21 December 2024, Saturday
KSFE Galaxy Chits Banner 2

27 വര്‍ഷം: എട്ട് സര്‍ക്കാരുകള്‍,1996ല്‍ ആദ്യബില്ലിന് നേതൃത്വം നല്‍കിയത് സിപിഐ നേതാവ് ഗീതാ മുഖര്‍ജി

Janayugom Webdesk
ന്യൂഡൽഹി
September 20, 2023 9:21 am

വനിതകൾക്ക് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സംവരണം ഏർപ്പെടുത്തുന്ന ബിൽ ലോക്‌സഭയിൽ പാസാക്കപ്പെടുന്നത് 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ. ഇതിനിടെ എട്ട് സർക്കാരുകൾ കേന്ദ്രഭരണത്തിൽ മാറിമാറി വന്നു. 1996 ലാണ് വനിതാ സംവരണ ബിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
പഞ്ചായത്ത് തലത്തിൽ സ്ത്രീകൾക്ക് 33 ശതമാനം ഉറപ്പാക്കുന്ന നിയമത്തിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട് എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരാണ് 81-ാം ഭരണഘടനാ ഭേദഗതിയായി ബിൽ ആദ്യമായി ലോക്‌സഭയിൽ അവതരിപ്പിച്ചത്.
ത്രിതല സംവിധാനത്തിലെ വനിതാ സംരണം വഴി 15 ലക്ഷത്തിലധികം പേരാണ് പ്രാദേശിക അധികാര സ്ഥാനങ്ങളിലെത്തിയത്. കേരളത്തിലാകട്ടെ സംവരണം 50 ശതമാനമായാണ് നിജപ്പെടുത്തിയത്. പാർട്ടി ഭേദമന്യേ പല നേതാക്കളും ദേവഗൗഡ സർക്കാരിന്റെ ബില്ലിനെ പിന്തുണച്ചു. എന്നാൽ ഐക്യമുന്നണി സഖ്യത്തിനകത്തും പുറത്തും നിന്ന് ബില്ലിന് എതിർപ്പുണ്ടായി. തുടർന്ന് സിപിഐ നേതാവായ ഗീതാ മുഖർജി നേതൃത്വം നൽകിയ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ട ബില്ലിൽ 1996 ഡിസംബറിൽ ഏഴ് പോയിന്റ് നിർദേശം മുന്നോട്ട് വച്ചിരുന്നു. എന്നാൽ ദേവഗൗ‍ഡ സർക്കാർ മന്ത്രിസഭ പിരിച്ചുവിട്ടതോടെ ബിൽ നിയമമാക്കാനായില്ല. 1997ലെ മൺസൂൺ സമ്മേളനത്തിൽ ബിൽ ചർച്ചക്ക് എടുക്കാത്തതിനെ തുടർന്ന് ഗീതാ മുഖർജിയുടെ നേതൃത്വത്തിൽ വനിതാംഗങ്ങൾ സഭയിൽ നിന്ന് വോക്കൗട്ട് നടത്തി പ്രതിഷേധിച്ചിരുന്നു. എന്നാൽ അന്ന് ബിജെപിയുടെ വനിതാ പ്രതിനിധിയായിരുന്ന സുഷമ സ്വരാജ് അവരോടൊപ്പം ചേരാൻ പോലും തയാറായില്ല.

1997 മേയ് 16ന് ഐ കെ ഗുജ്റാൾ പ്രധാനമന്ത്രിയായതോടെ ബിൽ ലോക്‌സഭയിൽ ചർച്ചയ്ക്കായി കൊണ്ടുവന്നെങ്കിലും മുൻ സെഷൻ പോലെ തന്നെ ഇരുപക്ഷത്തുനിന്നും ചില കക്ഷികളിൽ നിന്ന് എതിർപ്പുണ്ടായി. അതുകൊണ്ടുതന്നെ ബിൽ പാസാക്കുന്നത് അനിശ്ചിതത്വത്തിലായി. കുറച്ച് മാസങ്ങൾക്ക് ശേഷം രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ടുള്ള ജസ്റ്റിസ് എം സി ജെയിൻ കമ്മിഷന്റെ റിപ്പോർട്ടിനെ ചൊല്ലി ഗുജ്റാൾ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു. 1997ൽ തന്നെ ലോക്‌സഭ പിരിച്ചുവിട്ടതോടെ വനിതാ സംവരണ ബിൽ വീണ്ടും അസാധുവായി. 

രണ്ടു വർഷത്തിന് ശേഷം അടൽ ബിഹാരി വാജ്പേയ് നേതൃത്വം നൽകിയ എൻഡിഎ സർക്കാർ അധികാരത്തിലേറുകയും ബിൽ വീണ്ടും കൊണ്ടുവരികയും ചെയ്തു. അതേ വർഷം സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ വാജ്പേയ് വനിതാ സംവരണത്തിന്റെ കാര്യം ഓർമ്മിപ്പിച്ചു. എന്നാൽ പല പാർട്ടികളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ വാജ്പേയ് സർക്കാരിനുള്ളിലും പ്രതിപക്ഷത്തെ ചില കക്ഷികളുടെയും വിയോജിപ്പുയർന്നിരുന്നു.
2003ലും വാജ്പേയ് സർക്കാർ ബിൽ കൊണ്ടുവരികയും വേണ്ട പിന്തുണ ലഭിക്കാതെ അസാധുവാകുകയും ചെയ്തു. ഇപ്പോൾ പുതിയ പാർലമെന്റിൽ ആദ്യബില്ലായി അവതരിപ്പിക്കപ്പെട്ടെങ്കിലും വനിതാ സംവരണം യാഥാർത്ഥ്യമാകാൻ ഇനിയും പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് വേണ്ടിവരും. 

Eng­lish Sum­ma­ry: 27 years: Eight gov­ern­ments, CPI leader Gee­ta Mukher­jee spear­head­ed the first bill in 1996

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.