8 May 2024, Wednesday

ഭരതസ്പര്‍ശം നിലച്ചിട്ട് 25 വര്‍ഷങ്ങള്‍

സംവിധായകന്‍ ഭരതന്‍ അന്തരിച്ചിട്ട് ജൂലൈ 30 ന് 25 വര്‍ഷം
അരുണിമ എസ്
July 28, 2023 7:30 am

‘വികാര നൗകയുമായ് .… തിരമാലകളാടിയുലഞ്ഞു‘റഞ്ഞിട്ട് കൊല്ലം 25 ആയിരിക്കുന്നു. വര്‍ഷമെത്ര കഴിഞ്ഞാലും പത്മരാജന്‍ എഫക്ട് തലമുറകളിലൂടെ ഊറിയിറങ്ങുന്ന പോലെ ഭരതന്‍ ടച്ചും അങ്ങനെ നിലനില്‍ക്കും, പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ. ബാഹ്യലോകത്ത് സാന്നിധ്യമില്ലെങ്കിലും സിനിമാ പ്രേമികളുടെ മനസില്‍ ഇന്നും ഭരതന്‍ ജീവനോടെയുണ്ട്. തന്റെ ജീവിതം പറയുന്ന സിനിമകളോടെ സാധാരണക്കാരന് മുഖം തിരിക്കുന്നതെങ്ങനെ. അദ്ദേഹം വരച്ചിട്ട ചിത്രങ്ങളില്‍ അത്രത്തോളം ജീവന്‍ തുടിക്കുന്നുണ്ട്. കാലം മാറിയെന്ന് പറയുമ്പോള്‍ കാലത്തിന് മുന്നേ ചിന്തിച്ച ഭരതനെ പോലെയുള്ളവര്‍ ഇവിടെയുണ്ടായിരുന്നു എന്ന് കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ഇന്ന് നാം സംസാരിക്കുന്ന പ്രണയവും രതിയുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭരതന്‍ മലയാളികള്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. കൗമാരക്കാരനായ പപ്പുവിന്റെയും യുവതിയായ രതിയുടേയും ഇഷ്ടത്തിന്റെ കഥ പറഞ്ഞ രതിനിര്‍വേദം അതിലൊന്നാണ്. പത്മരാജനായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ജയഭാരതിയും കൃഷ്ണചന്ദ്രനുമായിരുന്നു രതിയേയും പപ്പുവിനെയും അവതരിപ്പിച്ചത്. അന്ന് ആ സിനിമ പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു സിനിമയായ ചാമരമായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊന്ന്. കോളജ് വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയുടെ പ്രമേയം. കാതോട് കാതോരം എന്ന സിനിമ പറഞ്ഞതും വിവാഹിതയായും ഒരു കുട്ടിയുടെ അമ്മയുമായ നായികയുടെ പ്രണയമായിരുന്നു. ചുവരുകള്‍ക്ക് പുറത്ത് മറച്ചു പിടിച്ച മലയാളിയുടെ കപട സദാചാര ചിന്തകളെ പൂര്‍ണമായും ചൊടിപ്പിക്കാന്‍ കെല്പുള്ള സിനിമകളായിരുന്നു ഭരതന്റെ സൃഷ്ടികളില്‍ ഭൂരിപക്ഷവും. ഒരു തരത്തില്‍ പറഞ്ഞാല്‍ മലയാള സിനിമയെ ഇത്രത്തോളം ചന്തത്തില്‍ ഒരുക്കിയ സംവിധായകര്‍ കുറവായിരിക്കും. പകരം വയ്ക്കാനാകാത്ത 40 മലയാള സിനിമകള്‍ തമിഴിനും മലയാളത്തിനുമായി സമ്മാനിച്ചിട്ടാണ് അദ്ദേഹം വിട പറഞ്ഞത്.


ഇതുകൂടി വായിക്കൂ: ജോണ്‍ പോള്‍ : 80 കളുടെ വസന്തം


ജീവിച്ചിരുന്ന കാലമത്രയും നിറക്കൂട്ടുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന പച്ചയായ മോഹങ്ങളെ അദ്ദേഹം വലിയ സ്‌ക്രീനിലൂടെ വരച്ചിട്ടു കൊണ്ടെയിരുന്നു. അവയൊക്കെ ഇന്നും വിമര്‍ശിച്ചവരുടെ പോലും ഇഷ്ടസിനിമയുടെ കൂട്ടത്തിലുണ്ടാകും എന്നതാണ് രസകരമായ വസ്തുത. യാഥാര്‍ത്ഥ്യങ്ങളുടെ നെറിയും നോവും ചന്തവുമാണ് ഭരതന്‍ സിനിമകളെ ജീവിപ്പിക്കുന്നത്. സിനിമയിലേക്ക് കാലെടുത്തു വച്ച കാലത്ത് കൈപിടിച്ചു കയറ്റാനുണ്ടായിരുന്നത് അമ്മാവന്‍ പി എന്‍ മേനോനും വിന്‍സെന്റുമൊക്കെ ആയിരുന്നു. നദി, പൊന്നാപുരം കോട്ട ഗന്ധര്‍വ ക്ഷേത്രം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഭരതനിലെ ശില്പിയും ചിത്രകാരനും രൂപപ്പെട്ടത്. 1975ലെ ആദ്യ സ്വതന്ത്ര ചിത്രമായ പ്രയാണം നാലാള്‍ കാണെ പുറം ലോകത്തെത്തിക്കാന്‍ ഭരതന്റെ സ്വന്തം ?ഗ്രാമവും കൂടെ നിന്നിരുന്നു. വടക്കാഞ്ചേരി യിലെ സ്വന്തം ഗ്രാമമായ എങ്കക്കാട്ടേക്ക് ഓടിയെത്താന്‍ തിരക്കുകള്‍ ഭരതന് തടസമായിട്ടെയില്ല. പാലിശേരി തറവാടിന്റെ പടിപ്പുരയിലും സുബ്രമണ്യകോവിലിന്റെ ഒതുക്കുക്കലിലും വെച്ച് തല പൊക്കിയതാണ് കേളിയും, വെങ്കലവും, താഴ്വാരവും മാളൂട്ടിയുമൊക്കെ. ദേശക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ നമ്മടെ മണിയേട്ടന്റെ സിനിമകളല്ലേ ഇതൊക്കെ. പ്രയാണത്തിന് മുന്‍പ് 11 സിനിമകളില്‍ കലാ സംവിധായകനായി അദ്ദേഹം പ്രവര്‍ത്തിച്ചു. നെടുമുടി വേണുവിന്റെയും ഭരത് ഗോപിയുടെയും പ്രതാപ് പോത്തന്റെയും മികച്ച സിനിമകള്‍ ഭരതനോടൊപ്പമായിരുന്നു. ജോണ്‍പോളും എംടിയും പത്മരാജനും ലോഹിതദാസുമൊക്കെ ഭരതനായി തിരക്കഥകളൊരുക്കി. അമരവും കാതോട് കാതോരവും പാഥേയവും ഒക്കെ മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റായപ്പോള്‍ താഴ്വാരത്തിലൂടെ മോഹന്‍ലാല്‍ തലയുയര്‍ത്തിപ്പിടിച്ച് നിന്നു. കമലാഹാസനൊപ്പം തമിഴില്‍ ചെയ്ത തേവര്‍ മകന്‍ ഭാഷാഭേദമന്യേ ശ്രദ്ധിക്കപ്പെട്ടു.

എണ്‍പതുകളിലെ ഭരതന്‍ സിനിമയുടെ ആഖ്യാന ശൈലി മലയാള സിനിമയുടെ പാഠപുസ്തകത്തിലെ ആദ്യാധ്യായങ്ങളിലൊന്നാണ്. പരിണയത്തില്‍ തുടങ്ങി ചുരം വരെ നീണ്ട് നില്‍ക്കുന്ന ഭരതന്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഇന്നും കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല എം ബി ശ്രീനിവാസനും, എംജി രാധാകൃഷ്ണനും, രവീന്ദ്രനും, ജോണ്‍സണും, ദേവരാജനും, ഔസേപ്പച്ചനും, ജെറി അമല്‍ദേവും, ബോംബേ രവിയും, ഇളയരാജയുമെല്ലാം ഈണം നല്‍കിയ ഗാനങ്ങള്‍ക്കെല്ലാം ഭരതന്‍ ടച്ചുണ്ടായിരുന്നു. 1983 ല്‍ പുറത്തിറങ്ങിയ ഈണം എന്ന ചിത്രത്തിന് സംഗീതം പകര്‍ന്നുകൊണ്ടാണ് ഭരതന്‍ സംഗീതസംവിധാനത്തിലേയ്ക്ക് കടന്നത്. ഈണം, പ്രണാമം, ചിലമ്പ് എന്നീ ചിത്രങ്ങളിലെ മാലേയ ലേപനം, താളം മറന്ന, തളിരിലയില്‍, താരും തളിരും, പുടമുറിക്കല്ല്യാണം തുടങ്ങിയ ഗാനങ്ങള്‍ ഭരതന്‍ രചിച്ചതാണ്. കാലമെത്ര കഴിഞ്ഞാലും അമരം, വൈശാലി, ചമയം, വെങ്കലം, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, താഴ്വാരം, ദേവരാഗം തുടങ്ങിയ ചിത്രങ്ങള്‍ മലയാളിയ്ക്ക് മറക്കാനാകില്ലല്ലോ.


ഇതുകൂടി വായിക്കൂ: ജോണ്‍ പോള്‍— തിരക്കഥകളുടെ തമ്പുരാൻ


മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നിരവധി തവണ ഭരതന്‍ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും അതിലേറെ തവണ ഭരതന്‍ ചിത്രങ്ങള്‍ സ്വന്തമാക്കി. ദിവ്യ ഉണ്ണി, മനോജ് കെ. ജയന്‍ എന്നിവരെ നായികാനായകന്മാരാക്കി സംവിധാനം ചെയ്ത ചുരം ആയിരുന്നു ഭരതന്റെ അവസാന ചിത്രം.

1998 ജൂലൈ 30നാണ് അദ്ദേഹം പൂര്‍ണമായും ലോകത്തിനോട് വിട പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.