May 28, 2023 Sunday

Related news

May 20, 2023
May 17, 2023
May 16, 2023
May 11, 2023
May 11, 2023
May 11, 2023
May 10, 2023
May 9, 2023
May 3, 2023
May 3, 2023

14 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 24, 2023 10:52 pm

കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് 14 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍. ഇഡി, സിബിഐ കേസുകളില്‍ അറസ്റ്റിനും ജാമ്യത്തിനും സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. രാവിലെ കോടതി ചേര്‍ന്നപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്‍വി വിഷയം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. 

സിപിഐ, സിപിഐ(എം), കോണ്‍ഗ്രസ്, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ആർജെഡി, ഭാരത് രാഷ്ട്ര സമിതി, തൃണമൂല്‍ കോണ്‍ഗ്രസ്, എൻസിപി, ഝാർഖണ്ഡ് മുക്തി മോർച്ച, ജെഡിയു, ശിവസേന(യുബിടി), നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
രാഷ്ട്രീയമായ എതിര്‍പ്പുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി കേന്ദ്ര ഏജന്‍സികള്‍ ആളുകളെ തരംതിരിച്ചാണ് വേട്ടയാടുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 42.5 ശതമാനം വോട്ട് ലഭിച്ചിരുന്നതായും ഹര്‍ജിയില്‍ പറയുന്നു. പതിനൊന്ന് സംസ്ഥാനങ്ങളില്‍ തങ്ങള്‍ ഭരണത്തിലുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചു. 

ജനാധിപത്യഅവകാശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടല്‍ നടപടി. രാഷ്ട്രീയ വിയോജിപ്പിനുള്ള അവകാശം വിനിയോഗിക്കുന്നതിനും പ്രതിപക്ഷമെന്ന നിലയിൽ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനും ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം.
ഇഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ വിവരങ്ങളും ഹര്‍ജിയിലുണ്ട്. ഇഡിയുടെയും സിബിഐയുടെയും അന്വേഷണത്തിലിരിക്കുന്ന 95 ശതമാനം കേസുകളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ളതാണ്. 2013–14ൽ ഇഡി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 209 ആയിരുന്നു. 2020–21 ൽ ഇത് 981 ആയും 2021–22ൽ 1180 ആയും കുതിച്ചുയര്‍ന്നു. അതേസമയം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് (പിഎംഎൽഎ) കീഴിൽ ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ 23 ശിക്ഷാവിധികൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിന്‍, പി ചിദംബരം, സഞ്ജയ് റാവത്ത് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ വിവിധ കേസുകളില്‍ അറസ്റ്റിലായി. ഇവരില്‍ പലരും ജയിലില്‍ തുടരുകയുമാണ്. എന്നാല്‍ ഹിമന്ത ബിശ്വ ശര്‍മ്മ, ശിവരാജ് സിങ് ചൗഹാന്‍, നാരായണ്‍ റാണെ, സുവേന്ദു അധികാരി തുടങ്ങിയ ബിജെപി നേതാക്കള്‍ അഴിമതിക്കേസുകളില്‍ അത്ഭുതകരമായി കുറ്റവിമുക്തരാക്കപ്പെട്ടുവെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

Eng­lish Sum­ma­ry: 14 Oppo­si­tion Polit­i­cal Par­ties in Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.