26 April 2024, Friday

Related news

April 17, 2024
April 6, 2024
April 6, 2024
March 25, 2024
March 21, 2024
March 18, 2024
March 17, 2024
January 31, 2024
January 28, 2024
January 20, 2024

2021ല്‍ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുണ്ടായത് 505 ആക്രമണങ്ങള്‍; , ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍

Janayugom Webdesk
July 12, 2022 10:44 am

2021ല്‍ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്നത് 505 ആക്രമണങ്ങള്‍. മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ആണ് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചത്.ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹരജി ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കവേയാണ് അഭിഭാഷകന്‍ അക്രമങ്ങളുടെ കണക്കും അവതരിപ്പിച്ചത്.

ഹരജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.കോളിന്‍ ഗോണ്‍സാല്‍വസ് നല്‍കിയ ഹരജിക്കൊപ്പം ഇതേ വിഷയത്തില്‍ ഡോ. പീറ്റര്‍ മക്കാഡോ മറ്റൊരു ക്രിമിനല്‍ റിട്ട് ഹരജി കൂടി സമര്‍പ്പിച്ചത് കൊണ്ടാണ് രണ്ടിന്റേയും വാദം വെള്ളിയാഴ്ചയിലേക്ക് നീട്ടിയത്.ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ ഓരോ മാസവും ശരാശരി 45നും 50നുമിടയില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും മേയ് മാസത്തില്‍ മാത്രം ഇത്തരത്തില്‍ 57 ആക്രമണങ്ങള്‍ നടന്നെന്നും അഭിഭാഷകന്‍ പറഞ്ഞു. ജൂണ്‍ മാസത്തിലും ഈ രീതി തുടര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കിയാല്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാമെന്നാണ് ഹരജിയിലെ വാദം.

2014ന് ശേഷം ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നേരിട്ട വര്‍ഷം കൂടിയാണ് 2021. 2014ല്‍ 127 ആക്രമണങ്ങള്‍, 2015ല്‍ 142, 2016ല്‍ 226, 2017ല്‍ 248, 2018ല്‍ 292, 2019ല്‍ 328, 2020ല്‍ 279 എന്നിങ്ങനെയായിരുന്നു ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ ഇത് 2021 ആയപ്പോള്‍ 505 എന്ന നിലയിലേക്ക് ഒറ്റയടിക്ക് ഉയരുകയായിരുന്നു. 2020ല്‍ നിന്ന് 2021ലെത്തിയപ്പോള്‍ 81 ശതമാനമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചതെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.2021ല്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്, 105 കേസുകള്‍. ഛത്തീസ്ഗഢ്, കര്‍ണാടക, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ബീഹാര്‍, തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കണക്കില്‍ തൊട്ടുപിറകില്‍.

നേരത്തെ ക്രിസ്ത്യാനികള്‍ക്ക് നേരെ രാജ്യത്ത് ആക്രമണം വര്‍ധിച്ച് വരുന്നത് തടയണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യവും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ ഗോണ്‍സാല്‍വസ് ഇക്കഴിഞ്ഞ ജൂണ്‍ 27ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെയായിരുന്നു വിശദീകരണം.അവധിക്ക് ശേഷം ജൂലൈ 11ന് കോടതി തുറക്കുമ്പോള്‍ തന്നെ ഈ കേസ് പരിഗണിക്കാമെന്നും അന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനാ ബെഞ്ച് ഉറപ്പ് നല്‍കിയിരുന്നു.ക്രിസ്ത്യാനികള്‍ക്കെതിരായ മിക്ക ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം 2015ല്‍ ആരംഭിച്ച ടോള്‍ ഫ്രീ ഹെല്‍പ്‌ലൈനിലാണ്.

Eng­lish Sum­ma­ry: 505 attacks on Chris­tians in India in 2021; 81 per­cent increase, high­est in Uttar Pradesh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.