27 April 2024, Saturday

സംസ്ഥാനത്ത് 40 വ്യവസായ എസ്റ്റേറ്റുകൾ പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 9, 2023 11:27 pm

വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറത്തിറക്കി. വ്യവസായ സംരംഭങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള, വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങൾക്കാണ് വ്യവസായ എസ്റ്റേറ്റ് പദവി നൽകിയത്. ഈ എസ്റ്റേറ്റുകളിൽ സംരംഭങ്ങൾ ആരംഭിക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിനായി ഏകജാലക ക്ലിയറൻസ് ബോർഡുകളും രൂപീകരിച്ചതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

എറണാകുളം ജില്ലയിലെ എടയാർ, തൃശൂർ പുഴയ്ക്കൽ പാടം, പാലക്കാട് കഞ്ചിക്കോട്, ആലപ്പുഴയിലെ അരൂർ, തിരുവനന്തപുരത്തെ വേളി തുടങ്ങി 40 പ്രദേശങ്ങളാണ് വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിക്കപ്പെട്ടത്. നേരത്തെ നിലവിലുള്ളതാണെങ്കിലും ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കും. വിവിധ തരം ലൈസൻസുകൾ, ക്ലിയറൻസുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ അതിവേഗം ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനായി എസ്റ്റേറ്റ് തലത്തിൽ ക്ലിയറൻസ് ബോർഡുകൾക്കും രൂപം നൽകി. ജില്ലാ കളക്ടർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, മലിനീകരണ നിയന്ത്രണ ബോർഡ്, നഗര ഗ്രാമാസൂത്രണ വകുപ്പ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ്, തൊഴിൽ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ ജില്ലാ തല ഓഫിസർമാർ എന്നിവരടങ്ങുന്നതാണ് ക്ലിയറൻസ് ബോർഡ്.

പാലക്കാട് ജില്ലയിലെ കഞ്ചിക്കോടാണ് ഏറ്റവും വലിയ എസ്റ്റേറ്റ്. 532.8 ഏക്കർ വിസ്തൃതിയുണ്ട് കഞ്ചിക്കോടിന്. ഇടുക്കിയിലെ അഞ്ച് ഏക്കറുള്ള മുട്ടം ആണ് ഏറ്റവും ചെറുത്. എറണാകുളം എടയാർ ആണ് രണ്ടാം സ്ഥാനത്ത് — 435.29 ഏക്കർ. തിരുവനന്തപുരം — രണ്ട്, കൊല്ലം-രണ്ട്, പത്തനംതിട്ട‑ഒന്ന്, ആലപ്പുഴ ‑ആറ്, കോട്ടയം-മൂന്ന്, ഇടുക്കി — ഒന്ന്, എറണാകുളം — ആറ്, തൃശൂർ — ആറ്, പാലക്കാട് ‑അഞ്ച്, മലപ്പുറം — ഒന്ന്, കോഴിക്കോട് ‑രണ്ട്, കണ്ണൂർ — ഒന്ന്, കാസർകോട് ‑നാല് എന്നിങ്ങനെയാണ് എസ്റ്റേറ്റുകളുടെ ജില്ല തിരിച്ചുള്ള കണക്ക്. 2500 ഓളം സംരംഭങ്ങൾ വിവിധ എസ്റ്റേറ്റുകളിലായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

Eng­lish Sum­ma­ry: 40 indus­tri­al estates have been announced in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.