വേണമെന്നുള്ള ഇന്ത്യയുടെ ഡിമാന്‍ഡിന് ശക്തമായ പിന്തുണ നല്കിവന്നിരിക്കുന്നത് ദക്ഷിണാഫ്രിക്കയാണല്ലൊ. ഈ ഡിമാന്‍ഡ് ഉന്നംവയ്ക്കുന്നത് വാക്സിന്‍ പോലുള്ള ഔഷധങ്ങളുമായി ബന്ധപ്പെടുത്തിയുമാണ്. എന്നാല്‍ ഈ ഡിമാന്‍ഡ് മുന്‍പൊരിടത്ത് സൂചിപ്പിച്ചതുപോലെ പാന്‍ഡെമിക്ക് പൊട്ടിപ്പുറപ്പെട്ടതോടെ ഏറെക്കുറെ അപ്രസക്തമായിട്ടുമുണ്ട്. വാക്സിനുകള്‍ക്കു പുറമെയുള്ള മറ്റു ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്കും അനുബന്ധ ഉല്പന്നങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഈ ഇളവ് ബാധകമായിരിക്കുകയുമില്ല. ഇന്നത്തെ നിലയില്‍ വാക്സിനുകളുടെ സപ്ലെ, അവയ്ക്കുള്ള ഡിമാന്‍ഡിനെക്കാള്‍ പതിന്മടങ്ങ് അധികമാണെന്നതിനാല്‍ പ്രത്യേക ആനുകൂല്യങ്ങള്‍ക്കുള്ള പ്രസക്തി തുലോം തുച്ഛമാക്കപ്പെടുകയുമാണ്. കാരണം, ഇതിന്റെ ഫലമായി ആര്‍ക്കുംതന്നെ ഭൗതിക നേട്ടങ്ങളൊന്നും ലഭ്യമാവുകയുമില്ല. (“ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ” ദിനപത്രം ജൂണ്‍ 13, 2022) കാലാവധി അവസാനിച്ചിരിക്കുന്ന കോവിഡ് വാക്സിനുകളുടെ വന്‍ ശേഖരമാണ് നിലവിലുള്ളതെന്നാണ് ഔഷധ വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച്, റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറില്‍ കാലാവധി അവസാനിക്കുന്നത്, 200 മില്യന്‍ ഡോസ് വാക്സിനുകള്‍ക്കാണെന്നാണ്. സ്വകാര്യ ആശുപത്രികള്‍ ഓര്‍ഡറുകള്‍ വെട്ടിക്കുറച്ചിരുന്നു. നിരവധി കമ്പനികള്‍ ആശുപത്രികളോടൊപ്പം ചേര്‍ന്ന് അധിക സ്റ്റോക്കുകള്‍ നശിപ്പിക്കുന്നതിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഭാരത് ബയോടെക് തങ്ങള്‍ക്ക് കാലാവധി അവസാനിക്കാറായ വാക്സിനുകളുടെ സ്റ്റോക്ക് എത്രയുണ്ടെന്ന് വെളിപ്പെടുത്തുന്നില്ലെങ്കിലും സ്വകാര്യ ആശുപത്രികളോട് സ്വന്തം കെെവശമുള്ള സ്റ്റോക്കുകള്‍ കഴിയുന്നത്ര വേഗത്തില്‍ നശിപ്പിക്കാനും പകരം പുതിയ ഔഷധ സ്റ്റോക്കുകള്‍ കഴിയുന്നത്ര വേഗത്തില്‍ നശിപ്പിക്കാനും പകരം പുതിയ ഔഷധ സ്റ്റോക്കുകള്‍ സ്വീകരിക്കാനും തയാറായിരിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണത്രെ. കോവാക്സിന്റെ ആയുസ് 12 മാസമാണെങ്കില്‍, 80 ശതമാനം വരെ വാക്സിനേഷനുകള്‍ക്കായി ഇന്ത്യയില്‍ വിനിയോഗിച്ചിട്ടുള്ള കൊവീഷീല്‍ഡിന്റെ ആയുസ് വെറും ഒമ്പത് മാസമാണെന്നും അറിയുന്നു. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കാണെങ്കില്‍ 200 മില്യന്‍ ഡോസ് വാക്സിനാണ് സ്റ്റോക്കില്‍ ഉള്ളതെന്നും 2021 ഡിസംബറില്‍ നിര്‍മ്മിച്ച ഈ വാക്സിനുകളുടെ കാലാവധി 2022 സെപ്റ്റംബറില്‍ അവസാനിക്കുമെന്നുമാണ് അറിയാന്‍ കഴിയുന്നത്. 2022 മെയ് മാസത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഡാവോസില്‍ ചേര്‍ന്ന വേള്‍ഡ് ഇക്കണോമിക്ക് ഫോറം (ഡബ്ല്യുഇഎഫ്) സമ്മേളനത്തില്‍ പങ്കെടുത്ത സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലാ സൂചിപ്പിച്ചത് ഈ റിപ്പോര്‍ട്ട് വസ്തുതാപരമാണെന്നായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ പൂനാവാല അറിയിച്ചിരിക്കുന്നത്. ദേശീയ രോഗപ്രതിരോധ പദ്ധതിക്കായി മുഴുവന്‍ സ്റ്റോക്കും സൗജന്യമായി ലഭ്യമാക്കാമെന്നാണത്രേ. കോവിഡ് രൂക്ഷമായ കാലയളവില്‍ പലവട്ടം വില ഉയര്‍ത്തി കൊള്ളലാഭം നേടിയ ഈ ഔഷധ കുത്തകകള്‍ക്ക് കെെ പൊള്ളുമെന്ന് ഉറപ്പായതോടെ വെെകിവന്നൊരു ഔദാര്യമായി മാത്രമെ ഈ നടപടിയെ നമുക്ക് നിരീക്ഷിക്കാനും വിലയിരുത്താനും സാധ്യമാകൂ. ഏതായാലും പൂനാവാലമാരുടെ ഈ ഔദാര്യം കോവിഡ് ഭീഷണി പുനരാരംഭിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലെങ്കിലും തുടക്കം മുതല്‍ ഉണ്ടാകുമോ എന്നതാണ് പ്രസക്തമായ കാര്യം. ഈ വിഷയത്തില്‍ മോഡി സര്‍ക്കാരിന്റെ ശക്തമായ ഇടപെടലാണ് അവശ്യം വേണ്ടതെങ്കിലും അത് സംഭവിക്കുമെന്ന് ഉറപ്പിക്കാനും സാധ്യമല്ല. ഒരു ഘട്ടത്തില്‍ കയറ്റുമതികളിലൂടെ ലാഭമെടുക്കാനും സര്‍ക്കാരിന്റെ ഒത്താശയോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രമിച്ചതാണ്. നിരവധി സംസ്ഥാനങ്ങളിലും സ്റ്റോക്ക് കെട്ടിക്കിടക്കുന്നുണ്ടാകാം. എയര്‍ഫിനിറ്റി എന്ന ആഗോള ആരോഗ്യ ഗവേഷണ സ്ഥാപനം കണക്കാക്കിയിരിക്കുന്നത് 2021ല്‍ മാത്രം 241 മില്യന്‍ ഡോസ് വാക്സിനുകള്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ടാകാം എന്നാണ്. ജി-7 രാജ്യ കൂട്ടായ്മയുടെ സമ്മേളന വേളയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത്തരം അനഭിലഷണീയമായ ഏര്‍പ്പാടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്താനുള്ള ബാധ്യത ഓരോ രാജ്യത്തെയും ഡ്രഗ്സ് കണ്‍ട്രോളറിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഇന്ത്യക്കും ഇത് ബാധകമായിരിക്കും. ലോകാരോഗ്യ സംഘടനയെ അടിമുടി വിമര്‍ശിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഭരണാധികാരികള്‍ കോവിഡ് കണക്കുകള്‍ രോഗബാധിതരുടെയും രോഗമുക്തി നേടിയവരുടെയും മരണമടഞ്ഞവരുടെയും കൃത്യമായ കണക്കുകളടക്കം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംഘടനാ മേധാവി രാഷ്ട്രീയ നേതാക്കളെ കുറ്റപ്പെടുത്തുമ്പോള്‍ അത് ശുദ്ധ അസംബന്ധമാണെന്ന് രേഖപ്പെടുത്തിയ കാര്യം നാം മറക്കാറായിട്ടില്ല. ഇതിന്റെ അര്‍ത്ഥം ലോകാരോഗ്യ സംഘടന ചെയ്യുന്നതെല്ലാം ശരിയാണെന്നല്ല വിവക്ഷിക്കുന്നത്. രോഗബാധിതരാകാനിടയുള്ളവരുടെ കൃത്യമായ കണക്കെടുപ്പിനുശേഷം വാക്സിന്‍ നിര്‍മ്മാണത്തിന്റെ തോത് തിട്ടപ്പെടുത്തുക പ്രായോഗികമല്ലെന്നിരിക്കെ ഔഷധങ്ങളുടെ ഉപയോഗക്ഷമത ഉറപ്പാക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയെങ്കിലും ചെയ്യേണ്ടതല്ലെ? സംഘടന തന്നെ പറയുന്നത് വാക്സിനുകളുടെ എക്സ്പയറി തീയതി, അവ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ലഭ്യമാണെങ്കില്‍ അത്ര ഗൗരവമുള്ളൊരു പ്രശ്നമല്ലെന്നു തന്നെയാണ്. പേറ്റന്റ് ഇളവിനായി അപേക്ഷിക്കുമ്പോഴും അതിന്റെ പേരില്‍ കടുംപിടുത്തം നടത്തുമ്പോഴും സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ നിരവധി അംഗരാജ്യങ്ങള്‍ ഇന്ത്യയടക്കം ഗുരുതരമായ വീഴ്ചകള്‍ വരുത്തിയിട്ടുണ്ടെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്. (“ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്”, 2022 ജൂണ്‍ 13) കോവിഡ് ബാധിതരുടെ എണ്ണവും മരണപ്പെടുന്നവരുടെ എണ്ണവും ക്രമേണ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, അവകാശങ്ങള്‍ക്കുവേണ്ടി മുറവിളി കൂട്ടുന്നതോടൊപ്പം പ്രതിസന്ധികള്‍ നേരിടാനുള്ള തയാറെടുപ്പുകളും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പാക്കിയേ മതിയാകൂ.
മത്സ്യമേഖലയുമായി ബന്ധപ്പെട്ട പ്രശ്നം ഇതിലെ സങ്കീര്‍ണമാണെന്നാണ് അനുഭവങ്ങള്‍ വെളിവാക്കുന്നത്. ദേശീയതലത്തില്‍ അനുവദിക്കപ്പെടുന്ന സബ്സിഡികള്‍ കാര്യക്ഷമമല്ലെന്നതിനു പുറമെ മത്സ്യസമ്പത്ത് അമിതമായ ചൂഷണത്തിന് വിദേശീയ ലാഭക്കൊതിയന്മാര്‍ക്ക് തുറന്നിട്ടുകൊടുക്കുന്ന പ്രവണതയും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കരുതലോടെ കെെകാര്യം ചെയ്യണമെന്ന ഡബ്ല്യുഎച്ച്ഒ‌യുടെ നിബന്ധനയും ഗൗരവത്തോടെ കണക്കിലെടുത്തേ തീരൂ. ഇന്ത്യയുടേതായി പരമ്പരാഗതമായ നിലയില്‍ മത്സ്യബന്ധനത്തിനായി റിസര്‍വ് ചെയ്യപ്പെട്ടു വന്നിട്ടുള്ള സാമ്പത്തിക മേഖലകളില്‍ ചെെനയെപ്പോലുള്ള രാജ്യങ്ങള്‍ കടന്നുകയറുന്ന പ്രവണത നമുക്ക് അവഗണിക്കാന്‍ സാധ്യമല്ല. അതേസമയം ചെെനയെപ്പോലെ സമ്പന്നമായൊരു രാജ്യം അനുവദിക്കുന്ന തോതിലുള്ള സബ്സിഡികള്‍ അനുവദിക്കാന്‍ ഇന്ത്യക്ക് പ്രയാസമായിരിക്കും. ചിലപ്പോള്‍ അപ്രായോഗികവും. അതേസമയം വരുന്ന 25 വര്‍ഷക്കാലത്തേക്കുള്ളൊരു പദ്ധതി വിഭാവനം ചെയ്ത് നിലനില്‍ക്കുന്നൊരു വികസനപാതക്കാണ് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങള്‍‍ മുന്നിട്ടിറങ്ങേണ്ടത്. ഇക്കുറിയും ലോകവ്യാപാര സംഘടനയുടെ അജണ്ടയില്‍ ഈ പരിപാടി ഉള്‍പ്പെടുത്തിയിരുന്നതുമാണ്. എന്നാല്‍, ഈ വിഷയത്തിലും ഇന്ത്യക്ക് വലിയ നേട്ടമൊന്നും അവകാശപ്പെടാന്‍ സാധ്യമല്ല. നിയമവിരുദ്ധമായ മത്സ്യബന്ധനവും പരിധിവിട്ടുള്ള സബ്സിഡി ആനുകൂല്യങ്ങളും തടയുന്നതിനും വെട്ടിക്കുറയ്ക്കുന്നതിനും സമ്പന്ന രാജ്യങ്ങളെ നിയന്ത്രണ വിധേയമാക്കാന്‍ സംഘടന വിജയിച്ചില്ല. ഓരോ വര്‍ഷം കഴിയുംതോറും ഇന്ത്യയുടെ തീരദേശ മേഖല കടലെടുത്ത് ശുഷ്കിച്ചുവരുന്നതോടൊപ്പം, നമുക്ക് അയല്‍രാജ്യങ്ങളോട് മത്സരിക്കാന്‍ ആവശ്യമായ സാങ്കേതിക മേന്മയുള്ള മത്സ്യബന്ധന സംവിധാനങ്ങള്‍ ഒരുക്കാനും കഴിഞ്ഞിട്ടില്ലെന്നതാണ് ഉരുത്തിരിയുന്ന യാഥാര്‍ത്ഥ്യം.
അതുപോലെതന്നെ, അതിര്‍ത്തി കടന്നുള്ള ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധനവിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അവരുടെമേല്‍ നികുതി ചുമത്താനുള്ള ഇന്ത്യയുടെ ഡിമാന്‍ഡും അംഗീകരിക്കപ്പെട്ടിട്ടില്ല. അഥവാ അത്തരമൊരു നികുതി ചുമത്തിയതുകൊണ്ട് എന്തു നേട്ടമാണ് ഉണ്ടാവുക എന്നതിനും വ്യക്തതയില്ല. കാരണം, ഡിജിറ്റല്‍ വ്യാപാര ഇടപാടുകള്‍ ഒഴിവാക്കണമെങ്കില്‍ ആഭ്യന്തര ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കു മേലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാകും. കാരണം, നിരവധി ആഭ്യന്തര ഡിജിറ്റല്‍ സാങ്കേതിക വിദ്യാ ഉപഭോക്താക്കള്‍ വ്യാപകമായ തോതിലാണ് ബാഹ്യലോകവുമായി ഇന്റര്‍നെറ്റ് വ്യാപാര ഇടപാടുകള്‍ നടത്തിവരുന്നത്. ഈ വസ്തുത ഇന്ത്യയിലെ ഡിജിറ്റല്‍ നയരൂപീകരണ രംഗത്തുള്ളവര്‍ക്ക് അറിയില്ലെന്നാണോ നാം മനസിലാക്കേണ്ടത്? ഒരിക്കലും ഇതല്ല വസ്തുത.
ഇന്ത്യയും ലോകവ്യാപാര സംഘടനയുമായുള്ള ഈ ബന്ധത്തില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്, കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായൊരു നയം ഇനിയും കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്. അതുകൊണ്ടുതന്നെയാണ്, നിരവധി കാതലായ പ്രശ്നങ്ങളില്‍ നമുക്ക് സ്വന്തം താല്പര്യങ്ങള്‍ ബലികൊടുത്തുകൊണ്ടുതന്നെ സമവായത്തിന് വഴങ്ങിക്കൊടുക്കേണ്ടിവന്നിട്ടുള്ളത്. സ്വാഭാവികമായും സര്‍ക്കാരിന്റെ പ്രഖ്യാപിത സാമ്പത്തിക‑വ്യാപാരനയവും വ്യാപാരസംഘടന സ്വീകരിക്കുന്ന നയവും തമ്മില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍ കാണാന്‍ കഴിയുന്നുമുണ്ട്. ഡബ്ല്യുടിഒയുടെ 12-ാം മന്ത്രിതല സമ്മേളനം കൂടി അവസാനിപ്പിക്കുന്ന ഈ അവസരത്തില്‍ മൂന്ന് പ്രധാന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉറച്ച തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
ഒന്ന്, വ്യാപാര നിയന്ത്രണങ്ങള്‍ ഇന്ത്യയുടെ “ആത്മനിര്‍ഭര്‍ ഭാരത്” കെെവരിച്ച ഒരു നേട്ടമാണെന്ന് അവകാശവാദമുന്നയിക്കാന്‍ സര്‍ക്കാര്‍ വക്താക്കള്‍ തയാറാവരുത്. അഥവാ എന്തെങ്കിലും വ്യാപാര‑നിക്ഷേപ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ത്തന്നെ, അതെല്ലാം താല്ക്കാലികമാണെന്നു മാത്രമെ കരുതാന്‍ പാടുള്ളു. “സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള നീക്കം കെെവരിച്ച വിജയമാണെന്ന് വിശേഷിപ്പിച്ച ഇതിനെയെല്ലാം ഉദ്ഘോഷിക്കുന്നതും ശരിയാവില്ല. കാരണം ആഗോളസാമ്പത്തിക, വാണിജ്യ, വ്യാപാര സ്ഥിതിഗതികള്‍ ഇടക്കിടെയുള്ള മാറ്റങ്ങള്‍ക്ക് വിധേയമാണെന്നതാണ് അനുഭവം.
രണ്ട്, കൂടുതല്‍ സമഗ്രവും സര്‍വതലസ്പര്‍ശിയും സ്ഥായിയായ സ്വഭാവത്തോടെയുള്ളതുമായൊരു വ്യാപാരനയം രൂപീകരിക്കുന്നതില്‍ കാലവിളംബം ഉണ്ടാവരുത്. ഇതിന്റെ വിശദാംശങ്ങള്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവരണമെന്നുമില്ല. അത്തരമൊരു നയം ഉണ്ടായാല്‍ മാത്രമെ, ഓരോ പ്രശ്നവും ഉണ്ടാകുമ്പോള്‍ അത് നേരിടുന്നതിന് കൃത്യവും, ഫലപ്രദവുമായ ഇടപെടല്‍ നടത്താന്‍ സാധ്യമാകു. ഉദാഹരണത്തിന്, പണപ്പെരുപ്പം ഗുരുതരമാവുമ്പോള്‍ കയറ്റുമതി കര്‍ശനമായ നിയന്ത്രണ വിധേയമാക്കാതെ വേറെ വഴിയില്ല. ഇതിനുള്ള സാധ്യത മുന്‍കൂട്ടി കാണാനും സത്വര നടപടികളെടുക്കാനും അധികൃതര്‍ക്ക് സാധ്യമാകണമെങ്കില്‍ വ്യാപാരനയത്തില്‍ ഈ വ്യവസ്ഥ ഇടം കണ്ടെത്തിയിരിക്കുക തന്നെ വേണം. അതുപോലെ തന്നെയാണ് ഉല്പാദന പ്രോത്സാഹനാര്‍ത്ഥമുള്ള പദ്ധതി (പിഎല്‍ഐ)യുടെ കാര്യവും കയറ്റുമതി നികുതിയുടെ കാര്യവും വ്യാപാരനയത്തില്‍ പരാമര്‍ശിക്കപ്പെടേണ്ടതാണ്. മാത്രമല്ല, ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യങ്ങളിലും ആഗോള സപ്ലെെ ശൃംഖലകളില്‍ ഇടക്കിടെ ഉണ്ടാകുമെന്നുറപ്പുള്ള വ്യതിയാനങ്ങള്‍ക്കനുസൃതമായി കയറ്റുമതി, ഇറക്കുമതി മേഖലകളില്‍ ഇടം കണ്ടെത്തുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും അളവിലും സമാനമായ മാറ്റങ്ങള്‍ അനിവാര്യമായിരിക്കും. ഇതിനെല്ലാം ഉപരിയായി ആഗോള, ദേശീയതലങ്ങളിലുള്ള ഇക്കോ സിസ്റ്റങ്ങളില്‍ സംഭവിക്കാനിടയുള്ള വന്‍തോതിലുള്ള മാറ്റങ്ങള്‍ ഒഴിവാക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
മൂന്ന്, വ്യാപാര നിക്ഷേപമേഖലകളില്‍ ഏതെങ്കിലും വിധത്തിലുള്ള കടുംപിടുത്തം ഗുണഭോക്താക്കളേറെ ദോഷമായിരിക്കും വരുത്തിവയ്ക്കുക. സ്വകാര്യ നിക്ഷേപകര്‍ സര്‍ക്കാരിനു മുന്നില്‍ “നല്ലപിള്ള” ചമയുന്നതിനായി പല അടവുകളും പ്രയോഗിക്കുകയും അങ്ങനെ ബ്യൂറോക്രറ്റുകള്‍ വഴി സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തേക്കാം. ഇന്ത്യന്‍ വിപണി ഏതുവിധേനയും കെെപ്പിടിയിലൊതുക്കാന്‍ നിര്‍മ്മാണമേഖലക്കുമേല്‍ ആധിപത്യം അവര്‍ക്ക് അനുപേക്ഷണീയമായിരിക്കുകയും ചെയ്യും. ഇവിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ സത്വരശ്രദ്ധ വേണ്ടിവരുക, വിശിഷ്യ നയപരമായ നടപടികള്‍ക്ക് രൂപം നല്കുമ്പോഴും അവ കൃത്യതയോടെ നടപ്പാക്കുന്ന സമയത്തും. കാരണം, ഇന്ത്യക്ക് മത്സരിക്കേണ്ടതായി വരുക കൂടുതല്‍ ഐക്യത്തോടെയും കെട്ടുറപ്പോടെയും വ്യാപാര രംഗത്തുള്ള ചെെനയോട് മാത്രമല്ല, ഇന്ത്യയെക്കാള്‍ ചെറിയവയാണെങ്കിലും ഈവക കാര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട, മാനേജ്മെന്റ് വെെദഗ്ധ്യമുള്ള ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളോടുമായിരിക്കും എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്.
ലോക വ്യാപാര സംഘടനയുടെ 12-ാം മന്ത്രിതല സമ്മേളനം അവസാനിച്ചതിനുശേഷവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായൊരു പ്രശ്നം പരിഹരിക്കപ്പെടാതെ അവശേഷിക്കുകയാണ്. എന്താണിതെന്നോ? പൊതു വിതരണ സംവിധാനം തുടര്‍ന്നും ശക്തമായി തുടരുന്നതിന് അനിവാര്യമായ ഭക്ഷ്യധാന്യങ്ങളുടെ പൊതുസംഭരണവും വിതരണവും മെച്ചപ്പെടുത്തുന്നതിനുള്ള പച്ചക്കൊടി സംഘടനയില്‍ നിന്നും നേടിയെടുക്കുക എന്നതാണിത്. ഈ വിഷയത്തില്‍ ഇന്ത്യക്ക് ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും വഴങ്ങാനാവില്ല. എന്നാല്‍, ഏറ്റവുമൊടുവിലത്തെ വട്ടം ചര്‍ച്ചകള്‍ക്കുശേഷവും ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഈ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ഏക പോംവഴി 2023 ഡിസംബര്‍ 31ന് ചേരാനിരിക്കുന്ന മന്ത്രിതല സമ്മേളനത്തിലെങ്കിലും പിഡിഎസ് ഉള്‍പ്പെടെയുള്ള കാതലായ വിഷയങ്ങളില്‍ നിലവിലുള്ള അനിശ്ചിതത്വം ഒഴിവാക്കുകയാണ്. ഇത് നടക്കുമോ എന്ന് കാത്തിരുന്നു കാണുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.