തീരദേശത്തെ മറ്റ് മേഖലയുമായി ബന്ധിപ്പിക്കുന്നതിനും മത്സ്യവിപണനം സുഗമമാക്കുന്നതിനുമായി സംസ്ഥാന ഹാർബർ എന്‍ജിനീയറിങ് വകുപ്പ് വിവിധയിടങ്ങളിൽ നിർമ്മിച്ച 44 തീരദേശ റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. 23.12 കോടി രൂപ ചെലവിട്ട് 25 കിലോമീറ്റർ ദൈർഘ്യമുള്ള 44 റോഡുകളുടെ ഉദ്ഘാടനമാണ് ഓൺലൈനായി മന്ത്രി നിർവഹിച്ചത്. തീരപ്രദേശത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ മത്സ്യബന്ധന മേഖലയിലുണ്ടായ മാറ്റത്തിന്റെ പ്രതിഫലനമാണ് 44 റോഡുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്തതിലൂടെ പ്രകടമാകുന്നതെന്ന് മന്ത്രി പറഞ്ഞു. തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. ഹാർബർ എന്‍ജിനീയറിങ് വകുപ്പ് മുഖേന മത്സ്യബന്ധന തുറമുഖങ്ങളുടെയും മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളുടെയും നിർമ്മാണം, പരിപാലനം, തീരദേശത്തെ സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ നിർമ്മാണം, തീരസംരക്ഷണ ടൂറിസം പ്രവൃത്തികൾ, ഫിഷ് ഫാം, മത്സ്യത്തൊഴിലാളികൾക്കായുള്ള പുനർഗേഹം പ്രവൃത്തികൾ എന്നിവയും നടപ്പിലാക്കി വരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് (2016–21) തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ജില്ലകളിലെ 67 നിയോജക മണ്ഡലങ്ങളിലായി 1792 റോഡുകൾക്കായി 782.95 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 1607 റോഡുകൾ നവീകരിച്ചു. 58 പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഈ സർക്കാർ അധികാരമേറ്റ ശേഷം 11 ജില്ലകളിലെ 71 നിയോജക മണ്ഡലങ്ങളിലായി 458 റോഡുകളുടെ നിർമ്മാണത്തിനായി 251.02 കോടിയും അനുവദിച്ചു. ഇതിൽ 192 റോഡുകളുടെ നിർമ്മാണം പൂർത്തിയായി. 142 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. 2024–25 സാമ്പത്തിക വർഷം തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി 92.61 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നവീകരണത്തിനായി ഭരണാനുമതി ലഭിച്ച 56 റോഡുകളിൽ 24 എണ്ണം പൂർത്തീകരിക്കുകയും 18 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു. 141.3 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച രണ്ടു കിലോമീറ്റർ നീളം വരുന്ന നാല് റോഡുകളുടെ ഉദ്ഘാടനമാണ് ജില്ലയിൽ നടന്നത്. കൊല്ലത്ത് 29 റോഡുകളിൽ ഏഴ് എണ്ണം പൂർത്തീകരിച്ചു. 12 എണ്ണം പുരോഗമിക്കുന്നു. 111.6 ലക്ഷം രൂപ ചെലവിൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ നിർമിച്ച രണ്ടു റോഡുകളുടെ ഉദ്ഘാടനമാണ് ജില്ലയിൽ നിർവഹിച്ചത്. ആലപ്പുഴയിൽ 83 റോഡുകളിൽ 23 എണ്ണം പൂർത്തീകരിക്കുകയും 32 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു. 415.50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച നാല് കിലോമീറ്റർ നീളത്തിലുള്ള ആറ് റോഡുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
തൃശൂർ ജില്ലയിൽ ഭരണാനുമതി ലഭിച്ച 35 റോഡുകളിൽ 17 എണ്ണം പൂർത്തീകരിക്കുകയും എട്ട് എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു. ജില്ലയിൽ 238.2 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച നാല് റോഡുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. മലപ്പുറം ജില്ലയിൽ ഭരണാനുമതി ലഭിച്ച 60 റോഡ് പ്രവൃത്തികളിൽ 35 എണ്ണം പൂർത്തീകരിക്കുകയും 19 എണ്ണം പുരോഗമിക്കുകയാണ്. 329.80 ലക്ഷം രൂപ ചെലവഴിച്ച് ജില്ലയിൽ മൂന്ന് കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച ഏഴ് റോഡുകളും നാടിന് സമർപ്പിച്ചു. കോഴിക്കോട് ജില്ലയിൽ ഭരണാനുമതി ലഭിച്ച 57 റോഡ് പ്രവൃത്തികളിൽ 30 എണ്ണം പൂർത്തീകരിച്ചു. എട്ട് എണ്ണം പുരോഗമിക്കുന്നു. മൂന്ന് കിലോമീറ്റർ നീളം വരുന്ന 374.40 ലക്ഷം രൂപയുടെ 10 റോഡ് പ്രവൃത്തികളുടെ പൂർത്തീകരണ ഉദ്ഘാടനമാണ് നിർവഹിച്ചത്. കണ്ണൂർ ജില്ലയിൽ ഭരണാനുമതി ലഭിച്ച 71 റോഡ് പ്രവൃത്തികളിൽ 27 എണ്ണം പൂർത്തീകരിക്കുകയും 26 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു. എട്ട് കിലോമീറ്റർ നീളം വരുന്ന 666.10 ലക്ഷം രൂപയുടെ 10 റോഡ് പ്രവൃത്തികൾ പൂർത്തിയായി.
കാസർകോട് 33 റോഡ് പ്രവൃത്തികളിൽ 15 എണ്ണം പൂർത്തീകരിക്കുകയും ആറ് എണ്ണം പുരോഗമിക്കുകയും ചെയ്യുന്നു. 350 മീറ്റർ നീളം വരുന്ന 34.70 ലക്ഷം രൂപയുടെ റോഡാണ് ഉദ്ഘാടനം ചെയ്തത്. 2023–24 സാമ്പത്തിക വർഷം 151 തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിക്കായി 88.20 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ രണ്ട് പ്രവൃത്തികൾ പൂർത്തീകരിക്കുകയും 36 റോഡ് പ്രവൃത്തികൾ പുരോഗമിക്കുകയും ചെയ്യുന്നു. ബാക്കി പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
English Summary:44 coastal roads as development route
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.